നരേഷ്വഭീക്ഷ്ണം മദ്ഭാവം പുംസോ ഭാവയതോഽചിരാത്‌
സ്പര്‍ദ്ധാസൂയാതിരസ്കാരാഃ സാഹങ്കാരാ വിയന്തി ഹി (11-29-15)
വിസൃജ്യ സ്മയമാനാന്‍ സ്വാന്‍ ദൃശം വ്രീഡാം ച ദൈഹികീം
പ്രണമേദ്ദണ്ഡവദ്‌ ഭൂമാവാശ്വചാണ്ഡാളഗോഖരം (11-29-16)

ഉദ്ധവന്‍ പറഞ്ഞു:
ഭഗവന്‍, അവിടുന്നു പഠിപ്പിച്ച ഈ യോഗമാര്‍ഗ്ഗം തുലോം ദുഷ്കരമാണ്‌. മനോനിയന്ത്രണം ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്‌. അതില്ലാതെ യോഗാഭ്യാസം അസാദ്ധ്യവുമാണല്ലോ. ഈ ദുര്‍ഘടത്തെ എങ്ങനെ അതിജീവിക്കാമെന്നു പറഞ്ഞു തന്നാലും.

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ഏതൊരു കാര്യംകൊണ്ട്‌ എന്നെ ഏറ്റവും എളുപ്പത്തില്‍ പ്രീതിപ്പെടുത്താനാവുമോ, അമരത്വം ലഭിക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമേതാണോ, ഏതൊരു തരം യോഗമാര്‍ഗ്ഗമാണോ ഞാന്‍ ഉത്തമമെന്ന് കരുതുന്നത്, അതു ഞാന്‍ പറഞ്ഞു തരാം. മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ വര്‍ത്തിക്കണം. ഉന്നതകുലജാതനായ ബ്രാഹ്മണനോടും ഭക്തനോടും അധമരില്‍ അധമരായ കൃമികീടങ്ങളോടും സമദൃഷ്ടി വളര്‍ത്തിയെടുക്കുക. ‘ഇങ്ങനെ ഇടതടവില്ലാതെ അഭ്യസിക്കുന്നപക്ഷം പകയുടെയും വെറുപ്പിന്റെയും മല്‍സരത്തിന്റെയും മറ്റുളളവരില്‍ കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പ്രവണത ഇല്ലാതാവുന്നു. ഇവയെല്ലാം ആത്മഗര്‍വ്വത്തിന്റെ ഭാഗങ്ങളാണല്ലോ. യാതൊരു വിധത്തിലുളള നാണമോ മടിയോ കൂടാതെ, മറ്റുളളവര്‍ എന്തു പറയും എന്ന ചിന്തയേതുമില്ലാതെ കഴുത പോലുളള മൃഗങ്ങളുടെ മുന്നില്‍ പോലും വെട്ടിയിട്ട മരംപോലെവീണ്‌ സാഷ്ടാംഗനമസ്കാരം ചെയ്യണം., ഇങ്ങനെ അയാള്‍ എല്ലാറ്റിനേയും അനന്തനായ പരബ്രഹ്മമെന്നു കണക്കാക്കാന്‍ ഇടവരുന്നു. ഇതാണ്‌ ആത്മസാധനാമാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മഹത്തായ മാര്‍ഗ്ഗം. മഹത്തായ യോഗവും ആത്മജ്ഞാനലാഭത്തിനുളള എളുപ്പമേറിയ മാര്‍ഗ്ഗവും ഇതു തന്നെ. ഈ പാതയില്‍ നേട്ടങ്ങളല്ലാതെ നഷ്ടങ്ങള്‍ യാതൊന്നും ഇല്ല. ഞാന്‍ സ്വയം നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമായതു കൊണ്ട്‌ ത്രിഗുണങ്ങള്‍ക്ക്‌ ഇതിനെ ബാധിക്കുക അസാദ്ധ്യം. എന്നിലേക്കര്‍പ്പിക്കപ്പെട്ട പ്രവൃത്തികള്‍ക്കൊന്നും ത്രിഗുണങ്ങള്‍ ബാധിക്കയില്ല. അതിനാല്‍ മുക്തിലാഭത്തിനുത്തമമത്രേ ഈ പാത. ഞാനിതുവരെ പറഞ്ഞു തന്നിട്ടുളളള കാര്യങ്ങള്‍ വേദാന്തവിജ്ഞാനത്തിന്റെ സാരസമ്പത്താണ്‌. ഈ വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നവര്‍ക്ക്‌ ഞാന്‍ എന്റെ ആത്മാവുതന്നെ നല്‍കുന്നതാണ്‌. നമ്മുടെ ഈ സംഭാഷണം കേള്‍ക്കുന്നവര്‍ക്ക്‌ പരമഭക്തിയുണ്ടാവുകയും അവര്‍ക്ക്‌ കര്‍മ്മപാശത്തില്‍ നിന്നു്‌ മോചനം ലഭിക്കുകയും ചെയ്യും.

ഉദ്ധവര്‍ പറഞ്ഞു:
എന്റെ അറിവിനെ മൂടിക്കിടന്ന അജ്ഞാനാന്ധകാരം അവിടുത്തെ ശിക്ഷണം കൊണ്ട്‌ ഇല്ലാതായി. അവിടുത്തോട്‌ എന്നും നിലനില്‍ക്കുന്ന പ്രേമം എന്റെ ഹൃദയത്തില്‍ നിറയാന്‍ എന്നെ അനുഗ്രഹിച്ചാലും.

ശുകമുനി പറഞ്ഞു: ഭഗവാന്‍ കൃഷ്ണന്‍ അപ്പോള്‍ ഉദ്ധവരോട്‌ ബദരികാശ്രമത്തില്‍ പോയി ഭഗവാനെ നിരന്തരമായി ധ്യാനിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉദ്ധവര്‍ ഭഗവാനെ നമസ്കരിച്ച്‌ ബദരികാശ്രമത്തിലേക്ക്‌ യാത്രയായി. അവിടെ ഭഗവാന്‍ പഠിപ്പിച്ച യോഗമാര്‍ഗ്ഗമനുഷ്ഠിച്ച്‌ ഭഗവാനില്‍ വിലീനനായി മുക്തിപദം പ്രാപിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF