ശ്രീ വിവേകാനന്ദസ്വാമിയുടെ  പ്രസംഗങ്ങളുംകത്തുകളുംലേഖനങ്ങളും കവിതകളും പത്രറിപ്പോര്‍ട്ടുകളും അടങ്ങിയ ഏഴ് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ‘വിവേകാനന്ദ സാഹിത്യസര്‍വ്വസ്വ‘ത്തിലെ  രണ്ടാം വാല്യത്തിലെ 27-‍ാം അദ്ധ്യായമായി ചേര്‍ത്തിട്ടുള്ള ഒരു പ്രസംഗമാണ് ‘ശ്രേയസ്സിലേക്കുള്ള വഴി’ എന്ന ഈ ഭാഗം.

“ഇന്നു രാത്രി വേദങ്ങളില്‍നിന്നൊരു കഥ പറയാം. വേദങ്ങള്‍ ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങളാണ്. അവ ഒരു വലിയ സഹിത്യസമാഹാരമാണ്. ഈ സമാഹാരത്തിന്റെ അന്ത്യഭാഗത്തിനു വേദാന്തമെന്നു പറയുന്നു – വേദങ്ങളുടെ അന്തം എന്നര്‍ത്ഥം. വേദങ്ങളിലെ സിദ്ധാന്തപരമായ കാര്യങ്ങളാണ് വേദാന്തത്തിന്റെ പ്രതിപാദ്യം – അതിലും വിശേഷിച്ചു നമ്മുടെ ശ്രദ്ധാവിഷയമായ തത്ത്വശാസ്ത്രകാര്യങ്ങള്‍. അവ പ്രാചീനസംസ്‌കൃതത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ബഹുസഹസ്രം വര്‍ഷങ്ങള്‍ക്കുമുമ്പാണ് അവ രചിക്കപ്പെട്ടതെന്നോര്‍മ്മിക്കുമല്ലോ.

ഒരിക്കല്‍ ഒരു മനുഷ്യന്‍ ഒരു വലിയ യജ്ഞം നടത്തണമെന്നു വിചാരിച്ചു. ഹിന്ദുവിന്റെ മതത്തില്‍ ഈ യജ്ഞങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. അവ പലമാതിരിയാണ്. വേദികള്‍ നിര്‍മ്മിക്കുകയും അഗ്‌നിയില്‍ ആഹുതി ചെയ്യുകയും, പലതരം സൂക്തങ്ങള്‍ ജപിക്കുകയും മറ്റും ചെയ്യുന്നു. യജ്ഞാവസാനം ബ്രാഹ്മണര്‍ക്കും പാവങ്ങള്‍ക്കും ദാനവുമുണ്ട്. ഓരോതരം യജ്ഞത്തിനും അതാതിന്റെ രീതിയിലുള്ള ദാനങ്ങളാണ്. പ്രസ്തുതയജ്ഞത്തില്‍ യജമാനന്റെ സര്‍വ്വസ്വവും ദാനം ചെയ്യേണ്ടിയിരുന്നു. ഈ മനുഷ്യന്‍ ധനവാനെങ്കിലും പിശുക്കനായിരുന്നു: അതേസമയം ഏറ്റവും പ്രയാസമുള്ള ഈ യജ്ഞം നടത്തി വലിയ പേരെടുക്കണമെന്നും ആഗ്രഹിച്ചു. അയാള്‍ യജ്ഞാന്തത്തില്‍ തനിക്കുള്ളതു മുഴുവന്‍ ദാനം ചെയ്യുന്നതിനു പകരം കണ്ണുപൊട്ടി, കാല്‍ മുടന്തി, പ്രായം ചെന്ന്, കറവു വറ്റി, കൊള്ളരുതാത്തതായ കുറെ പശുക്കളെയാണ് കൊടുത്തത്. അയാള്‍ക്കു നചികേതസ്സെന്നു പേരായ ഒരു പുത്രനുണ്ട് – ഉജ്ജ്വലബുദ്ധിയായ ഒരു കുട്ടി. അച്ഛന്റെ ശുഷ്‌കദാനങ്ങള്‍ നോക്കിക്കൊണ്ടിരുന്ന ആ കുട്ടി അതില്‍നിന്നു അച്ഛനു തീര്‍ച്ചയായും വന്നുകൂടുന്ന അധോഗതിയെപ്പറ്റി ചിന്താകുലനാവുകയും അതിനൊരു പരിഹാരമായി തന്നെത്തന്നെ ദാനം ചെയ്യാന്‍ മനസ്സിലുറയ്ക്കുകയും ചെയ്തു. അതിനാല്‍ അവന്‍ അച്ഛനെ സമീപിച്ച്, ‘അപ്പോള്‍, അച്ഛന്‍ എന്നെ ആര്‍ക്കാണ് ദാനം ചെയ്യുന്നത്?’ എന്നു ചോദിച്ചു. പിതാവു മറുപടിയൊന്നും പറഞ്ഞില്ല. കുട്ടി രണ്ടാമതും മൂന്നാമതും ചോദിച്ചു. അപ്പോള്‍ അച്ഛന്‍ ദേഷ്യപ്പെട്ട്, ‘നിന്നെ ഞാന്‍ കാലനാണ് കൊടുക്കുന്നത്, നിന്നെ ഞാന്‍ യമനു കൊടുക്കും’ എന്നു പറഞ്ഞു.

