ജൂണ്‍ 19, 1936

ബി. സി. ദാസ്‌: വിധി, മതി വാദത്തിന്റെ സത്യമെന്താണ്‌?

ഉ: ആരുടെ വിധിമതികളെന്നു ചോദിച്ചാല്‍ നമ്മുടേതെന്നേ പറയുകയുള്ളൂ. വാസ്തവത്തില്‍ നാം വിധിമതികളറ്റവരാണ്‌. തന്റെ നിജനിലയില്‍ നില്‍ക്കുന്നവന്‍ വിധിമതികളെ കടന്നവനാണ്‌. വിധിയെ മതിയാല്‍ ജയിക്കണം എന്നു പറയുന്നതിതിനാണ്‌. വിധിയെ മതിയാല്‍ ജയിക്കുന്നതെങ്ങനെ? വിധി എന്നു പറയുന്നതെന്താണ്‌? മുന്‍കര്‍മ്മഫലം. സത്സംഗത്താല്‍ ദുര്‍വ്വാസനകള്‍ ഉഴിഞ്ഞൊഴിഞ്ഞ്‌ വരവേ തന്റെ സത്യം സ്വയം തെളിഞ്ഞു വരും.

ഇപ്പോള്‍ ഞാനുണ്ട്‌. കര്‍ത്താവും ഭോക്താവും ഞാനാണ്‌. കര്‍മ്മങ്ങളെ അനുഭവിക്കുന്നവനും ഞാനാണ്‌. ഞാന്‍ മുന്‍പുമുണ്ട്‌, ഇപ്പോഴുമുണ്ട്‌, മേലും ഉണ്ടായിരിക്കും എന്നു വിചാരിക്കുന്നതാരെന്നു ചോദിച്ചാല്‍ അവന്‍ സ്വന്തം നിലയില്ലാത്ത മനസ്സാണെന്നും യഥാര്‍ത്ഥമായ ‘ഞാന്‍’ കര്‍മ്മങ്ങള്‍ക്കതീതമായ ശുദ്ധചൈതന്യ വസ്തുവാണെന്നും ബോധ്യമാവും. അതാണ്‌ മോചനം. അതാണ് ആനന്ദനില.

വ്യക്തിത്വം ഉള്ളിടത്തോളം കര്‍ത്താവും ഭോക്താവും താനാണെന്നു തോന്നും. അതൊഴിഞ്ഞാല്‍ കര്‍ത്താവും ഭോക്താവും ഈശ്വരനാണെന്നു ബോധ്യമാവും. ഈശ്വര ശക്തിയെക്കാണാത്തവര്‍ വ്യഷ്ടികളെക്കാണും. നിയമങ്ങളും വിധിനിഷേധങ്ങളും വ്യക്തികള്‍ക്കാണ്‌. മോചനം പ്രാപിച്ചവര്‍ക്കല്ല. സത്യം പറയൂ, ധര്‍മ്മം ചെയ്യൂ എന്നിത്യാദി ശ്രുതിവാക്യങ്ങള്‍ വിധിയെ മതികൊണ്ട്‌ ജയിക്കാമെന്ന അര്‍ത്ഥത്തിലുള്ളതാണ്‌.

210. ജീവചേഷ്ടകളെല്ലാം പരാശക്തി ഒന്നു നിമിത്തം നടക്കുകയാണ്‌. എങ്കിലും അജ്ഞാനവശാല്‍ കര്‍ത്താവ്‌ താനാണെന്ന്‌ ജീവന്‍ അഭിമാനിക്കുന്നു. ‘എന്നെ ആരെങ്കിലും ഉപദ്രവിച്ചാല്‍ ശത്രുക്കളെ ഞാന്‍ കൂട്ടത്തോടെ സംഹരിക്കും’ എന്നട്ടഹസിച്ച മുടന്തനെപ്പോലെ തന്റേത്‌ എന്നു പറയാന്‍ ഒരു വൈഭവവുമില്ലാത്ത മനുഷ്യന്‍ മതി മയക്കം കൊണ്ടഹങ്കരിക്കുന്നു. ആശയാണ്‌ വൃത്തിക്ക്‌ കാരണം. ആശ അഹന്തയാലുണ്ടാകുന്നു. അഹന്ത തനിക്കും മുകളിലുള്ള ഒരു ശക്തിയില്‍ നിന്നുമുദയമായി അതില്‍ തന്നെയിരുന്ന്‌ അതില്‍ തന്നെ മറയുന്നു. അതിനെ പിരിഞ്ഞ്‌ അഹന്തയ്ക്കൊരു സ്വാതന്ത്ര്യവുമില്ല. ഈ സത്യത്തിന്റെ മുന്‍പില്‍ ജീവന്‍ ‘ഞാ’നെന്ന് അഹങ്കരിക്കുന്നതെത്ര മൂഢത്വം! ഈ സത്യത്തെയുണര്‍ന്ന്‌ തന്നില്‍ തന്നെ നില്‍ക്കുന്ന ജ്ഞാനി ബാഹ്യമായി എന്തു ചെയ്താലും ചെയ്യാതിരുന്നാലും തന്റെ സാന്നിദ്ധ്യമാത്രത്താല്‍ തന്നെ ലോകത്തെ അനുഗ്രഹിക്കുകയായിരിക്കും.
211. യോഗം എന്നത്‌ ഐക്യമാണല്ലോ? ഏത്‌ ഏതിനോട്‌ ചേരുന്നു?

ഉ: നല്ല ചോദ്യം. ഐക്യം മുന്‍പിരിവിനെ സൂചിപ്പിക്കുന്നു. അതേതില്‍ നിന്നും പിരിഞ്ഞിരിക്കുന്നു? ഏതിനോട്കൂടി ആരൈക്യപ്പെടണം? നാം തന്നെ ഏതോ ഒന്നിനോട്‌ ചേരാനാഗ്രഹിക്കുന്നു. ആ ഒന്ന്‌ ഏതെന്നു നമുക്കറിയാന്‍ പാടില്ല. നാമുള്ളത്‌ നമുക്കറിയാം. ഞാനുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെയിരിക്കുന്നു. ആ ഞാനാരെന്നു നല്ലപോലെ മനസ്സിലാക്കി അതായിട്ടിരുന്നാല്‍ മതിയാവും. നാം ചേരാനാഗ്രഹിക്കുന്നത്‌ അത്യന്തം ബൃഹത്തായിത്തീരുന്നു. അവിടെ യോഗം വേണ്ടിവരുന്നില്ല. അങ്ങനെ വേര്‍പാടില്ലാത്തിടത്ത്‌ യോഗം ആവശ്യമില്ല എന്നറിയുന്നതാണ്‌ യോഗരഹസ്യം.