നോത്തമശ്ലോകവാര്‍ത്താന‍ാം ജൂഷത‍ാം തത്‌ കഥാമൃതം
സ്യാത്‌ സംഭ്രമോന്തകാലേപി സ്മരത‍ാം തത്പദ‍ാംബുജം (1-18-4)
തിരസ്കൃതാ വിപ്രലബ്ധാശ്ശപ്താഃ ക്ഷിപ്താ ഹതാ അപി
നാസ്യ തത്‌ പ്രതികുര്‍വന്തി തദ്ഭക്താഃ പ്രഭവോപി ഹി (1-18-48)

മുനിമാരേ, പരീക്ഷിത്തുരാജന്‍ ജനനത്തിനുമുന്‍പേ ശ്രീകൃഷ്ണഭഗവാനാല്‍ രക്ഷിക്കപ്പെട്ടവനാണെന്നുപറഞ്ഞല്ലോ. അധാര്‍മ്മികരെയും കലിയെത്തന്നെയും നിര്‍ഭയനായി നേരിട്ട്‌ അദ്ദേഹമവരെ തന്റെ രാജ്യത്തില്‍ നിന്നുമകറ്റി. മരണം വാതില്‍മുട്ടിവിളിക്കുമ്പോഴും രാജാവതിനെ നിര്‍ഭയനായിത്തന്നെ നേരിട്ടു. ഭഗവല്‍പ്പാദാരവിന്ദങ്ങളില്‍ ഹൃദയമര്‍പ്പിച്ചവനും ഭഗവല്‍നാമം ജപിക്കുന്നുവനും മരണസമയത്ത്‌ യാതൊരുവിധ കലുഷചിന്തകളും ഉണ്ടാകുന്നില്ല. അവിടുത്തെ തൃപ്പാദം തൊട്ട് ശുദ്ധമായ ഗംഗയിലെ ജലമാണ്‌ ഭൂമിയേയും ദേവകളെത്തന്നെയും പരിശുദ്ധരാക്കുന്നുത്‌. ഐശ്വര്യസമ്പത്തുകളുടെ അധിപയായ ലക്ഷ്മീദേവിയും അവിടുത്തെ പാദരേണുക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

ഋഷിമാരേ, ഇനി പരീക്ഷിത്തുരാജാവിന്റെ അന്ത്യകാലത്തെപ്പറ്റിയുളള കഥപറയ‍ാം. ഒരു ദിവസം രാജാവ്‌ വനത്തില്‍ നായാട്ടിനായിപ്പോയി. നല്ല ചൂടുളള ദിവസം. ദാഹാര്‍ത്തനായ രാജാവ്‌ വെളളത്തിനുവേണ്ടി മഹാമുനിയായ സമീകന്റെ പര്‍ണ്ണശാലയിലേക്കു കയറി. മുനി ധ്യാനത്തിലാണ്‌. വെളളത്തിനുവേണ്ടി ചോദിച്ചിട്ടും മുനി ധ്യാനത്തില്‍ നിന്നുണര്‍ന്നില്ല. രാജാവിന്റെ മനസിലാദ്യമായിട്ടാണ്‌ മഹാത്മാക്കളോട്‌ ദേഷ്യവും വെറുപ്പും തോന്നുന്നത്‌. വില്ലിന്റെ തുമ്പുകൊണ്ട്‌ അടുത്തു കിടന്നിരുന്ന ഒരു പാമ്പിന്റെ ശവം തോണ്ടി മുനിയുടെ കഴുത്തില്‍ മാലപോലെയിട്ടിട്ട്‌ രാജാവ്‌ ചോദിച്ചു. “നിങ്ങള്‍ ശരിക്കും ധ്യാനത്തിലാണോ അതോ ധാര്‍ഷ്ട്യം കൊണ്ട്‌ എന്നെക്കാണാതിരിക്കാന്‍ ധ്യാനമഭിനയിക്കുകയാണോ?” മുനിയെന്നിട്ടും കണ്ണുതുറന്നില്ല.

രാജാവ്‌ തിരിച്ചുപോയി. സമീകമുനിയുടെ മകന്‍ ഈസംഭവം കേട്ട് ക്രുദ്ധനായി. ” ഈ ക്ഷത്രിയരാജാക്കന്മ‍ാര്‍ക്കെത്ര ധിക്കാരമാണ്‌? മഹാത്മാക്കളേയും ഗുരുക്കളേയും ഇപ്രകാരം അപമാനിക്കുകയോ?. അവരെ നിയന്ത്രിക്കാന്‍ കൃഷ്ണഭഗവാനില്ലാത്തതുകൊണ്ടാണ്‌ മുനിമാരെ വിനയത്തോടെ പരിരക്ഷിക്കാന്‍ ചുമതലയുളള രാജാക്കന്മ‍ാരിങ്ങിനെ പെരുമാറുന്നത്‌. ഏതായാലും ഇതിനുതക്ക ശിക്ഷ ഞാന്‍തന്നെ നല്‍കുന്നുതാണ്‌.” എന്നിട്ട്‌ രാജാവിനെ ഇങ്ങിനെ ശപിച്ചു. “ഇന്നേക്കേഴുദിവസത്തിനകം കൊടിയവിഷമുളള തക്ഷകസര്‍പ്പത്തിന്റെ ദംശനത്താല്‍ പരീക്ഷിത്ത്‌ കൊല്ലപ്പെടട്ടെ.” പിന്നീട്‌ പര്‍ഢശാലയിലെത്തിയ ചെരുപ്പക്കാരന്‌ ആവലാതിയായി. മുനി കണ്ണുതുറന്നപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കി. നടന്നകാര്യങ്ങള്‍ സമീകനിഷ്ടമായില്ല. “മകനേ, നീ രാജാവിനെതിരെ പാപം ചെയ്തിരിക്കുന്നു. രാജാവ്‌ വിഷ്ണുഭഗവാന്‍തന്നെയാണ്‌. അദ്ദേഹത്തിന്റെ ചെറിയൊരു തെറ്റിന്‌ വലിയൊരുശാപമാണ്‌ നീ കൊടുത്തത്‌. രാജാവുമരിച്ചാല്‍ കളളന്മ‍ാരും അധര്‍മ്മികളും പെരുകും. ആത്മീയകാര്യങ്ങള്‍ നടക്കാതെപോകുകയും രാജ്യം കലാപകലുഷിതമാവുകയും ചെയ്യും. നിന്റെ ശാപം കാരണം ഈ കുഴപ്പങ്ങളെല്ല‍ാം നമ്മെ പിന്തുടരും. മാത്രമല്ല നിന്ദയിലോ ചതിയിലോ പെരുമാറ്റദൂഷ്യത്തിലോ അപമാനത്തിലോ തങ്ങളെ മറ്റാരെങ്കിലും ഉപദ്രവിച്ചാല്‍പ്പോലും ഭഗവല്‍ഭക്തന്മ‍ാര്‍ പ്രതികാരം ചെയ്യുകയില്ല എന്നറിയുക. എന്തുതന്നെ ചെയ്യാന്‍കഴിവുണ്ടെങ്കിലും. സര്‍വ്വനിയന്താവായ ഭഗവാന്‍ നിന്റെ പാപത്തേയും അപക്വതയേയും ക്ഷമിക്കട്ടെ.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF