ഭഗവാന്‍ പിതാമഹം വിക്ഷ്യ വിഭൂതീരാത്മനോ വിഭുഃ
സംയോജ്യാത്മനി ചാത്മാനം പത്മനേത്രേ ന്യമീലയത്‌ (11-31-5)
ലോകാഭിരാമം സ്വതനും ധാരണാധ്യാനമംഗളം
യോഗധാരണയാഗ്നേയ്യാമദഗ്ദ്ധ്വാ ധാമാവിശത്‌ സ്വകം (11-31-6)
തഥാപ്യശേഷസ്ഥിതിസംഭവാപ്യയേ
ഷ്വനന്യഹേതുര്യദശേഷശക്തിധൃക്‌
നൈച്ഛത്‌ പ്രണേതും വപുരത്ര ശേഷിതം
മര്‍ത്ത്യേന കിം സ്വസ്ഥഗതിം പ്രദര്‍ശയന്‍ (11-31-13)

ശുകമുനി തുടര്‍ന്നു:
സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ ദേവന്മാരും യക്ഷകിന്നരഗന്ധര്‍വ്വാദികളും മാമുനിമാരും ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണദൃശ്യം കാണാന്‍ പ്രഭാസത്തിലെത്തി. പുഷ്പവൃഷ്ടികൊണ്ടവര്‍ ഭഗവാനെ പൂജിച്ചു. ഭഗവാന്‍ ബ്രഹ്മാവിനെ നോക്കി തന്റെ ജീവനെ പരമാത്മാവില്‍ ലയിപ്പിച്ച്‌ കണ്ണുകളടച്ചു. യോഗമാര്‍ഗ്ഗത്തിലൂടെ – അഗ്നിധാരണം – ഭഗവാന്‍, അനേക ഹൃദയങ്ങളെ സമാകര്‍ഷിച്ചതും ഏതൊന്നിനെ ധ്യാനിച്ചാല്‍ ഭക്തര്‍ക്ക്‌ ഐശ്വര്യങ്ങളുണ്ടാവുമോ, ആ ശരീരം എരിയാതെതന്നെ (യോഗാഗ്നിയില്‍ ശരീരം എരിച്ചു എന്നും അര്‍ത്ഥമാവാം) സ്വധാമത്തേക്ക്‌ മടങ്ങിപ്പോയി. ചിലര്‍ക്ക്‌ ഈ ദൃശ്യം ഗോചരമായി. മറ്റുളളവര്‍ക്ക്‌ അതിനുളള ഭാഗ്യമുണ്ടായതുമില്ല. ദേവന്മാര്‍ അവരവരുടെ ഗോളങ്ങളിലേക്ക്‌ മടങ്ങി.

പരീക്ഷിത്തേ! ഇതെല്ലാം ഭഗവാന്റെ വെറും ലീലാവിലാസങ്ങള്‍ മാത്രം. അദ്ദേഹം സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്നു. സ്വയം മനുഷ്യവേഷമണിഞ്ഞ് ദിവ്യലീലയാടി തന്റെ ഭാഗം അഭിനയിച്ചു തീര്‍ത്തു. സ്വയം തന്റെ മഹിമാവിലാസത്തില്‍ സ്ഥിതനെങ്കിലും ഈ ദിവ്യനാടകം കളിക്കുന്നതിലൂടെ ഭഗവാന്‍ സ്വയം താഴുന്നില്ല. ‘ഭഗവാന്‍ സര്‍വ്വശക്തിമാനെങ്കിലും, മറ്റാരുടെയും സഹായമില്ലാതെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്താന്‍ കഴിവുണ്ടെങ്കിലും, അദ്ദേഹം തന്റെ ശരീരത്തെ സംരക്ഷിച്ചുവയ്ക്കാന്‍ ആഗ്രഹിച്ചില്ല. നശ്വരമായ ഈ ശരീരം എന്നെന്നേക്കുമായി സംരക്ഷിക്കാനര്‍ഹമല്ലെന്ന വസ്തുത മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍വേണ്ടിയാണ്‌ ഭഗവാന്‍ അതു ചെയ്യാതിരുന്നത്.’ ആരൊരുവന്‍ പ്രഭാതകാലത്ത്‌ ഭഗവാന്റെ സ്വധാമാരോഹണകഥ ചൊല്ലുന്നുവോ, അയാള്‍ക്ക്‌ ഭഗവാന്റെ സവിധത്തിലേക്കുയര്‍ന്നു പോവാന്‍ കഴിയും. ദാരുകന്‍ കൃഷ്ണന്റെ ബന്ധുമിത്രാദികളോട്‌ സംഭവമെല്ലാം വിവരിച്ചു. ഭഗവാന്റെ (ഭൂമിയിലെ) മാതാപിതാക്കള്‍ തത്ക്ഷണം ജീവനുപേക്ഷിച്ചു. സ്ത്രീകള്‍ തങ്ങളുടെ വീരരായ ഭര്‍ത്താക്കന്മാരുടെ ചിതയില്‍ക്കയറി ജീവനൊടുക്കി. ബലരാമന്റെ ഭാര്യമാര്‍ അദ്ദേഹത്തെ ആലിംഗനം ചെയ്ത്‌ ചിതയില്‍ക്കിടന്നു ജീവനുപേക്ഷിച്ചു. കൃഷ്ണന്റെ പത്നിമാരും ഭഗവാനെ ധ്യാനിച്ച്‌ തങ്ങളുടെ ശരീരത്തെ ഉപേക്ഷിച്ചു.

ഹൃദയവ്യഥയോടേ, കൃഷ്ണവിരഹം സഹിക്കാതെയെങ്കിലും, ഭഗവദ്ഗീതയിലെ ശിക്ഷണത്തെ ഓര്‍ത്ത്‌ അര്‍ജ്ജുനന്‍ സ്വയം സമാധാനിച്ചു. അദ്ദേഹം ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും മടങ്ങി. കൂട്ടക്കൊലയിലൊടുങ്ങിയവരുടെ സ്ത്രീകള്‍ക്കും ബന്ധുജനങ്ങള്‍ക്കും രക്ഷകനായിപ്പോയി. അദ്ദേഹം അനിരുദ്ധന്റെ മകനായ വജ്രനെ കിരീടധാരണം ചെയ്യിച്ചു. അതിനുശേഷം പാണ്ഡവര്‍ ഹിമാലയത്തിലേക്കു പോയപ്പോഴാണല്ലോ, പരീക്ഷിത്തേ, നിങ്ങളെ രാജാവാക്കി വാഴിച്ചത്. ഭഗവാന്‍ കൃഷ്ണനെക്കുറിച്ചുളള ഈ ശുഭോദര്‍ക്കമായ കഥ കേള്‍ക്കുന്ന ഏവനും ഭഗവാനില്‍ പരമഭക്തിയുണ്ടാവുന്നതാണ്‌.

‘ദഗ്ദ്ധ്വ’ എന്ന വാക്കില്‍ കൃഷ്ണന്‍ സ്വയം യോഗാഗ്നിയില്‍ ശരീരമെരിച്ചു എന്നു വരുന്നു. ‘അദഗ്ദ്ധ്വ’ എന്നാണെങ്കില്‍ എരിക്കാതെ എന്നും ആവാം.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF