നൃദേഹമാദ്യം സുലഭം സുദുര്‍ല്ലഭം
പ്ലവം സുകല്‍പ്പം ഗുരുകര്‍ണ്ണധാരം
മയാനുകൂലേന നഭസ്വതേരിതം
പുമാന്‍ ഭവാബ്ധിം ന തരേത് സ ആത്മഹാ (11-20-17)
ഭിദ്യതേ ഹൃദയഗ്രന്ഥിഃ ഛിദ്യന്തേ സര്‍വ്വസംശയാഃ
ക്ഷീയന്തേ ചാസ്യ കര്‍മ്മാണി മയി ദൃഷ്ടേഽഖിലാത്മനി (11-20-30)
ഉദ്ധവന്‍ പറഞ്ഞു:
അവിടുന്നു തന്നെ വേദങ്ങളില്‍ പറഞ്ഞിട്ടുളളത് ഒരുവന്‍ നിരന്തരം നന്മതിന്മകളെ വിവേചനബുദ്ധിയോടെ നേരിടണമെന്നാണല്ലോ. എന്നാലിപ്പോള്‍ അത്തരം ചര്‍ച്ചകള്‍ വൃഥാവിലാണെന്നും പറയുന്നു. ഈ ചിന്താക്കുഴപ്പം മാറ്റിത്തന്നാലും.
ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ഞാന്‍ മൂന്നു തരത്തിലുളള യോഗമാര്‍ഗ്ഗങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. ജ്ഞാനയോഗം, കര്‍മ്മയോഗം, ഭക്തിയോഗം. യാഗകര്‍മ്മാദികളില്‍ താത്പര്യമില്ലാത്തവര്‍ക്കാണ് ജ്ഞാനയോഗം പത്ഥ്യം. കര്‍മ്മയോഗമാകട്ടെ അവകളില്‍ താത്പര്യമുളളവര്‍ക്കും. എന്നെക്കുറിച്ചുളള കഥകള്‍ കേള്‍ക്കാന്‍ താത്പര്യവും എന്നെക്കുറിച്ചു പാടാന്‍ ആഗ്രഹവുമുളളവര്‍ ഭക്തിയോഗം സ്വീകരിക്കുന്നു. ഇന്ദ്രിയസുഖങ്ങളോടുളള ആഭിമുഖ്യമവസാനിപ്പിക്കുന്നതുവരെയും എന്നെക്കുറിച്ചുളള മഹിമാകഥനങ്ങളോടു മാത്രം താത്പര്യമുണ്ടാകുംവരെയും ശാസ്ത്രാധിഷ്ഠിതമായ കര്‍മ്മധര്‍മ്മങ്ങള്‍ ആചരിക്കേണ്ടതാണ്. കാലക്രമേണ അയാളുടെ ഹൃദയം പരിശുദ്ധമാവുകയും ജ്ഞാനവും ഭക്തിയും ഉണരുകയും ചെയ്യും. സ്വധര്‍മ്മങ്ങള്‍ ആചരിക്കുമ്പോള്‍ മനസ്സിനെ ആസ്വാദനത്വരയില്‍നിന്നു പിന്തിരിപ്പിച്ച് സ്വര്‍ഗ്ഗമോഹം പോലും ഉപേക്ഷിക്കണം. അയാള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ഭൂമിയിലോ ജന്മമെടുക്കാന്‍ മോഹിക്കുന്ന പക്ഷം ആത്മീയപാതയില്‍നിന്നു് വ്യതിചലിക്കുകയത്രെ ചെയ്യുന്നത്. മനുഷ്യജന്മം ലഭിച്ച് ഗുരുവിന്റെ അനുഗ്രഹവും എന്റെ കൃപയും ലഭിച്ചിട്ടുപോലും സംസാരസാഗരം കടക്കാന്‍ പരിശ്രമിക്കാത്തവന്‍ ആത്മഹത്യ ചെയ്യുന്നു.
അയാള്‍ തന്റെ കടമകള്‍ തീരുമ്പോള്‍ ശ്രദ്ധയെ കേന്ദ്രീകരിച്ച് ധ്യാനമാര്‍ഗ്ഗം സ്വീകരിക്കണം. അയാള്‍ അനുരഞ്ജനമാര്‍ഗ്ഗത്തിലൂടെ പ്രാണനെ നിയന്ത്രിച്ച് ഇന്ദ്രിയങ്ങളെ അടക്കി സാത്വികത വര്‍ദ്ധിപ്പിക്കണം. എന്നാല്‍ മനസ്സിനെ തന്റെ നിരീക്ഷണപഥത്തില്‍ നിന്നു വ്യതിചലിക്കാന്‍ അനുവദിച്ചു കൂടാ. ചിന്തകളുടെ വികാസപരിണാമങ്ങളുടെയും ഉള്‍വലിയലിനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ മനസ്സ് ദുഷ്ടതയില്‍നിന്നും അകന്നു പോകുന്നു. മനസ്സിന് ഏകാഗ്രത ലഭ്യമായി കഴിയുമ്പോള്‍ അയാള്‍ എന്നെ ആരാധിക്കാനും ആത്മാന്വേഷണത്തിനും സ്വയം സമര്‍പ്പിക്കണം.
യോഗി ഒരു പാപമോ തെറ്റോ ചെയ്തുപോയാല്‍ അതിന്റെ പ്രതിവിധിയായിട്ടുളള യാഗങ്ങള്‍ അനുഷ്ഠിക്കണം. ഏകാഗ്രചിത്തനായി ഒരുവന്‍ സല്‍പാതയിലേക്ക് പോകുന്നതു നന്മയും അതില്‍നിന്നു വ്യതിചലിക്കുന്നത് തിന്മയുമാണ്. എന്നെപ്പറ്റിയുളള കഥാകഥനങ്ങളില്‍ ആകൃഷ്ടനായി കഴിഞ്ഞിട്ടുളള ഒരുവന് സുഖാസ്വാദനത്വര ഇനിയും തീര്‍ന്നിട്ടില്ലെങ്കില്‍ ഇന്ദ്രിയസുഖങ്ങള്‍ വേദനാജന്യങ്ങളാണെന്നു മനസ്സിലാക്കി എന്നെ പൂജിക്കേണ്ടതാണ്. ഞാന്‍ അയാളുടെ ഹൃദയത്തില്‍ വസിക്കുന്നു. അയാളുടെ തടസ്സങ്ങളെ അകറ്റി, അയാളുടെ സുഖാര്‍ത്തികളെ മുഴുവന്‍ ഞാന്‍ ഇല്ലാതാക്കുന്നു. എന്നെ ഹൃദയത്തില്‍ ദര്‍ശിക്കുമ്പോള്‍ അജ്ഞതാപാശമറ്റ് അയാളുടെ കര്‍മ്മവും സംശയങ്ങളും ഇല്ലാതാകുന്നു.
എന്നില്‍ ഭക്തനായുളളവന്‍ മറ്റൊന്നിനുമായി ആഗ്രഹിക്കുന്നില്ല. ഞാന്‍ സംപ്രീതനായി നല്‍കുന്ന മുക്തിപദത്തിനു പോലും അവനാഗ്രഹിക്കുന്നില്ല. മുകളില്‍ പറഞ്ഞ പാതയെ പിന്തുടരുന്ന ഒരുവന്‍ താമസംവിനാ പരംപൊരുളായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF