ഭഗവാന്‍ തന്റെ വിഭൂതി വിവരിക്കുന്നു – ഭാഗവതം (336)
മയേശ്വരേണ ജീവേന ഗുണേന ഗുണിനാ വിനാ
സര്‍വ്വാത്മനാപി സര്‍വ്വേണ ന ഭാവോ വിദ്യതേ ക്വചിത് (11-16-38)
തേജഃ ശ്രീഃ കീര്‍ത്തിരൈശ്വര്യം ഹ്രീസ്ത്യാഗഃ സൗഭഗം ഭഗഃ
വീര്യം തിതിക്ഷാ വിജ്ഞാനം യത്ര യത്ര സ മേഽംശകഃ (11-16-40)
ഉദ്ധവന്‍ പറഞ്ഞു:
അവിടുന്നാണ് അപരിമേയമായ ബ്രഹ്മം. അവിടുത്തെ ഏതെല്ലാം പ്രകടിത രൂപങ്ങളിലൂടെയാണ് ഭക്തന്‍ പൂജകള്‍ ചെയ്യേണ്ടത്?
ഭഗവാന്‍ കൃഷ്ണന്‍ അരുളി:
മഹാഭാരതയുദ്ധസമയത്ത് അര്‍ജ്ജുനനും ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. ഉദ്ധവാ, എല്ലാ ജീവജാലങ്ങളുടെയും ആത്മസത്ത ഞാന്‍ തന്നെയാണ്. ഞാനാണവയുടെ ഉദ്ഭവസ്ഥാനവും നിലനില്‍പും അവയുടെ ലക്ഷ്യവും. ഞാന്‍തന്നെ കാലവും ത്രിഗുണങ്ങളുടെ സംതുലിതാവസ്ഥയും. സകലവസ്തുക്കളുടെയും സ്വഭാവഗുണങ്ങളും ഞാന്‍ തന്നെ. വിശ്വബോധവും മഹത് തത്വവും ഞാനാണ്.
സൂക്ഷ്മതത്വങ്ങളില്‍ ഞാന്‍ ജീവനാകുന്നു. വേദഗുരുക്കന്മാരില്‍ ഞാന്‍ ബ്രഹ്മാവാകുന്നു. മന്ത്രങ്ങളില്‍ ഓം. ഋഷിമാരില്‍ ഭൃഗു. ദേവര്‍ഷികളില്‍ നാരദന്‍. അസുരന്മാരില്‍ പ്രഹ്ലാദന്‍. നക്ഷത്രങ്ങളില്‍ ചന്ദ്രന്‍. താപ-ജ്യോതി സ്രോതസ്സുകളില്‍ സൂര്യന്‍. മനുഷ്യരില്‍ രാജാവ്. മൃഗങ്ങളില്‍ സിംഹം. ആശ്രമങ്ങളില്‍ സന്ന്യാസം. വര്‍ണ്ണാശ്രമത്തില്‍ ബ്രാഹ്മണന്‍. നദികളില്‍ ഗംഗ. തടാകങ്ങളില്‍ സമുദ്രം. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള സ്ഥലങ്ങളില്‍ ഹിമാലയം. വ്രതങ്ങളില്‍ അഹിംസ. ശുദ്ധീകരണവസ്തുക്കളില്‍ വായു, അഗ്നി, സൂര്യന്‍, ജലം, വാക്ക് എന്നിവ. യോഗാവസ്ഥകളില്‍ സമാധി. വിജയകാംക്ഷികളില്‍ നയതന്ത്രജ്ഞത. ശാസ്ത്രാധിഷ്ഠിതമായ അറിവിലൂടെ സത്യമന്വേഷിക്കുന്നവര്‍ക്ക് ഊര്‍ജ്ജവും ദ്രവ്യവും തമ്മിലുളള വ്യതിരിക്തത. അവബോധാത്മകത്വത്തെപ്പറ്റി ചര്‍ച്ചചെയ്യുന്നവരില്‍ സംശയം. വ്രതങ്ങളില്‍ അഭയം. ഭയമില്ലാതാക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ചിന്തകളെ അതിജീവിക്കല്‍. രഹസ്യങ്ങളില്‍ നിശ്ശബ്ദത. നിതാന്ത ജാഗരൂകതയിലിരിക്കുന്നവരില്‍ സമയം. ദിവ്യവ്യക്തികളില്‍ വസുദേവന്‍. മര്‍ക്കടങ്ങളില്‍ ഹനുമാന്‍. ലോഹങ്ങളില്‍ സ്വര്‍ണ്ണം. വിലപിടിച്ച കല്ലുകളില്‍ മാണിക്യം. മനോജ്ഞവസ്തുക്കളില്‍ താമരമൊട്ട്. സമ്പത്താഗ്രഹിക്കുന്നവര്‍ക്ക് ധനം. ചതിപ്രയോഗങ്ങളില്‍ ചൂത്. ശാശ്വതമായി നില്‍ക്കുന്നവയില്‍ സഹിഷ്ണുത. ധൈര്യശാലികളില്‍ ധൈര്യം. ശക്തിശാലികളില്‍ ശക്തി. ഭക്തന്‍മാരുടെ കര്‍മ്മങ്ങള്‍ എല്ലാം ഞാന്‍ തന്നെയെന്നറിഞ്ഞാലും. ഭൂമി, ജലം, അഗ്നി, സൂര്യന്‍, ആകാശം തുടങ്ങിയവയുടെയെല്ലാം സ്വഭാവസവിശേഷതകള്‍ ഞാനാകുന്നു. ഇന്ദ്രിയങ്ങളുടെ വിവിധങ്ങളായ ഭൗതികപ്രവര്‍ത്തനങ്ങളും ഞാന്‍ തന്നെ. ധാതുക്കളുടെ മൂലസ്വഭാവങ്ങള്‍, അഹം, മഹത്തത്വം, ത്രിഗുണങ്ങള്‍, എന്നല്ല പരബ്രഹ്മവും ഞാനാണെന്നറിയുക.
യാതൊന്നും എന്നില്‍നിന്നു് വ്യത്യസ്തമായി നിലകൊളളുന്നില്ല. ഞാന്‍ ഈശ്വരനും ജീവനും മറ്റെല്ലാ അതിഭൗതികജീവികളുമാകുന്നു. എന്തെല്ലാം ഈ ലോകത്ത് മഹനീയമായുണ്ടോ, ഐശ്വര്യപൂര്‍ണ്ണമായുണ്ടോ, പ്രശസ്തമായുണ്ടോ, ശക്തമായുണ്ടോ, വിനീതമായുണ്ടോ, ഉദാരമതിയായുണ്ടോ, ആകര്‍ഷണീയമായുണ്ടോ, ഭാഗ്യമായുണ്ടോ, ബുദ്ധിപരമായുണ്ടോ, അവയെല്ലാം എന്റെ അംശാവതാരങ്ങളാണെന്നു മനസ്സിലാക്കിയാലും. ഇപ്പോള്‍ പറഞ്ഞ വിശദീകരണങ്ങളെല്ലാം വാക്കുകള്‍ കൊണ്ടുളള കളികള്‍ മാത്രമാണ്. നിങ്ങള്‍ മനോബുദ്ധികളെ നിയന്ത്രിച്ച് എന്റെ സര്‍വ്വാന്തര്യാമിത്വം സാക്ഷാത്കരിക്കുമ്പോള്‍ വൈവിധ്യമെന്ന മായ ഇല്ലാതാവുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF