അഭ്യര്‍ച്യാഥ നമസ്കൃത്യ പാര്‍ഷദേഭ്യോ ബലിം ഹരേത്‌
മൂലമന്ത്രം ജപേദ്ബ്രഹ്മ സ്മരന്നാരായണാത്മകം (11-27-42)
സ്തവൈരുച്ചാവചൈഃ സ്തോത്രൈഃ പൗരാണൈഃ പ്രാകൃതൈരപി
സ്തുത്വാ പ്രസീദ ഭഗവന്നിതി വന്ദേത ദണ്ഡവത്‌ (11-27-45)
ശിരോ മത്പാദയോഃ കൃത്വാ ബാഹുഭ്യാം ച പരസ്പരം
പ്രപന്നം പാഹി മാമീശ ഭീതം മൃത്യുഗ്രഹാര്‍ണ്ണവാത്‌ (11-27-46)
അര്‍ച്ചാദിഷു യദാ യത്ര ശ്രദ്ധാ മാം തത്ര ചാര്‍ച്ചിയേത്‌
സര്‍വ്വഭൂതേഷ്വാത്മനി ച സര്‍വ്വാത്മാഹമവസ്ഥിതഃ (11-27-48)

ഉദ്ധവന്‍ പറഞ്ഞു:
ക്രിയായോഗമാണ്‌ മനുഷ്യന്‌ സാധിക്കാവുന്നതില്‍ ഏറ്റവും ഉദാത്തമായുളളത്‌ എന്ന്‌ മഹര്‍ഷിവര്യന്മാര്‍ പറഞ്ഞിട്ടുണ്ടല്ലോ. ദയവായി എനിക്കതു പഠിപ്പിച്ചു തന്നാലും.

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ഞാന്‍ ചുരുക്കത്തില്‍ ക്രിയായോഗമെന്നാല്‍ എന്തെന്നു വിശദീകരിക്കാം. മൂന്നുതരത്തില്‍ എന്നെ പൂജിക്കാവുന്നതാണ്‌ – വൈദികം, താന്ത്രികം, ഇവ കൂടാതെ രണ്ടും ചേര്‍ന്നു മറ്റൊരു രീതി. ഏതു പാത വേണമെങ്കിലും ഒരുവന്‌ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ ഒരുവന്‍ പല്ലുതേച്ച്‌ ദേഹശുദ്ധി വരുത്തണം. ദേഹത്ത്‌ കളിമണ്ണും മറ്റും പൂശി ഉരച്ച്‌ കഴുകി വേണം കുളിക്കാന്‍. ലൗകിക കടമകളെ ഒന്നും അവഗണിക്കാതെ ധര്‍മ്മാചാരമര്യാദകളനുസരിച്ച്‌ ജീവിച്ചുകൊണ്ട്‌ അയാള്‍ എന്നെ പൂജിക്കട്ടെ. എട്ടു തരത്തിലുളള മൂര്‍ത്തികളാവാം – കല്ല്, മരം, ലോഹം, മണ്ണ്, ചന്ദനം, ചായം, മണല്‍, വിലപിടിച്ച കല്ലുകള്‍ – അല്ലെങ്കില്‍ മനസ്സില്‍ സങ്കല്‍പ്പിച്ച ഏതെങ്കിലും ചരമോ അചരമോ ആയ മൂര്‍ത്തിയെ വച്ചും പൂജകള്‍ ചെയ്യാം. ആ മൂര്‍ത്തികളില്‍ ഉചിതമായ പൂജകള്‍ ചെയ്യണം. ഹൃദയത്തിലുറപ്പിച്ച മൂര്‍ത്തിയെ പ്രേമമൊന്നുകൊണ്ട്‌ മാത്രം പൂജിക്കണം. ഭക്തന്‍, കിഴക്കോട്ടോ, വടക്കോട്ടോ അല്ലെങ്കില്‍ മൂര്‍ത്തിക്കഭിമുഖമായോ ഇരുന്ന് എനിക്കും ഉചിതമായ ആസനം നല്‍കണം. എന്നിട്ട്‌ സ്നാനം, വസ്ത്രം, ആഭരണങ്ങള്‍, ആഹാരം എന്നിവയെല്ലാം അര്‍പ്പിച്ച്‌ സ്വന്തം ശരീരത്തില്‍ എന്റെ സജീവസാന്നിദ്ധ്യം അനുഭവവേദ്യമാക്കിത്തീര്‍ക്കണം.

അതുകഴിഞ്ഞ് യാഗാഗ്നിയിലൂടെ എന്നെ പൂജിക്കണം. അഗ്നിയില്‍ ഉചിതമായ മന്ത്രോച്ചാരണങ്ങളോടെ നെയ്യൊഴിക്കണം. അങ്ങനെ എന്നേയും അഗ്നിയേയും പൂജിച്ചിട്ട്‌ അയാള്‍ സ്വന്തം ഇഷ്ടമന്ത്രമുരുക്കഴിച്ച്‌ അനന്തനായ നാരായണനായി എന്നെ ധ്യാനിക്കണം. പിന്നീട്‌ പുരാണങ്ങളിലും മറ്റും ഉളള കീര്‍ത്തനങ്ങള്‍ പാടി എന്റെ മഹിമാവിലാസങ്ങളെ പ്രകീര്‍ത്തിക്കണം. ഭഗവാനേ, രക്ഷിച്ചാലും, എന്നെ സംരക്ഷിച്ചാലും എന്നാവര്‍ത്തിച്ച്‌ എനിക്ക്‌ മുന്നില്‍ ദണ്ഡനമസ്കാരം ചെയ്യണം. എന്റെ കാല്‍ക്കല്‍ നമസ്ക്കരിച്ച്‌ ‘ഈ സംസാരസാഗരത്തില്‍ നിന്നെന്നെ രക്ഷിക്കണമേ’ എന്ന്‌ പ്രാര്‍ത്ഥിക്കണം. എന്റെ ഭക്തന്‌ ഏത്‌ ഇഷ്ടരൂപത്തിലും ഭാവത്തിലും എവിടെവച്ചും എന്നെ പൂജിക്കാം. കഴിവുളളവര്‍ എനിക്കുവേണ്ടി ഒരു ദേവാലയം പണിയട്ടെ. അതുകൊണ്ട്‌ അയാള്‍ വലിയപുണ്യമാര്‍ജ്ജിക്കുന്നു.

ഈ അദ്ധ്യായത്തില്‍ പലേ തരത്തിലുളള കര്‍മ്മങ്ങളെപ്പറ്റി വിവരണങ്ങളുണ്ട്‌. അത്തരം പൂജാക്രമങ്ങള്‍ ചെയ്യുന്ന ഒരാളില്‍നിന്നും നേരിട്ടാണ്‌ ഈ കാര്യങ്ങള്‍ പഠിക്കേണ്ടത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF