പന്ത്രണ്ടാം സ്കന്ധം ആരംഭം
അസംസ്കൃതാഃ ക്രിയാഹീനാ രജസാ തമസാവൃതാഃ
പ്രജാസ്തേ ഭക്ഷയിഷ്യന്തി മ്ലേഛാ രാജന്യരൂപിണഃ (12-1-42)
തന്നാഥാസ്തേ ജനപദാസ്തച്ഛീലാചാരവാദിനഃ
അന്യോന്യതോ രാജഭിശ്ച ക്ഷയം യാസ്യന്തി പീഡിതാഃ (12-1-43)
പരീക്ഷിത്ത് ചോദിച്ചു:
ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരോധാനത്തിനുശേഷം ആരാണ് ഭൂമിയെ ഭരിച്ചത്?
ശുകമുനി തുടര്‍ന്നു:
പ്രദ്യോതനന്മാര്‍ എന്നറിയപ്പെടുന്ന അഞ്ചു രാജാക്കന്മാരുളള ഒരു രാജവംശം നൂറ്റിമുപ്പത്തിയെഴുവര്‍ഷം ഭരണം നടത്തും. അടുത്തതായി ശിശുനാഗവംശം മുന്നൂറ്റിഅറുപതുവര്‍ഷം ഭരിക്കുന്നതാണ്. ശിശുനാഗന്മാരില്‍ അവസാനത്തെ കണ്ണിയായി മഹാനന്ദിയുടെ മകന്‍ മഹാപദ്മന്‍ ശൂദ്രസ്ത്രീയില്‍ ജനിക്കും. മഹാപദ്മനും അദ്ദേഹത്തിന്റെ പുത്രന്‍മാരും ഒരുനൂറുകൊല്ലം ഭരണത്തിലുണ്ടാവും. ഇതാണ് നന്ദവംശം. രാജാവേ, താങ്കളുടെ ജനനംമുതല്‍ നന്ദവംശത്തിന്റെ കിരീടധാരണംവരെ ആയിരത്തിഒരുനൂറ്റിപതിനഞ്ചു കൊല്ലമെടുക്കും. നന്ദവംശത്തിന്റെ അവസാനം ചാണക്യന്‍ മുഖാന്തരമായിരിക്കും. അദ്ദേഹം ചന്ദ്രഗുപ്ത മൗര്യനെ രാജാവാക്കി വാഴിക്കും. മൗര്യന്‍മാര്‍ നൂറ്റിമുപ്പത്തിയേഴുകൊല്ലം ഭരണത്തിലുണ്ടാവും. പുഷ്യാമിത്രശുങ്കന്‍ എന്ന സൈന്യാധിപന്‍ ബ്രഹദ്രതമൗര്യനെ വധിച്ച് ശുങ്കവംശം സ്ഥാപിക്കും. അതിലെ പത്തു രാജാക്കന്‍മാര്‍ നൂറു കൊല്ലത്തോളം ഭൂമിയെ ഭരിക്കും. ദുര്‍മ്മാര്‍ഗ്ഗിയായ ദേവഭൂതിയെ അദ്ദേഹത്തിന്റെ മന്ത്രിയായ വാസുദേവന്‍ വധിക്കുകയും കണ്വവംശം സ്ഥാപിക്കുകയും ചെയ്യും. അവര്‍ മുന്നൂറ്റിനാല്‍പ്പത്തിയഞ്ചു കൊല്ലം ഭരണം നടത്തും. കണ്വവംശത്തിലെ അവസാനത്തെ രാജാവായ സുഷര്‍മനെ ഭൃത്യനായ ബലി വധിക്കും. ബലിയും പിന്‍തലമുറക്കാരുമായ മുപ്പതോളം പേര്‍ നാനൂറ്റിയന്‍പത്തിയാറു കൊല്ലം ഭരണമേല്‍ക്കും.
പിന്നീട് ഏഴ് ആഭീരരാജാക്കന്മാര്‍, പത്ത് ഗര്‍ദഭീകര്‍, പതിനാറ് കനകന്മാര്‍, എട്ട് യവനന്മാര്‍, പതിന്നാല് തുരുഷ്കകാന്മാര്‍, പത്ത് ഗുരുന്തന്മാര്‍, പതിനൊന്നു മൗനാന്മാര്‍, തുടങ്ങിയവരാണ് ആയിരത്തിമുന്നൂറ്റി തൊണ്ണൂറ്റിഒന്‍പത്കൊല്ലം ഭരണം നടത്തുക. ഇവര്‍ക്കു ശേഷം നൂറ്റിയാറുകൊല്ലം ഭൂതാനന്ദനും പിന്‍തലമുറക്കാരും, അതിനുശേഷം ബാഹ്‌ലികന്‍, പുഷ്പമിത്രന്‍, ദുര്‍മിത്രന്‍, എന്നിവരും ഭൂമിയെ ഭരിക്കും. ദുര്‍മതിയായ പുരാഞ്ജയന്‍(രണ്ടാമന്‍) തന്റെ പ്രജകളെയെല്ലാം മ്ലേഛമാര്‍ഗ്ഗത്തിലേക്ക് മതം മാറ്റും. ക്ഷത്രിയരെ ഒന്നടങ്കം നശിപ്പിച്ച് പദ്മാവതി നഗരത്തില്‍ നിന്നും ഭരണം നടത്തും. ഗംഗ മുതല്‍ പ്രയാഗവരെയുളള സ്ഥലമാണ് പദ്മാവതി. ശൂദ്രന്മാരും അധഃപതിച്ച ബ്രാഹ്മണരും അധാര്‍മ്മികളായ മറ്റുളളവരുമായിരിക്കും സിന്ധുനദീതടവും ചന്ദ്രഭാഗവും കാശ്മീരിന്റെ ഭാഗങ്ങളും ഭരിക്കുക. രാജാക്കന്മാര്‍ സ്ത്രീകളെയും പശുക്കളെയും കുട്ടികളെയും ബ്രാഹ്മണരെയും കൊന്ന് രാക്ഷസീയമായ ജീവിതചര്യ കൈക്കൊളളും. ധര്‍മ്മത്തില്‍ നിന്നകന്ന് രാജസികവും താമസികവും മാത്രമായ കര്‍മ്മങ്ങളോടെ സ്വന്തം ആള്‍ക്കാരെപ്പോലും അവര്‍ അടിമകളാക്കി ദ്രോഹിക്കും. പ്രജകളും അവരുടെ രാജാവിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നു് പരസ്പരം ചൂഷണം ചെയ്ത് പരസ്പരം മല്‍സരിച്ച് സര്‍വ്വനാശത്തിലേക്ക് സ്വയം നയിക്കും. ആരൊരുവന്‍ സ്വശരീരത്തിനായി മറ്റുളളവരെ ചൂഷണം ചെയ്യുന്നുവോ, അവന്‍ സ്വന്തം നന്മയെപ്പറ്റി അറിവില്ലാത്തവനത്രെ. ഭൂമിയെ ഭരിക്കാന്‍ യോഗ്യതയുണ്ടായിരുന്ന മഹാരാജാക്കന്മാര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അവരുടെ പേരുകള്‍ മാത്രം കഥകളില്‍ ഇന്നും പ്രതിപാദിക്കപ്പെടുന്നു, അത്രമാത്രം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF