ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം
ആശ്രമധര്‍മ്മങ്ങള്‍ , സാമൂഹ്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ള അനുഷ്ഠാനമാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ , ആത്മാനുഭൂതിക്ക് പരിപാകത വന്നിട്ടുള്ള ഒരു ത്യാഗിക്ക് – പ്രായവ്യത്യാസം , സ്ത്രീപുരുഷവ്യത്യാസം , ബ്രാഹ്മണാബ്രഹ്മണവ്യത്യാസം , ഇതൊന്നും ഗണ്യമല്ല – ഈ ആശ്രമവിധികള്‍ ബാധകമല്ലതാനും .
ആശ്രമവിധികളില്‍ സൂചിപ്പിക്കുന്ന ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം എന്നീ മൂന്നാശ്രമങ്ങള്‍ ലോക വ്യവഹാരങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതും , ആത്മീകജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍നിന്ന് വ്യതിചലിക്കാത്തവണ്ണം വളരെ നിഷ്കര്‍ഷയോടെ ക്രമപ്പെടുത്തീട്ടുള്ളതുമാണ് .
നാലാമത്തെ ആശ്രമധര്‍മ്മമായ സന്യാസം ലൌകികചേഷ്ടകളില്‍നിന്ന് തീരെ അകന്നതാണ്. സന്യാസം എന്നുവച്ചാല്‍ ഭിക്ഷാപാത്രം ഭേസുന്നതല്ല. ശിരസ്സ് മുണ്ഡനം ചെയ്യുന്നതല്ല, കാവിവസ്ത്രം ധരിക്കുന്നതുമല്ല . നേരെ മറിച്ച്, ആത്മസംശോധനാവൃത്തിയാണ് .
വിദ്യാഭ്യാസംകൊണ്ടും ഇന്ദ്രിയനിഗ്രഹംകൊണ്ടും പരിശുദ്ധനായ ഒരു ബ്രഹ്മചാരി, സമുദായത്തെയും , പൊതുജനങ്ങളെയും ധര്‍മ്മബുദ്ധ്യാ സേവനം ചെയ്യാന്‍ ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നു. ഗൃഹസ്ഥാശ്രമം നിര്‍വ്വിഘ്നം അനുഷ്ഠിച്ചതിന്റെ ശേഷം, മനസ്സും ബുദ്ധിയും
ബാഹ്യവൃത്തികളില്‍ നിന്നു പിന്‍വലിച്ച് എകാഗ്രമായിതീരുവാന്‍ തപസ്സുചെയ്യുന്നതിനുവേണ്ടി വാനപ്രസ്ഥം അവലംബിക്കുന്നു. ഈ ആശ്രമവിധി, യഥായോഗ്യം അനുഷ്ഠിച്ച് മനഃശുദ്ധിയും പക്വവും കൈവരുമ്പോള്‍ , നാലാമത്തെ ആശ്രമമായ സന്യാസത്തിലേക്ക് സ്വമേധയാ നയിക്കപ്പെടുന്നതാണ്.
പൊതുസേവനം
ഒരു വ്യക്തി, മനുഷ്യസമുദായത്തിന്റെ ഒരു അവയവമാകുന്നു. അഥവാ, സമുദായം അനേകം വ്യക്തികളുടെ സഘടനയാകുന്ന ഒരു ശരീരമാകുന്നു . ശരീരത്തിന്റെ ഓരോ അവയവവും അന്യോന്യം സഹായിക്കുന്നതുപോലെ മനസാ, വാചാ, കര്‍മ്മണാ, മനുഷ്യര്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടതാണ് .
ഒരു വ്യക്തി ബാഹ്യാഭ്യന്തരമായി അഭിവൃദ്ധിപ്പെടുവാന്‍ ‘ശാന്തി’ എന്ന ഗുണം വളരെ ആവശ്യമാണ്. അതോടുകൂടി, സേവനത്തിനു തക്ക ധാര്‍മ്മികശക്തിയും സംഭരിക്കേണ്ടതാണ് . ധാര്‍മ്മികശക്തിയാല്‍ സമുദായത്തെ ഉയര്‍ത്തി സമുദായത്തില്‍ ശാന്തി വളര്‍ത്തുന്നതുതന്നെയാണ് പരമകാമ്യമായ ധര്‍മ്മം.
നിഷ്കളങ്കമായ സമത്വഭാവവും സാര്‍വ്വത്രികമായ സഹോദരപ്രണയവുമാണ് മനുഷ്യസമുദായത്തിന്റെ യാഥാര്‍ത്ഥമായ പ്രാപ്യസ്ഥാനം . ആ ഉന്നതസ്ഥാനം പ്രാപിച്ചാല്‍ , ഭൂമി ശാന്തിയുടെ വിഹാരരംഗവും , മനുഷ്യസമുദായം സഹോദരപ്രണയത്തിന്റെ ഏക കുടുംബവുമായി തീരുന്നതുമാണ്.