അഗസ്ത്യാര്‍കൂടം തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാനുള്ള അംഗീകൃത പാത ബോണക്കാട്ടുനിന്നും ഏകദേശം 26 കിലോമീറ്റര്‍ താണ്ടിയുള്ള മലയോരപാതയാണ്. കാട്ടില്‍ താമസിക്കുന്ന ആദിവാസി വിഭാഗം ജനങ്ങള്‍ അംബാസമുദ്രം-പൊങ്കാലപാറ വഴിയും, കോട്ടൂര്‍ ബോണഫാള്‍സ്-അതിരുമല വഴിയും, കോട്ടൂര്‍-അതിരുമല വഴിയും അഗസ്ത്യാര്‍കൂടത്തില്‍ എത്താറുണ്ട്.

രജിസ്ട്രേഷന്‍ / പാസ്‌

മകരവിളക്കുമുതല്‍ ശിവരാത്രിവരെയുള്ള കാലയളവില്‍ (ജനുവരി- ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍)  ആണ് അഗസ്ത്യാര്‍കൂടം തീര്‍ഥാടനം. കേരളത്തിലെ വനം വകുപ്പ് തിരുവനന്തപുരം വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്റെ ഓഫീസില്‍ വിതരണം ചെയ്യുന്ന ഭക്തര്‍ക്കുള്ള പാസ്സിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ കടത്തിവിടുന്നു. ഭക്ഷണം ഉള്‍പ്പെടാതെ ഒരാള്‍ക്ക്‌ 200 രൂപയാണ സന്ദര്‍ശന ഫീസ്‌ (2011-ലെ കണക്ക്).

ഒരു ദിവസം പരമാവധി 100 പേര്‍ക്ക്‌ മാത്രമേ പ്രവേശനം അനുവദിക്കാറുള്ളൂ. പാസ്സ്‌ ആവശ്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും വിലാസവും ഏതെങ്കിലും ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും നല്‍കണം. മൂന്നുപേര്‍ക്ക്‌ ആവശ്യമായ പാസ്‌ ഒരാള്‍ക്ക്‌ ബുക്ക്‌ ചെയ്യാം. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാലും അപൂര്‍വ്വസസ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയും ദുര്‍ഘടമായ പാതകള്‍ നിറഞ്ഞതിനാലും കുത്തനെയുള്ള വഴുക്കല്‍ പാറകളുള്ളതിനാലും അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമായതിനാലാണ് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്.

സന്ദര്‍ശനത്തിന്‌ തീയതി അനുവദിക്കുന്ന സമയത്തുതന്നെ നിര്‍ദ്ദിഷ്ട ഫീസ്‌ ഒടുക്കി പാസ്സ്‌ വാങ്ങണം. വളരെ ദുര്‍ഘടം പിടിച്ച കാനനയാത്ര ആയതിനാല്‍ ശാരീരിക ക്ഷമതയുള്ളവര്‍ മാത്രമേ യാത്രയില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. പ്ലാസ്റ്റിക്‌, മദ്യം, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത്‌ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവ വനത്തിനുള്ളില്‍ അനുവദിക്കില്ല. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്‌, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനംവകുപ്പിന്റെ ഇക്കോ-ഡവലപ്മെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാന്‍റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

അഗസ്ത്യകൂടത്തിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍‌ക്ക് ഈ വിലാസത്തില്‍‌ ബന്ധപ്പെടാം: The Wildlife Warden, Agasthyavanam Biological Park, Rajeev Gandhi Nagar, Vattiyourkavu.P.O. Trivandrum 695013 Phone: 0471-2360762

തീര്‍ഥാടകര്‍ പാലിക്കാനുള്ള നിബന്ധനകള്‍

(കേരള വനം വന്യജീവി വകുപ്പ് വൈല്‍ഡ് ലൈഫ് ഡിവിഷന്‍, തിരുവനന്തപുരം അറിയിക്കുന്നത്)

  • യാത്രാനുമതി ലഭിക്കുന്ന ദിവസം രാവിലെ 9 മണിക്ക് ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ എത്തിച്ചേരേണ്ടതാണ്. 15 പേര്‍ അടങ്ങിയ ഗ്രൂപ്പുകളായി മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. ഗ്രൂപ്പ് വിട്ട് സന്ദര്‍ശകര്‍ യാത്രചെയ്യാന്‍ പാടില്ല.
  • ഓരോ ഗ്രൂപ്പിനോടൊപ്പവും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി നിയോഗിക്കുന്ന ഗൈഡുകള്‍ അനുയാത്ര ചെയ്യുന്നതായിരിക്കും.
  • വനം വകുപ്പ് ഉദ്ദ്യോഗസ്ഥരും ഗൈഡുകളും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
  • ബോണക്കാട്-ലാത്തിമൊട്ട-കരമനയാര്‍‍-അട്ടയാര്‍-അതിരുമല വഴിയുള്ള നിശ്ചിതപാതയില്‍കൂടി മാത്രം സഞ്ചരിക്കേണ്ടതാണ്.
  • ക്യാമറ, വീഡിയോക്യാമറ എന്നിവ കൊണ്ടുപോകാന്‍ ഉദ്ദേശ്ശിക്കുന്നവര്‍ പ്രസ്തുതവിവരം അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതും നിശ്ചിത ഫീസ് (25 രൂപ) ഒടുക്കി രസീത് വാങ്ങണം. സന്ദര്‍ശകരുടെ വാഹനങ്ങള്‍ ബോണക്കാട് പിക്കറ്റ് സ്റ്റേഷന്‍ പരിസരത്ത് നിര്‍ദ്ധിഷ്ട ഫീസൊടുക്കി പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒടുക്കിയിട്ടുണ്ട്. സന്ദര്‍ശകരുടെ ബാഗേജുകള്‍ യാത്രയ്ക്കുമുന്‍പും തിരികെ വരുമ്പോഴും വനം വകുപ്പുദ്ദ്യോഗസ്ഥരുടെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
  • യാതൊരു കാരണവശാലും വനത്തിനുള്ളില്‍ ഭക്ഷണം പാകംചെയ്യാന്‍ അനുവദിക്കുന്നതല്ല. അതിരുമലയിലും, ബോണക്കാട്ട് പിക്കറ്റ് സ്റ്റേഷനിലും ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നതാണ്. ഭക്ഷണം പാഴ്സല്‍ ആയും ലഭിക്കും. രാത്രിയിലുള്ള താമസം, ഭക്ഷണം മുതലായവ ബോണക്കാട് സ്റ്റേഷനിലും, അതിരുമല ഡോര്‍മെട്രിയിലും സജ്ജമാക്കിയിട്ടുള്ളതാണ്.
  • മദ്യവുമായി പിടിക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതായിരിക്കും.പുകവലി കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സിഗരറ്റ്, തീപ്പെട്ടി, ബീഡി തുടങ്ങിയവ വനത്തിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ല. കത്തി, വെട്ടുകത്തി, കോടാലി, വാള്‍, തോക്ക് തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല. പ്ലാസ്റ്റിക്കും, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്ളും എന്നിവ കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ല.
  • വനത്തേയും വന്യജീവികളേയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റേയും കടമയും ധര്‍മ്മവുമാണ്. വനപ്രദേശത്തുനിന്നും വനവിഭവങ്ങളോ, ഔഷധസസ്യങ്ങളോ അവയുടെ ഭാഗങ്ങളോ ശേഖരിക്കുന്നത് ശിഷാര്‍ഹമാണ്. യാത്രയ്ക്കിടയില്‍ വന്യജീവികളെ ശല്യപ്പെടുത്തരുത്. അവയുടെ അടുത്തുപോകുന്നതും ഫോട്ടോ എടുക്കുന്നതും അപകടകരമാണ്. ജീവന്റെ നിലനില്‍പ്പിന് അത്യന്താപേഷിതമായ അരുവികളും പുഴകളും മലിനമാക്കരുത്.
  • പാഴ്വസ്തുക്കള്‍ വലിച്ചെറിയാതെ നിക്ഷേപിക്കുന്നതിനായി വഴിയോരത്ത് കൂടകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കക്കൂസുകളും കുളിമുറികളും മാത്രമുപയോഗിച്ച് പരിസരമലിനീകരണം കഴിവതും ഒഴിവാക്കുക.