MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

കിഷ്കിന്ദാകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

ശാരികപ്പൈതലേ! ചാരുശീലേ! വരി-
കാരോമലേ! കഥാശേഷവും ചൊല്ലു നീ.
ചൊല്ലുവനെങ്കിലനംഗാരി ശങ്കരന്‍
വല്ലഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍.
കല്യാണശീലന്‍ ദശരഥസൂനു കൗ-
സല്യാതനയനവരജന്‍തന്നോടും
പമ്പാസരസ്തടം ലോകമനോഹരം
സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാന്‍.
ക്രോശമാത്രം വിശാലം വിശദാമൃതം
ക്ലേശവിനാശനം ജന്തുപൂര്‍ണ്ണസ്ഥലം
ഉല്‍ഫുല്ലപത്മകല്‍ഹാരകുമുദ നീ-
ലോല്‍പലമണ്ഡിതം ഹംസകാരണ്ഡവ
ഷഡ്‌പദകോകില കുക്കുടകോയഷ്‌ടി
സര്‍പ്പസിംഹവ്യാഘ്രസൂകരസേവിതം
പുഷ്പലതാപരിവേഷ്‌ടിതപാദപ-
സല്‍ഫലസേവിതം സന്തുഷ്‌ടജന്തുകം
കണ്ടു കൗതൂഹലംപൂണ്ടു തണ്ണീര്‍കുടി-
ച്ചിണ്ടലും തീര്‍ത്തു മന്ദം നടന്നീടിനാര്‍.