ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

പോള്‍ബ്രണ്ടന്‍ അവര്‍കള്‍ ചിന്തകനും, തത്വാന്വേഷകനുമായ ഒരു യൂറോപ്യനാണ് ; വിദഗ്ദനായ ഒരു പത്രപ്രവര്‍ത്തകനുമാണ്. പൌരസ്ത്യസംസ്കാരം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ 1930 ല്‍ അദ്ദേഹം ബോംബെയില്‍ കപ്പലിറങ്ങി . സിദ്ധികളില്‍ കുതുകിയായിരുന്ന ബ്രണ്ടന്‍ അവര്‍കള്‍ പല ഹഠയോഗികളുമായി പരിചയപ്പെട്ടു. എന്നാല്‍ , ഒരു അദൃശ്യശക്തി , അഥവാ കര്‍മ്മ വൈശിഷ്ട്യം അദ്ദേഹത്തെ ശ്രീ രമണമഹര്‍ഷികളുടെ ആശ്രമത്തിലേക്ക് തള്ളിക്കൊണ്ട് വന്നു. ശ്രീ മഹര്‍ഷികളെ നമസ്കരിച്ച് ഒരിടത്തിരുന്നു, ആസേതുഹിമാചലം കീര്‍ത്തിക്കുകയും ആദരിക്കുകയും ചെയ്യപ്പെടുന്ന ശ്രീ മഹര്‍ഷികളെ നോക്കി, “ഈ വ്യക്തിയാണോ , പുഷ്പം വികസിച്ചു സൌരഭ്യധോരണി പരത്തുന്നതുപോലെ , ആന്തരീകമായ ശാന്തിസമാധാന ങ്ങള്‍ പരത്തുന്നത്‌ ” എന്ന് ബ്രണ്ടന്‍ അത്ഭുതത്തോടെ ആത്മഗതം ചെയ്തു. അദ്ദേഹം സകൌതുകം ചോദിക്കുകയാണ് , “മനുഷ്യര്‍ക്ക്‌ ഭൌതികപരിധിക്ക് അതീതമായി എന്തെങ്കിലുമുണ്ടോ ? ഉണ്ടെങ്കില്‍ ഞാന്‍ അതെങ്ങിനെ അറിയും ?

ശ്രീ മഹര്‍ഷികള്‍ : – (സ്നേഹപൂര്‍വ്വം മന്ദഹസിച്ചു കൊണ്ട്) “ഞാന്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു ” എന്ന് നിങ്ങള്‍ പറയുന്നു; ആ ‘ഞാന്‍ ‘ ആരാകുന്നു എന്ന് എന്നോട്‌ പറയുക.

ബ്രണ്ടന്‍ : – ചോദ്യം മനസ്സിലാകാതെ ഞാന്‍ കുഴങ്ങുന്നു.

ശ്രീ മഹര്‍ഷികള്‍ : – ചോദ്യം വ്യക്തമല്ലേ ? വീണ്ടും ആലോചിക്കുക .

‘ബ്രണ്ടന്‍ സ്വന്തം ദേഹം ചൂണ്ടിക്കാണിച്ചു. ‘പോള്‍ ബ്രണ്ടന്‍ ‘ എന്ന് സ്വന്തം നാമധേയം ഉച്ചരിച്ചു.

ശ്രീ മഹര്‍ഷികള്‍ : – അയാളെ (ചൂണ്ടികാണിച്ച ആളെ ) നിങ്ങള്‍ അറിയുന്നുവോ?

ബ്രണ്ടന്‍: – നിശ്ചയമായും.

ശ്രീ മഹര്‍ഷികള്‍ : – എന്നാല്‍ അത് നിങ്ങളുടെ ദേഹം മാത്രമേ ആകുന്നുള്ളൂ. ഞാന്‍ വീണ്ടും ചോദിക്കുന്നു ‘നിങ്ങള്‍ ആരാകുന്നു ‘ എന്ന്. നിങ്ങള്‍ നിങ്ങളില്‍ത്തന്നെ ചുഴിഞ്ഞു നോക്കുക അപ്പോള്‍ ഈ ചോദ്യത്തിന് ശരിയായ ഉത്തരം ലഭിക്കുന്നതാണ് .

ബ്രണ്ടന്‍ : – ഇന്നത്തെ വിഷമകരമായ സ്ഥിതിഗതികള്‍ വെച്ചു നോക്കുമ്പോള്‍ ലോകത്തിന്റെ ഭാവി എന്തായിരിക്കും ?

ശ്രീ മഹര്‍ഷികള്‍ : – ഭാവിയെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ എന്തിനു തലപുകക്കുന്നു ! വര്‍ത്തമാനകാലത്തെക്കുറിച്ചു തന്നെ നിങ്ങള്‍ക്ക്‌ പരിപൂര്‍ണ്ണ വിവരമില്ലല്ലോ. നിങ്ങള്‍ വര്‍ത്തമാനസംഭവങ്ങള്‍ ശരിപ്പെടുത്തിയാല്‍ മാത്രം മതിയാകുന്നതാണ്. ഭാവിതന്നെ, സ്വമേധയാ അതിന്റെ സ്ഥിതി സുരക്ഷിതമാക്കിക്കൊള്ളും .

ബ്രണ്ടന്‍ : – ഒരു അവിദൂരഭാവിയില്‍ , പരസ്പരം സൌഹാര്‍ദത്തിലും പരോപകാര ധര്‍മ്മത്തിലും ലോകം എത്തിച്ചെരുമോ ? അഥവാ, സ്പര്‍ദ്ധയിലും യുദ്ധത്തിലും അവസാനിക്കുമോ ?

ശ്രീ മഹര്‍ഷികള്‍ : – ഒരു ശക്തി ലോകത്തെ നിയന്ത്രിക്കുന്നു ; ആ ശക്തിയുടെ ധര്‍മ്മമാണ് ലോകത്തെ പാലിക്കേണ്ടത് . ലോകത്തിനു കര്‍മ്മചൈതന്യം നല്‍കിയ ആ ശക്തി, ലോകത്തെ എങ്ങിനെയാണ് രക്ഷിക്കേണ്ടതെന്നും അറിയുന്നുണ്ട്. ആ ചുമതല വഹിക്കുന്നത് പ്രസ്തുത ശക്തിയാണ് ; നിങ്ങളല്ല.

ബ്രണ്ടന്‍ : – എന്നിരുന്നാലും, നിഷ്പക്ഷദൃഷ്ട്യാ ലോകത്തെ നോക്കുമ്പോള്‍ സമാധാനവും കൂറും എവിടെനിന്നുത്ഭവിക്കുന്നു എന്ന് കാണ്മാന്‍ വളരെ പ്രയാസം.

ശ്രീ മഹര്‍ഷികള്‍ : – നിങ്ങള്‍ നിങ്ങളെ അറിയാതിരിക്കുന്നത് ഏതു പ്രകാരമോ, അപ്രകാരം തന്നെ ലോകവും വര്‍ത്തിക്കുന്നു. നിങ്ങളെ നിങ്ങള്‍ തന്നെ അറിയാതെ ലോകത്തെ അറിയുവാന്‍ ശ്രമിക്കുന്നതിന്റെ പ്രയോജനമെന്ത്‌ ? സത്യാന്വേഷകന്മാര്‍ ചിന്തിക്കുവാന്‍ പാടില്ലാത്ത ഒരു പ്രശ്നമാണിത്. ഇങ്ങിനെ ബഹുമുഖങ്ങളായ പ്രശ്നങ്ങള്‍ക്കായി മനോഗാംഭീര്യത്തെ ജനങ്ങള്‍ വൃഥാ വ്യര്‍ത്ഥമാക്കുന്നു. നിങ്ങള്‍ക്കതീതമായി നില്‍ക്കുന്ന പരമമായ സത്യത്തെ ആദ്യമായി അറിയുക ; അപ്പോള്‍ നിങ്ങള്‍ കൂടി ഒരു വിഭാഗമായിരിക്കുന്ന ഈ പ്രപഞ്ചത്തിനു അതീതമായി നില്‍ക്കുന്ന സത്യം ഗ്രഹിക്കത്തക്ക സ്ഥിതി നിങ്ങള്‍ പ്രപിക്കുന്നതാണ്. *

പോള്‍ ബ്രണ്ടന്‍ പിന്നീട് ശ്രീ മഹര്‍ഷികളുടെ ഒരു ഉത്തമ ശിഷ്യനായി ത്തീര്‍ന്നു. ‘അരുണാചല സന്ദേശം ‘ (A Message from Arunachala) എന്ന് തുടങ്ങിയ വിശിഷ്ഠഗ്രന്ഥങ്ങള്‍ മൂലം ശ്രീ മഹര്‍ഷികളുടെ അപാരമാഹാത്മ്യത്തെയും മഹനീയമായ ധര്‍മ്മോപദേശങ്ങളെയും അദ്ദേഹം പാശ്ചാത്യലോകത്തില്‍ പ്രചരിപ്പിച്ചു വരുന്നു.

ശ്രീ മഹര്‍ഷികള്‍ നല്‍കിയ ഉപദേശങ്ങള്‍ ‘ഉപദേശാവലി ‘ യില്‍ ചേര്‍ത്തിട്ടുണ്ട് . അന്യാദൃശമായ ഭാഷാ മാധുര്യത്തോടുകൂടി മിസ്റ്റര്‍ ബ്രണ്ടന്‍ ശ്രീ രമണമഹര്‍ഷികളെ ചിത്രീകരിക്കുന്ന ചേതോഹരമായ ഒരു ‘തൂലികാ ചിത്രം’ നോക്കുക !

“നേരിയ ഇരുളില്‍ക്കൂടി ശ്രീ മഹര്‍ഷികളുടെ നേത്രയുഗ്മം മിന്നിത്തിളങ്ങുന്ന രണ്ടു നക്ഷത്രങ്ങള്‍ പോലെ പ്രജ്വലിച്ചു കൊണ്ടിരിക്കുന്നു. ‘ഒരു മഹര്‍ഷി പുംഗവന്റെ കണ്ണുകള്‍ ദൈവീകചൈതന്യം പ്രതിബിംബിച്ചുകാട്ടുന്ന സ്ഫടികകണ്ണാടിയാണ് ‘ എന്നുള്ള യാഥാര്‍ത്ഥ്യത്തിനു ശ്രീ മഹര്‍ഷികളുടെ ഭാസുരനേത്രങ്ങള്‍ പ്രത്യക്ഷസാക്ഷ്യമാണ് “.