ഉപാസകസ്യ മാമേവം യോഗധാരണയാ മുനേഃ
സിദ്ധയഃ പൂര്‍വ്വകഥിതാ ഉപതിഷ്ഠന്ത്യശേഷതഃ (11-15-33)
അന്തരായാന്‍ വദന്ത്യേതാ യുഞ്ജതോ യോഗമുത്തമം
മയാ സംപദ്യമാനസ്യ കാലക്ഷപണഹേതവഃ (11-15-35)

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
സിദ്ധി, അല്ലെങ്കില്‍ അതിഭൗതികശക്തി, ആത്മീയമാര്‍ഗ്ഗിക്ക്‌ സ്വയം ആവശ്യപ്പെടാതെതന്നെ സ്വായത്തമാവുന്നു. അങ്ങനെയുളള പതിനെട്ടു സിദ്ധികളെപ്പറ്റി ഋഷിമാര്‍ വിവരിച്ചിട്ടുണ്ട്‌. അവയില്‍ പത്തെണ്ണം സാത്വികജീവിതംകൊണ്ടു തന്നെ, സാത്വികതയില്‍ പ്രതിഷ്ഠിതനാവുന്നതുകൊണ്ടുതന്നെ, ലഭ്യമാണ്‌. എന്നാല്‍ എട്ട്‌ പ്രധാനസിദ്ധികള്‍ എന്റെ ഭക്തനുമാത്രമേ ലഭിക്കൂ. അവ എന്തെല്ലാമെന്ന് ഞാന്‍ പറഞ്ഞു തരാം.

1) അണിമ: എന്നെ സൂക്ഷ്മത്തിലും സൂക്ഷ്മഭാവത്തില്‍ അണുവിന്റെ ആത്മാവായും പൂജിക്കുന്ന ഒരുവന്‌ സ്വയം ഒരണുവിന്റെയത്ര ചെറുതായി മാറാന്‍ കഴിയും.

2) മഹിമ: മഹത്തിലും മഹത്തായ വിശ്വത്തിന്റെ തന്നെ പരംപൊരുളായി വിശ്വഭൂതങ്ങളെയും വിലയം ചെയ്യുന്ന നിസ്സീമമായ ശക്തിവിശേഷമായി എന്നെ ധ്യാനിക്കുന്നവന്‌ സ്വയം എത്രവേണമെന്നിലും വലുപ്പമാര്‍ജ്ജിക്കാന്‍ കഴിയും.

3) ലഘിമ: പഞ്ചഭൂതങ്ങളില്‍ ആകാശമൊഴികെയുളളവയുടെയെല്ലാം അന്തര്‍വാസിയായ എന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുവന്‌ സ്വയം അതീവലഘുവായി ഭാരമേതുമില്ലാതാവാന്‍ കഴിയും. ഈ മൂന്നും ഭൗതികശരീരത്തിന്റെ സിദ്ധികളാണ്‌.

4) പ്രാപ്തി: ആരൊരുവന്‍ എന്നെ സാത്വികജന്യമായ പരമനിയന്താവായി ധ്യാനിക്കുന്നുവോ അവന്‌ ജിവികളുടെ മനസ്സുകളെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും.

5) പ്രാകാമ്യം: ആരൊരുവന്‍ എന്നെ വിശ്വബുദ്ധിയായും ഊര്‍ജ്ജമായും വിശ്വ മഹത്തിന്റെ തത്ത്വമായും ധ്യാനിക്കുന്നുവോ, അവന്‌ ഏതു സുഖം വേണമെന്നിലും ആസ്വദിക്കാന്‍ കഴിയും.

6) ഈശിഷ്ട: ആരാണോ എന്നെ മായാധിപനായും വിശ്വത്തിന്റെ പരമനിയന്താവായും ധ്യാനിക്കുന്നത്, അയാള്‍ക്ക്‌ എല്ലാ ജീവികളെയും നിയന്ത്രിക്കാനാകും.

7) വാസിഷ്ടം: ഭൗതികശരീരം, സൂക്ഷ്മശരീരം, കാരണശരീരം എന്നിവയാല്‍ നിയതമായ, സമഷ്ടിക്കു നിദാനമായ, വിശ്വതത്ത്വങ്ങള്‍ക്കുമതീതനായ, ഭഗവാന്‍ നാരായണനെ ധ്യാനിക്കുന്നവന്‍ യാതൊന്നിനോടും മമതയില്ലാതെ എന്റെ പ്രകൃതിയെ സ്വീകരിക്കുന്നു. ഭഗവാന്‍ എന്നാല്‍ ആസ്വദിക്കുന്നവന്‍. അതായത്‌: 1) വിശ്വപ്രഭുത്വം, 2) ധര്‍മ്മം, 3) പ്രശസ്തി,4) ഐശ്വര്യം,5) വിജ്ഞാനം, 6) അനാസക്തി എന്നിവ സ്വായത്തമായുളളയാള്‍.

8) കാമാവസായിതം: ആരാണോ എന്നെ പരംപൊരുളും നിരുപാധികവുമായ ബ്രഹ്മവുമായി ധ്യാനിക്കുന്നത്, അയാള്‍ക്ക്‌ പരമാനന്ദം ലഭിക്കുന്നു.

മറ്റു യോഗമാര്‍ഗ്ഗങ്ങളിലൂടെ എന്റെ ഭക്തന്‌ പലേവിധ സിദ്ധികള്‍ ലഭിക്കുന്നു. ഉദാഹരണത്തിന്‌ മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കുക, പരകായപ്രവേശം, സ്വേഛപ്രകാരം സഞ്ചരിക്കുക തുടങ്ങിയ സിദ്ധികള്‍. എന്നാല്‍ കുലമഹിമയാലോ മരുന്നുകള്‍കൊണ്ടോ തപസ്സുകൊണ്ടോ മന്ത്രസിദ്ധിയാലോ ലഭിക്കുന്ന ഈദൃശശക്തികള്‍ തടസ്സങ്ങളത്രെ. കാരണം അവ ആത്മസാക്ഷാത്കാരത്തില്‍ എത്തുന്നതില്‍നിന്നും ഒരുവന്‌ കാലതാമസമുണ്ടാക്കുന്നു. ഈശ്വരസാക്ഷാല്‍കാരം ലഭിക്കാന്‍ എന്നിലുളള സമ്പൂര്‍ണ്ണഭക്തിമാത്രമേ മാര്‍ഗ്ഗമുളളു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF