ഇത്ഥം മുനിസ്തൂപരമേദ്വ്യവസ്ഥിതോ
വിജ്ഞാനദൃഗ്വീര്യ സുരന്ധിതാശയഃ
സ്വപാര്‍ഷ്ണിനാപീഡ്യ ഗുദം തതോനിലം
സ്ഥാനേഷു ഷട്സൂന്നമയേജ്ജിതക്ലമ (2-2-19)
ശുകന്‍ തുടര്‍ന്നു.
ഏതൊരു ധ്യാനമാര്‍ഗ്ഗമാണോ ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ട ശക്തി കിട്ടുന്നതിനായി അവലംബിക്കുന്നത്, ആ ധ്യാനത്തെപ്പറ്റി ഞാന്‍ പറഞ്ഞുതന്നുകഴിഞ്ഞു. പക്ഷെ ധ്യാനത്തിന് തടസം നില്‍ക്കുന്നത് സുഖാസക്തിയും ഇന്ദ്രിയങ്ങളിലുളള ആകര്‍ഷണവുമാണ്. എങ്കിലും ബുദ്ധിയുളള മനുഷ്യന്‍ ഇന്ദ്രിയങ്ങളെ ജീവിക്കാന്‍ അത്യാവശ്യമായ ഉപകരണങ്ങളായി മാത്രം കാണുന്നു. വാസ്തവത്തില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ വളരെ ചെറുതാണല്ലോ. കിടന്നുറങ്ങാന്‍ ഭൂമിയുണ്ട്. അകത്ത് വായു, തലവയ്ക്കാന്‍ കൈകള്‍, ആഹാര നീഹാരത്തിനായി കൈപ്പത്തികള്‍, വഴിയരികിലെ കീറത്തുണി നാണം മറയ്ക്കുവാന്‍, നിസ്വാര്‍ത്ഥമായി ഫലംതരുന്ന വൃക്ഷങ്ങള്‍, ദാഹമകറ്റാന്‍ നദികള്‍, ഗുഹകളുടെ സുരക്ഷിതത്വം, എല്ലാത്തിനുമുപരി രക്ഷിക്കാനും പരമലക്ഷ്യ പ്രാപ്തിക്കുമായി ഭഗവാന്‍. പിന്നെ ധനവാന്റെ പക്കല്‍ കൈനീട്ടേണ്ടതായുണ്ടോ?
മറ്റൊരു ധ്യാനമാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം. ഹൃദയകമലത്തില്‍ , നാലുകൈകളിലും ശംഖ്, ചക്രം, ഗദ, പങ്കജം ഇവയോടുകൂടിയ തളളവിരല്‍ വലിപ്പത്തിലുളള കൃഷ്ണഭഗവാന്റ രൂപം ധ്യാനിക്കുക. അതിസുന്ദരങ്ങളായ വലിയകണ്ണുകളോടെ മനോഹരമായ പുഞ്ചിരിയും തൂകി മഞ്ഞപ്പട്ടുടുത്ത് ആടയാഭരണങ്ങളണിഞ്ഞ് ആ ദിവ്യരൂപം കാണപ്പെടുന്നു. മനസ് ശാന്തമാവുംവരെ ഉള്ളില്‍ ഈ രൂപം വീണ്ടുംവീണ്ടും ദൃശ്യവല്‍ക്കരിക്കുക. ഭഗവാന്റെ ഒരവയവത്തില്‍ അത് പരിപൂര്‍ണ്ണമായി മനസില്‍ പതിയുംവരെ ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് മറ്റൊരവയവത്തിലേക്ക് ശ്രദ്ധമാറ്റി ധ്യാനിക്കുക. അങ്ങിനെ ആ ദിവ്യരൂപത്തിലെ ഓരോഅംശവും മനസില്‍ നിറച്ച് അതിനെ ശുദ്ധീകരിച്ച് നിര്‍ഗ്ഗുണ നിരാകാരമായ ആ തേജസ്സ്, സര്‍വ്വസാക്ഷിയായ ആ ബോധസ്വരൂപം സാക്ഷാത്കരിക്കാനുളള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കുക.
പരീക്ഷിത്ത് രാജന്‍, ഇനി ശരീരമുപേക്ഷിക്കേണ്ട രീതികളെപ്പറ്റി പറഞ്ഞുതരാം. ധ്യാനാസനത്തിലിരുന്ന് പ്രാണായാമം പരിശീലിക്കുകയും ഇന്ദ്രിയങ്ങളെ ഓരോന്നായി അതിന്റെ സംഗവസ്തുക്കളില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുകയും വേണം. പിന്നെ മനോനിയന്ത്രണം വരുത്തണം. ആത്മാനാത്മവിവേകത്തില്‍ക്കൂടി ധ്യാനത്തില്‍ മുഴുകണം. അവസാനമായി ഇനിപ്പറയുന്ന, രീതിയില്‍ ശരീരമുപേക്ഷിക്കാം.
ഗുദദ്വാരം കാലുകൊണ്ടമര്‍ത്തിപ്പിടിച്ച് ആന്തരവായുക്കളെ ആറുബോധചക്രങ്ങളിലൂടെ മുകളിലേക്കുയര്‍ത്തണം. മണിപൂരകത്തില്‍ നിന്നു് അനാഹതചക്രത്തിലേക്ക്, പിന്നെ കാരണത്തോടുകൂടി കണ്ഠനാളത്തിലേക്കും. ഏഴുദ്വാരങ്ങളുമടച്ച് (കണ്ണുകള്‍, മൂക്ക്, ചെവി, വായ) ആന്തരവായുവിനെ പുരികമദ്ധയത്തിലേക്കുയര്‍ത്തണം. സ്വര്‍ഗ്ഗസന്ദര്‍ശനവും സുഖവുമാസ്വദിക്കാന്‍ താത്പ്പര്യമില്ലാത്തവനെങ്കില്‍ സ്വയം സഹസ്രാരധാരയിലൂടെ (ആയിരം ഇതളുകളുളള താമര) ഭഗവാനില്‍ സമര്‍പ്പിക്കണം. ശിരസ്സിന്റെ മുകളിലുളള ബ്രഹ്മരന്ധ്രത്തിലൂടെ ശരീരമുപേക്ഷിച്ച് പുറത്തുകടക്കണം. മുക്തി ഇപ്പോള്‍ ഇവിടെവെച്ചാണ്. സ്വര്‍ഗ്ഗവാസം കാംക്ഷിക്കുന്നവനെങ്കില്‍ മനസുകൊണ്ട് ഉപരിലോകങ്ങളില്‍നിന്നു് ഉന്നതങ്ങളിലേക്കു കയറി ലോകചക്രങ്ങള്‍ തീരുന്നതുവരെ ചുറ്റിക്കറങ്ങി അവസാനം സാക്ഷാത്കാരത്തേയും മുക്തിയേയും പ്രാപിക്കുന്നു. ഇതാണ് മുക്തിക്കുളള രണ്ടുമാര്‍ഗ്ഗങ്ങള്‍. ഈ ലക്ഷ്യപ്രാപ്തി നേടിയവന് തിരികെ ഭൂമിയില്‍ മടങ്ങി വരേണ്ടതില്ല.
ഇതുമാത്രമാണ് പരീക്ഷിത്തേ, മനുഷ്യനുചെയ്യാവുന്ന ഏറ്റവും വലിയ സാധന. അതു ശ്രീകൃഷ്ണ ഭഗവാനില്‍ ഏകോന്മുഖമായഭക്തിവളര്‍ത്തുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF