ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

ശ്രീ മഹര്‍ഷികള്‍ ആശ്രമത്തില്‍ നായ്ക്കളെ വാത്സല്യപൂര്‍വ്വം വളര്‍ത്തിയിരുന്നു. ഇവയെല്ലാം ആശ്രമത്തില്‍ താനേ വന്നുചേരുന്നവയുമാണ് . ഒരിക്കല്‍ വിരൂപാക്ഷഗുഹയില്‍ വെച്ച് പളനിസ്വാമി ഒരു ചെറിയ നായയെ കഠിനമായി ശകാരിച്ചു. ആ ജീവി ഉടനെ താഴോട്ടിറങ്ങിപ്പോയി., ‘ശംഖതീര്‍ത്ഥം’ എന്ന കുളത്തില്‍ ചാടി ജീവന്‍ ത്യജിച്ചു. ഈ വിവരം ശ്രീ മഹര്‍ഷികള്‍ അറിഞ്ഞപ്പോള്‍ , “ആശ്രമത്തിലെ ജീവികള്‍ അവയുടെ ഹിതപ്രകാരം ജീവിച്ചു കൊള്ളട്ടെ ; ആരും അവയോട് നിര്‍ദ്ദയമായി പെരുമാറരുത് ” എന്ന് ആശ്രമവാസികളെ ശാസിച്ചു. “ഏതു ആത്മാവാണ് അവയുടെ രൂപം അവലംബിച്ചിരിക്കുന്നതെന്നും , അവയുടെ ഏതു പ്രാരാബ്ദകര്‍മ്മം അനുഭവിച്ചു തീര്‍ക്കുവാനാണ് നമ്മെ ശരണപ്പെടുന്നതെന്നും നമുക്ക്‌ നിശ്ചയിച്ചു കൂടാ” എന്നും ശ്രീ മഹര്‍ഷികള്‍ തുടര്‍ന്നു പറഞ്ഞു.

ആശ്രമത്തില്‍ ‘കമല’ എന്നു പേരായ ഒരു നായ ഉണ്ടായിരുന്നു. ആശ്രമത്തില്‍ , ദൂരദേശങ്ങളില്‍ നിന്ന് ആരെങ്കിലും വന്നാല്‍ ശ്രീ മഹര്‍ഷികള്‍ ഈ നായയെ വിളിച്ചു “കമലാ, ഈ അതിഥിയെ ചുറ്റും കൊണ്ടുപോയി എല്ലാം കാണിക്കുക ” എന്നുപറയും. ഉടനെ അത് അപ്രകാരം ചെയ്കയായി. അരുണാചലം കുന്നിന്മേലുള്ള ഗുഹകള്‍, താഴെയുള്ള കുളങ്ങള്‍, ദേവാലയങ്ങള്‍ ഇതുകളിലെക്കെല്ലാം ‘കമല’ അതിഥിയെ ബുദ്ധിസാമര്‍ത്ഥ്യത്തോടെ നയിച്ചു തിരികെ ആശ്രമത്തിലേക്ക് കൊണ്ടുവരുന്നതായിരിക്കും .

ആശ്രമപരിസരങ്ങളില്‍ കുരങ്ങുകള്‍ ധാരാളമുണ്ട്. കുരങ്ങുകളുടെ ചാപല്യം പ്രസിദ്ധമാണല്ലോ . അതുകൊണ്ടാണ് മനുഷ്യന്റെ മനസ്സിനെ കുരങ്ങിനോടുപമിക്കാറുള്ളത്. എന്നാല്‍ ശ്രീ മഹര്‍ഷിയുടെ സന്നിധിയില്‍ അവയെല്ലാം അനുസരണത്തോടും ശാന്തതയോടും കൂടി പെരുമാറുന്നതാണ്. ഒരിക്കല്‍ ഒരു ചെറിയ കുരങ്ങിനെ മറ്റൊരു വലിയ കുരങ്ങ് ശക്തിയായി താഡനം ചെയ്തു. ചെറിയ കുരങ്ങിന് കാലിന്നു തന്മൂലം പരിക്കേറ്റു. പതുക്കെ ഞൊണ്ടിക്കൊണ്ട് ഇത് ആശ്രമത്തില്‍ ശ്രീ മഹര്‍ഷികളുടെ മുമ്പില്‍ വന്നു. പിന്നെ ആശ്രമത്തില്‍ത്തന്നെയായി ജീവിതം . ആശ്രമത്തില്‍ നിന്ന് നല്‍കപ്പെടുന്ന ആഹാരം വാനര ചേഷ്ടപ്രകാരം ലേശവും പുറത്തു ചിതറാതെ ഈ കുട്ടിക്കുരങ്ങ് ഭക്ഷിക്കും. ഒരിക്കല്‍ , ചോറ് പുറത്തേക്ക് ചിതറിയിട്ടു. “ഇങ്ങിനെ ചെയ്യുന്നത് എന്തുകൊണ്ട് ” എന്നു ശാസിച്ചപ്പോള്‍ കുരങ്ങ് ശ്രീ മഹര്‍ഷികളുടെ കണ്ണിന്മേല്‍ അടിച്ചു. ഇതിന്റെ ശിക്ഷയായി കുറെ നാളത്തേക്ക്‌ ഇതിനെ ആശ്രമത്തില്‍ പ്രവേശിപ്പിക്കുകയോ, പതിവിന്‍പ്രകാരം തന്റെ മടിയില്‍ ഇരിക്കുവാന്‍ ശ്രീ മഹര്‍ഷികള്‍ അനുവദിക്കുകയോ ചെയ്തില്ല. ഈ ചെറിയ ജീവിക്ക് ഇത് സങ്കടമായി തോന്നി. അത് ശ്രീ മഹര്‍ഷികളെ നോക്കി പാശ്ചാത്തപിക്കുകയും , അങ്ങിനെ മടിയില്‍ കയറിയിരിക്കുവാന്‍ വീണ്ടും അനുവാദം നേടുകയും ചെയ്തു.

മറ്റൊരു സന്ദര്‍ഭത്തില്‍ ഈ ചെറു ജീവിക്ക് നല്‍കപ്പെട്ട പാല്‍ ചൂടുള്ളതായിരുന്നു. ശ്രീ മഹര്‍ഷികള്‍ പാല്‍പ്പാത്രം ഊതുവാന്‍ എടുത്തപ്പോള്‍ , ദ്വേഷത്തോടുകൂടി ആ ജീവി ശ്രീ മഹര്‍ഷി കളെ ഉപദ്രവിച്ചു. തല്‍ക്ഷണം തന്നെ, അത് ശ്രീ മഹര്‍ഷികളുടെ മടിയില്‍ കയറിയിരുന്നു. “ക്ഷമിക്കുക , ദയാപൂര്‍വ്വം ക്ഷമിക്കുക “, എന്ന് അപേക്ഷിക്കുന്നതുപോലെ വിഷാദത്തോടു കൂടി ശ്രീ മഹര്‍ഷികളെ നോക്കികൊണ്ടിരുന്നു.. ഈ പ്രാവശ്യവും, അത് ശ്രീ മഹര്‍ഷികളുടെ പ്രീതി സമ്പാദിച്ചു.

ഒരിക്കല്‍ ശ്രീ മഹര്‍ഷികള്‍ ഒരു കൂട്ടുകാരനോടൊന്നിച്ച് മലയില്‍ നടന്നു മടങ്ങുകയായിരുന്നു. സമയം നല്ല ഉച്ചയായി. ക്ഷീണം വളര്‍ന്നു. ദാഹവും തുടങ്ങി അടുത്തെങ്ങും ശുദ്ധജലം ലഭ്യമായിരുന്നില്ല. ഈ അവസ്ഥ ഗ്രഹിച്ച കുറെ കുരങ്ങുകള്‍ ഉടനെതന്നെ ഒരു ഞാവല്‍ മരത്തില്‍ കയറി മരം കുലുക്കുകയും, ധാരാളം നീരുള്ളതും നല്ലവണ്ണം പാകം വന്നതുമായ പഴങ്ങള്‍ താഴെ വീഴ്ത്തുകയും ചെയ്തു. അവയില്‍ ഒരെണ്ണംപോലും അവ പെറുക്കിയെടുത്തില്ല . ഈ ഭാവം കൊണ്ട് പഴങ്ങള്‍ ദാഹശമനത്തിനാണെന്നു അവ ശ്രീ മഹര്‍ഷികളെ ധരിപ്പിച്ചു. വിവരിച്ചാല്‍ ഒടുങ്ങാത്ത സംഭവങ്ങള്‍ ഇപ്രകാരം ധാരാളമുണ്ട്.

അരുണാചലം കുന്നില്‍ , ഒരു കാട്ടില്‍കൂടി നടക്കുമ്പോള്‍ , ശ്രീ മഹര്‍ഷികളുടെ കാല് ഒരു കുളവി (ഒരു തരം പക്ഷി) യുടെ കൂടിന്മേല്‍ തട്ടി. ശ്രീ മഹര്‍ഷികള്‍ കുറെ നടന്നപ്പോള്‍ ഏതാനും കുളവികള്‍ അസ്ത്രംപോലെ പറന്നുവന്ന് ശ്രീ മഹര്‍ഷികളുടെ തുടയില്‍ കൊത്തി മാംസം തുളച്ചു. “അതെ, അതെ, ഈ കാല് തന്നെയാണ് നിങ്ങളുടെ കൂടു ചലിപ്പിച്ചത് . അതിന്റെ ശിക്ഷ ഈ കാലുതന്നെ അനുഭവിക്കട്ടെ ” എന്ന് പറഞ്ഞു , കുളവികള്‍ കൊത്തിക്കഴിയുന്നതുവരെ അവിടെ തന്നെ നിന്നുകളഞ്ഞു.