സ്തേയം ഹിംസാനൃതം ദംഭഃ കാമഃ ക്രോധഃ സ്മയോ മദഃ
ഭേദോ വൈരമവിശ്വാസഃ സംസ്പര്‍ദ്ധാ വ്യസനാനി ച (11-23-18)
ഏതേ പഞ്ചദശനാര്‍ത്ഥാ ഹ്യര്‍ത്ഥമൂലാ മതാ നൃണാം
തസ്മാദനര്‍ത്ഥമര്‍ത്ഥാഖ്യം ശ്രേയോഽര്‍ത്ഥീ ദൂരതസ്ത്യജേത്‌ (11-23-19)
ഏവം സ ഭൗതികം ദുഃഖം ദൈവികം ദൈഹികം ച യത്‌
ഭോക്തവ്യമാത്മനോ ദിഷ്ടം പ്രാപ്തം പ്രാപ്തമബുധ്യത (11-23-41)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ദേഹത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ അസഹനീയം അപമാനമത്രെ. സാത്വികനായ ഒരുവന്‌ ദുഷ്ടരുടെ അധിക്ഷേപം വളരെ വേദനാജനകമാണ്‌. ഇതിനെക്കുറിച്ചൊരു കഥയുണ്ട്‌. അവന്തിയില്‍ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാള്‍ അതീവ ധനികനായിരുന്നുവെങ്കിലും പിശുക്കനായിരുന്നു. അതുകൊണ്ട്‌ അടുത്ത ബന്ധുക്കളും ദേവതകളും ബ്രാഹ്മണരും പിതൃക്കളും മനുഷ്യരും മൃഗങ്ങളും എല്ലാവരും അയാള്‍ക്കെതിരായിത്തീര്‍ന്നു. ഗൃഹസ്ഥാശ്രമിക്ക്‌ വിധിച്ചിട്ടുളള അഞ്ചു പൂജാവിധികളോ മറ്റ്‌ ശാസ്ത്രാധിഷ്ഠിത കര്‍മ്മങ്ങളോ അയാള്‍ അനുഷ്ഠിച്ചിരുന്നുമില്ല. അങ്ങനെ അയാളുടെ പുണ്യമെല്ലാം നശിച്ചു. സമ്പത്തു സമാഹരിക്കാന്‍ പരിശ്രമിച്ച്‌ അയാള്‍ ക്ഷീണിച്ചു. ഒടുവില്‍ സമ്പത്തും അയാളെ വിട്ടു പോയി. ബന്ധുക്കള്‍ കുറച്ചെടുത്തു. കളളന്മാര്‍ മറ്റൊരു പങ്ക്‌. ബാക്കിയുളളവ കേടുവന്നോ അപകടങ്ങളില്‍പ്പെട്ടോ നികുതിയായോ നഷ്ടമായി.

ഇപ്പോള്‍ അയാള്‍ ദരിദ്രനായി സ്വയം ശപിച്ചു: ‘ഈ സമ്പത്തെന്നു പറയുന്നത്‌ എത്ര ഭയങ്കരമാണ്‌. എല്ലാ തിന്മകളുടെയും പാപത്തിന്റെയും ദുരിതത്തിന്റെയും മൂലകാരണം അതാണല്ലോ. കളവ്, ക്രൂരത, തിന്മ, അഹങ്കാരം, കാമം, ക്രോധം, ഔദ്ധത്യം, കാപട്യം, അനൈക്യം, സ്പര്‍ദ്ധ, അവിശ്വാസം, ചൂതുകളിക്കാനുളള വാസന, ദുരിതങ്ങള്‍ എന്നിവയെല്ലാം സമ്പത്തില്‍ നിന്നു നേരിട്ടുദ്ഭവിക്കുന്നു. അതുകൊണ്ട്‌ പരമശാന്തിയാഗ്രഹിക്കുന്ന ഒരുവന്‍ തികച്ചും അനര്‍ത്ഥമായ (അധര്‍മ്മം) അര്‍ത്ഥത്തെ (സമ്പത്തിനെ) ആഗ്രഹിക്കരുത്‌. സമ്പത്ത്‌ ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും ശത്രുക്കളാക്കി മാറ്റുന്നു. മരണം വാതില്‍ക്കല്‍ മുട്ടിവിളിക്കുന്നതറിയാതെ എന്റെ ജീവിതവും ഊര്‍ജ്ജവും ഈ ശത്രുവിനെ വളര്‍ത്തിയെടുക്കാന്‍ ഞാന്‍ വിനിയോഗിച്ചു. എന്നാല്‍ അധികം വൈകുംമുന്‍പ്‌ ശ്രീഭഗവാന്‍ ഹരിയുടെ അനുഗ്രഹംകൊണ്ട്‌ ഞാന്‍ വിഷണ്ണനും ആശയറ്റവനും വിവരമുളളവനുമായിത്തീര്‍ന്നു. എനിക്കീലോകത്ത്‌ അവശേഷിച്ചിട്ടുളള സമയമത്രയും ഞാന്‍ ഭഗവല്‍സേവയ്ക്കായി വിനിയോഗിക്കും. അവിടുത്തെ പാദങ്ങളെ ശരണം പ്രാപിക്കാന്‍ എനിക്ക്‌ കഴിയും. സര്‍വ്വാത്മനായുളള ഭക്തികൊണ്ട്‌ ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഖട്വാംഗന്‌ അതിനു സാധിച്ചുവല്ലോ.’

ഉടനേ തന്നെ അയാള്‍ ഒരു ഭിക്ഷാംദേഹിയായി സന്ന്യാസജീവിതം തുടങ്ങി. മനസ്സും ഇന്ദ്രിയങ്ങളും നിയന്ത്രിച്ച്‌ അഹങ്കാരത്തിന്റെയും ‘ഞാന്‍-എന്റെ’ എന്ന ഭാവത്തിന്‍റേയും കെട്ടഴിച്ച്‌ അയാള്‍ അലഞ്ഞു നടന്നു. ആളുകള്‍ക്ക്‌ അദ്ദേഹത്തെ മനസ്സിലായില്ല. ചിലര്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു കരുതി. മറ്റുചിലര്‍ കപടനാട്യക്കാരനെന്നും. അവര്‍ക്ക്‌ മതിയാവുംവരെ ബ്രാഹ്മണനെ അടിച്ചും തുപ്പിയും തുറുങ്കിലടച്ചും ഉപദ്രവിച്ചു. എന്തെല്ലാം അനുഭവങ്ങള്‍ (ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം) ഉണ്ടായോ അവയെ എല്ലാം അദ്ദേഹം സസന്തോഷം സ്വാഗതം ചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF