ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

F.H. ഹംഫ്രേ എന്നാ യൂറോപ്യന്‍ ‍, അസിസ്റ്റന്റ്‌ പോലീസ് സുപ്രണ്ടിന്റെ ഉദ്യോഗം വഹിക്കുവാന്‍ 1911 ല്‍ ഇന്ത്യയില്‍ എത്തി. ഇതിന്റെ പരിശീലനത്തിനായി വെല്ലൂര്‍ ടൌണില്‍ വന്നു ചേര്‍ന്നു. ഇദ്ദേഹത്തിന്റെ മത ജിജ്ഞാസ, താമസംവിനാ ഇദ്ദേഹത്തെ ശ്രീ മഹര്‍ഷികളുടെ അടുക്കല്‍ ആകര്‍ഷിച്ചു. 1911 നവംബര്‍ മാസത്തില്‍ ഹംഫ്രേ, തിരുവണ്ണാമല യില്‍ ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുകയും , “എനിക്ക് ലോകത്തെ തുണക്കുവാന്‍ സാധിക്കുമോ ” എന്ന് ചോദിക്കുകയും ചെയ്തു.

“നിങ്ങള്‍ നിങ്ങളെ തന്നെ തുണക്കുക ! ആ വഴിക്ക് നിങ്ങള്‍ ലോകത്തെ തുണക്കുന്നതാണ് ” എന്ന് ശ്രീ മഹര്‍ഷികള്‍ സമാധാനം നല്‍കി. ഹംഫ്രേ തുടര്‍ന്നു ചോദിച്ചു : –

“ഞാന്‍ ലോകത്തെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നു ; ശക്തിയായി ആഗ്രഹിക്കുന്നു. അതിന്നായി ഞാന്‍ തുണക്കപ്പെടുകയില്ലേ ?”

ശ്രീ മഹര്‍ഷികള്‍ : – ഉവ്വ് ; തുണക്കപ്പെടും . നിങ്ങളെ നിങ്ങള്‍ തുണക്കുന്നതുകൊണ്ടുതന്നെ , നിങ്ങള്‍ ലോകത്തെ തുണക്കുന്നു. എന്തുകൊണ്ടെന്നാല്‍ , നിങ്ങള്‍ പ്രപഞ്ചത്തില്‍ ജീവിക്കുന്നു ; നിങ്ങള്‍തന്നെ പ്രപഞ്ചമാകുന്നു. പ്രപഞ്ചത്തില്‍നിന്നു നിങ്ങള്‍ അന്യമല്ല. പ്രപഞ്ചവും നിങ്ങളില്‍ നിന്ന് വിഭിന്നമല്ല.

ഹംഫ്രേ: – ശ്രീ കൃഷ്ണന്‍ ‍, ക്രിസ്തു , എന്നിവരെപ്പോലെ അത്ഭുതസിദ്ധികള്‍ എനിക്ക് സാധ്യമാണോ?

ശ്രീ മഹര്‍ഷികള്‍ : – പ്രകൃതിധര്‍മ്മങ്ങള്‍ക്കപ്പുറമായി തങ്ങള്‍ സിദ്ധികള്‍ പ്രകടിപ്പിക്കുകയാണെ ന്നു പ്രസ്തുത അവസരങ്ങളില്‍ അവര്‍ മനഃപൂര്‍വ്വം ഗ്രഹിച്ചിരുന്നുവോ?

ഹംഫ്രേ: – ഇല്ല.

സിദ്ധികളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഭിരുചിയും ആദരവും മനസ്സിലാക്കി , അതുകള്‍ക്ക് ഹേതുവായ ശക്തിയില്‍ ഭ്രമിക്കരുതെന്നു അദ്ദേഹത്തെ തിരുത്തുകയും, അനുസ്യൂതമായ ആത്മസംശോധനം കൊണ്ടു ഏറ്റവും ഉപരിയായ പദവി പ്രാപിക്കുന്നതാണ് ശ്രേഷ്ഠമായ ധര്‍മ്മമെന്നു ശ്രീ മഹര്‍ഷികള്‍ പ്രേമപുരസ്സരം ഉപദേശിക്കുകയും ചെയ്തു.

ഹംഫ്രേ പിന്നെയും മൂന്നുനാലാവര്‍ത്തി ശ്രീ മഹര്‍ഷികളെ സന്ദര്‍ശിച്ചു. ഉദ്യോഗത്തില്‍നിന്ന് പിരിഞ്ഞതിനുശേഷം ഇദ്ദേഹം ഒരു റോമന്‍ കത്തോലിക്കാ സന്യാസിയായി തിരിഞ്ഞുവെന്നും സ്മരണീയമാണ്.