കുട്ടി അങ്ങനെതന്നെ യമലോകത്തേയ്ക്കു യാത്രയായി. യമന്‍ തല്‍ക്കാലം വീട്ടിലില്ലായിരുന്നു: അതുകൊണ്ട് അവിടെ കാത്തു. മൂന്നു ദിവസം കഴിഞ്ഞ് യമന്‍ മടങ്ങിവന്നു കുട്ടിയോടു പറഞ്ഞു; ‘അല്ലയോ ബ്രാഹ്മണകുമാര, എന്റെ അതിഥിയായി അങ്ങു മൂന്നു ദിവസം ഒന്നും കഴിക്കാതെ ഇവിടെയിരിക്കാനിടയായല്ലോ. ഞാന്‍ അങ്ങയെ നമസ്‌കരിക്കുന്നു. അങ്ങയ്ക്കുണ്ടായ ക്ലേശത്തിനു പരിഹാരമായി ഞാന്‍ മൂന്നു വരം തരാം.’ അതില്‍ കുമാരന്‍ ഒന്നാമത്തെ വരമായി, ‘അച്ഛന് എന്നോടു തോന്നിയ കോപം ശമിക്കണം.’ എന്നാവശ്യപ്പട്ടു. ഒരു യജ്ഞവിശേഷത്തെസ്സംബന്ധിച്ച വിവരങ്ങള്‍ അറിയണമെന്നായിരുന്നു രണ്ടാമത്തെ വരം. അതു കഴിഞ്ഞു, മൂന്നാമത്തെ വരമായി: നചികേതസ്സ് ഇങ്ങനെ അറിയിച്ചു; ‘മനുഷ്യന്‍ മരിക്കുമ്പോള്‍ അവന് എന്തു സംഭവിക്കുന്നു എന്നതാണ് പ്രശ്‌നം. ചിലര്‍ പറയുന്നു, അവന്‍ പിന്നെയും ഉണ്ടെന്ന്. ഇതിന്റെ യാഥാര്‍ത്ഥ്യം അറിയുകയാണ് എനിക്കു മൂന്നാമതായി വേണ്ടത്. ദയവു ചെയ്ത് അതു പറഞ്ഞുതന്നാലും.’ യമന്‍ പ്രതിവചിച്ചു; ‘ദേവന്‍മാര്‍ വളരെ പണ്ട് ഈ രഹസ്യത്തിന്റെ മറ നീക്കാന്‍ ശ്രമിക്കുകയുണ്ടായി. ഈ ജ്ഞാനം അത്യന്തം ഗഹനവും സൂക്ഷ്മവുമാണ്: അതുകാരണം മനസ്സിലാക്കാന്‍ വളരെ പ്രയാസം. അതിനാല്‍ മറ്റു വല്ല വരവും ആവശ്യപ്പെടുക, ഇതു ചോദിക്കാതിരിക്കുക. നൂറു വര്‍ഷത്തെ ദീര്‍ഘായസ്സു വരിച്ചുകൊള്ളു. അശ്വങ്ങളേയോ ഗോക്കളേയോ വലിയ രാജ്യങ്ങളുടെ ആധിപത്യമോ എന്തു ചോദിച്ചാലും തരാം. ഈ ചോദ്യത്തിനുത്തരം പറയാന്‍ മാത്രം എന്നെ നിര്‍ബ്ബന്ധിക്കരുത്. മനുഷ്യന്‍ ഭോഗാനുഭൂതിക്കായി എന്തെല്ലാം ആഗ്രഹിക്കാറുണ്ടോ അവയെല്ലാം പ്രാര്‍ത്ഥിച്ചാലും ഞാന്‍ സാധിച്ചു തരാം. എന്നാല്‍ ഈ രഹസ്യം അറിയണമെന്നാവശ്യപ്പെടരുത്.’

നചികേതസ്സു പറഞ്ഞു; ‘അങ്ങനെയല്ല, ഭഗവന്‍. മനുഷ്യന്‍ വിത്തം കൊണ്ടുമാത്രം തൃപ്തിപ്പെട്ടുകൂടാ. ധനമാണ് വേണ്ടതെങ്കില്‍ അങ്ങയെ കാണുന്നതുകൊണ്ടുതന്നെ അതുണ്ടാകും. അങ്ങു നിയമിക്കുന്നിടത്തോളം ഞങ്ങള്‍ ജീവിച്ചിരിക്കുകയും ചെയ്യും. ആട്ടത്തിലും പാട്ടിലും മറ്റും നിന്നുണ്ടാകുന്ന സന്തോഷത്തിന്റെ സ്വഭാവം അറിയാമെന്നിരിക്കെ, ജീര്യന്‍മാരും മാര്‍ത്ത്യന്‍മാരും അധോലോകവാസികളില്‍ അറിവുള്ള ഏവനാണ് അജീര്യന്‍മാരും അമൃതന്‍മാരുമായ അങ്ങയേപ്പോലുള്ളവരെ കണ്ടുകിട്ടിയിട്ടു ദീര്‍ഘായുസ്സില്‍ സന്തുഷ്ടനനാവുക? അതിനാല്‍ മഹത്തായ അപരജീവിതത്തസ്സംബന്ധിച്ച രഹസ്യം പറഞ്ഞുതന്നാലും; മറ്റൊന്നും എനിക്കാവശ്യമില്ല. അതാണ് നചികേതസ്സിനു വേണ്ടത്, മൃത്യുരഹസ്യം.’

മൃത്യുദേവനു സന്തോഷമായി. കഴിഞ്ഞ രണ്ടോ മൂന്നോ പ്രസംഗങ്ങിലായി നാം പറഞ്ഞുവന്നു, ഈ ജ്ഞാനം മനസ്സിനെ സജ്ജീകരിക്കുന്നുവെന്ന്. ഒന്നാമത്തെ സജ്ജീകരണം സത്യമൊഴിച്ച് ഒന്നിനെയും ആഗ്രഹിക്കായ്ക, സത്യത്തിനുവേണ്ടി സത്യാന്വേഷണം ആണെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ഈ കുട്ടി മൃത്യുദേവന്‍ വാഗ്ദാനം ചെയ്ത സകല വസ്തുക്കളെയും നിരസിച്ചതു നോക്കുക – വസ്തുവകകള്‍, സമ്പത്ത്, ദീര്‍ഘായുസ്സ് ഇവയെല്ലാം ഈ ഒറ്റ ആശയത്തിനുവേണ്ടി, സത്യത്തിനുവേണ്ടി, ജ്ഞാനത്തിനുവേണ്ടി, ബലികഴിക്കാന്‍ അവന്‍ സന്നദ്ധനായി. അങ്ങനെയേ സത്യം സംപ്രാപ്തമാകൂ. മൃത്യുദേവന്‍ സന്തുഷ്ടനായി. അദ്ദേഹം പറഞ്ഞു; ‘ഇവിടെ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട് – ഒന്നു ശ്രേയസ്സിന്റെ, മറ്റേതു പ്രേയസ്സിന്റെ: ഒന്നു ഭോഗാനുഭൂതി, മറ്റേതു നിത്യനിര്‍വൃതി. ഈ രണ്ടും പല മട്ടു മനുഷ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കുന്നു. ഇതില്‍ ശ്രേയോമാര്‍ഗ്ഗമാണ് ധീരന്‍ സ്വീകരിക്കുക. പ്രേയോമാര്‍ഗ്ഗം കൈക്കൊള്ളുന്നവന്‍ ക്രമേണ താഴ്ന്നുപോകുന്നു. നചികേതസ്സേ, നിന്നെ ഞാന്‍ പ്രശംസിക്കുന്നു. നീ തൃഷ്ണാപൂരണത്തിന്നര്‍ത്ഥിച്ചില്ലല്ലോ. പല പ്രകാരത്തില്‍ നിന്നെ ഞാന്‍ പ്രേയസ്സിന്റെ മാര്‍ഗ്ഗത്തിലേക്കു പ്രലോഭിപ്പിക്കാന്‍ നോക്കി. നീ അതെല്ലാം തടുത്തുനിന്നു. ജ്ഞാനം ഭോഗജീവിതത്തെക്കാള്‍ അത്യുല്‍കൃഷ്ടമാണെന്നു നീ അറിഞ്ഞിരിക്കുന്നു.’

‘അജ്ഞാനത്തില്‍ മുഴുകി ഭോഗങ്ങളാസ്വദിച്ചു ജീവിക്കുന്ന മനുഷ്യന്‍ മൃഗത്തെക്കാള്‍ ഭേദമല്ലെന്നു നീ മനസ്സിലാക്കിയിരിക്കുന്നു. എന്നാല്‍, അജ്ഞാനമഗ്‌നരെങ്കിലും ഹൃദയഗര്‍വ്വം ഹേതുവായി തങ്ങള്‍ വലിയ സിദ്ധാത്മാക്കളാണെന്നു വിചാരിക്കുന്ന അനേകമാളുകളുണ്ട്. അങ്ങനെയുള്ളവര്‍, അന്ധനാല്‍ നയിക്കപ്പെടുന്ന അന്ധനെപ്പോലെ, പല കുറുക്കുവഴികളിലും ചുറ്റിത്തിരിയുന്നു. ഈ സത്യം അല്ലയോ നചികേതസ്സേ, അറിവില്ലാത്ത ശിശുക്കളെപ്പോലെ ഏതാനും മണ്‍കട്ടകളില്‍, മയങ്ങിപ്പോയവരുടെ ഹൃദയത്തില്‍ പ്രകാശിക്കില്ല. അവര്‍ ഈ ലോകത്തെയോ പരലോകത്തെയോ മനസ്സിലാക്കിയിട്ടില്ല: അവര്‍ രണ്ടും നിഷേധിക്കുന്നു. അങ്ങനെ അവര്‍ വീണ്ടും വീണ്ടും എന്റെ പിടിയിലകപ്പെടുന്നു. പലര്‍ക്കും ഈ സത്യം കേള്‍ക്കാന്‍ പോലും അവസരം കിട്ടുന്നില്ല. മറ്റുപലരും കേള്‍ക്കുന്നുണ്ടെങ്കിലും അവര്‍ക്കതു മനസ്സിലാവുന്നില്ല. എന്തെന്നാല്‍ ഇതിന്റെ വക്താവ് ആശ്ചര്യപുരുഷനാകണം. അതുപോലെ ലബ്ധാവു കുശലനുമാകണം. ആചാര്യന്‍ തുലോം പുരോഗമിച്ചവനല്ലെങ്കില്‍, നൂറുവട്ടം കേട്ടാലും നൂറുവട്ടം കേള്‍പ്പിച്ചാലും സത്യം ആത്മാവിനെ പ്രകാശിപ്പിക്കില്ല.

അല്ലയോ നചികേതസ്സേ, നിഷ്ര്പയോജനമായ വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടു മനസ്സിനു ചാഞ്ചല്യമുണ്ടാക്കരുത്. മനസ്സു നിര്‍മ്മലമാക്കിയാലേ ഈ സത്യം പ്രോജ്ജ്വലിക്കൂ. കഠിനപ്രയാസങ്ങള്‍ സഹിക്കാതെ കണ്ടെത്താവതല്ലാത്തവണ്ണം യാതൊരുവന്‍ നിഗൂഡനായി ഹൃദയാന്തര്‍ഗുഹയില്‍ കടന്നിരിക്കുന്നുവോ, ആ പുരാണപുരുഷന്‍ ബാഹ്യചക്ഷുസ്സുകള്‍ക്കു ഗോചരനല്ല. അവനെ ആത്മചക്ഷുസ്സുകൊണ്ടു ദര്‍ശിച്ചവന്‍ ഹര്‍ഷശോകങ്ങളെ വെടിയുന്നു. ഈ രഹസ്യമറിയുന്നവന്‍, തന്റെ കഥയില്ലാത്ത ആഗ്രഹങ്ങളെ പരിത്യജിച്ച് ഈ സൂക്ഷ്മാല്‍ സൂക്ഷ്മതരമായ ദര്‍ശനം നേടുന്നു. അങ്ങനെ നിത്യാനന്ദിയായി ഭവിക്കുന്നു. നചികേതസ്സേ, ഇതാണ് ശ്രേയസ്സിലേക്കുള്ള വഴി. ഈ ലക്ഷ്യം പ്രാപിച്ചവന്‍ എല്ലാ നന്മയ്ക്കും എല്ലാ തിന്മയ്ക്കും അതീതനാണ്. എല്ലാ കര്‍ത്തവ്യങ്ങള്‍ക്കും എല്ലാ അകര്‍ത്തവ്യങ്ങള്‍ക്കും അതീതനാണ്. ഇന്നുള്ളവയോ ഭാവിയില്‍ ഉണ്ടാകുന്നവയോ, ആയ ഏല്ലാറ്റിനും അതീതനാണ്. ഈ വസ്തുത അറിയുന്നവന്‍ മാത്രമാണ് അറിവുള്ളവന്‍ ആരെ സകലവേദങ്ങളും അന്വേഷിക്കുന്നുവോ, ആരെ കണ്ടെത്തുവാന്‍ മനുഷ്യന്‍ സര്‍വ്വതപശ്ചര്യകളും അനുഷ്ഠിക്കുന്നുവോ അവന്റെ നാമം ഞാന്‍ നിന്നോടു പറയാം – അത് ‘ഓം’ എന്നത്രേ. ഈ ഓംകാരം അക്ഷരബ്രഹ്മമാണ്. ഇതൊന്നാണ് അമൃതം. ഈ രഹസ്യമറിയുന്നവന്‍ എന്തിച്ഛിക്കുന്നുവോ അതു കൈവരുന്നു. നീ അറിയാന്‍ കൊതിക്കുന്ന ഈ വസ്തു, മനുഷ്യനിലെ ആത്മാവ്, ഒരിക്കലും ജനിക്കുന്നില്ല. ഒരിക്കലും മരിക്കുന്നില്ല. അജനും നിത്യനുമായ പുരാണന്‍ ശരീരനാശത്തോടെ നശിക്കുന്നില്ല. കൊല്ലുന്നു എന്നു കൊല്ലുന്നവനോ, കൊല്ലപ്പെടുന്നു എന്നു കൊല്ലപ്പെടുന്നവനോ വിചാരിക്കുന്നുവെങ്കില്‍ രണ്ടുപേര്‍ക്കും തെറ്റിപ്പോയി. എന്തെന്നാല്‍ ആത്മാവു കൊല്ലാത്തതും കൊല്ലപ്പെടാത്തതുമാണ്. അണുവിനെക്കാള്‍ അനന്തം മടങ്ങ് അണുവായും മഹത്തായ വസ്തുവിനേക്കാള്‍ അനന്തം മടങ്ങു മഹത്തായുമിരിക്കുന്ന ആ സര്‍വ്വാധിനാഥന്‍ ഓരോ ജീവിയുടെയും ഹൃദയഗുഹയില്‍ വസിക്കുന്നു. പാപമൊഴിഞ്ഞവന്, ആ സര്‍വ്വേശ്വരന്റെ കൃപ ഹേതുവായി, അവനെ പൂര്‍ണ്ണമഹിമയില്‍ കാണാറാകുന്നു. (ഈശ്വരകൃപ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള നിദാനങ്ങളില്‍ ഒന്നാണെന്നുള്ള സൂചന നമുക്കിവിടെ കിട്ടുന്നു.) അവന്‍ ഇരുന്നു ദൂരെച്ചെല്ലുന്നു. കിടന്നു സര്‍വ്വത്ര എത്തുന്നു: സര്‍വ്വവിരുദ്ധധര്‍മ്മങ്ങളുടെയും സമന്വയകേന്ദ്രമായ ഈശ്വരനെ അറിയുവാന്‍ പവിത്രബുദ്ധികള്‍ക്കല്ലാതെ മറ്റാര്‍ക്കാണര്‍ഹത? അശരീരനെങ്കിലും ശരീരിയായി, അസ്പൃഷ്ടനെങ്കിലും സക്തനെപ്പോലെ വര്‍ത്തിക്കുന്ന സര്‍വ്വവ്യാപിയായ ആത്മാവിനെ ആ ഭാവത്തില്‍ സാക്ഷാല്‍ക്കരിച്ച യോഗി സര്‍വ്വശോകങ്ങളേയും തരണംചെയ്യുന്നു. ഈ ആത്മാവു വേദാദ്ധ്യയനം കൊണ്ടോ മികവുറ്റ മേധാശക്തികൊണ്ടോ ആഴമേറിയ പഠിപ്പുകൊണ്ടോ പ്രാപിക്കാവതല്ല. ആരെ ആത്മാവന്വേഷിക്കുന്നുവോ അവന് ആത്മാവിനെ ലഭിക്കുന്നു. അവന് ആത്മാവ് സ്വമഹിമ വെളിപ്പെടുത്തിക്കൊടുക്കുന്നു. നിരന്തരം ദുഷ്‌കര്‍മ്മം ചെയ്യുന്നവനും അശാന്തമായ മനസ്സുള്ളവനും ധ്യാനമുറയ്ക്കാത്തവനും എപ്പോഴും വിക്ഷിപ്തനോ ചപലനോ ആയവനും ഹൃദയഗുഹയില്‍ പ്രവേശിച്ച ഈ ആത്മാവിന്റെ തത്ത്വം മനസ്സിലാക്കാനോ സാക്ഷാല്‍കരിക്കാനോ കഴിവില്ല.

നചികേതസ്സേ, ഈ ശരീരം രഥവും ജ്ഞാനേന്ദ്രിയങ്ങള്‍ കുതിരകളും മനസ്സു കടിഞ്ഞാണും ബുദ്ധി സാരഥിയും ആത്മാവ് രഥിയുമാണ്. ആത്മാവ് ബുദ്ധിയാകുന്ന സാരഥിയോടും സാരഥിമുഖേന മനസ്സാകുന്ന കടിഞ്ഞാണോടും കടിഞ്ഞാണ്‍വഴി ഇന്ദ്രിയങ്ങളാകുന്ന കുതിരകളോടും യോജിച്ചിരിക്കുമ്പോള്‍ അവനെ ഭോക്താവെന്നു പറയുന്നു: അവന്‍ കാണുന്നു, പ്രവര്‍ത്തിക്കുന്നു, അതാതു കര്‍മ്മങ്ങള്‍ ചെയ്യുന്നു, യാതൊരുവന്‍, മനസ്സു നിയന്ത്രണാധീനമല്ലാതെ വിവേകമറ്റിരിക്കുന്നുവോ അവന്‍ ഇന്ദ്രിയങ്ങള്‍ (അവിദഗ്ധ) സാരഥിയുടെ കയ്യിലെ വെറിയന്‍ കുതിരകളെപ്പോലെ തന്‍പാട്ടിലല്ല. മനോനിയന്ത്രണം സാധിച്ച വിവേകശാലിയുടെ ഇന്ദ്രിയങ്ങളാകട്ടെ (വിദഗ്ദ്ധ)സാരഥിയുടെ കയ്യിലെ നല്ല കുതിരകളെപ്പോലെ സദാ നിയന്ത്രണാധീനങ്ങളാണ്. യാതൊരുവന്‍ വിവേകശാലിയും സദാ സത്യാര്‍ത്ഥിയും ശുചിയും ആയിരിക്കുന്നുവോ അവന്‍ സത്യത്തെ പ്രാപിക്കുന്നു. പിന്നെ അവനു ജന്‍മമില്ല എന്നാല്‍, നചികേതസ്സേ, ഇതു വളരെ പ്രയാസം: വഴി ദീര്‍ഘം. ക്ലേശഭൂയിഷ്ഠം. എങ്കിലും ഭയപ്പെടേണ്ട. ഉണരുക, എഴുന്നേറ്റു പ്രയത്‌നിക്കുക, ലക്ഷ്യത്തിലെത്തുംവരെ നിന്നുപോകരുത്. എന്തെന്നാല്‍, ഋഷിമാര്‍ പറയുന്നത്, വാളിന്റെ വായ്ത്തലയില്‍ നടക്കുംപോലെ ഇക്കാര്യം അത്യന്തം പ്രയാസമാണെന്നാണ്. യാതൊരുവന്‍ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും എല്ലാ സ്പര്‍ശങ്ങള്‍ക്കും എല്ലാ രൂപങ്ങള്‍ക്കും എല്ലാ സ്വാദുകള്‍ക്കും എല്ലാ ശബ്ദങ്ങള്‍ക്കും എല്ലാ ഗന്ധങ്ങള്‍ക്കും ബുദ്ധിക്കും അതീതനായിരിക്കുന്നുവോ, നിര്‍വ്വികാരനും അവിനാശിയുമായ ആ അനന്താത്മാവിനെ, അറിഞ്ഞാല്‍മാത്രമേ നമുക്കു മൃത്യുവക്ത്രത്തില്‍നിന്നു രക്ഷയുള്ളു.

ലക്ഷ്യത്തെപ്പറ്റിയാണ് ഇതുവരെ യമന്‍ പ്രതിപാദിച്ചതെന്നു കാണാമല്ലോ. ഒന്നാമത് നമുക്കിവിടെ കിട്ടുന്ന ആശയം ജനനം മരണം ദുഃഖം മുതലായ എല്ലാ എടുത്തടികളെയും അതിക്രമിക്കുവാന്‍ സത്യമായുള്ളതിനെ അറിഞ്ഞേ ഒക്കൂ എന്നാണ്. എന്താണ് സത്യം? ഒരിക്കലും മാറാത്തത്, മനുഷ്യാത്മാവ്, വിശ്വാത്മാവ്. ആത്മാവിനെ അറിയുക അത്യന്തം പ്രയാസമാണെന്നും പിന്നെപ്പറയുന്നു. അറിയുക എന്നുവെച്ചാല്‍ ബുദ്ധിയുടെ സമ്മതമെന്നല്ല, സാക്ഷാല്‍ക്കാരമെന്നാണര്‍ത്ഥം. ഈ മുക്തി അനുഭൂതമാകണം, സാക്ഷാല്‍കരിക്കപ്പെടണം എന്നു വീണ്ടും വീണ്ടും കേള്‍ക്കാം. ആത്മാവ് ഈ കണ്ണുകൊണ്ട് കാണാവതല്ല: അതിനു കാഴ്ച അതിസൂക്ഷ്മമാകണം. ചുമരും പുസ്തകവും കാണുന്നതു സ്ഥൂലദൃഷ്ടിക്കൊണ്ടാണ്. എന്നാല്‍ സത്യം കണ്ടറിയാന്‍ കാഴ്ചയെ അതിസൂക്ഷ്മാക്കണം. ഇതാണ് ഈ ജ്ഞാനത്തിന്റെ മുഴുവന്‍ രഹസ്യവും. പിന്നെ യമന്‍ പറയുന്നു. മനുഷ്യന്‍ ശുചിയായിരിക്കണമെന്ന്. അതാണ് ദര്‍ശനശക്തി സൂക്ഷ്മമാക്കാനുള്ള മാര്‍ഗ്ഗം. തുടര്‍ന്ന്, മറ്റു മാര്‍ഗ്ഗങ്ങളെക്കുറിച്ചും പറയുന്നു. ആ സ്വയംഭൂ ഇന്ദ്രിയങ്ങളില്‍നിന്നു വിദൂരമാണ്. ഇന്ദ്രിയങ്ങള്‍ ബഹിര്‍മുഖങ്ങളത്രേ. സ്വയംഭൂവായ ആത്മാവിനെ അന്തര്‍മുഖായിട്ടേ കാണാവൂ. കണ്ണുകളെ ഉള്ളിലേക്കു തിരിച്ച് ആത്മാവിനെ ദര്‍ശിക്കാനുള്ള ഇച്ഛയാണ് ഇതിനുള്ള യോഗ്യത എന്നോര്‍മ്മിക്കണം. പ്രകൃതിയില്‍ കാണുന്ന ഈ മനോഹരവസ്തുക്കളെല്ലാം നല്ലതുതന്നെ: പക്ഷേ, ഈശ്വരനെ കണ്ടെത്താനുള്ള വഴി അതല്ല. കണ്ണിനെ അന്തര്‍മുഖമാക്കാന്‍ അഭ്യസിക്കണം. പുറത്തേയ്ക്കു പായാനുള്ള കണ്ണുകളുടെ ഉത്‌സാഹത്തെ അടയ്ക്കണം. തിരക്കുള്ള തെരുവില്‍ക്കൂടി പോകുമ്പോള്‍, കടന്നുപോകുന്ന വണ്ടികളുടെ ശബ്ദകോലാഹലംമൂലം, നിങ്ങളോടൊപ്പം നടക്കുന്ന ആള്‍ പറയുന്നതു കേള്‍ക്കാന്‍ പ്രയാസമാണ്: ബഹളം കാരണം നിങ്ങള്‍ പറയുന്നതു നിങ്ങളുടെ സ്നേഹിതനും കേള്‍ക്കാന്‍ കഴിയില്ല. മനസ്സു പുറത്തേയ്ക്കു പൊയ്‌ക്കൊണ്ടിരിക്കുന്നു: അതിനാല്‍ അടുത്തു നില്‍ക്കുന്ന ആള്‍ പറയുന്നതുപോലും കേള്‍ക്കാനാവുന്നില്ല. ഏതാണ്ടതുപോലെ, നമ്മുടെ ചുറ്റുപാടുമുള്ള ഈ ലോകം ഒട്ടുവളരെ ഒച്ചപ്പാടുകളുണ്ടാക്കി മനസ്സിനെ പുറത്തേയ്ക്കു ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ആത്മാവിനെ നമുക്കെങ്ങനെ കണ്ടെത്താം? ഈ ബഹിഃപ്രയാണം തടയണം. അതാണ് കണ്ണുകള്‍ അന്തര്‍മുഖമാക്കണമെന്നു പറയുന്നതിന്റെ താല്പര്യം. എങ്കിലേ അന്തരാത്മാവിന്റെ മഹിമ നമുക്കു കാണാനാവൂ.

ഈ ആത്മാവ് എന്താണ്? ബുദ്ധിക്കും അപ്പുറമാണതെന്നു പറഞ്ഞു. ആത്മാവ് സനാതനനും സര്‍വ്വവ്യാപിയുമാണെന്നും, നിങ്ങളും ഞാനും നമ്മളെല്ലാവരും സര്‍വ്വവ്യാപികളാണെന്നും, ആത്മാവിന് ഒരിക്കലും മാറ്റമില്ലെന്നും ഈ ഉപനിഷത്തുതന്നെ പഠിപ്പിക്കുന്നു. ഈ സര്‍വ്വവ്യാപി ഒന്നേ ഉണ്ടാവാന്‍ തരമുള്ളു. ഒരുപോലെ സര്‍വ്വവ്യാപിയായി രണ്ടു വസ്തുക്കള്‍ വയ്യ. അതെങ്ങനെ സാദ്ധ്യമാവും? അപരിമിതന്‍മാര്‍ രണ്ടുണ്ടാകുക സാദ്ധ്യമല്ല. അതിനാല്‍ ആത്മാവ് ഒന്നേയുള്ളു: അപ്പോള്‍ നിങ്ങളും ഞാനും ജഗത്തു മുഴുവനും ഒന്ന് – അനേകമായി തോന്നിക്കുന്നുവെന്നുമാത്രം. ‘ലോകത്തില്‍ പ്രവേശിച്ച് ഒരേ അഗ്‌നി അനേകരൂപത്തില്‍ പ്രകാശിക്കുംപോലെ ഏകനായ സര്‍വ്വഭൂതാന്തരാത്മാവ് അനേകരൂപത്തില്‍ കാണപ്പെടുന്നു.’ എന്നാല്‍, ഈ ആത്മാവ് പൂര്‍ണ്ണനും ശുദ്ധനും പ്രപഞ്ചത്തിലെ ഏകസത്തുമാണെങ്കില്‍, അശുദ്ധശരീരത്തിലും ദുഷ്ടശരീരത്തിലും ശിഷ്ടശരീരത്തിലുമൊക്കെ കടന്നുകൂടുമ്പോള്‍ അതിനെന്തു സംഭവിക്കുന്നു? ഇതാണ് പ്രശ്‌നം. അപ്പോള്‍ അതെങ്ങനെ പൂര്‍ണ്ണമായിരിക്കും? ‘ഒരേ സൂര്യനാണ് എല്ലാ കണ്ണിന്റെയും കാഴ്ചയ്ക്കു കാരണമെങ്കിലും ഒരു കണ്ണിലെയും ദോഷം സൂര്യനെ സ്പര്‍ശിക്കുന്നില്ല.’ ഒരാള്‍ക്കു മഞ്ഞപ്പിത്തമുണ്ടെങ്കില്‍ അയാള്‍ എല്ലാം മഞ്ഞയായി കാണും. അയാളുടെ കാഴ്ചയ്ക്കു കാരണം സൂര്യനാണ്: എന്നാല്‍ അയാളുടെ മഞ്ഞക്കാഴ്ച സൂര്യനെ സ്പര്‍ശിക്കുന്നില്ല. അതുപോലെ ഈ ഏകസത്ത സര്‍വ്വഭൂതാന്തരാത്മാവാണെങ്കിലും ബാഹ്യങ്ങളായ ശുദ്ധിയാലോ അശുദ്ധിയാലോ ലിപ്താകുന്നില്ല. ‘എല്ലാം ക്ഷണികമായ ഈ ലോകത്തില്‍ ഒരിക്കലും മാറ്റമില്ലാത്തതായി, എല്ലാം അചേതനമായ ഈ ലോകത്തില്‍ ചേതനമായി, നാനാത്വം നിറഞ്ഞ ലോകത്തില്‍ ഏകമായ ആ സത്തയെ ആരാണോ അറിയുകയും ആത്മാവില്‍ ദര്‍ശിക്കുകയും ചെയ്യുന്നത് അവന്‍ നിത്യശാന്തിയെ പ്രാപിക്കുന്നു: മറ്റാരുമല്ല, മറ്റാരുമല്ല. അവിടെ സൂര്യന്‍ പ്രകാശിക്കുന്നില്ല, നക്ഷത്രങ്ങള്‍ തിളങ്ങുന്നില്ല. മിന്നല്‍ മിന്നുന്നില്ല – പിന്നെ അഗ്‌നിയുടെ കഥയെന്തു പറയാന്‍? അവന്‍ പ്രകാശിക്കുന്നു. അതില്‍ സര്‍വ്വവും പ്രകാശിക്കുന്നു. ആ ദിവ്യദീപ്തികൊണ്ടു സര്‍വ്വവും ദീപ്തമാകുന്നു. ഹൃദയത്തെ അലട്ടുന്ന എല്ലാ കാമങ്ങളും നീങ്ങുമ്പോള്‍ ഈ മര്‍ത്ത്യന്‍ (മരണശീലന്‍) അമൃതനായി ഇവിടെ വെച്ചുതന്നെ ബ്രഹ്മത്തെ പ്രാപിക്കുന്നു. മനസ്സിന്റെ എല്ലാ വക്രതകളും മറഞ്ഞ്, അതിന്റെ സമസ്ത (അഹം-മമാദി) ഗ്രന്ഥികളും വിച്ഛിന്നമാകുമ്പോഴേ മര്‍ത്ത്യന്‍ അമൃതനാവും ഇതാണ് വഴി. ഈ വിദ്യ നമ്മെ ധന്യരാക്കട്ടെ. ഇതു നമ്മെ രക്ഷിക്കട്ടെ. ഇതു നമുക്കു കരുത്തു തരട്ടെ. ഈ വിദ്യ നമ്മില്‍ വീര്യമായി പരിണമിക്കട്ടെ. നാം പരസ്പരം വിദ്വേഷിക്കാതിരിക്കട്ടെ. എല്ലാവര്‍ക്കും ശാന്തി!’

ഇതാണ് വേദാന്തതത്ത്വശാസ്ത്രത്തില്‍ കാണുന്ന ചിന്താസരണി. ലോകത്തില്‍ മറ്റെവിടെയും കാണുന്നതില്‍നിന്നു പാടെ വ്യത്യസ്തമായ ഒരാശയമാണിതെന്നു ഒന്നാമതു നാം മനസ്സിലാക്കുന്നു. വേദങ്ങളിലെ ഏറ്റവും പഴയ ഭാഗങ്ങളിലെ അന്വേഷണരീതി മറ്റു ഗ്രന്ഥങ്ങളിലെപ്പോലെയാണ്. അന്വേഷണം ബഹിര്‍ഭാഗത്ത്, നന്നെ പഴയ ചില ഗ്രന്ഥ(വേദ)ങ്ങളില്‍, ‘ആദിയില്‍ എന്തുണ്ടായിരുന്നു? സത്തോ അസത്തോ ഇല്ലാതിരുന്ന കാലത്ത്, ഇരുള്‍ ഇരുളിനെ മൂടിയിരുന്ന കാലത്ത്, ഇതെല്ലാം ആര്‍ സൃഷ്ടിച്ചു?’ ഇത്യാദി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു കാണുന്നു. അങ്ങനെ അന്വേഷണം അതിപുരാതനകാലം മുതല്‍ക്കേ തുടങ്ങി. ദിവ്യദൂതന്‍മാര്‍, ദേവന്‍മാര്‍ ഇത്യാദി എല്ലാത്തരം സത്ത്വങ്ങളെപ്പറ്റിയും പ്രതിപാദിച്ചു കഴിഞ്ഞ് അതെല്ലാം പിന്നീടു കൊള്ളരുതെന്നു കണ്ടു ഉപേക്ഷിക്കപ്പെട്ടതായി കാണാം. അക്കാലത്ത് അന്വേഷണം പുറത്തായിരുന്നു: ആ വഴിക്ക് ഒന്നും കണ്ടുകിട്ടിയുമില്ല. പില്‍ക്കാലം സ്വയംഭൂവിനെ അകമേ അന്വേഷിക്കേണ്ടിവന്നു. ഇതു വേദങ്ങളില്‍നിന്നു മനസ്സിലാക്കാം. വേദങ്ങളിലെ അടിസ്ഥാനമായ ഒരാശയം ഇതാണ് – നക്ഷത്രങ്ങളിലെ ഖഗോളവ്യൂഹങ്ങളിലോ താരാപഥങ്ങളിലോ ബാഹ്യപ്രപഞ്ചത്തിലാകമാനമോ നടത്തുന്ന അന്വേഷണങ്ങള്‍ നമ്മെ ഒരിടത്തും കൊണ്ടെത്തിക്കില്ല, ജീവിത-മരണപ്രശ്‌നത്തിന് ഒരിക്കലും ഉത്തരം നല്‍കില്ല. ഒടുവില്‍ അദ്ഭുതാവഹായ അന്തഃകരണയന്ത്രത്തെ അപഗ്രഥിക്കേണ്ടിവന്നു. അതു പ്രപഞ്ചരഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. നക്ഷത്രങ്ങള്‍ക്കോ സൂര്യനോ അതിനു കഴിഞ്ഞില്ല. മനുഷ്യനെത്തന്നെ കീറിനോക്കേണ്ടിവന്നു – അവന്റെ ശരീരത്തെയല്ല, അന്തഃകരണത്തെ. ആ ആത്മാവില്‍ ഉത്തരം കണ്ടെത്തി. എന്തുത്തരമാണവര്‍ കണ്ടെത്തിയത്? ശരീരത്തിന്റെ പിന്നില്‍, മനസ്സിന്റെയും പിന്നില്‍ ആ സ്വയംഭൂവായ ഏകനുണ്ടെന്ന്. അവര്‍ മരിക്കുന്നില്ല, ജനിക്കുന്നില്ല. അവന്‍ സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നു, രൂപരഹിതനാകയാല്‍. രൂപമോ ആകൃതിയോ ഇല്ലാത്തതിന് കാലദേശോപാധികളില്ലാത്തതിന്, ഒരു നിശ്ചിതസ്ഥലത്തു വസിക്കാന്‍ കഴിയില്ല. അതെങ്ങനെയൊക്കും? അതിനാല്‍, അതു സര്‍വ്വവ്യാപിയായി എല്ലായിടത്തുമുണ്ട്. അതിന്റെ സമാനസാന്നിധ്യം നമ്മിലെല്ലാമുണ്ട്.

മനുഷ്യാത്മാവെന്നതെന്താണ്? ഈശ്വരനെന്ന ഒരു തത്ത്വവും, കൂടാതെ അന്തഃസത്തയിലും ആകൃതിയിലുമെല്ലാം ഈശ്വരനില്‍നിന്നും നിത്യഭിന്നരായ അസംഖ്യം ജീവന്‍മാരും ഉണ്ടെന്നുള്ള മതം ഒരു കൂട്ടര്‍ പുലര്‍ത്തിപ്പോന്നു. ഇതാണ് ദ്വൈതമതം. ഇതു വളരെ വളരെ പണ്ടേയുള്ള പ്രാകൃതഭാവനയാണ്. മറ്റൊരുകൂട്ടര്‍ നല്‍കിയ ഉത്തരം അനന്തദിവ്യസത്തയുടെ ഒരംശമാണ് ജീവനെന്നാണ്. ഈ ചെറുശരീരം സ്വയം ഒരു ചെറിയ ലോകം. അതിന്റെ പിന്നില്‍ മനസ്സും മനസ്സിന്റേയും പിന്നില്‍ പ്രത്യഗാത്മാവും. അതുപോലെ ജഗത്തു മുഴുവനുംകൂടി ഒരു ശരീരം: അതിന്റെ പിന്നില്‍ സമഷ്ടിമനസ്സ്, അതിന്റേയും പിന്നില്‍ വിശ്വാത്മാവ്. ഈ ചെറുശരീരം സമഷ്ടിശരീരത്തിന്റെ അംശമായിരിക്കുംപോലെ, വ്യഷ്ടിമനസ്സു സമഷ്ടിമനസ്സിന്റെയും ജീവാത്മാവ് പരമാത്മാവിന്റെയും അംശമാണ്. ഇതാണ് വിശിഷ്ടാദ്വൈതമെന്നു പറയുന്നത്. വിശ്വാത്മാവ് അനന്തമാണെന്നാണ് നാം മനസ്സിലാക്കിയത്. അനന്തത്തിനു എങ്ങനെ അംശങ്ങളുണ്ടാവും? അതെങ്ങനെ പലതാകും, വിഭജിക്കപ്പെടും? ഞാന്‍ അപരിമിതത്തിന്റെ ഒരു സ്ഫുലിംഗമാണെന്നു പറയുന്നതില്‍ നല്ല കവിതയുണ്ടാവാം എന്നാല്‍, ചിന്താശീലന്‍മാര്‍ക്ക് അത് അസംബന്ധമാണ്. അപരിമിതത്തെ വിഭജിക്കുകയെന്നാലെന്ത്? അതിനെ മുറിക്കാനും വേര്‍തിരിക്കാനും അതു വല്ല ഭൗതികവസ്തുവുമാണോ? അപരിമിതം ഒരിക്കലും വിഭജിക്കാവതല്ല. ആകുമെങ്കില്‍ പിന്നീടതു അപരിമിതമല്ല. അപ്പോള്‍ എന്താണ് വന്നുകൂടുന്നത്? ആ പരമാത്മാവു നിങ്ങളാണ്. നിങ്ങള്‍ ഒരംശമല്ല. മുഴുവനും. ഈശ്വരന്‍ പൂര്‍ണ്ണമായും നിങ്ങള്‍തന്നെ. എങ്കില്‍, ഈ വൈവിധ്യങ്ങളെല്ലാമെന്ത്? നാം ലക്ഷോപലക്ഷം ജീവാത്മാക്കളെ കാണുന്നു. അവരെല്ലാം എന്ത്? സൂര്യന്‍ ലക്ഷോപലക്ഷം ജലബിന്ദുക്കളില്‍ പ്രതിബിംബിക്കുമ്പോള്‍ ഓരോ ബിന്ദുവിലും സൂര്യന്റെ രൂപം പൂര്‍ണ്ണപ്രതിബിംബം ഉണ്ടാക്കുന്നു: എന്നാല്‍ അവ പ്രതിബിംബംമാത്രം. യഥാര്‍ത്ഥസൂര്യന്‍ ഒന്നേയുള്ളു. അതുപോലെ, നമ്മിലെല്ലാം ഉള്ളതായി തോന്നിക്കുന്ന ഈ ആത്മാവ് ഈശ്വന്റെ പ്രതിബിംബം മാത്രം. അതില്‍ കവിഞ്ഞൊന്നുമല്ല. പിന്നിലുള്ള യഥാര്‍ത്ഥസത്ത ആ ഈശ്വരന്‍മാത്രം. അവിടെ നാമെല്ലാം ഒന്നാകുന്നു. പരമാത്മാവായി ജഗത്താകെ ഒന്നേ ഉള്ളൂ. ഏകമാത്രമായ അതുതന്നെ നിങ്ങളിലും എന്നിലും, ആ ഏകന്‍ അനേകശരീരങ്ങളില്‍ പ്രതിബിംബിച്ചിട്ട്, അത്രയും വിഭിന്നജീവന്‍മാരായി കാണപ്പെടുന്നു. നാം അതറിയുന്നില്ല. നമ്മള്‍ അന്യോന്യം വെവ്വേറെയാണെന്നും ഈശ്വരനില്‍നിന്നു വേറെയാണെന്നും വിചാരിക്കുന്നു. ഇങ്ങനെ വിചാരിക്കുന്നിടത്തോളം കാലം ലോകത്തില്‍ ദുഃഖവും നിലനില്‍ക്കും. ഇതു മിഥ്യാഭ്രമമാണ്. ഇനി, ദുഃഖത്തിനു മറ്റൊരു വലിയ നിദാനം ഭയമത്രേ. ഒരാള്‍ മറ്റൊരാളെ ദ്രോഹിക്കുന്നതെന്തുകൊണ്ട്? തനിക്കു വേണ്ടത്ര ഭോഗവസ്തുക്കള്‍ കിട്ടാതായായേക്കാമെന്ന ഭയംകൊണ്ട്. ഒരാള്‍ തനിക്കു പക്ഷേ വേണ്ടത്ര പണം ഇല്ലാതെവന്നേക്കുമെന്നു ഭയപ്പെടുന്നു. ആ ഭയം മറ്റാളുകളെ ദ്രോഹിക്കാനും അവരുടേതു പിടിച്ചുപറിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. അസ്തിത്വം ഒന്നേയുള്ളുവെങ്കില്‍പ്പിന്നെ ഭയം എങ്ങനെ ഉണ്ടാകാനാണ്? എന്റെ തലയില്‍ ഇടിത്തീ വീണാല്‍ ആ ഇടിത്തി ഞാന്‍തന്നെയാണ് – എന്തെന്നാല്‍ ഞാന്‍ മാത്രമാണ് ഏകസത്ത. പ്ലേഗ് വന്നാല്‍ അതു ഞാനാണ്: കടുവാ വന്നാല്‍ അതു ഞാനാണ്: മരണം വന്നാല്‍ അതു ഞാന്‍തന്നെ. ജീവിതവും മരണവും രണ്ടും ഞാന്‍തന്നെ. ജഗത്തില്‍ രണ്ടു വസ്തുക്കളുണ്ടെന്ന വിചാരത്തോടൊപ്പം ഭയം വന്നുചേരുന്നതായി കാണാം. ‘പരസ്പരം സ്നേഹിക്കുവിന്‍’ എന്നൊരുപദേശം കേള്‍ക്കാറുണ്ടല്ലോ. എന്തിന്? ആ ഉപദേശം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ സാധൂകരണം ഇവിടെയാണ്. എന്തിന് ഞാന്‍ എല്ലാവരെയും സ്നേഹിക്കണം? അവരും ഞാനും ഒന്നായതുകൊണ്ട്. എന്തിനു ഞാനെന്റെ സഹോദരനെ സ്നേഹിക്കണം? അവനും ഞാനും ഒന്നായതുകൊണ്ട് ഈ ഏകത്വവും അഖണ്ഡതയും പ്രപഞ്ചത്തിന് മുഴുവനുണ്ട്. നമ്മുടെ കാലിനടിയില്‍ക്കൂടി ഇഴയുന്ന അതിക്ഷുദ്രമായ പുഴു മുതല്‍ ഇന്നുവരെ ജീവിച്ചിരുന്നതില്‍ മഹാന്‍വരെ എല്ലാവര്‍ക്കും ശരീരങ്ങള്‍ വേറെവേറെയുണ്ട്. എന്നാല്‍ ഒരേ ആത്മാവാണ്. നിങ്ങള്‍ എല്ലാ വായില്‍ക്കൂടിയും ഭക്ഷിക്കുന്നു. എല്ലാ കൈകള്‍കൊണ്ടും പണിയെടുക്കുന്നു. എല്ലാ കണ്ണുകള്‍കൊണ്ടും കാണുന്നു. ലക്ഷോപലക്ഷം ശരീരങ്ങളില്‍ രോഗപീഡ അനുഭവിക്കുന്നു. ഈ ആശയം സ്വായത്തമാക്കുമ്പോള്‍, അതു സാക്ഷാല്‍കരിക്കുകയും അതുമായി സാത്മ്യം പ്രാപിക്കയും ചെയ്യുമ്പോള്‍, മാത്രം ദുഃഖങ്ങളും അതോടൊപ്പം ഭയവും അസ്തമിക്കുന്നു. എനിക്കെങ്ങനെ മരിക്കാന്‍ കഴിയും? (ഞാനല്ലാതെ) എനിക്കപ്പുറം ഒന്നുമില്ല. ഭയം നശിക്കും. അപ്പോള്‍മാത്രമാണ് പൂര്‍ണ്ണാനന്ദവും ശുദ്ധപ്രേമവും കൈവരിക. ആ വിശ്വകാരുണ്യം, വിശ്വപ്രേമം, സാര്‍വ്വത്രികമായ ആനന്ദം – അതിനൊരിക്കലും മാറ്റമില്ല: അതു മനുഷ്യനെ സര്‍വ്വോപരി ഉയര്‍ത്തുന്നു: അതിനു പ്രത്യാഘാതങ്ങളില്ല, യാതൊരു ദുഃഖത്തിനും അതിനെ തീണ്ടാന്‍ വയ്യ. ലോകത്തിലെ ഈ നിസ്സാരങ്ങളായ തീറ്റിയും കുടിയുമെല്ലാമാകട്ടെ എപ്പോഴും പ്രത്യാഘാതമുളവാക്കും. ഇതിനെല്ലാം നിദാനം ഈ ദ്വൈതഭാവമാണ്1 – ഞാന്‍ ജഗത്തില്‍നിന്നു വേറാണ്, ഈശ്വരനില്‍നിന്ന് വേറാണ്. എന്ന ഭാവം, മറിച്ച്, ‘ഞാന്‍ ഈശ്വരനാണ്, ജഗദാത്മാവാണ്; ഞാന്‍ പരമശിവനാണ്, നിത്യമുക്തനാണ്.’ എന്നു വരുന്നതോടെ, യഥാര്‍ത്ഥപ്രേമം ആവിര്‍ഭവിക്കുന്നു, ഭയം മറയുന്നു, സമസ്തദുഃഖങ്ങളും അസ്തമിക്കുന്നു.”