ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

1908 ല്‍ തിരുവണ്ണാമലയില്‍ P.W. സൂപ്പര്‍വൈസറായിരുന്ന രാമസ്വാമി അയ്യര്‍ എന്നാള്‍ ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുകയും , “ എനിക്ക് ആന്തരീകമായ സമാധാനമില്ല ; കൃസ്തു അനേകം ജനങ്ങള്‍ക്ക്‌ രക്ഷ നല്‍കിയതായി പറയപ്പെടുന്നു ; എനിക്ക് ഈ ജന്മത്തില്‍ സമാധാനം ഉണ്ടാകുകയില്ലേ ” എന്ന് ചോദിക്കുകയും ചെയ്തു.

“സമാധാനമുണ്ടാകും, സമാധാനമുണ്ടാകും ” എന്ന് ശ്രീ മഹര്‍ഷികള്‍ ഉത്തരം പറഞ്ഞു.

ആശാഗര്‍ഭമായ ഈ മറുപടി സൂപ്രവൈസറെ സമാധാനചിത്തനാക്കി. അദ്ദേഹത്തിന്റെ താമസം മിക്കപ്പോഴും, ഇതില്‍പിന്നീടു ശ്രീ മഹര്‍ഷികളുടെ കൂടെയായി. ഈ സഹവാസത്തെപ്പറ്റി അദ്ദേഹം തന്നെ പറയുന്നു: – ഒരിക്കല്‍ ഒരു സ്ത്രീ ശ്രീ മഹര്‍ഷികള്‍ക്ക്‌ കുറെ മധുരപലഹാരങ്ങള്‍ കൊണ്ടു വന്നു. സ്വാമികള്‍ , ഇതില്‍ നിന്ന് ഒരു ഓഹരി എനിക്ക് നല്‍കി. ഞാന്‍ സ്വീകരിച്ചില്ല. വളരെ കാലമായി, ശരിയായ ദഹനമില്ലാതെ വെറും കഞ്ഞി മാത്രം ഉപയോഗിച്ച് ഞാന്‍ ജീവിച്ചു പോരുന്നു. ശ്രീ മഹര്‍ഷികള്‍ എന്നെ നിര്‍ബ്ബന്ധിച്ചു ; ഞാന്‍ പലഹാരങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. എന്തൊരത്ഭുതം ! ഗുരുത്വമുള്ള ഭക്ഷ്യങ്ങള്‍ ഉപയോഗിച്ചാല്‍ രാത്രി ഉറക്കമില്ലാതിരുന്ന എനിക്ക് അന്ന് വളരെ സുഖമായ നിദ്രയുണ്ടായി. അന്ന് മുതല്‍ക്ക്‌ ശരിയായ ആഹാരം യഥാക്രമം കഴിക്കുവാനും സാധിച്ചു. ദീപനക്ഷയംമൂലം വളരെ ചികിത്സകള്‍ ഞാന്‍ ചെയ്തു ; ഫലമില്ലായിരുന്നു . ശ്രീ മഹര്‍ഷികളുടെ അനുഗ്രഹംമാത്രം കൊണ്ട് ആ ദീനം പൂര്‍ണ്ണമായും സുഖപ്പെട്ടു.