ജനുവരി 25, 1936

ചോ: ഈ മനസ്സിനെ ഒഴിച്ചു വയ്ക്കുന്നതെങ്ങനെ?

ഉ: മനസ്സിനെ ഒഴിക്കണമെന്നാഗ്രഹിക്കുന്നത്‌ മനസ്സാണോ?

മനസ്സിനു തന്നെക്കൊല്ലാനൊക്കുകയില്ല. അതിനാല്‍ മനസ്സിന്റെ യഥാര്‍ത്ഥസ്വരൂപം എന്തെന്നറിയണം. അപ്പോള്‍ മനസ്സെന്നൊന്നില്ലെന്നു നിങ്ങളറിയും. ആത്മാവിനെ നോക്കുമ്പോള്‍ മനസ്സില്ലെന്നു വരും. ആത്മാവില്‍ രമിക്കുന്നവന്‌ മനസ്സിനെപ്പറ്റി ഗണിക്കേണ്ട കാര്യമില്ല.

ചോ: ഭയമൊഴിയുന്നതെങ്ങനെ?

ഉ: ഭയമെന്നതെന്താണ്‌? അതൊരു വിചാരം മാത്രം. ആത്മാവിന് അന്യമായെന്തെങ്കിലും ഉണ്ടെങ്കില്‍ ഭയക്കേണ്ടതുതന്നെ. അന്യത്തെ ആരു കാണുന്നു? (ബാഹ്യമായി) അഹങ്കാരന്‍ ഉണര്‍ന്നില്ലെങ്കില്‍ ആത്മാവ്‌ മാത്രമെന്നായി. (ബാഹ്യമായി) അന്യത്തെ കാണാതിരിക്കും. ബാഹ്യമുണ്ടെങ്കില്‍ ആന്തരവുമുണ്ട്‌. കാണുന്നവന്‍ എവിടെ ഇരിക്കുന്നു? അവനെ (വെളിയിലല്ലാതെ) ആന്തരമായി നോക്കുമ്പോള്‍ സംശയവും ഭയവും ഒഴിഞ്ഞു മാറുന്നു. മാത്രമല്ല, അതോടുകൂടി അഹങ്കാരം വിട്ടൊഴിയുന്നു.

ചോ: ഈ മാര്‍ഗം സാധനാ ചതുഷ്ടയാദികളെക്കാള്‍ എളുപ്പമാണല്ലോ?

ഉ: അതെ, എല്ലാ ദുര്‍ഗുണങ്ങളും അഹന്തയോട്‌ ചേര്‍ന്നു നില്‍ക്കുന്നു. അഹന്തയൊഴിഞ്ഞു എന്നുമുള്ള ആത്മാവ്‌ സ്വയം പ്രകാശിക്കും. ആത്മാവ്‌ നിര്‍ഗുണമായതിനാല്‍ അതില്‍ ദുര്‍ഗുണസല്‍ഗുണങ്ങളൊന്നും പറ്റി നില്‍ക്കുകയില്ല. ഗുണങ്ങളെല്ലാം മനസ്സിന്റെ കല്‍പനകളാണ്‌. നാനാത്വങ്ങളും അങ്ങനെ ഉണ്ടാകുന്നു അദ്വൈതമുണ്ടെങ്കില്‍ ദ്വൈതവുമുണ്ട്‌. ഏകം എന്നത്‌ അനേകത്തെ ഉളവാക്കി.

ചിന്തയൊഴിഞ്ഞിരിക്കുന്നതാണ്‌ നമ്മുടെ സ്വഭാവം. മറ്റു കാര്യങ്ങളെല്ലാം താനെ നടക്കും. നടന്നു പോകുമ്പോള്‍ വിചാരം കൂടാതെ തന്നെ നാം കാല്‍ചുടവ്‌ മാറ്റി മാറ്റി വച്ചു പോകുന്നു. അതുപോലെ നാം ചിന്തയൊഴിഞ്ഞ സ്വയംനിലയില്‍ നാമിരിക്കവേതന്നെ പ്രവൃത്തികളെല്ലാം താനെ നടന്നു കൊള്ളും.