ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം
തിരുവണ്ണാമലയില്‍ ‘ശേഷാദ്രിസ്വാമി ‘ എന്ന ഒരു സന്യാസിസത്തമന്‍ ഉണ്ടായിരുന്നു. ഇദ്ദേഹം മന്ത്രങ്ങളിലും മന്ത്രങ്ങളുടെ അധിഷ്ഠാനദേവതകളിലും ഒരു തികഞ്ഞ വിശ്വാസിയായിരുന്നു. ശ്രീ മഹര്‍ഷികളുടെ സിദ്ധാന്തം ‘സ്വയം സംസ്കരിക്കുക ‘ എന്നുള്ളതാണ്. ഒരിക്കല്‍ ശേഷാദ്രിസ്വാമി, ശ്രീ മഹര്‍ഷികളെ സമീപിച്ച് “ഒരുവന്‍ അരുണാചലദേവനെ ആരാധിക്കുന്നപക്ഷം അവന്‍ രക്ഷിക്കപ്പെടുന്നതാണ് ” എന്ന് പറഞ്ഞു. “ ആരാധകനാകുന്നതും ആരാധ്യനാകുന്നതും ആര്‍ ” എന്ന ചോദ്യം ശ്രീ മഹര്‍ഷികളില്‍ നിന്ന് ഉടനെ നിര്‍ഗ്ഗമിച്ചു . ഉറക്കെ ചിരിച്ചുകൊണ്ട് , “ഇതാണ് മനസ്സിലാകാത്തത് ” എന്ന് ശേഷാദ്രിസ്വാമി പറഞ്ഞു. അപ്പോള്‍ , ആത്മസംശോധനാമാര്‍ഗ്ഗത്തെ ശ്രീ മഹര്‍ഷികള്‍ സവിസ്തരം വിശദപ്പെടുത്തിക്കൊടുത്തു..
മദ്രാസ്സില്‍ മൈലാപ്പൂരിലെ കെ .എസ്സ്. ശേഷഗിരി അയ്യര്‍ എന്ന ഒരു അദ്ധ്യാപകന്‍ കുടുംബസമേതം ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുവാന്‍ വന്നു. അവര്‍ ആശ്രമത്തിലായിരുന്ന ദിവസങ്ങള്‍ അവര്‍ക്ക് ഏറ്റവും ഹൃദയാഹ്ലാദപ്രദമായിരുന്നു. ശ്രീ മഹര്‍ഷികളെ വിട്ടുപിരിയുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ വളരെ സങ്കടത്തില്‍ സഹതാപപ്പെട്ടു . ശ്രീ മഹര്‍ഷികളും കണ്ണുനീര്‍പൊഴിച്ചു.. “നിങ്ങള്‍ പോകുന്നത് അരുണാചലത്തിലേക്കാണെന്ന് എന്തുകൊണ്ട് കരുതുന്നില്ല ” എന്ന് പറഞ്ഞു ശ്രീ മഹര്‍ഷികള്‍ അവരെ സമാധാനിപ്പിച്ചു.