തതസ്തസ്മിന്‍ മഹാപാനം പപുരമൈരേയകം മധു
ദിഷ്ടവിഭ്രംശിതധിയോ യദ്ദ്രവൈര്‍ഭ്രശ്യതേ മതിഃ (11-30-12)
മാ ഭൈര്‍ജ്ജരേ, ത്വമുത്തിഷ്ഠ കാമ ഏഷ കൃതോ ഹി മേ
യാഹി ത്വം മദനുജ്ഞാതഃ സ്വര്‍ഗ്ഗം സുകൃതിനാം പദം (11-30-39)

ശുകമുനി തുടര്‍ന്നു:
ഞാന്‍ ആദ്യം പറഞ്ഞതുപോലെ രാജ്യത്ത്‌ കലാപലക്ഷണങ്ങളുടെ ദുഃശകുനങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ തന്റെ ബന്ധുമിത്രാദികളൊട്‌ ദ്വാരകയില്‍നിന്നും പ്രഭാസത്തിലേക്ക്‌ കുടിയേറിപ്പാര്‍ക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സ്ത്രീകളേയും കുട്ടികളേയും പ്രായം ചെന്നവരേയും ശംഖോദ്ധാരം എന്നയിടത്തും യുവാക്കളെ പ്രഭാസത്തേക്കും അയച്ചു. പ്രഭാസത്തില്‍ ബ്രാഹ്മണശാപത്താല്‍ വ്യാമോഹിതരായ യുവാക്കളുടെ ബുദ്ധിയെ ദുര്‍വിധിയുടെ കാര്‍മേഘം ബാധിച്ചതുകൊണ്ട്‌ അവര്‍ മൈരേയം എന്ന ശക്തിയേറിയ മദ്യം സേവിച്ച്‌ ഉന്മത്തരായി വിവേകബുദ്ധി നിശ്ശേഷം ഇല്ലാതായി. അവിടെ വാദപ്രതിവാദങ്ങളും വഴക്കും മല്ലയുദ്ധവും യാദവരുടെ ഇടയില്‍ കാണായി. താമസംവിനാ അവര്‍ തമ്മില്‍ ഗദകൊണ്ടും അമ്പുംവില്ലുമെടുത്തും മറ്റും പരസ്പരയുദ്ധം തുടങ്ങി. സഹോദരന്മാര്‍ തമ്മിലും അഛനും മക്കളും തമ്മിലും കയ്യില്‍ക്കിട്ടിയ എന്തുമെടുത്തും പോരാട്ടമായി. ആയുധങ്ങളെല്ലാം തീര്‍ന്നപ്പോള്‍ അവര്‍ എരകപ്പുല്ല്‌ മുറിച്ചെടുത്ത്‌ പരസ്പരം അടിക്കാന്‍ തുടങ്ങി. സമുദ്രതീരത്തു വളര്‍ന്നുവന്ന പുല്ലില്‍ ബ്രാഹ്മണശാപഫലമായി ഉണ്ടായ ഇരുമ്പുലക്കയുടെ പൊടി ഉണ്ടായിരുന്നു. പരസ്പരം പുല്ല്‌ വീശിയതോടെ അവര്‍ ചത്തുവീഴാന്‍ തുടങ്ങി. കൃഷ്ണന്റെ ഇഛ അതായിരുന്നു. ബ്രാഹ്മണശാപവും അതുതന്നെയായിരുന്നല്ലോ. ബലരാമനും കൃഷ്ണനും അവരെ തടയാന്‍ തുനിഞ്ഞപ്പോള്‍ യുവാക്കള്‍ അവര്‍ക്കുനേരെ തിരിഞ്ഞു. രാമകൃഷ്ണന്മാര്‍ അവരുടെ പ്രഥമശത്രുക്കളായി. വ്യാമോഹവും കുടിലതയും ബാധിച്ചാല്‍ എന്തു തന്നെ ചെയ്തു കൂടാ?

അധാര്‍മ്മികരെ മുഴുവന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന അവതാരോദ്ദേശ്യം യാദവനാശത്തോടെ ഭഗവാന്‍ പൂര്‍ത്തിയാക്കി. അദ്ദേഹവും ദേഹമുപേക്ഷിക്കാന്‍ തയ്യാറായിരുന്നു. ബലരാമന്‍ പരംപൊരുളിനെ ധ്യാനിച്ച്‌ ആ സവിധത്തിലേക്ക്‌ ആരോഹണം ചെയ്തു. ഭഗവാന്‍ കൃഷ്ണന്‍ ഒരു അരയാലിന്റെ ചുവട്ടില്‍ മരത്തില്‍ ചാരിയിരുന്നു. അവിടെ അദ്ദേഹം പുകയില്ലാത്ത അഗ്നിപോലെ ശോഭിച്ചു. ആ സമയത്ത്‌ ജരന്‍ എന്നപേരായ ഒരു നായാട്ടുകാരന്‍ ഭഗവാന്റെ കാല്‍പ്പാദങ്ങളിലേക്ക്‌ ഒരമ്പയച്ചു. ഒരു മാനിന്റെ വായെന്നു നിനച്ചാണ്‌ ജരന്‍ അമ്പയച്ചത്. ഇരുമ്പുലക്കയിലെ അവസാനത്തെ അംശം ആ അമ്പിന്റെ തുമ്പത്തുണ്ടായിരുന്നു. തന്റെ അമ്പിന്നിരയായതാരെന്നു മനസ്സിലാക്കിയ ജരന്‍ ഉറക്കെ പൊട്ടിക്കരഞ്ഞു. ‘ഭഗവാനേ, എന്നെയുടനെതന്നെ കൊന്ന് ഈ പാപത്തില്‍ നിന്നു മോചിപ്പിച്ചാലും.’ എന്നാല്‍ പ്രേമപൂര്‍വ്വം ഭഗവാന്‍ പറഞ്ഞു: ‘പേടിക്കണ്ട, ഞാനുദ്ദേശിച്ച കാര്യംതന്നെയാണ്‌ നീ ചെയ്തത്‌. നിനക്ക്‌ സ്വര്‍ഗ്ഗാരോഹണവും ധര്‍മ്മം വാഴുന്നിടത്തൊരു സ്ഥാനവും ലഭിക്കുന്നതാണ്.’ ഭഗവാനെ വണങ്ങി ഒരാകാശവാഹനത്തിലേറി ജരന്‍ സ്വര്‍ഗ്ഗാരോഹണംചെയ്തു. കൃഷ്ണന്റെ സാരഥിയായ ദാരുകന്‍ അപ്പോള്‍ അവിടെയെത്തി. ഭഗവാന്‍ പറഞ്ഞു: ‘തിരിച്ചുപോയി സ്ത്രീകളോടും കുട്ടികളോടും വയോധികന്മാരോടും ഇവിടെ സംഭവിച്ചതെല്ലാം പറയുക. ഞാനിപ്പോള്‍ ഭൂമിയിലെ വാസം അവസാനിപ്പിക്കാന്‍ പോവുന്നു. ദ്വാരക പ്രളയജലത്തില്‍ മുങ്ങിപ്പോകും. നമ്മുടെ മാതാപിതാക്കളും കട്ടികളും വനിതകളും ഇന്ദ്രപ്രസ്ഥത്തിലേക്ക്‌ പോകട്ടെ. നിന്റെ കാര്യം – എന്നില്‍ ഭക്തനായി ജിവിക്കൂ. നിശ്ചയമായും നീ എന്റെ മണ്ഡലത്തില്‍ എത്തിച്ചേരുന്നതാണ്.’ ഇതു പറഞ്ഞു തീരുമ്പോഴേക്കും രഥം സ്വര്‍ഗ്ഗത്തേക്കുയര്‍ന്നു.

കൃഷ്ണന്റെ ‘മരണം’ സംബന്ധിച്ച ജ്യോതിശ്ശാസ്ത്രപരമായ വസ്തുതകള്‍ വച്ച്‌ നോക്കുമ്പോള്‍ കലിയുഗാരംഭം ക്രിസ്തുവിന്‌ മുന്‍പ്‌ 3106-ല്‍ ആയിരുന്നു എന്നു
കാണാം.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF