ഏഷനൈമിത്തകഃ പ്രോക്തഃ പ്രളയോ യത്ര വിശ്വസൃക്‌
ശേതേഽന‍ന്താസനോ വിശ്വമാത്മസാത്‌കൃത്യ ചാത്മഭൂഃ (12-4-4)
ഏഷ പ്രാകൃതികോ രാജന്‍ പ്രളയോയത്ര ലീയതേ
ആണ്ഡകോശസ്തു സാങ്ഘാതോ വിഘാത ഉപസാദിതേ (12-4-6)
യദൈവമേതേന വിവേകഹേതിനാ
മായാമയാഹങ്കരണാത്മബന്ധനം
ഛിത്വാച്യുതാത്മാനുഭവോഽവതിഷ്ഠതേ
തമാഹുരാത്യന്തികമംഗ, സംപ്ലവം. (12-4-33)
നിത്യദാ സര്‍വ്വഭൂതാനാം ബ്രഹ്മാദീനാം പരന്തപ
ഉത്പത്തിപ്രളയാവേകേ സൂക്ഷ്മജ്ഞാഃ സംപ്രചക്ഷതേ (12-4-34)

ശുകമുനി തുടര്‍ന്നു:
പരീക്ഷിത്തേ, ഇനി വിശ്വത്തിന്റെ വിവിധഘട്ടങ്ങളിലായുളള വിഘടനത്തെപ്പറ്റി പറഞ്ഞുതരാം. സ്രഷ്ടാവിന്റെ ഒരു ദിവസം – കല്‍പം എന്നാല്‍ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌. ഒരു കല്‍പത്തിന്റെ അവസാനം അത്രയും തന്നെ കാലയളവില്‍ പ്രളയമാണ്‌. അപ്പോഴാണ്‌ സ്രഷ്ടാവിന്റെ നിദ്ര. ഇതിന്‌ നൈമിത്തികപ്രളയം എന്ന്‌ പറയും. സ്രഷ്ടാവും ഭഗവാന്‍ നാരായണനും നിദ്രയിലാണ്ട്‌ സൃഷ്ടികളെ മുഴുവന്‍ അവയുടെ സത്തയിലേക്ക്‌ പിന്‍വലിപ്പിക്കുന്നു. എന്നാല്‍ ബ്രഹ്മാവിന്റെ ജീവിതകാലം കഴിയുമ്പോള്‍ മഹത്ത്, അഹങ്കാരം, സൂക്ഷ്മഭൂതങ്ങള്‍ എന്നിവചേര്‍ന്ന കാരണതത്വങ്ങള്‍ പ്രകൃതിയില്‍ അലിയുന്നു. ഇതിന്‌ പ്രാകൃതികപ്രളയം എന്ന പേര്‍. ഇതിനു മുന്‍പ്‌ നീണ്ടൊരു കാലഘട്ടം വരള്‍ച്ചയായിരിക്കും. അതിനുശേഷം അത്യുഗ്രമായ ചൂടുമായിരിക്കും. സൂര്യനില്‍നിന്നും ഭൂമിക്കടിയില്‍ നിന്നും കഠിനതാപത്താലും കൊടുങ്കാറ്റിനാലും വിശ്വം മുഴുവനും മൂലരൂപത്തിലുളള ഒരു ഘടകമായിത്തീരും. ഇതാണ്‌ വിശ്വാണ്ഡം. ഈ വിശ്വാണ്ഡം കാരണസമുദ്രത്തില്‍ ഒഴുകി നടക്കും. പ്രകൃതിയും (ഇനിയും പ്രകടിതമാവാത്ത സഹജഗുണം) പരമപുരുഷനും വിശ്വബോധത്തിലേക്കുള്‍വലിഞ്ഞ് എല്ലാ വിശദീകരണങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായി നിലകൊളളും. എന്തെല്ലാം ഉണ്ടായിരുന്നുവോ, ഇപ്പോഴുണ്ടോ, ഇനിയുണ്ടാകുമോ, അതെല്ലാം വിശ്വബോധമൊന്നു മാത്രം. യാതൊന്നും ഇതില്‍നിന്നും വേര്‍പെട്ടു നിലകൊളളുന്നില്ല. ബുദ്ധി, ഇന്ദ്രിയങ്ങള്‍, അവയുടെ വിഷയങ്ങള്‍ ഇവയെല്ലാം ബോധത്തില്‍ മൂലാധിഷ്ഠിതമത്രെ. ഉണര്‍ന്നിരിക്കുന്ന അവസ്ഥ, സ്വപ്നാവസ്ഥ, സുഷുപ്തി എന്നിവയും ഈ ബോധത്തെ ആശ്രയിച്ചിരിക്കുന്നു. ആകാശത്ത്‌ മേഘങ്ങള്‍ രൂപപ്പെട്ടു മറയുന്നതുപോലെ വിശ്വം പ്രകടിതവും അപ്രകടിതവുമായി അനന്തനായ ആ വിശ്വജീവിയില്‍ കാണപ്പെടുന്നു. സൂര്യതാപത്താല്‍ ഉണ്ടാവുന്ന മേഘം സൂര്യനെത്തന്നെ നന്ദുടെ ദൃഷ്ടിയില്‍ നിന്നു മറയ്ക്കുന്നതുപോലെ അഹങ്കാരം ബോധജന്യമെങ്കിലും ആ ബോധത്തെത്തന്നെ മറയ്ക്കുന്നു. മേഘം ഇല്ലാതാവുമ്പോള്‍ സൂര്യനെ കാണാം. അഹങ്കാരം മായുമ്പോള്‍ ബ്രഹ്മത്തെ ദര്‍ശിക്കാം. ഇതാണ്‌ ആത്യന്തിക പ്രളയം. ആത്മാവിലെ അവസാനത്തെ പ്രളയം ഇതാണ്‌. മാത്രമല്ല, മഹര്‍ഷിമാരുടെ പ്രഖ്യാപനമെന്തെന്നാല്‍ എല്ലാവരും അനുനിമിഷം പ്രളയമനുഭവിക്കുന്നു എന്നാണ്‌ – നിത്യപ്രളയം. കാരണം, നിരന്തരമായി സൃഷ്ടിയും സംഹാരവും നടക്കുന്നു. അഗ്നിസ്ഫുരണങ്ങള്‍, തിരമാലകള്‍ എന്നുവേണ്ട വിശ്വനിര്‍മ്മിതിയിലെ എല്ലാ ഘടകപദാര്‍ത്ഥങ്ങളും അനുനിമിഷം സൃഷ്ടിസംഹാരവിധേയമാണ്‌. നിങ്ങള്‍ ജനിച്ചുവെന്നും ഇനി മരിക്കുമെന്നുമുളള മൂഢവിശ്വാസം ഉപേക്ഷിച്ചാലും. ഇതെല്ലാം അജ്ഞാനിയായ ജീവന്റെ നിദ്രാവസ്ഥയത്രെ. മനസ്സുമാത്രമാണ്‌ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്നത്‌. മനസ്സ്‌ മായാ സന്താനവുമാണ്‌. ശരീരവും അതിന്റെ ജനനമരണാവസ്ഥകളും മായാവിക്ഷേപങ്ങളത്രെ. ‘ഞാന്‍ അനന്തനായ ബ്രഹ്മവും പരമസത്തയും ലക്ഷ്യവുമാണ്.’ എന്ന സത്യബോധത്തില്‍ അടിയുറച്ചിരിക്കുക. ഞാന്‍ എന്റെ ആത്മാവിനെപ്പറ്റിയും ഭഗവാന്‍ ഹരിയുടെ ദിവ്യകര്‍മ്മങ്ങളെപ്പറ്റിയും അങ്ങേയ്ക്കു പറഞ്ഞുതന്നുകഴിഞ്ഞു. കേള്‍ക്കാന്‍ കൊളളുന്നതായി മറ്റെന്തുണ്ട്‌?

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF