തത് സര്‍വ്വവ്യാപകം ചിത്തമാകൃഷ്യൈകത്ര ധാരയേത്
നാന്യാനി ചിന്തയേദ്ഭൂയഃ സുസ്മിതം ഭാവയേന്‍മുഖം (11-14-43)
തത്ര ലബ്ധപദം ചിത്തമാകൃഷ്യ വ്യോമ്നി ധാരയേത്
തച്ച ത്യക്ത്വാ മദാരോഹോ ന കിഞ്ചിദപി ചിന്തയേത് (11-14-44)
ഉദ്ധവന്‍ പറഞ്ഞു:
വേദങ്ങള്‍ പലേ പാതകളും നിര്‍ദ്ദേശിക്കുന്നു. അവിടുന്ന് ഭക്തിമാര്‍ഗ്ഗമെന്തെന്നും പറഞ്ഞു തന്നു. ഏതാണവയില്‍ ഉത്തമമായുളളത്? ഓരോ സത്യാന്യേഷിക്കും ഉചിതമായ മാര്‍ഗ്ഗം എങ്ങനെയാണ് കണ്ടെത്തുക?
ഭഗവാന്‍ കൃഷ്ണന്‍ അരുളി:
ഈ യുഗാരംഭത്തില്‍ ഞാന്‍ ബ്രഹ്മാവിന് വേദങ്ങള്‍ നല്‍കി. അദ്ദേഹം മഹാത്മാക്കളായ ഋഷിവര്യന്മാരെ അതു പഠിപ്പിച്ചു. ലോകങ്ങളിലൂളളവര്‍ ഋഷികളില്‍നിന്നും യോഗശാസ്ത്രങ്ങള്‍ സ്വീകരിച്ചു. ജനങ്ങള്‍ അവര്‍ക്കിഷ്ടമുളള രീതിയില്‍ അവയെ വ്യാഖ്യാനിക്കാന്‍ തുടങ്ങി. അവര്‍ മുക്തിപദത്തിലേക്ക് പലേ പാതകളുമുണ്ടെന്നു വിശദീകരിക്കുന്നു. ചിലര്‍ ധര്‍മ്മപാതയിലും മറ്റുളളവര്‍ കീര്‍ത്തി, മോഹം, ആത്മസംയമനം, പ്രശാന്തത, സ്വാര്‍ത്ഥപരമായ പ്രവര്‍ത്തനങ്ങള്‍, ഭരണം, സന്ന്യാസം, ആത്മത്യാഗം, തപസ്, ദാനം, വ്രതനിഷ്ഠകള്‍ എന്നിവയിലും മുഴുകി ജിവിച്ചു. ഈ മാര്‍ഗ്ഗങ്ങളെല്ലാം ഉപാധികള്‍ നിറഞ്ഞവയാകയാല്‍ അവകളില്‍ മുഴുകിയവര്‍ അജ്ഞാനികളും വിഡ്ഢികളുമത്രെ. അവര്‍ ചെയ്യുന്ന നന്മകള്‍ തുലോം നിസ്സാരവും ക്ഷണികവുമാണ്. ഇവകള്‍ക്കൊന്നും എന്നോടുളള ഭക്തിയുടെ പിന്‍ബലമില്ലാതെ യാതൊരു മൂല്യവും ഇല്ലതാനും. എന്നില്‍ പരമഭക്തിയുളളവന് സകലദിശകളില്‍നിന്നും പരമാനന്ദമൊഴുകിയെത്തുന്ന അനുഭവം ഉണ്ടാകും. എന്നില്‍ ഹൃദയമര്‍പ്പിച്ചവന് മറ്റാഗ്രഹങ്ങളൊന്നും ബാക്കിയുണ്ടാവുകയില്ല. മാത്രമല്ല, പരമഭക്തനായ ഒരുവന്റെ പാദരേണുക്കള്‍ക്കായി ഞാന്‍ സ്വയം അവനു പുറകേ ചെന്ന് എന്നെത്തന്നെ പവിത്രമാക്കുന്നു. ലൗകികവസ്തുക്കളില്‍ മനസ്സുറപ്പിച്ച ഒരുവന് അവയിലാണ് മമത. എന്റെ ഭക്തന്റെ മനസ്സ് എന്നിലാണ് വിലീനമായിരിക്കുന്നത്.
ഉദ്ധവന്‍ പറഞ്ഞു: ദയവായി അങ്ങയെ ധ്യാനിക്കേണ്ടതെങ്ങനെയെന്നു വിശദീകരിച്ചാലും.
ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
അധികം ഉയര്‍ന്നതോ താഴ്‌ന്നതോ അല്ലാത്ത ഒരു പീഠത്തില്‍ ഭക്തന്‍ സുഖകരമായ ഒരാസനത്തില്‍ ഉപവിഷ്ടനാവണം. കൈള്‍ മടിയില്‍വച്ച് ശരീരം നേരെയാക്കി ദൃഷ്ടി മൂക്കിന്‍തുമ്പത്തു നട്ട് ശാന്തനായി ഇരിക്കുക. എന്നിട്ട് പ്രാണവായുവിനെ ശുദ്ധീകരിക്കാന്‍ പ്രാണായാമം നടത്തുക. ശ്വസനം, ഉള്‍ക്കൊളളല്‍, ഉഛ്വാസം ഇവയാണ് പ്രാണായാമത്തിന്റെ ഘട്ടങ്ങള്‍. അപ്പോള്‍ അയാള്‍ അന്തരംഗത്തില്‍ ഹൃദയാന്തര്‍ഭാഗത്തുനിന്നും ഓം.. എന്ന ശബ്ദം കേട്ട് അതിനെ പ്രാണവായുവിനൊപ്പം ഉയര്‍ത്തി വീണ്ടും ഹൃദയത്തിലേക്ക് പ്രവേശിപ്പിക്കണം. ഇങ്ങനെ പത്താവൃത്തി പ്രാണായാമം തുടരുക. ഇങ്ങനെ മൂന്നു തവണ ദിനവും ചെയ്യുന്നയാള്‍ക്ക് പ്രാണസംയമനം ഉണ്ടാകുന്നു. എന്നിട്ട് തലകീഴായുളള ഒരു താമരയെ ഹൃദയത്തില്‍ സങ്കല്‍പ്പിക്കുക. എട്ടിതളുകളുളളതും സൂര്യചന്ദ്രന്മാരും അഗ്നിയും ചുറ്റും നില്‍ക്കുന്നതുമായ താമര. അഗ്നിമദ്ധ്യത്തില്‍ എന്റെ രൂപത്തെ ധ്യാനിക്കുക. മനസ്സിന്റെ ശ്രദ്ധാകിരണങ്ങളെയെല്ലാം ഉള്ളിലേക്കുതിരിച്ച് അവയെ എന്നിലേക്ക് കേന്ദ്രീകരിക്കുക. അപ്രകാരം എന്നില്‍ത്തന്നെ ധ്യാനനിരതനായശേഷം എന്റെ മുഖതാവിലേക്ക് മാത്രമായി ശ്രദ്ധ നിലനിര്‍ത്തുക. അങ്ങനെ നിസ്തന്ദ്രമായി എന്നില്‍ കേന്ദ്രീകരിച്ചിരിക്കുന്ന മനസ്സ് എന്റെ സര്‍വ്വവ്യാപകതയെ ആകാശരൂപത്തില്‍ ധ്യാനിക്കണം. അവസാനം അതുമുപേക്ഷിച്ച് ചിന്താരഹിതനായിരിക്കുക. അപ്രകാരം മനസ്സു മുഴുവന്‍ ആത്മവിലീനമായിരിക്കുമ്പോള്‍ വൈവിധ്യതയെന്നും നാനാത്വമെന്നുമുളള തെറ്റിദ്ധാരണയെല്ലാം അപ്രത്യക്ഷമാവുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF