ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം
‘ആത്മരൂപദര്‍ശനം’ തന്നെയാണ് ദൈവത്തെ അറിയുന്ന അത്യുല്‍കൃഷ്ടാവസ്ഥ. മറ്റൊരു ഭാഷയില്‍ പറയുമ്പോള്‍ , ആത്മാന്വേഷണത്താല്‍ ദര്‍ശിക്കപ്പെടുന്ന ‘ആത്മരൂപ’ മല്ലാതെ മറ്റൊന്നുമല്ല ‘ദൈവം’. എന്നാല്‍ , മനുഷ്യരുടെ ഭൌതികാശകള്‍ ഈ അന്വേഷണത്തിനു തടസ്ഥങ്ങളാണ് . ഭൌതികവിഭ്രമം മനുഷ്യരെ ദൈവീക ചിന്തയില്‍നിന്നു അധഃപതിപ്പിക്കുന്നു. ഇതിനെ ഉച്ചാടനം ചെയ്യാന്‍ ഒരു പ്രായോഗികമാര്‍ഗ്ഗമേ ഉള്ളൂ. ആശകള്‍ ഉത്ഭവിക്കുമ്പോള്‍ ഉത്ഭവസ്ഥാനത്തില്‍വച്ചു തന്നെ അവയെ ജയിക്കുക, അഥവാ, നശിപ്പിക്കുക. ആശകള്‍ തുടര്‍ച്ചയായി നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെതന്നെ വൈരാഗ്യം വര്‍ദ്ധിക്കുന്നതാണ്. ഇങ്ങിനെ, ‘ഞാന്‍ ആര്‍ ‘ എന്ന് ആരായുമ്പോള്‍ ശരിയായരൂപത്തെ – ആത്മസാക്ഷാല്‍ക്കാരത്തെ – പ്രാപിക്കുന്നതാണ്.
ഒരു ഉദാഹരണം പറയാം. ഒരു സ്ഫടികക്കഷണ ത്തിന്മേല്‍ വിവിധനിറത്തില്‍ ചായം കൊടുത്തു ചലനചിത്രയന്ത്രത്തില്‍ ഘടിപ്പിക്കുമ്പോള്‍ , പല വര്‍ണ്ണങ്ങള്‍ യന്ത്രത്തില്‍കൂടി തിരശ്ശീലയില്‍ പതിക്കുന്നു. മനസ്സും ഇതുപോലെതന്നെ . അത് അവസാനമില്ലാത്ത ആശകള്‍ ശേഖരിച്ചു അവകളുടെ പ്രകടനരംഗമായി ഭവിക്കുന്നു. നേരെമറിച്ച് , ചായം മായ്ച്ചു കളഞ്ഞ് സ്ഫടികം യന്ത്രത്തില്‍ വെക്കുമ്പോള്‍ , യന്ത്രത്തിന്റെ പ്രകാശം സ്ഫടികത്തില്‍കൂടി പുറത്തേക്കു വീശുന്നു. ഈ പ്രകാശം, സ്ഫടികത്തില്‍ കൂടി പ്രവഹിക്കുന്നതാണെന്നുപോലും തോന്നുകയില്ല . ഇപ്രകാരം ആശകളാകുന്ന ചിന്തകള്‍ ഇല്ലായ്മചെയ്ത് ആത്മാന്വേഷണമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന മനസ്സില്‍ ആത്മചൈതന്യം പ്രകാശിക്കുന്നു. ഈ ചൈതന്യം തന്നെ മനസ്സിന്നും വ്യക്തിത്വത്തിനും അതീതമായിരിക്കുന്ന സനാതനമായ സത്യം. അത് പൂര്‍ണ്ണത്വവും അനശ്വരവും ദൈവീകവുമാണ്. ചിലര്‍ അതിനെ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവാ’ യി ആദരിക്കുന്നു. ചിലര്‍ ആത്മസ്വരൂപമായി, ചിലര്‍ നിര്‍വ്വാണപദവിയായി, ഹിന്ദുക്കള്‍ ബന്ധവിമുക്തിയായി ഇങ്ങിനെ പലവിധത്തില്‍ സമാദരിക്കുന്നു .