അഗസ്ത്യമുനി ശ്രീപരമശിവന്റെ നിയോഗത്താല്‍ മലയാചലത്തിലെ കൂടദേശത്ത് ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചുവെന്നും ചിരഞ്ജീവിയായ മുനി ഇപ്പോഴും അഗസ്ത്യാര്‍കൂടപ്രദേശത്ത്‌ തപസ്സുചെയ്യുന്നുവെന്നും വിശ്വസിക്കപ്പെട്ടുപോരുന്നു. ഭാരതത്തില്‍ പലഭാഗങ്ങളിലായി ചുറ്റി സഞ്ചരിച്ച അദ്ദേഹം ധാരാളം ആശ്രമങ്ങള്‍ സ്ഥാപിച്ചു.

വാത്മീകീ രാമായണം ആരണ്യകാണ്ഡം പതിനൊന്നാം സര്‍ഗ്ഗത്തില്‍ പ്രകൃതി രമണീയമായ അഗസ്ത്യാശ്രമത്തെ വര്‍ണ്ണിക്കുന്നുണ്ട്. രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യന്‍ അനുഗമിച്ചിരുന്നു. അതുപോലെ, മഹാഭാരതകഥയിലും ചില തമിഴ് സാഹിത്യത്തിലും കമ്പരാമായണത്തിലുമൊക്കെ അഗസ്ത്യനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.

അഗസ്തീശന്‍, അകത്തീശ്വരന്‍, അകത്തീശന്‍, ആദിമുനി, കുംഭമുനി, ഗുരുമുനി, കുറുമുനി, തമിഴ്കോമന്‍, പോര്‍മുനി, മത്തംഗ തമിഴ്മുനിവര്‍, പൈന്തമിഴ് മുനിവര്‍, കുറിയോര്‍കള്‍, ചെന്തമിഴ് തന്തവര്‍, വന്‍ തമിഴുമുനിവര്‍ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

തമിഴ് സാഹിത്യത്തില്‍ പറയപ്പെടുന്ന മൂന്ന് സാഹിത്യത്തില്‍ ആദ്യരണ്ടെണ്ണത്തിലും അഗസ്ത്യന്‍ ഉണ്ടായിരുന്നുവെന്ന് ഐതീഹ്യമുണ്ട്. ഹ്രസ്വകായന്‍ ആയിരുന്നതിനാല്‍ തമിഴ് കൃതികളില്‍ അദ്ദേഹം കുറുമുനി എന്നറിയപ്പെടുന്നു. അഗസ്ത്യന്റെ പേരില്‍ ധാരാളം ക്ഷേത്രങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ട്. കമ്പരാമായണത്തില്‍ കമ്പര്‍ അഗസ്ത്യനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. വില്ലീപുത്തൂരന്‍ എന്ന തമിഴ് മഹാകവി അഗസ്ത്യന്‍ ദാനംചെയ്ത സുന്ദരിയാണ് തമിഴ്ഭാഷ എന്ന് പ്രസ്താവിക്കുന്നു.

വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായയി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.

സിദ്ധവൈദ്യസംഘത്തിലെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ സപ്തര്‍ഷികള്‍ എന്നും, നവനാഥസിദ്ധര്‍കളെന്നും, പതിനെട്ട് സിദ്ധര്‍കള്‍ എന്നും അറിയപ്പെടുന്നു.

അഗസ്ത്യനാഥനില്‍ തുടങ്ങി അനാധിനാഥന്‍, ഗജേന്ദ്രനാഥന്‍, കോരകനാഥന്‍, ശക്തിനാഥന്‍, ശതോകനാഥന്‍, വചേന്ദ്രനാഥന്‍, മകങ്കനാഥന്‍, വെകുളിനാഥന്‍ എന്നിവരാണ് നവനാഥ സിദ്ധര്‍കള്‍. തുടര്‍ന്ന് രണ്ടാം സംഘത്തിനായി രൂപീകരിക്കപ്പെട്ട പതിനെട്ടു സിദ്ധന്മാരിലും അഗസ്ത്യമുനി ഉള്‍പ്പെട്ടിരുന്നു.അവര്‍ യഥാക്രമം അഗസ്ത്യര്‍, തിരുമൂലര്‍, കാലാങ്കി, ഭോഗര്‍, പുലിപ്പാണി, ചട്ടമുനി, ഉരോമഹര്‍ഷി, കരുവൂരാര്‍, ഇടൈക്കാടന്‍, സുന്ദരാനന്ദര്‍, അകപ്പേ സിദ്ധര്‍, പാമ്പാട്ടി സിദ്ധര്‍, തേരേയര്‍, യുകിമുനി, മച്ചമുനി എന്നിവരാണ്.

അഗസ്ത്യര്‍, ഇടൈക്കാടര്‍, രാമദേവര്‍, കമലമുനി, കുതമ്പൈസിദ്ധര്‍, കൊങ്കണവര്‍, കോരക്കര്‍, ചട്ടമുനി സുന്ദരാനന്ദര്‍, മച്ചമുനി, പതഞ്ജലി, പാമ്പാട്ടി സിദ്ധര്‍, ഭോഗര്‍, കാലാങ്കിനാഥര്‍, ധന്വന്തരി, തിരുമൂലര്‍, നന്തീശന്‍, വാത്മീകി എന്നിവര്‍ പതിനെട്ട് സിദ്ധര്‍കള്‍ എന്നറിയപ്പെടുന്നു.

( വിഷ്ണുവില്‍നിന്ന് അനുക്രമമായി മരീചി, കശ്യപന്‍, സൂര്യന്‍ എന്നിങ്ങനെയുള്ള വംശാവലിയില്‍ അടുത്തകണ്ണിയാണ് അഗസ്ത്യമുനി )

ഉത്തരരാമായണ പ്രകാരം സൂര്യവംശരാജാവായ ഇഷാകുവിന്റെ പുത്രനായ നിമി രാജ്യഭരണം കൈയ്യേറ്റ ഉടനെ ഒരു ദീര്‍ഘയാഗം നടത്തി. യാഗത്തിനായി വസിഷ്ഠനെയാണ് അദ്ദേഹം ക്ഷണിച്ചത്. എന്നാല്‍ ഇന്ദ്രന്റെ യാഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വസിഷ്ഠന്‍ നിമിയെ പരിഗണിച്ചില്ല. അതില്‍ കുപിതനായ നിമി, ഗൗതമപുത്രനായ ശതാനന്ദന്റെ സഹായത്താല്‍ യാഗം ആരംഭിച്ചു. ഇതില്‍ കോപിഷ്ഠനായ വസിഷ്ഠന്‍ നിമിയുടെ ശരീരത്തില്‍നിന്ന് പ്രാണന്‍ വേറിട്ട് പോകട്ടെയെന്ന് ശപിച്ചു. എന്നാല്‍ അതേ ശാപം തന്നെ നിമിയും തിരിച്ച് വസിഷ്ഠന് നേര്‍ക്ക് പ്രയോഗിച്ചു. ശാപഫലമായി ആത്മരൂപിയായി ആകാശത്ത് അലഞ്ഞ വസിഷ്ഠന്‍ ബ്രഹ്മാവിനോട് തനിക്ക് ശരീരമുണ്ടാക്കിത്തരണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഏകശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍ വസിഷ്ഠന്‍ പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിയ്ക്കുകയും ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും. മിത്രാവരുണന്മാര്‍ക്ക് ജനിച്ചതിനാല്‍ ഇവര്‍ മൈത്രാവരുണന്മാര്‍ എന്നു വിളിയ്ക്കപ്പെട്ടു.ഈ കഥ മഹാഭാരതം ശാന്തിപര്‍വ്വം 343-‍ാം അദ്ധ്യായം 88-‍ാം പദ്യത്തിലും ഭാഗികമായി സൂചിപ്പിച്ചിട്ടുണ്ട്.

മഹാഭാരതത്തിലെ ആദിപര്‍വ്വത്തില്‍ 139-‍ാം അദ്ധ്യായം 9-‍ാം പദ്യത്തില്‍ ദ്രോണര്‍ അര്‍ജ്ജുനനോട് പറയുന്നു:

“അഗസ്ത്യന്നു ധനുര്‍വ്വേദ-
ശിഷ്യനാണാദ്യനെന്‍ ഗുരു
അഗ്നിവേശാഖ്യനവനും
ശിഷ്യന്‍ ഞാനിഹ ഭാരത.” – (ഭാഷാഭാരതം തര്‍ജ്ജമ) എന്ന പദ്യത്തില്‍ ദ്രോണരുടെ ഗുരുവായ അഗ്നിവേശന്‍പോലും അഗസ്ത്യന്റെ ശിഷ്യനായിരുന്നുവെന്നു പറയുന്നതില്‍ നിന്ന് വേദശാസ്ത്രത്തിലും ആയുധാഭ്യാസത്തിലും അദ്ദേഹം അദ്വിതീയനായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.

അതുപോലെ വനപര്‍വ്വം 130-‍ാം അദ്ധ്യായം 5-‍ാം പദ്യത്തില്‍ പ്രസ്താവിക്കുന്ന കഥയില്‍ – അഗസ്ത്യമുനി വനത്തിലൂടെ പോകുമ്പോള്‍ തന്റെ പിതൃക്കള്‍ ഒരിടുക്കില്‍ തലകീഴായി തൂങ്ങിക്കിടന്ന് അഗസ്ത്യനോട് പറഞ്ഞു- ഉണ്ണീ, നിനക്കു പുത്രന്മാര്‍ ജനിച്ചു കഴിഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് നീ വേഗം വിവാഹം കഴിക്കണം. താടിമീശക്കാരനും പൊക്കം കുറഞ്ഞവനുമായ അഗസ്ത്യന് ഭാര്യയാകത്തക്കവണ്ണം ക്ഷമാശീലയായ ഒരു സ്ത്രീയെക്കിട്ടുക പ്രയാസമായിരുന്നു. അതിനാല്‍ അഗസ്ത്യമുനി പുത്രജന്മത്തിനായി തപസ്സുചെയ്തിരുന്ന വിദര്‍ഭരാജാവിന് സകലജീവജാലങ്ങളുടേയും സത്വം സ്വീകരിച്ച് ലോപമുദ്ര എന്ന പുത്രിയെക്കൊടുത്തു. പിന്നീട് അവളെ അദ്ദേഹം വിവാഹം കഴിച്ചു എന്നും ഐതീഹ്യം.

അഗസ്ത്യമുനിയുടെ ജനനത്തെക്കുറിച്ചുള്ള മറ്റൊരു കഥ

അഹങ്കാരിയായ ഇന്ദ്രന്‍ ദ്രാവിഡ ഗുരുവായ മഹാദേവന്റെ സമീപം ചെന്ന് ദ്രാവിഡകുലത്തെപ്പറ്റി അപമാനകരമായി സംസാരിച്ചു. തുടര്‍ന്ന് മഹാദേവനും ഇന്ദ്രനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ഇതില്‍ കോപിഷ്ടനായ മഹാദേവന്‍ ഇന്ദ്രലോകത്തെ സ്ത്രീകളെ ഭൂമിയില്‍ ഇറക്കി ഭൂവാസികളെ ഊഴിയം ചെയ്യിക്കുമെന്ന് ശപഥം ചെയ്യുകയും ചെയ്തു. അതനുസരിച്ച് ശിവന്‍ ഘോരതപസ്സില്‍ മുഴുകി. ദിവസങ്ങള്‍ പിന്നിട്ട് തപസ്സ് മൂര്‍ദ്ധന്യമായപ്പോള്‍ ദേവലോകത്തിന് ചലനം ഉണ്ടായിത്തുടങ്ങി. തപസ്സിനു ഭംഗം വരുത്താനായി ഇന്ദ്രന്‍ ഉര്‍വ്വശിയെ അയക്കുകയും തപസ്സ് ഭംഗംവരുത്തുകയും ചെയ്തു.

ഈ സമയം ലോകത്തില്‍ ഒരു മഹാന്‍ ജനിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ശിവന്‍ തന്റെ കൈയ്യിലിരുന്ന കമണ്ഡലുവില്‍ നിന്ന് ഒരു കുഞ്ഞിനെ ജനിപ്പിക്കുകയും അതിനെ അഗസ്ത്യമുനി അഥവാ കുന്ദമുനി എന്നു നാമകരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഒരാശ്രമത്തില്‍ എത്തി കുഞ്ഞിനെ അവിടെ വളര്‍ത്തണമെന്ന് കല്‍പ്പിച്ചു. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കനായ ആ ബാലനെ തോല്പ്പിക്കാന്‍ കഴിയാത്തതില്‍ അസൂയാലുക്കളായ സന്യാസിവര്യന്‍മാര്‍ അവനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. അതിനായി അവര്‍ നാരദരെക്കണ്ട് അഭിപ്രായം ആരായുകയും അദ്ദേഹം അതിനുമറുപടിയായി അഗസ്ത്യനെ ‘തായ്തന്തൈ ഇല്ലാത്തവനെ’ എന്ന് വിളിക്കണമെന്ന് പറയുകയും ചെയ്തു. ഇപ്രകാരം സന്യാസിമാര്‍ അഗസ്ത്യനെ വിളിക്കുകയും അദ്ദേഹം തന്റെ വളര്‍ത്തച്ഛനോടും അമ്മയോടും തന്റെ സംശയം ആരായുകയും ചെയ്തു. അവരില്‍ നിന്നും വ്യക്തമായ മറുപടി കിട്ടാത്തതിനാല്‍ അദ്ദേഹം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് കാട്ടില്‍ തന്റെ അച്ഛനമ്മമാരെ അന്വേഷിച്ച് നടന്നു. വളരെ ക്ഷീണിതനായി അദ്ദേഹം ഒരു മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ശിവപാര്‍വ്വതിമാര്‍ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ പുത്രനാണ് അഗസ്ത്യനെന്ന് വെളിപ്പെടുത്തി. അദ്ദേഹത്തെ രഹസ്യമായി പിന്തുടര്‍ന്ന സന്യാസിമാര്‍ ഇതുകണ്ട് അദ്ദേഹം ആരാണെന്ന് ഗ്രഹിക്കുകയും ലജ്ജിതരായി തിരികെ പോകുകയും ചെയ്തു.

അഗസ്ത്യമുനി വാതാപിയെ ഭക്ഷിച്ച കഥ

അഗസ്ത്യപത്നി ലോപമുദ്രയ്ക്ക് ഒരു സന്താനത്തെ വേണമെന്ന ആഗ്രഹമുണ്ടെങ്കിലും അഗസ്ത്യന്‍ അവളെ പ്രാപിക്കുമ്പോള്‍ പൂമാലകളും ഭൂഷണങ്ങളും അണിഞ്ഞുനില്‍ക്കണം, മാത്രവുമല്ല ദിവ്യാഭരണങ്ങള്‍ അവള്‍ക്കുവേണം. നിര്‍ധനനായ അഗസ്ത്യന് അതിന് കഴിയാത്തതിനാല്‍ ധനസമ്പാദനത്തിനുവേണ്ടി ആശ്രമം വിട്ട് അഗസ്ത്യന്‍ ശ്രുതവര്‍മ്മനുമൊത്ത് ബ്രദ്ധ്നശ്വരരാജാവിന്റെ സമീപത്തുചെന്നു. അവര്‍ മൂവരുംകൂടി ധനികനായ ത്രസദസുവിന്റെ അടുക്കല്‍ചെന്നു അദ്ദേഹവും അവരെ കൈയൊഴി‍ഞ്ഞു. ഒടുവില്‍ അവരെല്ലാവരും കൂടി അസുരശ്രേഷ്ഠനായ ഇല്വലന്റെ വസതിയില്‍ ചെന്നു.

ഇല്വലന്‍ വാതാപി എന്ന തന്റെ അനുജനൊപ്പം താമസിക്കുകയാണ്. ഇല്വലന്‍ ഒരു ശ്രേഷ്ഠബ്രാഹ്മണനോട് ഇന്ദ്രതുല്യനായ ഒരു പുത്രനുവേണ്ടി യാജിച്ചു. എന്നാല്‍ ബ്രാഹ്മണന്‍ ആ വരം കൊടുക്കുന്നതില്‍ വിസമ്മതിച്ചു. അക്കാരണംകൊണ്ട് ഇല്വലന്‍ ബ്രാഹ്മണശ്ത്രുവായി മാറി. അനുജനെ ആടാക്കി ഏതെങ്കിലും ബ്രാഹ്മണന്‍ വന്നാല്‍ അയാള്‍ക്ക് ഭക്ഷണമാക്കി ആടിനെ വെട്ടിനുറുക്കികൊടുക്കും. അതിനുശേഷം വാതാപീ പുറത്തുവാ എന്നുപറയുമ്പോള്‍ വയറുപിളര്‍ന്ന് വാതാപി പുറത്തുവരികയും ബ്രാമണര്‍ മരിക്കുകയും ചെയ്യും. ഈ സമയത്താണ് അഗസ്ത്യനും കൂട്ടരും അവിടെ എത്തിയത്.

ഇല്വലന്‍ യഥാവിധി അവരെ സ്വീകരിച്ച് പഴയതുപോലെ ആടിനെ കറിവച്ച് കൊടുത്തു. അവര്‍ ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ ഇല്വലന്‍ വാതാപിയെ ഉറക്കെ വിളിച്ചു. പക്ഷേ ഉടന്‍തന്നെ അഗസ്ത്യന്‍ വാതാപി ജീര്‍ണ്ണസ്യ എന്ന് സാവധാനം പറഞ്ഞു. ഉടനെ വാതാപി അഗസ്ത്യന്റെ ഉദരത്തില്‍ ജീര്‍ണ്ണിച്ചുതീര്‍ന്നു. ഭയവിഹ്വലനായ ഇല്വലന്‍ ഓരോ ബ്രാഹ്മണനും പതിനായിരം പശുക്കളും അത്രയും സ്വര്‍ണ്ണവും ദാനമായികൊടുത്തു. കൂടുതലായി അഗസ്ത്യന് വിരാവാന്‍ എന്നും, സുരാവാന്‍ എന്നും പേരുള്ള രണ്ട് കുതിരകളെ കെട്ടിയ രഥവും കൊടുത്തു. അഗസ്ത്യന്‍ ആശ്രമത്തിലെത്തി ലോപമുദ്രയുടെ ഇഷ്ടപ്രകാരം അണിഞ്ഞൊരുങ്ങി. (മഹാഭാരതം വനപര്‍വ്വം 99-‍ാം അദ്ധ്യായം)

ലോപമുദ്ര ഗര്‍ഭവതിയായി. ആയിരം പുത്രന്മാരോ, പത്തുപുത്രന്മാരുടെ ബലം വീതമുള്ള നൂറു പുത്രന്മാരോ, നൂറുപുത്രന്മാരുടെ ബലം വീതമുള്ള പത്ത് പുത്രന്മാരോ അതോ ആയിരം പുത്രന്മാരേക്കാള്‍ ശ്രേഷ്ഠതയും മഹത്വവുമുള്ള ഒരു പുത്രനോ വേണ്ടതെന്ന് അഗസ്ത്യന്‍ ‍ചോദിച്ചു. അവള്‍ ഒരു പുത്രനെ ആഗ്രഹിച്ചു. അഗസ്ത്യന്‍ ഉഗ്ര തപസ്സിനായി കാടുകയറി. ലോപമുദ്ര തേജസ്വിയായ ഒരു പുത്രന് ജന്മം നല്കി. അതാണ് ദൃഡസ്യു. ജനിച്ചപ്പോള്‍ തന്നെ ദൃഡസ്യു വേദങ്ങള്‍ ഉച്ചരിക്കുകയുണ്ടായത്രേ. പിതാവിന്റെ ഹോമത്തിനുള്ള വിറക് കൊണ്ടുവരുന്നതുകൊണ്ട് ദൃഡസ്യുവിന് ഇധ്മവാഹന്‍ എന്ന പേരുണ്ടായി.

അഗസ്ത്യന്‍ വിന്ധ്യപര്‍വ്വതത്തെ ചവിട്ടി താഴ്ത്തിയത്

നാരദന്‍ വിന്ധ്യപര്‍വ്വതത്തില്‍ എത്തി യഥാവിധി സല്‍കാരങ്ങള്‍ സ്വീകരിച്ചശേഷം വിന്ധ്യനോടായി പറഞ്ഞു ഞാനിപ്പോള്‍ മഹാമേരുവില്‍ നിന്നാണ് വരുന്നത്. കനകമയമായ ആ പര്‍വ്വതത്തില്‍ മുതലായ ദേവന്മാരെല്ലാം വസിക്കുന്നു. കൈലാസം, നിഷധന്‍, നീലന്‍, ഗന്ധമാദനന്‍ മുതലായ പര്‍വ്വതങ്ങളെല്ലാം മേരുവിനെക്കാള്‍ ശ്രേഷ്ഠരാണെങ്കിലും അവര്‍ക്ക് മേരുവിനോളം അഹങ്കാരമില്ല. സൂര്യചന്ദ്രാദികള്‍ തന്നെ പ്രദക്ഷിണം വയ്ക്കുന്നുവെന്നതാണ് മേരുവിന്റെ അഹങ്കാരം. ഇതുകേട്ടപ്പോള്‍ മേരുവിനെ പാഠം പഠിപ്പിക്കാനായി വിന്ധ്യന്‍ തന്റെ കൊടുമുടികളെ വലുതാക്കി ആകാശം വരെ വളര്‍ന്നു.

സൂര്യചന്ദ്രന്മാര്‍ പടിഞ്ഞാറോട്ട് വരാന്‍ കഴിയാതെ ആകാശത്തില്‍ ഉഴുന്നുനടന്നു. ലോകഗതിമാറിയപ്പോള്‍ ദേവകള്‍ കൂട്ടമായി വന്ന് വിന്ധ്യനെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചു. ഫലമില്ലെന്നുകണ്ടപ്പോള്‍ അവര്‍ അഗസ്ത്യനെ ശരണം പ്രാപിച്ചു. അഗസ്ത്യന്‍ ഭാര്യാസമേതം കാശിയില്‍നിന്ന് വിന്ധ്യന്റെ സമീപത്തെത്തി. അഗസ്ത്യനെ കണ്ടതും തന്റെ ശിഖരങ്ങള്‍ എല്ലാമൊതുക്കി വിന്ധ്യന്‍ യഥാവിധി സ്വീകരിച്ചു. ഞാന്‍ തിരിയെ വരുന്നതുവരെ നിന്റെ തലകള്‍ താഴ്ന്നുതന്നെയിരിക്കട്ടെ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വിന്ധ്യന്‍ സമ്മതിച്ചു. അഗസ്ത്യന്‍ തെക്കോട്ട് കടന്ന് മലയാചലത്തില്‍ ഒരാശ്രമം ഉണ്ടാക്കി താമസിച്ചു. അതിനുശേഷം അഗസ്ത്യന്‍ വടക്കോട്ട് പോയതുമില്ല, വിന്ധ്യന്റെ തല ഉയര്‍ന്നതുമില്ല. പര്‍വ്വതത്തെ (അഗത്തെ) തലകുനിപ്പിച്ചതുകൊണ്ട് ഈ മുനിക്ക് അഗസ്ത്യന്‍ എന്ന് പേരുവന്നു. (ദേവീഭാഗവതം ദശമസ്കന്ദം)

അഗസ്ത്യശിഷ്യന്മാര്‍

ചട്ടമുനി, ഭോഗര്‍, ഉരോമഹര്‍ഷി, തൊല്‍കാപ്യര്‍, കൊങ്കണന്‍, കോരകര്‍, അഗ്നിവേശന്‍, പുലിപാണി സിദ്ധര്‍, അഴുകണ്ണര്‍, തിരുമൂലര്‍സിദ്ധര്‍, ഇടയ്ക്കാട്ടര്‍, പുണ്ണാക്കീശന്‍, പാമ്പാട്ടിസിദ്ധന്‍, പാശമുനി, സാരമുനി, കടുവള്ളി സിദ്ധര്‍, ബ്രഹ്മമുനി, സുതീഷ്ണന്‍ എന്നിവരൊക്കെയാണ് അഗസ്ത്യശിഷ്യന്മാര്‍ എന്ന് കരുതിപോരുന്നു.