നിഃ സംഗോ മാം ഭജേദ്വിദ്വാനപ്രമത്തോ ജിതേന്ദ്രിയഃ
രജസ്തമശ്ചാഭിജയേത്‌ സത്ത്വസംസേവയാ മുനിഃ (11-25-34)
സത്ത്വം ചാഭിജയേദ്യുക്തോ നൈരപേക്ഷ്യേണ ശാന്തധീഃ
സംപദ്യതേ ഗുണൈര്‍മുക്തോ ജീവോ ജീവം വിഹായ മാം (11-25-35)
ജീവോ ജീവവിനിര്‍മുക്തോ ഗുണൈശ്ചാശയസംഭവൈഃ
മയൈവ ബ്രഹ്മണാ പൂര്‍ണ്ണോ ന ബഹിര്‍ന്നാന്തരശ്ചരേത്‌ (11-25-36)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ഉദ്ധവരേ, ഇനി ഞാന്‍ ത്രിഗുണങ്ങള്‍ മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നു എന്നു പറഞ്ഞു തരാം. ഓരോരോ ഗുണങ്ങളും വ്യതിരിക്തമായ ഓരോരോ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അവ ഓരോരോ സ്വഭാവങ്ങളായി അവതരിക്കുന്നു. ആത്മസംയമനം, സഹനശക്തി, വിരക്തി, സത്യസന്ധത, വിശ്വാസം, വിനയം, ദയവ്, അവബോധം, സംതൃപ്തി, സന്ന്യാസം, നിര്‍മ്മമത, ആത്മാരമ്യത എന്നിവയിലൂടെ സത്വഗുണം പ്രകടമാവുന്നു. കാമം, സ്വാര്‍ത്ഥപരമായ കര്‍മ്മങ്ങള്‍, ധിക്കാരവും മര്‍ക്കടമുഷ്ടിയും, ആര്‍ത്തി, ദംഭം, ആഗ്രഹം, ബുദ്ധിപരമല്ലാത്ത വിവേചനം, സുഖാന്വേഷണം, സാഹസികത, അത്യുല്‍സാഹം, പ്രശസ്തി തേടല്‍, അലംഭാവം, ഒതുക്കമില്ലാത്ത പൊട്ടിച്ചിരി, ഊര്‍ജ്ജം, ശക്തി, പരിശ്രമം എന്നിവയാണ്‌ രജോഗുണപ്രകടനങ്ങള്‍. ദേഷ്യം, അത്യാഗ്രഹം, തിന്മ, ക്രൂരത, യാചന, കപടത, ആലസ്യം, യോജിപ്പില്ലായ്മ, ദുഃഖം, വ്യാമോഹം, മയക്കം, പ്രതീക്ഷ, ഉറക്കംതൂങ്ങല്‍, ആഗ്രഹം, ഭയം, മടി ഇവയെല്ലാം തമോഗുണജന്യമത്രെ. ഗുണങ്ങള്‍ മിക്കവാറും പലേ അളവുകളില്‍ പരസ്പരം കൂട്ടിച്ചേര്‍ന്നു പ്രകടിതമാവുന്നു. അതുകൊണ്ട്‌ മനുഷ്യന്റെ സ്വഭാവങ്ങളും അപ്രകാരം മേല്‍പ്പറഞ്ഞ പ്രകടിതഗുണങ്ങളുടെ ഒരു മിശ്രിതരൂപമാര്‍ജ്ജിച്ചിരിക്കുന്നു. ഒരുവന്‍ ധാര്‍മ്മികാചാരങ്ങളോട്‌ അതീവഭക്തിയുളളവനാണെങ്കിലും സ്വാര്‍ത്ഥപരമായ ആഗ്രഹസാദ്ധ്യത്തിനാവാം അപ്രകാരം ആചരിക്കുന്നത്‌. രണ്ടുതരം ഗുണങ്ങള്‍ കൂടിക്കലര്‍ന്ന പ്രകടിതഭാവം വ്യക്തമാക്കാന്‍ ഈ ഉദാഹരണം മതിയല്ലോ.

ഇഹലോകത്തിലെ വസ്തുക്കളെല്ലാം – സ്ഥലങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, സമയം, അറിവ്, കര്‍മ്മം, കര്‍മ്മി, വിശ്വാസം, ബോധതലങ്ങള്‍, ജനനം, വിധി – സാത്വികമെന്നും രാജസികമെന്നം താമസികമെന്നം തരംതിരിക്കപ്പെട്ടിരിക്കുന്നു. ഈ ഗുണങ്ങളെല്ലാം എപ്പോഴും ചുറ്റിത്തിരിഞ്ഞ് ഒന്നു മറ്റൊന്നിനെ വെന്നു നിലകൊളളുന്നു. അങ്ങനെ ചിലപ്പോള്‍ ഒരു ഗുണം പ്രധാനമായി കാണപ്പെടുന്നു. മറ്റു ഗുണങ്ങള്‍ തുലോം ഒതുങ്ങിയതായും അനുഭവപ്പെടുന്നു. പൊതുവേ പറഞ്ഞാല്‍ സാത്വികഗുണം ആത്മാവിനെ എന്റെയടുത്തേക്കുയര്‍ത്താന്‍ പര്യാപ്തമത്രെ. ഇഹലോകത്തോ സ്വര്‍ഗ്ഗത്തോ ലഭിക്കാവുന്ന പ്രതിഫലത്തെപ്പറ്റി സ്വാര്‍ത്ഥചിന്തയേതുമില്ലാത്ത പരമഭക്തികൊണ്ട്‌ ഇതു സാദ്ധ്യമാണ്‌. രജോഗുണം മനുഷ്യനെ സദാ ശാന്തരഹിതനാക്കി നിലനിര്‍ത്തി സുഖാന്വേഷണത്വരിതനും മനുഷ്യതലത്തില്‍ ലാഭേച്ഛുവുമാക്കി തീര്‍ക്കുന്നു. തമോഗുണമാകട്ടെ ഒരുവനെ താഴ്‌ന്നതലങ്ങളിലേക്ക്‌ – നിലനില്‍പ്പിന്റെയും, ബോധതലങ്ങളുടെയും, സ്വഭാവത്തിന്റെയും, പെരുമാറ്റത്തിന്റെയും – നയിക്കുന്നു. ഒരുവന്റെ ഭാവിജന്മം സ്വാഭാവികമായും ഒരുവന്റെ മരണസമയത്തെ ഗുണാവസ്ഥ അനുസരിച്ചിരിക്കുന്നു.

ത്രിഗുണങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരുവന്‍ സശ്രദ്ധം പഠിക്കേണ്ടതും എല്ലാ കാര്യത്തിലും രജോഗുണത്തിനും തമോഗുണത്തിനുമുപരിയായി സത്വഗുണത്തെ വരിക്കേണ്ടതുമാണ്‌. അതുകഴിഞ്ഞ് സത്വഗുണത്തെ സത്വംകൊണ്ട്‌ തന്നെ വിജയിക്കണം. അങ്ങനെ സൂക്ഷ്മശരീരത്തില്‍ നിന്നും സ്വയം വിടുവിച്ച്‌ എന്നിലെത്തിച്ചേരുക. കാരണം, സത്വഗുണമായിരിക്കരുത്‌ ജീവതലക്ഷ്യം. ഒരുവന്‍ തന്റെ നിത്യജീവിതവും കര്‍മ്മങ്ങളും എല്ലാം എനിക്കായി സമര്‍പ്പിച്ച്‌ എനിക്കുവേണ്ടി ജീവിക്കുന്നുവെങ്കില്‍ അയാള്‍ ത്രിഗുണങ്ങളുടെ സ്വാധീനവലയത്തില്‍പ്പെടുകയില്ല. അങ്ങനെ ജീവസങ്കല്‍പ്പത്തിനും ഗുണസങ്കല്‍പ്പത്തിനും അതീതനായിരിക്കുന്ന ഒരുവന്‍ എന്നില്‍നിന്നു്‌ അകലത്തേക്കോ പുറത്തേക്കോ പോകുന്നില്ല. സദാ എന്നില്‍ത്തന്നെ അയാള്‍ ജീവിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF