ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം
വിദിതസമസ്നേഹരാജ്യലക്ഷ്മി –
സദനമിതാര്‍ക്കും തറവാടല്ലോ .
-മഹാകവി കുമാരനാശാന്‍ .
“മാഹാ ഋഷി” അഥവാ മഹര്‍ഷി എന്നുള്ള പദങ്ങള്‍ , നാശരഹിതമായ സത്യത്തെ അഭിമുഖദര്‍ശനം ചെയ്യുന്ന തപോനിധികളെക്കുറിച്ച് വളരെ പുരാതനം മുതല്‍ക്കേ ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന പേരുകളാണ് . ഈ അര്‍ത്ഥഗര്‍ഭമായ പേരില്‍ തന്നെയാണ് , ശ്രീ രമണമഹര്‍ഷികള്‍ അറിയപ്പെട്ടുവരുന്നത് .
1937 ല്‍ ജനീവയില്‍ സമ്മേളിച്ച വേദാന്തമഹായോഗത്തില്‍ , ഫ്രഞ്ച് തത്വജ്ഞാനിയായ എം. ജീന്‍ ഹെര്‍ബെര്‍ട്ട് അവര്‍കള്‍ , ശ്രീ മഹര്‍ഷികളെ ക്കുറിച്ച് ഇങ്ങനെ ബ്രോഡ്‌കാസ്റ്റ് (വിദൂരഭാഷിണി) പ്രസംഗം ആരംഭിച്ചു. അദ്ദേഹം തുടര്‍ന്നു പറയുന്നു : –
“അരുണാചലം മലയിലുള്ള ഗുഹകളിലാണ് ജീവിതത്തിലെ ഭൂരിഭാഗവും ശ്രീ മഹര്‍ഷികള്‍ കഴിച്ചുകൂട്ടിയത് . ഇപ്പോള്‍ മലയുടെ താഴ്വാരയില്‍ ഭക്തജനങ്ങള്‍ നിര്‍മ്മിച്ച ഒരു വലിയ പര്‍ണ്ണശാലയില്‍ ശ്രീ മഹര്‍ഷികള്‍ വിശ്രമിച്ചു വരുന്നു.
ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുവാന്‍ യാതൊരു ചടങ്ങുകളും ആവശ്യമില്ല. ആശ്രമത്തിനു ചുറ്റും വേലികെട്ടിപ്പടുത്തു ജനപ്രവേശം തടഞ്ഞിട്ടില്ല . ഒരു ഭൃത്യനും സന്ദര്‍ശകന്മാരുടെ പ്രവേശനം തടയുകയുമില്ല. ആര്‍ക്കെങ്കിലും ആഹോരാത്രം ഏതു സന്ദര്‍ഭത്തിലും ആശ്രമത്തില്‍ സ്വതന്ത്രമായ പ്രവേശനം തന്നെയുണ്ട്.
ആശ്രമത്തിലെ ആ ശാലയില്‍ ഒരു മൂലയിലായി പടുത്തിട്ടുള്ള ഒരു ഉയര്‍ന്ന തറയില്‍ ശ്രീ മഹര്‍ഷികള്‍ ഇരിക്കുന്നു. ഉദ്ദേശം അറുപത് വയസ്സായിരിക്കും . രോമങ്ങള്‍ നരച്ചിരിക്കുന്നു, ശിരസ്സ് മുണ്ഡനം ചെയ്തിരിക്കുന്നു. ധരിച്ചിരിക്കുന്ന വസ്ത്രം ഒരു കൌപീനം മാത്രമാണ് . പ്രഥമവീക്ഷണത്തില്‍ , ഒരു സാധാരണ മനുഷ്യനില്‍നിന്ന് വേര്‍തിരിച്ചറിയത്തക്ക ഒരു പ്രത്യേകതയും ശ്രീ മഹര്‍ഷിയില്‍ കാണപ്പെടുന്നതല്ല. എന്നാല്‍ , ഹാളില്‍ ഇരുന്ന് അല്പനിമിഷങ്ങള്‍ കഴിയുമ്പോള്‍ ബാഹ്യവീക്ഷണങ്ങള്‍ അന്തര്‍മുഖമാകുന്നതായും അനന്യലഭ്യമായ ഒരു പരിസരശക്തി മാഹാത്മ്യം സ്വയം ആസ്വദിക്കുന്നതായും നമുക്ക് അനുഭവപ്പെടുന്നതാണ്.
ജീവിതത്തിലെ ക്ലേശനിരകള്‍ക്ക് നിവാരണം തേടിയും ആത്മീകസംഗതികളില്‍ സംശയങ്ങള്‍ തിരുത്തുവാന്‍ ആഗ്രഹിച്ചും , ആത്മസംസ്കാരോപദേശ ങ്ങള്‍ സ്വീകരിക്കുവാന്‍ നിശ്ചയിച്ചും വിവിധപ്രശ്നങ്ങളോട് കൂടി വരുന്ന ജനങ്ങള്‍ ശ്രീ മഹര്‍ഷികളെ ശരണപ്പെടുന്നു .
അനിര്‍വ്വചനീയമായ ശാന്തിയില്‍ ലയിച്ചു, അന്തര്‍മുഖമായി പരിശോധിച്ച് പ്രശ്നങ്ങള്‍ക്ക് വിശദവും സുനിശ്ചിതവുമായ സമാധാനം സ്വയം ഗ്രഹിച്ച് അക്ഷോഭ്യമായ അന്തരംഗത്തോടുകൂടി ശരണാഗതന്മാര്‍ ആശ്രമം വിടുകയും ചെയ്യുന്നു. നിങ്ങള്‍ ചോദിക്കുമായിരിക്കാം ഇവര്‍ക്കെല്ലാം സമാധാനം നല്‍കുവാന്‍ ഏതു മാര്‍ഗ്ഗം ശ്രീ മഹര്‍ഷികള്‍ സ്വീകരിച്ചുവെന്ന്. ഈ ചോദ്യം , സമാധാനം നല്‍കുവാന്‍ വളരെ പ്രയാസംകൂടിയതാണെന്ന് ഞാന്‍ സമ്മതിക്കുന്നു.
സത്യത്തെ – ദൈവത്തെ – സദാ ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ശ്രീ മഹര്‍ഷികള്‍ , സത്യത്തിന്റെ അന്യൂനചൈതന്യത്തെ ചുറ്റും വീശുകയോ, അല്ലെങ്കില്‍ , ആ ചൈതന്യം അന്യൂനശക്തിയോടുകൂടി സ്വയം പ്രസരിക്കുകയോ ചെയ്യുന്നു. ഈ അഭൌമികപ്രകാശത്തില്‍ സംശയഗ്രസ്തന്മാരുടെ ചോദ്യങ്ങള്‍ക്ക് സമാധാനം തെളിഞ്ഞുകാണുന്നു. ഇങ്ങിനെയാണ് , ശാസ്ത്രീയവീക്ഷണത്തില്‍നിന്നകന്നുനില്‍ക്കുന്ന ശുദ്ധമനസ്കരായ ചില സുഹൃത്തുക്കള്‍ പ്രസ്തുതചോദ്യത്തിനു നല്‍കുന്ന സമാധാനം. ഒരു സംഗതി നിശ്ചയം, പാശ്ചാത്യന്‍മാരായ നമ്മുടെ ഗവേഷണങ്ങള്‍ക്ക് ഇതിന്റെ കാരണം കണ്ടുപിടിക്കുവാന്‍ സാധിക്കുകയില്ല. ഇല്ല ; സാധിക്കുകയില്ലതന്നെ.
ശ്രീ മഹര്‍ഷികളുടെ പ്രകാശവും ശാന്തവുമായ നേതൃത്വത്തില്‍ , ഓരോരുത്തരും നിസ്തുലമായ മാധുര്യം നുകരുന്ന ആ പരിസരം – ശിഷ്യന്മാരോടും അതിഥികളോടും ഒന്നിച്ച് ‘ഗുരുലഘുഭേദം’ കൂടാതെ ആ മഹാത്മാവ് ഭക്ഷണം കഴിക്കുന്ന പ്രസന്ന സുന്ദരമായ ആ സമത്വരംഗം – എല്ലാവര്‍ക്കും ആ മഹാജ്ഞാനിയെ ഏതു സമയവും ദര്‍ശിക്കുവാനും സംസാരിക്കുവാനും സാധിക്കുമാറ് സ്വാതന്ത്ര്യവും ഐക്യവും സമ്മേളിക്കുന്ന ആ പരിശുദ്ധാശ്രമം – പുരാതന ഹൈന്ദവചരിത്രങ്ങള്‍ നിസ്സംശയം രേഖപ്പെടുത്തുന്ന സാക്ഷാല്‍ ആര്യസംസ്കാരത്തിന്റെ ഉത്തേജകമാതൃക യാണെന്ന് ഞാന്‍ നിസ്സംശയം പറഞ്ഞു കൊള്ളുന്നു.”