നമോ ധര്‍മ്മായ മഹതേ നമഃ കൃഷ്ണായ വേധസേ
ബ്രാഹ്മണേഭ്യോ നമസ്കൃത്യ ധര്‍മ്മാന്‍ വക്ഷ്യേ സനാതനാന്‍ (12-12-1)
ഏതദ്വഃ കഥിതം വിപ്രാ, വിഷ്ണോശ്ചരിതമദ്ഭുതം
ഭവദ്ഭിര്യദഹം പൃഷ്ടോ നരാണാം പുരുഷോചിതം (12-12-2)
അത്ര സങ്കീര്‍ത്തിതഃ സാക്ഷാത് സര്‍വ്വപാപഹരോഹരിഃ
നാരായണോ ഋഷീകേശോ ഭഗവാന്‍ സാത്വതാം പതിഃ (12-12-3)
അത്ര ബ്രഹ്മ പരം ഗുഹ്യം ജഗതഃ പ്രഭവാപ്യയം
ജ്ഞാനം ച തദുപാഖ്യാനം പ്രോക്തം വിജ്ഞാനസംയുതം (12-12-4)
ഭക്തിയോഗഃ സമാഖ്യാതോ വൈരാഗ്യം ച തദാശ്രയം
പാരീക്ഷിതമുപാഖ്യാനം നാരദാഖ്യാനമേവ ച. (12-12-5)
സൂതന്‍ പറഞ്ഞു:
ഞാന്‍ ധര്‍മ്മത്തെ നമസ്കരിക്കുന്നു. ഞാന്‍ കൃഷ്ണനെ നമസ്കരിക്കുന്നു. ഞാന്‍ മഹാത്മാക്കളെ നമസ്കരിക്കുന്നു. ഞാന്‍ നിങ്ങളോട് ഭഗവാന്‍ വിഷ്ണുവിന്റെ കഥ പറഞ്ഞുതന്നു. നിങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടു പറഞ്ഞതാണെങ്കിലും അതുത്തമം തന്നെയായി. ഇതില്‍ ഭഗവാന്റെ മഹിമയാണ് ഞാന്‍ വര്‍ണ്ണിച്ചത്. ഇതില്‍ അനന്തസത്വത്തിനെയും അതിന്റെ വിജ്ഞാനത്തെയും പ്രതിപാദിച്ചിരിക്കുന്നു. മാത്രമല്ല, നേരിട്ട് അതിനെ സാക്ഷാത്ക്കരിക്കുന്നതിനെപ്പറ്റിയും വിവരണമുണ്ടല്ലോ. ഇതില്‍ ഭക്തിയോഗത്തെപ്പറ്റിയും വൈരാഗ്യത്തെപ്പറ്റിയും പ്രതിപാദിച്ചു. നാം പരീക്ഷിത്തിന്റെ കഥയും അദ്ദേഹത്തിന്റെ ശാപത്തെപ്പറ്റിയും പറഞ്ഞു. വിദുരനും ഉദ്ധവനും തമ്മിലുളളതും വിദുരനും മൈത്രേയനും തമ്മിലുമുളള സംഭാഷണങ്ങള്‍ നാം കേട്ടു. ഇതിനെത്തുടര്‍ന്നു് സൃഷ്ടിയെപ്പറ്റിയും രൂപപരിണാമങ്ങളെപ്പറ്റിയും കാലത്തിനെപ്പറ്റിയും വിവരിച്ചു.
ഭഗവാന്‍ കപിലമുനിയായവതരിച്ചതിനെക്കുറിച്ചുളള പരിപൂര്‍ണ്ണ വിവരണം, കപിലമുനി തന്റെ അമ്മയായ ദേവഹൂതിക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ – ഇതില്‍ അത്യുന്നതങ്ങളായ വിജ്ഞാനശകലങ്ങളുണ്ട് – എന്നിവ നാം മനസ്സിലാക്കി. ഭഗവാന്റെ മറ്റ് അവതാരങ്ങളെക്കുറിച്ചും പിന്നീട് വിശദീകരിച്ചു. അജാമിളന്റെ കഥ, ദക്ഷനെയും അദ്ദേഹത്തിന്റെ പെണ്‍കുട്ടികളെയും പറ്റി, അവരില്‍ നിന്നു് പലേതരം ജീവികള്‍ ഉത്ഭവിച്ചതിനെപ്പറ്റി – എല്ലാം വിശദമായി പറയുകയുണ്ടായി. പലേ രാജകുലങ്ങളെപ്പറ്റിയും മന്വന്തരങ്ങളെപ്പറ്റിയും സൂര്യവംശത്തെപ്പറ്റിയും ചന്ദ്രവംശത്തെപ്പറ്റിയും സംക്ഷിപ്തമായി വിവരിച്ചു. ഭഗവാന്‍ കൃഷ്ണനായിപ്പിറന്നത് ചന്ദ്രവംശത്തിലാണല്ലോ.
ഭഗവാന്‍ കൃഷ്ണന്റെ ബാല്യകാലലീലകള്‍ നിങ്ങള്‍ കേട്ടു. അദ്ദേഹത്തിന്റെ ഇഹലോകദിവ്യവാസത്തിനിടയ്ക്കു ചെയ്ത അത്യത്ഭുതമഹത്കൃത്യങ്ങളും നിങ്ങള്‍ക്കായി പറഞ്ഞുതന്നു. അദ്ദേഹം വെറുമൊരു ലീലയെന്ന മട്ടില്‍ ഭൂലോകത്തിലെ ദുഷ്ടരെ വകവരുത്തിയതെങ്ങനെയെന്നും നിങ്ങള്‍ക്കറിയാം. മാത്രമല്ല, ആരെല്ലാം ആ ഭഗവാനെ പ്രേമംകൊണ്ടോ, ഭക്തികൊണ്ടോ, പേടികൊണ്ടോ, വെറുപ്പുകൊണ്ടോ സദാ സ്മരിച്ചുവോ അവര്‍ക്കെല്ലാം സായൂജ്യപദം ലഭിച്ച കഥകളും പറഞ്ഞുകഴിഞ്ഞു. സ്വയം തന്റെ ഗോത്രത്തിന് നാശം വരുത്താനിടയാക്കിയ കഥയും ഉദ്ധവനു അത്യുന്നത ജ്ഞാനോപദേശം നല്‍കിയതും ഇഹലോകവാസം വെടിഞ്ഞതുമായ കാര്യങ്ങള്‍ ഞാന്‍ വിവരിക്കുകയുണ്ടായി. അവസാനമായി പരീക്ഷിത്ത് രാജാവ് എങ്ങനെയാണ് സ്വശരീരമുപേക്ഷിച്ച് പരമപദം പൂകിയതെന്നും നിങ്ങള്‍ കേട്ടു.
ആരൊരുവന്‍ ‘ഹരയേനമഃ’ എന്ന് അറിയാതെപോലും ജപിച്ചുവെന്നാല്‍ അയാള്‍ക്ക് മോക്ഷം ലഭിക്കും. ഇഹലോകത്തില്‍ നമുക്ക് ചെയ്യാന്‍ കൊളളാവുന്ന ഏകജോലി ഭഗവല്‍കഥാകഥനവും മഹിമാകീര്‍ത്തനവും മാത്രമത്രേ. നിങ്ങള്‍ എല്ലാവരും ഭഗവാനില്‍ പരമഭക്തിയുളളവരാകയാല്‍ അനുഗൃഹീതരത്രെ. നിങ്ങള്‍ക്ക് ഈ പരമഭാഗവതപുരാണം പറഞ്ഞു തരാനവസരം കിട്ടിയതില്‍ ഞാനും വളരെ അനുഗൃഹീതനാണ്. ഈ പുരാണം കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്നയാളുടെ പാപങ്ങളെല്ലാം ക്ഷണനേരം കൊണ്ട് ഇല്ലാതാവുന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF