യദാ കര്‍മ്മവിപാകേഷു ലോകേഷു നിരയാത്മസു
വിരാഗോ ജായതേ സമ്യങ്ന്യസ്താഗ്നിഃ പ്രവ്രജേത്തതഃ (11-18-12)
മൗനാനീഹാനിലായാമാഃ ദണ്ഡാ വാഗ്ദേഹചേതസാം
ന ഹ്യേതേ യസ്യ സന്ത്യംഗ, വേണുഭിര്‍ന്ന ഭവേദ്യതിഃ (11-18-17)
ബുധോ ബാലകവത്‌ ക്രീഡേത്‌ കുശലോ ജഡവച്ചരേത്‌
വദേദുന്മത്തവദ്വിദ്വാന്‍ ഗോചര്യാം നൈഗമശ്ചരേത്‌ (11-18-29)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ജീവിതത്തിലെ മൂന്നാം ഘട്ടത്തില്‍ മനുഷ്യന്‍ ഗൃഹസ്ഥജീവിതത്തില്‍ നിന്നും പിന്മാറി ഭാര്യയെയും കൂട്ടി വീടു വിട്ടിറങ്ങണം. അല്ലെങ്കില്‍ ഭാര്യയെ മക്കളുടെ ചുമതലയിലേല്‍പ്പിച്ച്‌ തനിയെ പുറപ്പെടണം. ഇക്കാലത്ത്‌ മാനസികവും ശാരീരികവുമായി അജ്ഞാനഹേതുകമായ എല്ലാം സമഗ്രമായ പരിശ്രമംകൊണ്ട്‌ ഇല്ലാതെയാക്കണം. പരിപൂര്‍ണ്ണമായ ആത്മനിയന്ത്രണവും കഠിന തപശ്ചര്യകളും കൊണ്ടാണിതു സാധിക്കുക. ഉഷ്ണം, കാലവര്‍ഷം, ശിശിരം എന്നിവയെ എല്ലാം സഹിച്ച്‌ ആത്മനിയന്ത്രണത്തിന്റെ കഠിനപരീക്ഷകളെ തരണം ചെയ്യുക. ശരീരശുദ്ധിക്കുപോലും വേണ്ടി സമയം വൃഥാ കളയരുത്‌. ഭക്ഷണം ലഘുവും അതീവ സാത്വികവുമായിരിക്കണം. പൂജകര്‍മ്മാദികള്‍ക്ക്‌ മുടക്കമൊന്നും വരുത്താന്‍ ഇനിയും സമയമായിട്ടില്ല.

ആര്‍ജ്ജിതപുണ്യം കൊണ്ടു ലഭിച്ച ഇഹലോകമോഹങ്ങളോ സ്വര്‍ഗ്ഗകാംക്ഷയോ എല്ലാം വിട്ടുപോയിക്കഴിഞ്ഞാല്‍ ഒരുവന്‍ വാനപ്രസ്ഥം അവസാനിപ്പിച്ച്‌ സന്ന്യാസജീവിതം തുടങ്ങണം. അങ്ങനെ സന്ന്യാസം സ്വീകരിക്കാന്‍ തുടങ്ങുമ്പോള്‍ പലേവിധ തടസ്സങ്ങളും മുന്നില്‍വരും. ഭാര്യ, മക്കള്‍ തുടങ്ങിയ പലേ ഉപാധികളും കൊണ്ടാവും തടസ്സങ്ങള്‍ ഉണ്ടാവുക. ഇവയെ എല്ലാം ദൃഢനിശ്ചിതനായി തരണം ചെയ്യുക. സന്ന്യാസിക്ക്‌ ശാസ്ത്രവിധികള്‍ ബാധകമല്ലതന്നെ. മൗനംകൊണ്ട്‌ വാക്കുകളെ നിയന്ത്രിച്ചും തികഞ്ഞ നിസ്വാര്‍ത്ഥത കൊണ്ട്‌ ശരീരം നിയന്ത്രിച്ചും പ്രാണായാമം കൊണ്ട്‌ മനസ്സു നിയന്ത്രിച്ചും അയാള്‍ ജിവിതം നയിക്കേണ്ടതാണ്‌. താപസന്റെ വേഷഭൂഷാദികള്‍കൊണ്ടുമാത്രം ഒരുവന്‍ അതാവുന്നില്ല. സ്വയം മനസ്സും ഇന്ദ്രിയങ്ങളും പൂര്‍ണ്ണ നിയന്ത്രണത്തിലാവുമ്പോള്‍ അയാള്‍ ലോകം മുഴുവനും ചുറ്റി നടക്കണം. ഭക്ഷണത്തിനുവേണ്ടി ഭിക്ഷയാചിച്ച്‌ ശരീരത്തെ നിലനിര്‍ത്തുക. ആത്മവിദ്യാപരമായ ജ്ഞാനം ലഭിച്ചിട്ടില്ലെങ്കില്‍ ഒരു ഗുരുവിന്റെ ചരണങ്ങളിലഭയം തേടി ഗുരുവിനെ ഈശ്വരസമാനം സേവിച്ചുപാസിക്കുക. അങ്ങനെ ആത്മസത്യം മനസ്സിലാക്കുക. അപ്രകാരം വിജ്ഞനായ ഒരുവന്‍ ലോകത്തുളള യാതൊന്നിനോടും മമതാലേശമില്ലാതെ അലഞ്ഞു തിരിയണം. ലോകം മുഴുവന്‍ വെറുമൊരു ദൃശ്യം മാത്രമെന്നയാള്‍ക്കറിയാം. ബോധോദയമുദിച്ചവനെങ്കിലും അയാള്‍ ഒരു ശിശുവിനേപ്പോലെ പെരുമാറുന്നു. കാര്യപ്രാപ്തിയും നൈപുണ്യവുമുണ്ടെങ്കിലും ഒരു വിഡ്ഢിയെപ്പോലെയാണ് അയാള്‍ പെരുമാറുക. അതീവജ്ഞാനിയെങ്കിലും ഭ്രാന്തനെപ്പോലെയും വേദശാസ്ത്രാദികളില്‍ ജ്ഞാനമുണ്ടെങ്കിലും ഒരു മൃഗത്തെപ്പോലെയും അയാള്‍ പെരുമാറണം. മാനാപമാനങ്ങള്‍ക്ക്‌ നേരേ പ്രതികരിക്കാതെ, ആരോടും ദേഷ്യമോ ഈര്‍ഷ്യയോ ഇല്ലാതെ, തന്നോട്‌ എന്തുചെയ്താലും ആരോടും കയര്‍ക്കാതെ അയാള്‍ ജീവിക്കണം. അയാള്‍ക്ക്‌ ആരോടും ശത്രുതയുമരുത്‌. ഈ നിയമങ്ങളും അയാള്‍ വെറുമൊരു ലീലപോലെയാണ്‌ കണക്കാക്കുക. അയാളില്‍ അജ്ഞതാലേശമില്ല തന്നെ. വൈവിധ്യമെന്ന തോന്നലേ അയാള്‍ക്കില്ല. അയാള്‍ക്ക്‌ ഒരു ശീലമെന്നപോലെ ലോകദൃശ്യം മരണംവരെ തുടരുന്നു. അതിനുശേഷം അയാള്‍ എന്നില്‍ പൂര്‍ണ്ണമായി വിലീനനത്രെ. അയാളില്‍ വെറുമൊരു നിഴലുപോലെ ഉണ്ടായിരുന്ന അഹവും ഇല്ലാതാവുന്നു.

ആരെല്ലാം നിസ്വാര്‍ത്ഥമതികളായി തന്റെ ധര്‍മ്മങ്ങള്‍ എന്നിലര്‍പ്പിച്ചനുഷ്ഠിക്കുന്നുവോ, അവരെല്ലാം എന്നെ പ്രാപിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF