ന രോധയതി മാം യോഗോ ന സാംഖ്യം ധര്‍മ്മ ഏവച
ന സ്വാധ്യായസ്തപസ്ത്യാഗോ നേഷ്ടാപൂര്‍ത്തം ന ദക്ഷിണാ (11-12-1)
വ്രതാനി യജ്ഞഃ ഛന്ദാംസി തീര്‍ത്ഥാനി നിയമാ യമാഃ
യഥാവരുന്ധേ സത്സംഗ സര്‍വ്വ സംഗാപഹോ ഹി മാം (11-12-2)
സത്സംഗേന ഹി ദൈതേയാ യാതുധാനാ മൃഗാഃ ഖഗാഃ
ഗന്ധര്‍വ്വാപ്സരസോ നാഗാഃ സിദ്ധാശ്ചാരണഗുഹ്യകാഃ (11-12-3)
കേവലേന ഹി ഭാവേന ഗോപ്യോ ഗാവോ നഗാ മൃഗാഃ
യേഽന്യേ മൂഢധിയോ നാഗാഃ സിദ്ധാ മാമീയുരഞ്ജസാ (11-12-8)
ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
‘യോഗം, സാംഖ്യം, ധര്‍മ്മം, ശാസ്ത്രപഠനം, വ്രതനിഷ്ഠകള്‍, സന്ന്യാസം, സാമൂഹ്യക്ഷേമകര്‍മ്മങ്ങള്‍, യാഗങ്ങള്‍, തപശ്ചര്യകള്‍, തീര്‍ത്ഥാടനം, യമനിയമാദികള്‍ എന്നിവയൊന്നും സത്സംഗംപോലെ എന്നെ പ്രീതിപ്പെടുത്തുന്നില്ല. ഭക്തരുമായിച്ചേര്‍ന്നുളള കൂട്ടായ്മയിലൂടെ ഒരുവന് അനാസക്തി വളര്‍ത്തിയെടുക്കാം. രാക്ഷസന്മാരും പക്ഷികളും യക്ഷകിന്നരന്മാരും സര്‍പ്പങ്ങളും സത്സംഗത്തിലൂടെ എന്നെ പ്രാപിച്ചിട്ടുണ്ട്. നിയതമായ ശാസ്ത്രപഠനമോ നിയമാദികളോ അറിവില്ലാത്ത ഗോപികമാരും ഗോപന്മാരും എന്നിലെത്തിച്ചേര്‍ന്നത് അവര്‍ക്ക് എന്നോടുളള പരമപ്രേമം ഒന്നുകൊണ്ടത്രേ. അതുകൊണ്ട് ഈ നിയമനിബന്ധനകളും ശാസ്ത്രപഠനവും എല്ലാമുപേക്ഷിച്ച് എന്നിലഭയം തേടുക. എല്ലാറ്റിന്റെയും ആത്മസത്ത ഞാനാകുന്നു.’
ഉദ്ധവര്‍ പറഞ്ഞു: ഭഗവാനേ, ഇത്രയെല്ലാം കേട്ടിട്ടും എന്നിലെ സംശയങ്ങളും അജ്ഞതയും വിട്ടുപോകുന്നില്ല. അവയെ നീക്കി തന്നാലും.
ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ഒരു ജീവിയുടെ അന്തഃരംഗമായ നിലവറയില്‍ പ്രാണശക്തിയിലൂടെ പ്രവേശിച്ച ജീവന്‍ സ്വയം മനസ്സായി പരിണമിക്കുന്നു. അതു വാക്കായി പ്രകടമാവുന്നു. അതുപോലെ തന്നെ ശരീരത്തിന്റെ മറ്റു ധര്‍മ്മങ്ങളും. വിശ്വം മുഴുവനും അതിലെ പദാര്‍ത്ഥനിഷ്ടമായ സകലതും അവയുടെ അധിദേവതകളും എന്റെതന്നെ പ്രകടിതരൂപങ്ങളാണെന്നു മനസ്സിലാക്കിയാലും. എത്രതന്നെ വിവിധ രൂപങ്ങളില്‍ കാണപ്പെട്ടാലും യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒന്നുമാത്രം. വിശ്വത്തിന് ഈശ്വരനെക്കൂടാതെ ഒരു നിലനില്‍പ്പില്ല. ഈശ്വരനില്‍ നിന്നു് സ്വതന്ത്രമായൊരു നിലനില്‍പ്പ് വിശ്വത്തിനുണ്ടെന്ന തെറ്റായ തോന്നലും മതിയാക്കൂ. നൂലിനെ കൂടാതെ തുണിക്ക് നിലനില്‍പ്പില്ല തന്നെ (തിരിച്ച് നൂലിന്റെ നിലനില്‍പ്പ് തുണിയെ ആശ്രയിച്ചല്ല). ഈ പ്രകടിതഭാവങ്ങള്‍ അനാദിയത്രെ. വിശ്വ സാക്ഷാത്കാരത്തിന്റെ വൃക്ഷത്തിന് രണ്ടു വിത്തുകള്‍ – സദ്‍ഗുണവും ദുര്‍ഗുണവും. അതിന്റെ അനേകങ്ങളായ വേരുകളത്രേ ആഗ്രഹങ്ങളും കര്‍മ്മങ്ങളും. ത്രിഗുണങ്ങളാണവയുടെ കാണ്ഡം. പഞ്ചഭൂതങ്ങളാണതിന്റെ കൊമ്പുകള്‍. വൃക്ഷത്തില്‍ നിന്നൂറുന്ന രസം അഞ്ചുതരത്തിലുളള ദുഃഖങ്ങളത്രെ. അതിന് മനസ്സും ഇന്ദ്രിയങ്ങളും ചേര്‍ന്ന് പതിനൊന്നു ശാഖകള്‍. അവയില്‍ ജീവന്‍, ഈശ്വരന്‍ എന്നീ രണ്ടു പക്ഷികള്‍ നിവസിക്കുന്നു. വൃക്ഷത്തില്‍ നിന്നും സുഖദുഃഖങ്ങളാകുന്ന രണ്ടു ഫലങ്ങള്‍ ലഭിക്കുന്നു. ലൗകികനായ മനുഷ്യന്‍ ഇന്ദ്രിയാസക്തനായി ദുഃഖമുണ്ണുന്നു. വിവേകിയായ മനുഷ്യന്‍ സുഖവും.
ജാഗരൂകമായ നിരീക്ഷണത്തിലൂടെയും ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ജീവിച്ചും ഒരുവന് വിശ്വസൃഷ്ടിയും ഞാനും ഒന്നെന്നുളള തിരിച്ചറിവുണ്ടാവുന്നു. അങ്ങനെ സ്വയം നിയന്ത്രണത്തിലാവുമ്പോള്‍ വൈവിധ്യഭാവത്തിന്റെ അജ്ഞതാജന്യമായ വേരുകള്‍ അറ്റുപോവുന്നു. അതിനുളള ജ്ഞാനം ഗുരുഭക്തിയാലാണ് ലഭിക്കുന്നത്. അവസാനം ഈ ജ്ഞാനത്തേയും ഉപേക്ഷിച്ച് പരിപൂര്‍ണ്ണ സ്വതന്ത്രനാവുക.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF