ബ്രാഹ്മണാഃ സാധവഃ ശാന്താ നിഃസംഗാ ഭൂതവത്സലാഃ
ഏകാന്തഭക്താ അസ്മാസു നിര്‍വ്വൈരാഃ സമദര്‍ശിനഃ (12-10-20)
സലോകാ ലോകപാലാസ്താന്‍ വന്ദന്ത്യര്‍ച്ചന്ത്യുപാസതേ
അഹം ച ഭഗവാന്‍ ബ്രഹ്മാ സ്വയം ച ഹരീശ്വരഃ (12-10-21)
നതേ മയ്യച്യുതേഽജേ ച ഭിദാമണ്വപി ചക്ഷതേ
നാത്മനശ്ച ജനസ്യാപി തദ്യുഷ്മാന്‍ വയമീമഹി (12-10-22)
സൂതന്‍ തുടര്‍ന്നു:
താന്‍ കാണണമെന്നാഗ്രഹിച്ച ഭഗവല്‍മായയാണിതെന്നു മനസ്സിലാക്കിയ മാര്‍ക്കണ്ഡേയന്‍ ഭഗവാനെ ധ്യാനിച്ച് ഹൃദയം നിറഞ്ഞ ഭക്തിയോടെ പ്രാര്‍ത്ഥിച്ചു.
ഒരുദിവസം ഭഗവാന്‍ പരമശിവനും പാര്‍വ്വതിയും മുനിയുടെ ആശ്രമത്തിനു മുകളിലൂടെ പറക്കുമ്പോള്‍ മാര്‍ക്കണ്ഡേയന്‍ ധ്യാനനിരതനായി അതില്‍ വിലീനനായിരിക്കുന്നതു കണ്ടു. പാര്‍വ്വതി മുനിയെക്കണ്ട് അദ്ദേഹത്തിന്റെ പരമഭക്തി എത്രമാത്രമുണ്ടെന്ന് മറ്റു ഭക്തന്മാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനായി വെളിപ്പെടുത്തണമെന്ന് തന്റെ നാഥനോടഭ്യര്‍ത്ഥിച്ചു. ശിവന്‍ പറഞ്ഞു: ‘അദ്ദേഹത്തേപ്പോലുളള മാമുനിമാര്‍ ഏതെങ്കിലും ദേവതകളില്‍നിന്നും വരം ചോദിക്കുകയില്ല. കണ്ടുകൊളളുക.’ അത്രയും പറഞ്ഞ് അദ്ദേഹം മുനിക്കു മുന്നില്‍ ചെന്നു നിന്നു. ധ്യാനവിലീനനായിരുന്നതുകൊണ്ട് പരമശിവന്‍ വന്നുനില്‍ക്കുന്ന കാര്യം മാര്‍ക്കണ്ഡേയന്‍ അറിഞ്ഞില്ല. അപ്പോള്‍ ശിവന്‍ മുനിയുടെ ഹൃദയത്തില്‍ കയറി. അപ്പോള്‍ മാത്രമാണദ്ദേഹം പരമശിവന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയത്. അദ്ദേഹം പരമശിവനെയും പാര്‍വ്വതിയേയും ഭഗവദ്മഹിമകള്‍ പാടി പൂജിച്ചു.
ഭഗവാന്‍ പരമശിവന്‍ പറഞ്ഞു: ‘ത്രിമൂര്‍ത്തികള്‍ – ബ്രാഹ്മാവും വിഷ്ണുവും ഞാനും – ഞങ്ങളുടെ ഭക്തന്മാര്‍ക്ക് വരമേകുന്നു. അതുകൊണ്ട് മാമുനേ, എന്ത് വരമാണ് വേണ്ടതെന്നു പറഞ്ഞാലും. എല്ലാ ദേവതകളും ത്രിമൂര്‍ത്തികളായ ഞങ്ങളും സദാ ശാന്തശീലരും അനാസക്തരും സകലജീവജാലസുഹൃത്തുക്കളും ഞങ്ങളില്‍ പരമഭക്തരും സമദൃഷ്ടികളില്‍ ആരോടും വെറുപ്പില്ലാത്തവരുമായ നിങ്ങളെപ്പോലുളള മഹര്‍ഷിമാരെ നമസ്കരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അവര്‍ ബ്രാഹ്മാവിഷ്ണു മഹേശ്വരന്‍മാരില്‍ യാതൊരു വൈവിധ്യങ്ങളും ദര്‍ശിക്കുന്നില്ല. മാത്രമല്ല വിശ്വത്തിലെ യാതൊരു ജീവകള്‍തമ്മിലും അവര്‍ക്ക് വ്യത്യസ്തഭാവമില്ല. അതു കൊണ്ട് ഞങ്ങള്‍ അങ്ങയെപ്പോലുളള മാമുനിമാരെ ആരാധിക്കുന്നു. അങ്ങയെപ്പോലുളളവരെക്കുറിച്ച് കേള്‍ക്കുന്നതുകൊണ്ടു തന്നെ കൊടുംപാപികള്‍ പോലും പവിത്രരാകുന്നു. അങ്ങയെക്കാണാനും അങ്ങയുടെകൂടെ കഴിയാനും സാധിക്കുന്നത് എത്ര മഹത്തരം.’
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ‘ഭഗവാനേ, അങ്ങയുടെ മഹത്വത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ആഴം ആര്‍ക്കാണളക്കുവാനാവുക? അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അനുകരിക്കാന്‍ വേണ്ടി മാത്രം. ഭഗവാനേ, അവിടേയ്ക്ക് നമസ്കാരം. എനിക്ക് ഒരു വരം മാത്രം മതി. എന്റെ ഹരിഭക്തിയും ഭക്തരിലും അങ്ങയിലും ഉളള ഭക്തിയും എന്നെന്നും വളരാനിടവരണം.’
പരമശിവന്‍ പറഞ്ഞു: ‘തഥാസ്തു മഹാമുനേ. ഞാന്‍ മറ്റൊരു വരം കൂടി നല്‍കുന്നു. ഈ മന്വന്തരം കഴിയുംവരെ അങ്ങയുടെ പ്രശസ്തി നിലനില്‍ക്കട്ടെ. ആരോഗ്യസൗഭാഗ്യവും മരണത്തില്‍ നിന്നുളള പ്രതിരോധവും അങ്ങേയ്ക്കുണ്ടാവും. അങ്ങേയ്ക്ക് ആത്മജ്ഞാനസാക്ഷാത്കാരം ഉണ്ടാവട്ടെ. അങ്ങൊരു പുരാണം പഠിപ്പിക്കുകയും അത് അങ്ങയുടെ നാമധേയത്തില്‍ അറിയപ്പെടുകയും ചെയ്യും.’
അങ്ങനെ മാര്‍ക്കണ്ഡേയന്‍ ഭഗവദ്‍മായയുടെ മാസ്മരികത അനുഭവിച്ചു. ഒരു പ്രളയം അതിജീവിച്ചു എന്ന തോന്നലുമുണ്ടായി. അദ്ദേഹം മഹായോഗിയായി ജീവിച്ച് ഒടുവില്‍ പരമപദം പൂകി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF