സര്‍ഗ്ഗോഽസ്യാഥ വിസര്‍ഗ്ഗശ്ച വൃത്തി രക്ഷാന്തരാണി ച
വംശോ വംശാനുചരിതം സംസ്ഥാ ഹേതുരപാശ്രയഃ ബ(12-7-9)
ദശഭിര്‍ലക്ഷണൈര്യുക്തം പുരാണം തദ്വിദോ വിദുഃ
കേചിത് പഞ്ചവിധം ബ്രഹ്മന്‍ മഹദല്പവ്യവസ്ഥയാ (12-7-10)
ബ്രാഹ്മം പാദ്മം വൈഷ്ണവം ച ശൈവം ലൈംഗം സഗാരുഡം
നാരദീയം ഭാഗവതമാഗ്നേയം സ്കാന്ദസംജ്ഞിതം (12-7-23)
ഭവിഷ്യം ബ്രഹ്മവൈവര്‍ത്തം മാര്‍ക്കണ്ഡേയം സവാമനം
വാരാഹം മാത്സ്യം കൗര്‍മ്മം ച ബ്രഹ്മാണ്ഡാഖ്യ മിതി ത്രിഷട് (12-7-24)
സൂതന്‍ തുടര്‍ന്നു:
ത്രയാരുണി, കശ്യപന്‍, സാവരണി, അകൃതവര്‍ണ്ണന്‍, വൈശമ്പായന്‍, ഹാരീതന്‍ എന്നിവരാണ് പുരാണങ്ങള്‍ വിശദീകരിച്ചത്. അവരെല്ലാം എന്റെ അഛനില്‍നിന്നുമാണ് പഠിച്ചത്. ഞാന്‍ അവരില്‍നിന്നും. പുരാണങ്ങള്‍ക്ക് പത്തു സ്വഭാവങ്ങളാണുളളത്. സൃഷ്ടി, ആവിഷ്കരണം, സംരക്ഷണം, പരിപാലനം, ലോകചക്രം, രാജകുലങ്ങള്‍, അവയെക്കുറിച്ചുളള കഥകള്‍, പ്രളയം, കാരണം, അടിസ്ഥാനം, എന്നിവ. ചില മഹര്‍ഷിമാര്‍ അഞ്ചു സ്വഭാവങ്ങളാണ് പുരാണങ്ങള്‍ക്കുളളതെന്ന പക്ഷക്കാരാണ്.
സര്‍ഗ്ഗം (സൃഷ്ടി) – സൂക്ഷ്മപദാര്‍ത്ഥങ്ങളുടെ ആവിര്‍ഭാവം. ത്രിഗുണങ്ങളുടെ സംതുലിതാവസ്ഥക്ക് ഭംഗം വരുന്നതിനാലാണ് സൂക്ഷ്മഭൂതങ്ങള്‍ ഉളവാകുന്നത്. വിസര്‍ഗ്ഗം – സൃഷ്ടിയുടെ അടുത്ത പടി. ചരാചരങ്ങളും വൈവിധ്യങ്ങളായ അവയുടെ സവിശേഷതകളും, അവയുടെ പരമപുരുഷന്‍ അവയിലെല്ലാം അധിവസിക്കുന്നതും, അതിനാല്‍ത്തന്നെ എല്ലാ ജീവജാലങ്ങളും സ്വയം പുനഃസൃഷ്ടി നടത്തുന്നതും ഇതില്‍പ്പെടുന്നു.
വൃത്തി – എല്ലാ ജീവജാലങ്ങള്‍ക്കും നിലനില്‍ക്കാനാവശ്യമായ ഉപാധികളുടെ വിവരണങ്ങളും അവ എങ്ങനെയാണ് ജീവിക്കേണ്ടതെന്നതും ഇതിലടങ്ങുന്നു.
രക്ഷ – സൃഷ്ടിക്കപ്പെട്ട വിശ്വത്തിന്റെ ഗതി ശരിയായ ലക്ഷ്യത്തിലേക്കു നയിക്കുന്നതിനായി സംതുലിതാവസ്ഥയെ പരിപാലിക്കാനായി ഭഗവാന്‍ കാലാകാലങ്ങളില്‍ തന്റെ സൃഷ്ടികളിലേക്കിറങ്ങിവന്നവതരിച്ച് ദിവ്യരക്ഷ നല്‍കുന്നതിനെപ്പറ്റിയുളള വിവരണം.
അന്തരം – മന്വന്തരങ്ങള്‍ – ലോകചക്രങ്ങള്‍ – ദേവതകളുടെയും മഹര്‍ഷിമാരുടെയും സഹായത്തോടെ മനുവിന്റെ അധീനതയിലുളള കാലയളവിനെപ്പറ്റിയുളള വിവരണം.
വംശം – രാജവംശങ്ങളെപ്പറ്റിയുളള വിവരണങ്ങള്‍.
വംശാനുചരിതം – കുലങ്ങളിലെ രാജാക്കന്മാരുടെ കഥകള്‍. ആത്മീയസത്യങ്ങള്‍ വ്യക്തമാക്കാനുതകുന്ന കഥകള്‍. ഇഹലോകത്തിലെ എല്ലാവിധ പരിശ്രമങ്ങളും വൃഥാവിലാണെന്നും ആത്മജ്ഞാനസമ്പാദനാര്‍ത്ഥമായുളളതു മാത്രമേ ശാശ്വതമായുളളുവെന്നും വ്യക്തമാക്കുന്ന ജീവിതോദാഹരണങ്ങള്‍.
സംസ്ഥം – നാലുതരത്തിലുളള പ്രളയങ്ങള്‍.
ഹേതു – സൃഷ്ടിയുടെ കാരണം.
അപാശ്രയം – സൃഷ്ടിയുടെ അടിസ്ഥാനം. പരമസത്വം.
ഇങ്ങനെയുളള പുരാണങ്ങള്‍ പതിനെട്ടാണുളളത്. ബ്രഹ്മപുരാണം, വിഷ്ണുപുരാണം, ശിവപുരാണം, ലിംഗപുരാണം, ഗരുഡപുരാണം, നാരദപുരാണം, ഭാഗവതപുരാണം, അഗ്നിപുരാണം, സ്കന്ദപുരാണം, ഭവിഷ്യപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, വരാഹപുരാണം, മത്സ്യപുരാണം, കൂര്‍മ്മപുരാണം, ബ്രഹ്മാണ്ഡപുരാണം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF