ഭാഗവതം നിത്യപാരായണം

അവന്തിബ്രാഹ്മണന്റെ മനോജയം – ഭാഗവതം (345)

നായം ജനോ മേ സുഖദുഃഖ ഹേതുര്‍ –
ന്ന ദേവതാത്മാ ഗ്രഹകര്‍മ്മകാലാഃ
മനഃ പരം കാരണമാമനന്തി
സംസാരചക്രം പരിവര്‍ത്തയേദ്‍യത്‌ (11-23-43)
ന കേനചിത്‌ ക്വാപി കഥഞ്ചനാസ്യ
ദ്വന്ദ്വോപരാഗഃ പരതഃ പരസ്യ
യഥാഹമഃ സംസൃതി രൂപിണഃ സ്യാദ്-
ദേവം പ്രബുദ്ധോ ന ബിഭേതി ഭൂതൈഃ (11-23-57)

അവന്തിബ്രാഹ്മണന്‍ സ്വയം പറഞ്ഞു:
എന്റെ സുഖദുഃഖങ്ങള്‍ക്ക്‌ കാരണക്കാര്‍ ഈ മനുഷ്യരോ ദേവന്മാരോ ആത്മാവോ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ കര്‍മ്മമോ കാലമോ ഒന്നുമല്ല. മനസ്സു മാത്രമാണതിനു കാരണം. മനസ്സാണല്ലോ ജനനമരണചക്രത്തിനെ തിരിക്കുന്നത്‌. മനസ്സ്‌ ത്രിഗുണങ്ങളെ കര്‍മ്മോന്മുഖമാക്കി അതില്‍നിന്നും വിവിധതരം കര്‍മ്മങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. അങ്ങനെ ഒരുവന്‍ തുടരെത്തുടരെ ജനനമരണങ്ങള്‍ അനുഭവിക്കുന്നു. എന്റെ ഹൃദയത്തില്‍ സ്ഥിതനായിട്ടുളള ഭഗവാന്‍ ഒരു സാക്ഷിയത്രെ. അദ്ദേഹമാണെന്റെ ഉത്തമ സുഹൃത്ത്‌. എന്നാല്‍ ഞാന്‍ – ജീവന്‍ – മനസ്സു കൊണ്ടുപോവുന്ന മാറ്റങ്ങളിലൂഴറി ബന്ധിതനാവുന്നു. ദാനധര്‍മ്മങ്ങളെപ്പറ്റി ജനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. എന്നാല്‍ മനസ്സു ശാന്തമാക്കിയവന്‌ ദാനം കൊണ്ടെന്തു നേടാനാവും? അതുപോലെ മനസ്സ്‌ നിയന്ത്രിക്കാത്തവന്‌ ദാനം കൊണ്ടെന്തു നേട്ടമുണ്ടാവാനാണ്! സ്വയം തന്റെ ശത്രുവായ മനസ്സിനെ നിയന്ത്രിക്കാത്തവന്‍ മറ്റുളളവരെ മിത്രങ്ങളായും ശത്രുക്കളായും എണ്ണുന്നു.

മറ്റൊരാളെ എന്റെ വേദനയ്ക്ക്‌ ഞാന്‍ കുറ്റപ്പെടുത്തിയാല്‍ ഒരു ശരീരം മറ്റൊന്നിനെ ദ്രോഹിക്കുന്നു എന്നല്ലേ അര്‍ത്ഥം? പല്ല്‌ വിരലിനെ കടിച്ച്‌ മുറിവേല്‍പ്പിച്ചാല്‍ ആരെയാണ്‌ കുറ്റപ്പെടുത്തുക? അതുപോലെ ഒരു ദേവനെ ഒരുവന്റെ ദുഃഖത്തിന്‌ കാരണമായി കണ്ടാല്‍ ആ ദേവന്‍ സ്വയം പീഡിപ്പിക്കുന്നു – ദേവന്മാര്‍ ഓരോരോ ശരീരഭാഗങ്ങളുടെ അധിദേവതകളത്രെ. പീഡനം ആത്മാവിനേല്‍ക്കുന്നില്ല. കാരണം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതനാണല്ലോ ആത്മാവ്‌. എന്നാല്‍ ആത്മാവാണ്‌ ദുഃഖത്തിനുത്തരവാദി എന്നു വന്നാല്‍ സ്വന്തം ആത്മാവിനോട്‌ കയര്‍ത്തു നില്‍ക്കുന്നതില്‍ എന്താണൊരു യുക്തി? നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും മറ്റും അവയുടെ ഉപകാരപ്രദവും ദ്രോഹപരവുമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നത്‌ ശരീരത്തില്‍ മാത്രമാണ്‌.

അപ്പോള്‍ ഞാന്‍ – ആത്മാവ് ‌- അവയോട്‌ ക്രോധം വച്ചു പുലര്‍ത്തുന്നതെന്തിനാണ്‌? അതുപോലെ കര്‍മ്മം ബാധിക്കുന്നത്‌ ശരീരത്തെയാണ്‌. കര്‍മ്മമാണ്‌ ശരീരത്തിന്റെ ഹേതു. ശരീരം ദ്രവ്യവും ആത്മാവ്‌ ശുദ്ധബോധവുമത്രെ. വെറും ദ്രവ്യവസ്തുവിനോ ശുദ്ധബോധത്തിനോ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് കര്‍മ്മത്തെ വാസ്തവമെന്ന് പറയാന്‍ വയ്യ. എന്നാല്‍ സമയത്തെ കുറ്റപ്പെടുത്താമെന്നുവച്ചാല്‍ ആത്മാവും കാലവും പരംപൊരുളുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നതുകൊണ്ട്‌ അതും യുക്തിയല്ല. അതുകൊണ്ട്‌ സര്‍വ്വാന്തര്യാമിയും അപരിമേയനും ശുദ്ധബോധവും ദ്രവ്യാവസ്ഥകള്‍ക്ക്‌ വിധേയമല്ലാത്തതും ആയ ആത്മാവിന്‌ നമുക്കുണ്ടാകുന്ന ദുഃഖങ്ങളില്‍ യാതൊരു പങ്കുമില്ല. മായികമായ അഹങ്കാരബോധത്തിനാലാണ്‌ ദുഃഖം ഉണ്ടാവുന്നത്‌. ഈ സത്യമറിഞ്ഞവന്‌ ഒരു ജീവിയേയും ഭയപ്പെടേണ്ടതില്ല. ഈ സാക്ഷാത്ക്കാരത്തില്‍ മനസ്സുറപ്പിച്ച്‌ ഭഗവാന്‍ കൃഷ്ണന്റെ കൃപയാല്‍ ഈ മായികമായ സംസാരത്തിനെ ഞാനുപേക്ഷിക്കുന്നതാണ്‌.

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
അങ്ങനെ നിങ്ങള്‍ സര്‍വ്വാത്മനാ എന്നില്‍ ശ്രദ്ധകേന്ദ്രീകരിച്ച്‌ മനസ്സു നിയന്ത്രിക്കൂ. ഇതാണ്‌ ഉത്തമമായ യോഗം. ആരൊരുവന്‍ ആവേശഭരിതവും ഉദാത്തവുമായ ഈ അവന്തിബ്രാഹ്മണ ചരിതം ധ്യാനിക്കുന്നുവോ അയാളെ സുഖദുഃഖങ്ങള്‍ തുടങ്ങിയ ദ്വന്ദ്വഭാവങ്ങള്‍ ബാധിക്കുന്നതല്ല.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Back to top button