തിരുവണ്ണാമലയിലെ ഒരു അദ്ധ്യാപകന്‍, ശ്രീ മഹര്‍ഷികള്‍ തന്റെ ആദ്ധ്യാത്മികവളര്‍ച്ചക്കുവേണ്ട വരദാനങ്ങള്‍ നല്‍കാത്തതിനാല്‍ പരിഭവിക്കുകയും , “ഞാന്‍ ശ്രീ മഹര്‍ഷികളെ പ്പോലെ ആദ്ധ്യാത്മിക പദവി പ്രാപിച്ചല്ലാതെ മഹര്‍ഷികളെ കാണ്മാന്‍ പോകയില്ലെ ” ന്നു ഉറയ്ക്കുകയും ചെയ്തു. ശ്രീ മഹര്‍ഷികളെ ദീര്‍ഘകാലം കാണാതിരുന്നിട്ടും അദ്ദേഹത്തിനു തപസ്സില്‍ അഭിവൃദ്ധി ഉണ്ടായില്ല. ഒടുവില്‍ , നിരാശാഭരിതനും , ലജ്ജാഭരിതനുമായി അദ്ദേഹം മഹര്‍ഷികളെ സന്ദര്‍ശിപ്പാന്‍ വന്നു. അദ്ധ്യാപകനെ കണ്ടപ്പോള്‍ ശ്രീ മഹര്‍ഷികള്‍ അര്‍ത്ഥഗര്‍ഭമായി ഒന്ന് ചിരിച്ചു. “ചിറകിന് ബലവും, പറക്കുവാന്‍ ദേഹപുഷ്ടിയും ഉണ്ടാകുന്നതിനു മുന്‍പ്‌ പക്ഷിക്കുഞ്ഞുങ്ങള്‍ കൂടുകളില്‍ നിന്ന് പറക്കുമ്പോള്‍ നിലംപതിക്കുന്നു . ഇതുപോലെയാണ് ശക്തിയായ വൈരാഗ്യവും ഉന്നതമായ ആത്മികശക്തിയും ഇല്ലാത്ത ഒരാള്‍ ലോകം ജയിക്കുവാന്‍ ആഗ്രഹിക്കുന്നത് ” എന്ന് അരുളിച്ചെയ്കയും ചെയ്തു.

ഈ അദ്ധ്യാപകന്‍ പിന്നെയും ഗൃഹ സംബന്ധമായ കുഴപ്പങ്ങള്‍ മൂലം നിരാശപ്പെട്ടു ഉദ്യോഗം രാജിവെക്കുവാനും സന്യസിക്കുവാനും നിശ്ചയിച്ച്‌ ശ്രീ മഹര്‍ഷികളെ സമീപിച്ചു. അപ്പോള്‍ ശ്രീ മഹര്‍ഷികള്‍ , ചെറിയ ഇലകള്‍ കൂട്ടി തുന്നിപ്പിടിപ്പിച്ച് ഊണിന്നു ശരിപ്പെടുത്തുകയായിരുന്നു. അധ്യാപകനെ കണ്ടപ്പോള്‍ , “ഇതാ, നോക്കുക ! ഈ ചെറിയ ഇലകള്‍ ഓരോന്നായി തുന്നിപ്പിടിപ്പിച്ച് ആവശ്യത്തിന് ഉപയോഗപ്പെടുത്തുവാന്‍ എത്ര ക്ലേശം ! ആവശ്യം കഴിഞ്ഞാല്‍ , അതിനെ വലിച്ചെറിയുന്നു. അതുപോലെ ദേഹത്തെയും ഗണിക്കണം. സത്യാവസ്ഥ ഗ്രഹിക്കുന്നതുവരെ ദേഹം ആവശ്യമാണ്‌, ദേഹത്തെ ഭദ്രമായി സൂക്ഷിക്കേണ്ടതുമാണ് “, എന്ന് ശ്രീ മഹര്‍ഷികള്‍ പറയുകയും അദ്ധ്യാപകനെ കുടുംബപരിചരണത്തിലേക്ക് പിന്തിരിക്കുകയും ചെയ്തു.

‘ഗൃഹസ്ഥാശ്രമികള്‍ക്ക്‌ അദ്ധ്യാത്മചര്യ സാധ്യമല്ലേ ‘ എന്ന് ചിലര്‍ക്കുണ്ടായ സംശയം ശ്രീ മഹര്‍ഷികളുടെ ശ്രദ്ധയില്‍പെട്ടു “ശ്രീരാമന് ആത്മീകവൃത്തി ഉണ്ടായിരുന്നില്ലേ ? ശ്രീരാമന്‍ ഒരു ഗൃഹസ്ഥാശ്രമിയുമായിരുന്നില്ലേ ?” ഇതായിരുന്നു ശ്രീ മഹര്‍ഷികളുടെ ഉത്തരം.