ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

തമിഴ്‌‍സാഹിത്യത്തിലെ ഒരു വിശ്രുതഗ്രന്ഥമായ ‘ഭാരതശക്തി ‘ യുടെ കര്‍ത്താവും, വിശ്രുത സാഹിത്യകാരനുമായ ‘ശുദ്ധാനന്ദഭാരതി ‘ അവര്‍കള്‍ ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുവാന്‍ തിരുവണ്ണാമലയില്‍ വന്നു. ‘ഭാരതി ‘ അവര്‍കള്‍ തമിഴ്‌ ജില്ലയില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടും വിവിധ മതങ്ങളെ ചര്‍ച്ചചെയ്തുകൊണ്ടും ഒരു ഉന്നത സ്ഥാനം പ്രാപിച്ച നിഷ്കാമകര്‍മ്മിയാണ്. ഇദ്ദേഹം ശ്രീ രമണാശ്രമത്തില്‍വന്നു, കാവ്യണ്ഠഗണപതിശാസ്ത്രികളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ “ഭാരതശക്തിയുടെ കര്‍ത്താവായ ‘ഭാരതി’ യല്ലേ നില്‍ക്കുന്നത്‌ ” എന്ന് ശ്രീ മഹര്‍ഷികള്‍ ചോദിച്ചു. ശ്രീ മഹര്‍ഷികളുടെ പരഹൃദയജ്ഞാനത്തിന്റെ പ്രത്യക്ഷചിഹ്നമായ ഈ ചോദ്യം, തന്നെ ആശ്ചര്യനിരതനാക്കിയെന്നു ‘ഭാരതി’ സൂചിപ്പിക്കുന്നു. ശ്രീ ഭാരതി അവര്‍കള്‍ ഇപ്പോള്‍ പുതുശ്ശേരിയില്‍ ശ്രീ അരവിന്ദാശ്രമത്തില്‍ താമസിച്ച് സാഹിത്യസംബന്ധമായ യത്നങ്ങള്‍ യഥാര്‍ഹം ചെയ്തുവരുന്നു. ശ്രീ മഹര്‍ഷികളുടെ അപദാനങ്ങള്‍ ക്രോഡീകരിച്ച് ഒരു മനോഹരമായ തമിഴ്‌ കാവ്യം ‘ഭാരതി ‘ രചിച്ചിട്ടുണ്ടെന്നും പ്രസ്താവ്യമാണ്.

മധുരയിലെ ഒരു വക്കീല്‍ , “പിശാചുക്കളും, പ്രേതങ്ങളും (sprits) വാസ്തവത്തില്‍ ഉണ്ടോ ?” എന്ന് ശ്രീ മഹര്‍ഷികളോട് ചോദിച്ചു. “ഉണ്ട്”, ഭൌതിക ദൃഷ്ട്യാ നിങ്ങളുടെ ജഡം സത്യമാണെന്ന് തോന്നുന്നതുപോലെ , അത് കര്‍മ്മലോകത്തില്‍ വ്യവഹരിക്കുന്ന സത്യം (വ്യവഹാര സത്യം ) മാത്രമാണ്.”

വക്കീല്‍ : – അങ്ങിനെ വരുന്നപക്ഷം, ശിവനും മറ്റും ‘മുയല്‍ക്കൊമ്പ്‌ ‘ വാദം പോലെ വെറും സങ്കല്പങ്ങള്‍ തന്നെയല്ലേ?

ശ്രീ മഹര്‍ഷികള്‍ : – അല്ല.

വക്കീല്‍ : – നമ്മെപ്പോലെയാണെങ്കില്‍ അവരും നശ്വരന്മാര്‍ (നശിക്കേണ്ടവര്‍ ) അല്ലേ ?

ശ്രീ മഹര്‍ഷികള്‍ : – “അല്ല” ; നിങ്ങള്‍ക്ക് ഒരു ജ്ഞാനിയോ ഒരു ജീവന്മുക്തനോ അഥവാ, മരണത്തെ ജയിക്കുന്ന ആത്മരൂപമോ ആവാമെങ്കില്‍ , വാസ്തവത്തില്‍ നിങ്ങളേക്കാള്‍ ജ്ഞാനശാലികളായ ശിവനും മറ്റും മരണരഹിതമായ ആത്മരൂപത്തെ പ്രാപിച്ചു
കൂടയോ ?”
ശ്രീ മഹര്‍ഷികള്‍ ഇങ്ങിനെ ചോദിച്ചതോടുകൂടി, വക്കീലിന്റെ സംശയം തീര്‍ന്നു.