സമാഹിതാത്മനോ ബ്രഹ്മന്‍ ബ്രഹ്മണഃ പരമേഷ്ഠിനഃ
ഹൃദ്യാകാശാദഭൂന്നാദോ വൃത്തിരോധാദ്വിഭാവ്യതേ (12-6-37)
യദുപാസനയാ ബ്രഹ്മന്‍ , യോഗിനോ മലമാത്മനഃ
ദ്രവ്യക്റിയാകാരകാഖ്യം ധൂത്വാ യാന്ത്യപുനര്‍ഭവം (12-6-38)
തതോഽഭൂത്‌ ത്രിവൃദോങ്കാരോ യോഽവ്യക്തപ്രഭവഃ സ്വരാട്‌
യത്തല്ലിംഗം ഭഗവതോ ബ്രഹ്മണഃ പരമാത്മനഃ (12-6-39)
ശൃണോതി യ ഇമം സ്ഫോടം സുപ്തശ്രോത്രേ ച ശൂന്യദൃക്‌
യേന വാഗ്‌ വ്യജ്യതേ യസ്യ വ്യക്തിരാകാശ ആത്മനഃ (12-6-40)

ശൗനകന്‍ ചോദിച്ചു:
വേദങ്ങളുടെ ഉല്പത്തിയും അവയെ എങ്ങനെയെല്ലാം തരംതിരിച്ചിരിക്കുന്നു എന്നും പറഞ്ഞു തന്നാലും.

സൂതന്‍ പറഞ്ഞു:
ബ്രഹ്മാവ്‌ തന്റെ മനസ്സ്‌ ആത്മാവില്‍ ശ്രദ്ധയുറപ്പിച്ച്‌ ധ്യാനിച്ചു. അപ്പോള്‍ സ്വന്തം ഹൃദയത്തിന്റെ ഉളളറയില്‍നിന്നും ഒരു ശബ്ദപ്രകമ്പനം കേള്‍ക്കായി. മനോവ്യാപാരങ്ങളെല്ലാം ശാന്തപൂര്‍ണ്ണമാവുമ്പോള്‍ ഇതനുഭവിക്കാന്‍ കഴിയും. ആ ശബ്ദതരംഗത്തെ ആരാധിക്കുന്ന യോഗി സ്വയം എല്ലാ മാലിന്യങ്ങളില്‍നിന്നും മുക്തി നേടുന്നു. വസ്തുക്കളാലോ, കര്‍മ്മങ്ങളാലോ, രൂപങ്ങളാലോ ആര്‍ജ്ജിച്ച മാലിന്യമെല്ലാം അകന്ന് സ്വയം പവിത്രത പൂകുന്നു. അങ്ങനെ അമരത്വമാര്‍ജ്ജിക്കുന്നു. ഓം എന്ന ശബ്ദമായാണ്‌ അത്‌ പ്രകടമാവുക. അ, ഉ, മ എന്നീ ഭാഗങ്ങളായി അതു വിശ്വസത്ത്വത്തെ വ്യഞ്ജിപ്പിക്കുന്നു.

ഈ ഏകാക്ഷരത്തിന്റെ മൂന്നു വിഭാഗങ്ങളാണ്‌ ത്രിഗുണങ്ങള്‍, ത്രിവേദങ്ങള്‍, ത്രിവിധബോധാവസ്ഥകള്‍ എന്നിവ. ഇതില്‍ നിന്നു സ്രഷ്ടാവ്‌ അക്ഷരമാലയിലെ അക്ഷരങ്ങള്‍ സൃഷ്ടിച്ചു. ഈ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ തന്റെ നാലു മുഖങ്ങളും വായകളും കൊണ്ട്‌ ബ്രഹ്മാവ്‌ നാലു വേദങ്ങള്‍ ആവിഷ്കരിച്ചു – ഋഗ്, യജുസ്, സാമം, അഥര്‍വം. ബ്രഹ്മാവ്‌ തന്റെ മാനസപുത്രന്മാരായ മഹര്‍ഷികള്‍ക്ക്‌ വേദമോതി. അവര്‍ മറ്റുളളവരെയും പഠിപ്പിച്ചു. വാമൊഴിയായി വേദം പരമ്പരയായി കേട്ടു വന്നു.

ഈ യുഗത്തില്‍ ഭഗവാന്‍ പരാശരന്റെയും സത്യവതിയുടെയും പുത്രനായി വ്യാസന്‍ എന്ന പേരില്‍ അവതരിച്ചു. അദ്ദേഹമാണ്‌ വേദങ്ങളെ നാലായി തരംതിരിച്ചത്. അദ്ദേഹം ഋഗ്‌വേദം പൈലനേയും യജുര്‍വേദം വൈശമ്പായനനേയും സാമവേദം ജൈമിനിയേയും അഥര്‍വവേദം സുമന്തുവനേയും പഠിപ്പിച്ചു. അവര്‍ കാലക്രമത്തില്‍ തങ്ങളുടെ ശിഷ്യന്മാരെയും പഠിപ്പിക്കുകയും പലപല ഉപഭാഗങ്ങളായി വേദങ്ങളെ തരംതിരിക്കുകയും ചെയ്തു.

വൈശമ്പായനന്റെ ശിഷ്യനായ യാജ്ഞവല്‍ക്യന്‍ തന്റെ ഗുരുവില്‍നിന്നും ശാപമേല്‍ക്കാനിടയായി. പ്രായശ്ചിത്തകര്‍മ്മമായി നടത്തിയ ഒരു യാഗത്തോടനുബന്ധിച്ച്‌ ഗുരുവിനെ ധിക്കരിച്ചതിനാല്‍ അതുവരെ പഠിച്ച ജ്ഞാനമെല്ലാം ഛര്‍ദ്ദിച്ചുകളയാന്‍ ഗുരു ശപിച്ചു. ഛര്‍ദ്ദിച്ച അറിവെല്ലാം തൈത്തിരിപ്പക്ഷികളായിപ്പറന്നുവന്ന മാമുനിമാര്‍ ഭക്ഷിച്ചു. അതിന്‌ തൈത്തിരീയം എന്ന പേരുവന്നു. സൂര്യദേവന്റെ ആരാധകനായിരുന്ന യാജ്ഞവല്‍ക്യനില്‍ സംപ്രീതനായ സൂര്യന്‍ ഒരു കുതിരയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട്‌ യജുര്‍വേദഭാഗങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചു. മറ്റാരും പഠിച്ചിട്ടില്ലാത്ത ആ ഭാഗത്തിന്‌ വാജസനി എന്നു പേര്‍. അങ്ങനെ തലമുറതലമുറകളായി വേദങ്ങള്‍ പ്രചരിച്ചുകൊണ്ടേയിരിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF