പ്രകൃതിയുമായി അലി‍ഞ്ഞുചേര്‍ന്നതായിരുന്നു അഗസ്ത്യാര്‍കൂടത്തിലേയ്ക്കുള്ള ആ യാത്ര. കാരണം നഗരതിരക്കുകളില്‍നിന്നും അകന്ന് ഗ്രാമങ്ങള്‍ക്കുമപ്പുറത്ത് കാട്ടാറിന്റേയും താഴ്വാരത്തിന്റേയും മനമയക്കുന്ന ദൃശ്യസൗന്ദര്യത്തിലൂടെയുള്ള യാത്ര, ഞങ്ങളുടെ അഗസ്ത്യാര്‍കൂടയാത്ര.

അഗസ്ത്യാര്‍കൂടം, പശ്ചിമഘട്ടമലനിരകളില്‍ പ്രകൃതിസൗന്ദര്യംകൊണ്ടും അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ നിറസാന്നിദ്ധ്യംകൊണ്ടും, നിബിഢവനങ്ങളാലും, ജലസമൃദ്ധമായ കാട്ടരുവികളാലും അനുഗ്രഹീതമായിരിക്കുന്നു. മാത്രവുമല്ല പശ്ചിമഘട്ടമലനിരകളില്‍ തെക്കേയറ്റത്തുള്ള അഗസ്ത്യപര്‍വ്വതത്തിലെ ഏറ്റവും ഉയര്‍ന്ന ഒരു ശിഖരമാണ് ഇത്. ഇതിലെ സവിശേഷമായ ജലസമ്പത്ത് കേരളത്തിലേയും തമിഴ്‍നാട്ടിലേയും നദികളെ സമ്പുഷ്ടമാക്കുന്നു. സപ്തര്‍ഷികളിലൊരാളായ അഗസ്ത്യമുനിയുടെ വാസസഥലമാണ് അഗസ്ത്യാര്‍കൂടമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആ കൂടത്തിലേയക്കുള്ള യാത്ര, ശരീരത്തിനും മനസിനും മധുരതരം. വര്‍ഷങ്ങള്‍ക്കുമുമ്പ് ജോണ്‍ അലന്‍ ബ്രൌണ്‍ എന്ന സ്കോട്ട‍്ലാന്റുകാരനായ ശാസ്ത്രജ്ഞന്‍ അഗസ്ത്യാര്‍കൂടത്തില്‍ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചിരുന്നു എന്ന് പറയപ്പെടുന്നു.

2011 ജനുവരി 14‍-‍ാം തീയതി, മലയാളമാസം മകരം ഒന്നിന് രാവിലെ ഏകദേശം 6 മണിയോടുകൂടി ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നും യാത്ര തിരിച്ചു. നെടുമങ്ങാട് പഴകുറ്റി, ചുള്ളിമാനൂര്‍, വിതുര, ജഴ്സിഫാം വരെ ഞങ്ങള്‍ക്ക് ദൃശ്യമായത് നഗരത്തിന്റേയും ഗ്രാമത്തിന്റേയും ഒരു മിശ്രിതരൂപമാണ്. പിന്നെ തനി ഗ്രാമീണത, ഒപ്പം മലനിരകളും തേയിലതോട്ടങ്ങളും കാട്ടരുവികളുടെ മനംകുളിര്‍ക്കുന്ന ശബ്ദവുമെല്ലാം. പാത ഹെയര്‍പിന്‍വളവുകളും കുത്തനെയുള്ള കയറ്റങ്ങളുമായി യാത്രയുടെ വേഗതയെ നിയന്ത്രിച്ചു. ബോണക്കാട്ട് എത്തിയപ്പോള്‍ ഏകദേശം 8 മണി കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തുനിന്ന് ബോണക്കാട് വരെ ഏകദേശം 62 കിലോമീറ്റര്‍ ദൂരമുണ്ട്. അവിടെ ഒരു വലിയ തേയിലഫാക്ടറിക്കുമുമ്പില്‍ റോ‍ഡ് അവസാനിക്കുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂര്‍ , ബോണക്കാട്, പൊന്മുടി എന്നിവിടങ്ങളില്‍ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങള്‍ തുടങ്ങിയത്. ഫാക്ടറി എന്നത് ഇപ്പോള്‍ ഇവിടെ പണ്ട് പ്രതാപത്തോടെ തലയുയര്‍ത്തിനിന്ന ഒരു കെട്ടിടത്തിന്റെ ബാക്കിപത്രം. നിലവില്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. എന്റെ സഹയാത്രികന്‍ അതിന്റെ ചിത്രമെടുത്തു. അതിന്റെ മുന്നില്‍ ഒരു ചെറിയ ബോര്‍ഡുണ്ട്. ‘മഹാവീര്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് ഇന്‍കോര്‍പറേറ്റഡ് ഇന്‍ ഇന്‍ഡ്യാ. ലയബിലിറ്റി ഓഫ് മെമ്പേഴ്സ് ലിമിറ്റഡ് ബോണക്കാട് എസ്റ്റേറ്റ്’ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലുമായി ആവര്‍ത്തിച്ചെഴുതിയിരിക്കുന്നു. ഫാക്ടറിക്കുമുന്നില്‍ റോഡുവക്കത്ത് പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒരു കല്‍ബഞ്ചും ഒരു മൈല്‍കുറ്റിയും അതില്‍ 12 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എവിടെ മുതല്‍ എവിടെവരെയാണെന്ന് അറിയില്ല. എന്തായാലും ബോണക്കാടുവരെയുള്ള ബസ് അവിടെ വരെയാണ്. ആള്‍ക്കാര്‍ ബസുകാത്തിരിക്കുന്നതും ആ കല്‍ബഞ്ചില്‍തന്നെ.

ഇനി സഞ്ചരിക്കണ്ടത് മണ്‍പാതയിലുടെയാണ്, ഇടുങ്ങിയതും ദുര്‍ഘടവുമായ പാത ഇരുചക്രവാഹനങ്ങളും പൊക്കമുള്ള ചെറിയ വണ്ടികളിലും മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ, അതിലൂടെ ഏറ്റവും അനുയോജ്യം കാല്‍നടതന്നെയാണ്. ഏകദേശം 2 കി.മീറ്റര്‍ അങ്ങനെ യാത്രചെയ്തപ്പോള്‍ ഞങ്ങള്‍ ഫോറസ്റ്റ് ഷെല്‍ട്ടറിലെത്തി. അവിടെ യാത്രയ്ക്കായി പലരും എത്തിയിരുന്നു. 9 മണിക്കാണ് ആദ്യബാച്ച് പുറപ്പെടുന്നത്. ഞങ്ങളുടെ വാഹനം ബോണക്കാട് പിക്കറ്റ് സ്റ്റേഷന്‍ പരിസരത്ത് ഫീസൊടുക്കി പാര്‍ക്ക് ചെയ്യ്തു. ക്യാമറ, വീഡിയോക്യാമറ എന്നിവയ്ക്ക് ഞങ്ങളും ഫീസ് ഒടുക്കി രസീത് വാങ്ങി.

കേരള വനം വകുപ്പാണ് അഗസ്ത്യാര്‍കൂടതീര്‍ത്ഥാടനം നിയന്ത്രിക്കുന്നതും സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതും. എല്ലാവര്‍ഷവും മകരവിളക്ക് മുതല്‍ ശിവരാത്രിവരെയുള്ള ഭക്തിപ്രധാനമായ കാലയളവിലാണ് (ഏകദേശം ജനുവരി – ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍) അഗസ്ത്യമല തീര്‍ത്ഥാടനം. തീര്‍ത്ഥാടനകാലം തുടങ്ങുന്നതിനുമുമ്പുതന്നെ, മിക്കവാറും ജനുവരിയില്‍, രജിസ്ട്രേഷന്‍ സംബന്ധിച്ച വാര്‍ത്ത പത്രങ്ങളില്‍ വരാറുണ്ട്. തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷനും പാസ്സും തിരുവനന്തപുരം വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്റെ ഓഫീസിലാണ് വിതരണം ചെയ്യുന്നത്. പരമാവധി 100 പേര്‍ക്ക്‌ മാത്രമേ ഒരു ദിവസത്തെ പ്രവേശനം അനുവദിക്കാറുള്ളൂ. പാസ്സ്‌ ആവശ്യമുള്ള ഭക്തര്‍ക്ക്‌ ഏതെങ്കിലും ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പോടൊപ്പം അപേക്ഷ പൂരിപ്പിച്ചു നല്‍കി സന്ദര്‍ശന ഫീസും അടച്ച് പാസ്‌ വാങ്ങാവുന്നതാണ്.

ഞങ്ങള്‍ക്ക് മകരമാസം ഒന്നാം തീയതി തന്നെ യാത്രയ്ക്കായി‍ അനുമതി ലഭിച്ചു. ഭക്ഷണം ഉള്‍പ്പെടാതെ ഒരാള്‍ക്ക്‌ 200 രൂപവീതം അടച്ച് ആ പാസുമായി ഷെല്‍ട്ടറില്‍ യാത്രയ്ക്കായി കാത്തുനിന്നു. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാലും, അപൂര്‍വ്വസസ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയും, ദുര്‍ഘടമായ പാതകള്‍ നിറഞ്ഞതിനാലും, കുത്തനെയുള്ള വഴുക്കല്‍ പാറകളുള്ളതിനാലും പ്ലാസ്റ്റിക്‌, മദ്യം, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത്‌ കര്‍ശനമായി നിരോധിച്ചും, പുകവലി, ഭക്ഷണം പാകംചെയ്യല്‍ എന്നിവ വനത്തിനുള്ളില്‍ അനുവദിക്കാതെയും ഈ യാത്ര വളരെ നിഷ്കര്‍ഷതയോടെ വനം വകുപ്പ് കൈകാര്യം ചെയ്തിരുന്നു. മാത്രവുമല്ല ഭക്ഷണത്തിനായി ബോണക്കാട്ടും അതിരുമലയിലുമുള്ള ഫോറസ്റ്റ് ഷെല്‍ട്ടറുകളില്‍ ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാന്റീനും അവര്‍ സജ്ജമാക്കിയിരുന്നു.

ഞങ്ങള്‍ ഓരോരുത്തരുടേയും ലഗേജുകള്‍ പരിശോധിച്ച് ഗാര്‍ഡുകള്‍ യാത്രയ്ക്കുള്ള ആദ്യബാച്ചിനെ തയ്യാറാക്കി. ഈ വര്‍ഷത്തെ കന്നിയാത്രയയപ്പിന് ഡിസ്റ്റിക് ഫോറസ്റ്റ് ഓഫീസര്‍ എത്തിയിരുന്നു. വനം വകുപ്പ് ഉദ്ദ്യോഗസ്ഥരും, ഗൈഡുകളും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും ബോണക്കാട് – ലാത്തിമൊട്ട – കരമനയാര്‍ – അട്ടയാര്‍ – അതിരുമല വഴിയുള്ള നിശ്ചിതപാതയില്‍കൂടി മാത്രം സഞ്ചരിക്കേണ്ടതാണെന്നും തുടങ്ങി വനത്തിന്റെ പ്രാധാന്യം മനസിലാക്കിതരുന്ന ഒരു ചെറുപ്രസംഗം അദ്ദേഹം അവതരിപ്പിച്ചു് ഞങ്ങളെ യാത്രയാക്കി. ഞങ്ങളോടൊപ്പം ഒരു ഗൈഡും ഉണ്ടായിരുന്നു. അയാളില്‍ നിന്നും വനത്തിനുള്ളിലെ ആദിവാസി സെറ്റില്‍മെന്റുകളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയെക്കുറിച്ചും ഭക്തര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങളും വഴികളും പറഞ്ഞു കൊടുക്കുന്നതിനും അനുഗമിക്കാനും ഈ കമ്മിറ്റിയിലെ ഓരോ ഗ്രൂപ്പ്‌ ബോണക്കാട്, ലാത്തിമൊട്ട, കരമനയാര്‍, അട്ടയാര്‍, അതിരുമല എന്നീ ക്യാമ്പുകളില്‍ സദാ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ബോണക്കാടും അതിരുമലയിലുമുള്ള ക്യാന്‍റീനുകളുടെ പ്രവര്‍ത്തനം ഈ കമ്മിറ്റിയാണ് നിര്‍വ്വഹിക്കുന്നതെന്നും ഞങ്ങള്‍ മനസ്സിലാക്കി.

കാനനപാതയിലൂടെയുള്ള യാത്ര ആരംഭിച്ചു. നിബിഡ വനങ്ങള്‍ അകലെ കാണാന്‍ കഴിയുന്നുണ്ട് ആദ്യമായി യാത്രചെയ്യുന്നവരുടെ മനസ്സില്‍ വനാന്തര്‍ഭാഗത്തിന്റെ തീവ്രത ജനിപ്പിക്കുന്ന കാഴ്ചകള്‍ ആദ്യമേ തന്നെയുണ്ടാകും പക്ഷേ സ്ഥിരം യാത്രക്കാര്‍ക്ക് വനഭംഗിയുടെ അനന്തമായ കാഴ്ചയ്ക്ക് ഇനിയും അകലമുണ്ട്. വനപാതയുടെ കുളിര്‍മ ഞങ്ങള്‍ക്കനുഭവപ്പെട്ടുതുടങ്ങി. കാട്ടരുവികള്‍ പാദസരം കിലുക്കുന്നതായി ഞങ്ങള്‍ക്കുതോന്നി. വനസംഗീതത്തിലാറാടി ഒരു പടുകൂറ്റന്‍ വൃഷച്ചുവട്ടില്‍ മലദൈവത്തിന്റെ പ്രതിഷ്ഠ. അരുവികളില്‍ പാകമെത്തിയ കല്ലുകള്‍കൊണ്ട് കരമനയാറിന്റെ കൈവഴിയുടെ തീരത്ത് ഒരു വിളക്കുതറ. ഞങ്ങള്‍ മലദൈവത്താനെ വണങ്ങി. കൈയ്യില്‍ കരുതിയ സാമ്പ്രാണി കത്തിച്ചു. പ്രകൃതിയെ വണങ്ങി.

ഇനി ഒരു കുളിയാകാം, രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണമകറ്റി വനത്തിലേയ്ക്ക് യാത്രയാകാം. കരമനയാറിന്റെ കൈവഴിയാണ് ആ അരുവിയെന്ന് ഗൈഡില്‍ നിന്നും മനസ്സിലാക്കി. ചെറിയ പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നും തുള്ളിക്കളിച്ചെത്തുന്ന അരുവിയില്‍ എത്ര നീരാടിയിട്ടും ഞങ്ങള്‍ക്ക് മതിവന്നില്ല. ആ അരുവി ചെറുചെറു വെള്ളച്ചാട്ടങ്ങള്‍ തീര്‍ത്ത് താഴേയ്ക്ക് കുതിക്കുന്നു. കുളികഴിഞ്ഞ് ‍ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. കാശിതുമ്പമുതല്‍ പേരറിയാത്ത അനേകം സസ്യങ്ങള്‍ ഞങ്ങള്‍ക്ക് അത്ഭുതമായി. മലയുടെ താഴേത്തട്ടുകളില്‍ ദുര്‍ലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നുണ്ട്. ആയുര്‍വേദത്തില്‍ മരുന്നുകള്‍ക്കായി ഉപയോഗിക്കുന്ന 2000ത്തോളം മരുന്നു ചെടികള്‍ അഗസ്ത്യകൂടത്തില്‍ കണ്ടുവരുന്നെന്നാണ് ഗവഷകരുടെ അഭിപ്രായം. ഞങ്ങള്‍ കഴിയുന്നവയുടെ ഒക്കെ ചിത്രങ്ങള്‍ ക്യാമറയ്ക്കുള്ളിലാക്കി. ഒരു സസ്യമോ വനവിഭവമോ കാടിനുള്ളില്‍നിന്ന് ശേഖരിക്കാന്‍ അനുവാദമില്ല. അടുത്ത് മറ്റൊരരുവിയുടെ കളകളാരവം, സാമാന്യം നല്ല അരുവി. അതേതെന്ന് ഞങ്ങള്‍ തിരക്കി, അട്ടയാര്‍ … ഈ പേരുകേട്ടപ്പോള്‍ അനേകജീവജാലങ്ങള്‍ ഉള്‍പ്പെട്ട വനത്തിലെ ഒരു പരാദത്തെ ജങ്ങള്‍ക്ക് ഓര്‍മ്മവന്നു, കുളയട്ട ചെറു നനവുള്ള കാനനപാതയിലുടനീളം അവയുണ്ട്. തരംകിട്ടിയാല്‍ കാലില്‍ പറ്റിച്ചേര്‍ന്ന് രക്തംകുടിക്കും കുടിച്ചുവീര്‍ത്ത് വലിയവലിപ്പത്തിലെത്തുമ്പോള്‍ മാത്രമാണ് നാം അതിനെ തിരിച്ചറിയുന്നത്. ഇതില്‍നിന്ന് രക്ഷനേടാന്‍ ഞങ്ങള്‍ കൈയ്യില്‍ പൊടിയുപ്പ് കരുതിയിരുന്നു. എങ്കിലും ഈ യാത്രയില്‍ മൂന്നുനാലെണ്ണം ഞങ്ങളേയും കടിച്ചു.

അട്ടയാര്‍ കടന്ന് ‍‍യാത്രമുന്നോട്ടുപോകുമ്പോള്‍ വഴിക്ക് അരുകില്‍ ആനപാത്തി എടുത്തിരിക്കുന്നു. വനപാലകരും ഗൈഡുകളും ആ പാത്തിക്കപ്പുറം ടെന്റടിച്ചാണ് ഇടത്താവളങ്ങളുണ്ടാക്കുന്നത്. കുറച്ചുകൂടി നടന്നപ്പോള്‍ ഒരു ചെറു അരുവി അതിനെ ഗൈഡ് കുട്ടിയാറിന്റെ കൈവഴിയെന്ന് പറഞ്ഞുതന്നു. അതു കടന്നു ചെന്നപ്പോള്‍ വിശാലമായ പുല്‍മേടാണ്. ദൂരെ അഗസ്ത്യാര്‍കൂടം ഒരു നിഴലായികാണാം. മേഘങ്ങള്‍ വീദൂരത്തില്‍ ഒഴുകി നടക്കുന്നു. നിഴല്‍ മലകളില്‍ മാറിമാറി വിലസുന്നു. മുകളിലേയ്ക്ക് ഹെയര്‍പിന്നുപോലെ ഏഴുമടക്കന്‍മല… അതിലൂടെ നടക്കുമ്പോള്‍ വെയില്‍ നല്ലവണ്ണം ശരീരത്തെ തളര്‍ത്തും കൊടും വെയിലത്തും ഒരല്പം വിശ്രമിക്കാതെ മുന്നോട്ടുപോകാന്‍ ആര്‍ക്കുമാവില്ല. കത്തിക്കാളുന്ന വെയിലില്‍ തിളങ്ങിനില്‍ക്കുന്ന ഏഴുമടക്കന്‍മലതാണ്ടി മുട്ടിടിച്ചാണിലെത്തുമ്പോള്‍ വീണ്ടും വനമായി പ്രകൃതി തീര്‍ത്ത ശീതീകരിണിയിലൂടെ സുഖമുള്ള ഒരു യാത്ര. ജീവിത്തിന്റെ സുഖദുഃഖങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു യാത്രയായി എന്നും മനസിലവശേഷിപ്പിക്കാന്‍ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. ശീതീകരിച്ച മുറിയിലെ വീര്‍പ്പുമുട്ടലുകള്‍ നമുക്ക് അന്യമാണെന്ന് പ്രകൃതി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. യാത്ര ഇന്നത്തേയ്ക്ക് അവസാനിപ്പിക്കാന്‍ ഇനി കുറച്ചുകൂടി നടന്നാല്‍ മതിയെന്ന് ഗൈഡ് പറഞ്ഞു. മാത്രവുമല്ല എന്റെ സഹയാത്രികരില്‍പലരും മുമ്പു് പലതവണ അവിടെ പോയിട്ടുണ്ട്. കാട്ടുപൂക്കളും വന്‍വൃഷങ്ങളും ചെറുചെടികളും മാത്രമല്ല പ്രകൃതിസമ്പുഷ്ടമാക്കിയിരിക്കുന്ന വനവിഭവങ്ങളും കണ്ണിന് കൗതുകങ്ങളായി നിരന്ന് കാട്ടുപാതയ്ക്കിരുവശവും കൈത്തും ദൂരത്തില്‍ കാണാം.

ശരീരം വിശ്രമം ആവശ്യപ്പെട്ടുതുടങ്ങി കാരണം ഞങ്ങള്‍ പതിനെട്ടുകി.മീറ്റര്‍ താണ്ടിയിരിക്കുന്നു. അഗസ്ത്യമലയുടെ താഴ്വാരം അതിരുമല, അവിടെ വിശ്രമസങ്കേതമൊരുക്കി വനപാലകരും ഗൈഡും കാത്തിരിക്കുന്നു, ബയിസ് ക്യാമ്പ്. ചുവരുകള്‍ കരിങ്കല്ലില്‍ തീര്‍ത്ത ഒരു കോണ്‍ക്രീറ്റ് കെട്ടിടം, വലിയ ഒരുഹാളും ഒരു വയര്‍ലസ് റൂമും അത് ഉള്‍ക്കൊള്ളുന്നു. അതിനോട് ചേര്‍ന്ന് കക്കൂസുകളും ഒരുക്കിയിട്ടുണ്ട്. താല്കാലികമായി പുല്ലില്‍ തീര്‍ത്ത ഷെഡ് ക്യാന്റീനായി പ്രവര്‍ത്തിക്കുന്നു. സൗരവിളക്കുകള്‍ പലതുണ്ടെങ്കിലും ഒന്നുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ… വാതലുകളും ജനലുകളും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. മേല്‍ക്കുരയുടെ പലഭാഗങ്ങളും അടര്‍ന്നുതുടങ്ങിയിരിക്കുന്നു. 1993 ജനുവരി നാലിന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വൈല്‍ഡ് ലൈഫ് വിംഗിനുവേണ്ടി തമ്പാനൂര്‍ രവി എം.എല്‍ . എ. തറക്കല്ലിട്ട് പണി ആരംഭിച്ച അതിരുമല ഡോര്‍മിറ്ററി പൂര്‍ത്തിയാക്കുന്നതിലുള്ള അപാകത കേസിലെത്തിനില്‍ക്കുന്നു. എങ്കിലും ഈ സൗധം യാത്രകാര്‍ക്ക് ഒരത്താണിയായി അവശേഷിക്കുന്നു. അതിന്റെ മുറ്റത്താണ് ഇപ്പോള്‍ പൊങ്കാലപ്പാറയിലിടാറുള്ള പൊങ്കാല സമര്‍പ്പിക്കുന്നത്. ഇതിന്റെ തളത്തിലിരുന്നു നോക്കിയാല്‍ അഗസ്ത്യാര്‍കൂടത്തിനെ എറ്റവും അടുത്ത് മുഴുവനായി കാണാം, മഴമേഘങ്ങള്‍ കനിയുമെങ്കില്‍ .

ഡോര്‍മിറ്ററിയുടെ വലതുഭാഗത്ത് പുല്‍മേടാണ്. അത് അഗസ്ത്യന്റെ താഴ്വാരവും, ഒരു ചെറു അരുവി ആ താഴ്വാരത്തിലൂടെ ഒഴുകുന്നുണ്ട്. വൈകുന്നേരങ്ങളിലെ കുളി അവിടുന്നാണ്. കുളികഴിഞ്ഞ് തളത്തിലിരിക്കുമ്പോള്‍ ഇരുട്ടിനോടൊപ്പം എത്തുന്ന നനുത്തകാറ്റ് ആദ്യമാദ്യം ആവേശമായും ക്രമേണ കുളിരിന്റെ മൂര്‍ദ്ധന്യത്തിലേയ്ക്കും ആനയിക്കുന്നു. അതിനുശമനമായി ഒരിത്തിരി ചൂടുകഞ്ഞി. ഇനി ഉറങ്ങാം. തണുപ്പ് എല്ലാവര്‍ക്കും പരിചിതമായതുപോലെ, ഗൈഡുകള്‍ നല്‍കിയ പുല്‍പായയില്‍ ചുരുണ്ടുകൂടി ഉള്ള സൗകര്യത്തില്‍ ഉറങ്ങാന്‍കിടക്കുന്നു. റയിഞ്ചില്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഒരിക്കല്‍പോലും ഗൃഹാതുരത്വം ഉണ്ടാക്കിയില്ല. അപ്പോഴന്നല്ല മലയിറങ്ങും വരെ.

അരിച്ചിറങ്ങുന്ന തണുപ്പ് ശരീരത്തില്‍ കുത്തികയറിയിട്ടും ക്ഷീണം ഉണരാന്‍ അനുവദിച്ചില്ല. അതിരാവിലെ ഉണരുമ്പോള്‍ എല്ലാവരും അടുത്തയാത്രയുടെ ത്രില്ലിലായിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്കുശേഷം ഞങ്ങളും ക്യാന്റീനില്‍നിന്ന് ഭക്ഷണവും കഴിച്ച് യാത്ര ആരംഭിച്ചു. പലരും ഭക്ഷണപൊതികള്‍ കൈയ്യില്‍ കരുതിയിട്ടുണ്ട്. യാത്ര തുടങ്ങുന്നിടത്ത് ആദ്യത്തേതുപോലെ ഒരു വിളക്കുതറയുടെ മുന്നില്‍ നിന്നാണ്. വനദേവത, അവിടെ വണങ്ങി ഞങ്ങള്‍ യാത്ര പുനരാരംഭിച്ചു. കുറച്ചു നടന്നപ്പോള്‍ വന്‍വൃഷങ്ങള്‍ നിലംപൊത്തി പാതയ്ക്ക് തടസമുണ്ടാക്കിയിരിക്കുന്നു. അതിനുമുകളിലൂടെ കയറിയിറങ്ങിയായിരുന്നു പിന്നീടുള്ളയാത്ര. ഉരുളന്‍പാറകളിലൂടെ നടക്കുന്നതിന് നല്ല ആയാസമാണ്. കൈയ്യില്‍ കരുതിയ ഊന്നുവടി പലസന്ദര്‍ഭങ്ങളിലും തെന്നിവീഴലുകളില്‍ നിന്നും കാത്തു. ഏറെയെത്തും മുമ്പുതന്നെ ഈറ്റക്കാടുകള്‍ കണ്ടുതുടങ്ങി. ഇവിടെ ആനകള്‍കാണാന്‍ സാദ്ധ്യതയുണ്ടെന്ന് ഗൈ‍ഡ് ഓര്‍മ്മപ്പെടുത്തി. കല്ലാനകളെക്കുറിച്ച് എന്റെ സുഹ‍ൃത്ത് ഗൈഡിനോട് തിരക്കി. അവരാരും കണ്ടിട്ടില്ല, അവര്‍ക്കും കേട്ടറിവേയുള്ളൂ. കാട്ടുപോത്തുകളുടെ കുളമ്പിന്‍പാടുകള്‍ പലയിടങ്ങളിലും ഞങ്ങള്‍ കണ്ടു. ഈറക്കൂട്ടം അനങ്ങുമ്പോള്‍ ആനയാണോ എന്ന് പലപ്പോഴും ഭയപ്പെട്ടു. കുറെയധികം നടന്നപ്പോള്‍ ചെറു അരുവികളും പാറക്കൂട്ടങ്ങളും കണ്ടുതുടങ്ങി അവിടെ കുറച്ചുവിശ്രമിച്ച് പാറക്കുട്ടങ്ങള്‍ക്കിടയ്ക്കുള്ള ചെറുവഴികളിലൂയെ മുന്നോട്ടുപോയി. പാറകള്‍ക്കിടയ്ക്ക് പൊക്കംകുറഞ്ഞ വൃഷങ്ങള്‍ നിറയെ പലനിറത്തിലുള്ള പൂക്കള്‍ചൂടി വസന്തമാഘോഷിക്കുന്നു. ഒരു ഛായാഗ്രാഹകന് പകര്‍ത്താവുന്നതിലുമേറെ വര്‍ണ്ണങ്ങള്‍. അവിടെനിന്ന് നോക്കിയാല്‍ ഞങ്ങള്‍ വിശ്രമിച്ച അതിരുമലയിലെ സങ്കേതം ഒരു കളിവീടുപോലെകാണാം.

കുറേനേരം ആധുനിക പാര്‍ക്കിലെ പൂന്തോട്ടങ്ങളെ വെല്ലുന്ന പ്രകൃതിയില്‍ ലയിച്ച് ഞങ്ങള്‍ നിന്നുപോയി. താണ്ടാനുള്ള പാതയുടെ ബാക്കിയോര്‍ത്ത് ഞങ്ങള്‍ വീണ്ടും നടന്നു. മിനുസമുള്ള ഒരു പാറകയറിചെന്നപ്പോള്‍ കണ്ണാടിപോലെയുള്ള ഒരുറവ അത് അരുവിയായി താഴേയ്ക് ഒഴുകുന്നു. തമിഴ്നാട്ടിലെ താമ്രഭരണിയുടെ കൈവഴിയാണതെന്ന് ഗൈഡില്‍ നിന്നും അറിഞ്ഞു. വനവാസക്കാലത്ത് സീതാദേവി കുളിച്ച സീതാതീര്‍ഥമാണ് അതെന്നും ആദിവാസികള്‍ വിശ്വസിക്കുന്നു. പിന്നെ വീണ്ടും കുളിയ്ക്കുക എന്ന പൂതി മനസിനേയും ശരീരത്തിനേയും അതിലേയ്ക്ക് ലയിപ്പിച്ചു.

കുളികഴിഞ്ഞ് ഒരു വലിയ തൂക്കായ പാറ കയറിവേണം പൊങ്കാലപ്പാറയിലെത്താനെന്ന് സഹയാത്രികര്‍ പറഞ്ഞു. ഞങ്ങള്‍ പാറകയറിത്തുടങ്ങി, അകലെ പുല്‍മേടുപോലുള്ള മലനിരകള്‍കാണാം. പാറയ്ക്കുമുകളിലെത്തിയപ്പോള്‍ പൊങ്കാലപ്പാറ, അവിടെ ഒരാദിവാസിയുവാവ് പൊങ്കാലയര്‍പ്പിക്കുന്നു. നല്ല കാറ്റുള്ള പ്രദേശത്ത് ഒരിത്തിരിഭാഗത്തുമാത്രമാണ് പൊങ്കാലയിടാന്‍ സാധിക്കുക. അതിനും മുകളിലായി കുത്തനെയുള്ള പാറയ്ക്കുമുകളില്‍ ഒരു ഗണപതിപ്രതിഷ്ഠയുണ്ട് അവിടെ കയറിപ്പറ്റാന്‍ ഒരിത്തിരി പ്രയാസമാണ്. എങ്കിലും ഞങ്ങള്‍ അവിടെ കയറി ഗണപതിയെ വണങ്ങി. താഴെ പൊങ്കാലയടുപ്പിനരുകിലായി ഒരു പൊന്തക്കാട് അതിനുള്ളിലും മലദൈവത്തിന്റെ ഏന്തോ പ്രതിഷ്ഠ. എല്ലാം ആചാരങ്ങളായി ആദിവാസികള്‍ അനുവര്‍ത്തിക്കുന്നു.

പൊങ്കാലപാറയില്‍ കുമ്പിട്ട് ഞങ്ങള്‍ പതിയെ പാറകള്‍ കയറിത്തുടങ്ങി വലിയ വലിയ പാറക്കുട്ടങ്ങള്‍ ചെറുതാഴ്വാരങ്ങള്‍ അരുവികള്‍ .കാഴ്ചകളും അനുഭവങ്ങളും സാഹസികതയും മനസ്സിനെ ഉല്ലാസപ്രഥമാക്കികൊണ്ടിരുന്നു. ഒരു വഴുക്കന്‍ പാറയ്ക്ക് മുമ്പിലെത്തുന്നതിനായി നടക്കുമ്പോള്‍ ആരോ മരുന്നുണ്ടാക്കാനായി വിശാലമായ പാറയില്‍ ഒരു ഉരള്‍ക്കുഴി തയ്യാറാക്കിയിരിക്കുന്നു. ഊന്നുവടി കുത്തിപ്പിടിച്ച് വലിഞ്ഞിഴഞ്ഞ് ഈ പാറ കയറുമ്പോള്‍ നാം കരുതും ഇതാവണം അഗസ്ത്യാരുടെ ഉച്ചിയെന്ന് . എന്നാല്‍ അതിനുമപ്പുറത്ത് ഒരു പുതിയ വനപ്രദേശം ദൃശ്യമാകുമ്പോള്‍ നാം അറിയാതെ പ്രകൃതിയുടെ മാസ്മരിക വലയത്തിലേയ്ക്ക് എത്തിപ്പെടുന്നു.

ഇത്രയും ഉയരത്തില്‍ പാറകള്‍ക്കുമപ്പുറത്ത് ഒരു പുതിയ വനസഞ്ചയം അതില്‍ അപൂര്‍വ്വയിനം പച്ചമരുന്നുകള്‍ പൂക്കള്‍ കിളികള്‍ കുഞ്ഞ് അരുവികള്‍ ‍…, വര്‍ണ്ണിക്കാവുന്നതിലുമേറെ. അതെത്തിനില്‍ക്കുന്നതോ ഒരാള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്നതായ പാറയിടുക്ക് അതിലൂടെ തപ്പിപ്പിടിച്ച് മുകളിലെത്തുമ്പോള്‍ ഗ്രാമത്തിലെ കാവുകളെ അനുസ്മരിപ്പിക്കുമാറ് വള്ളികളും ചെറുമരങ്ങളും വഴുക്കല്‍ തൊളിനിറഞ്ഞതുമായ കുഞ്ഞുപാതകള്‍ . ഒന്നുരണ്ടുതവണ ഞാന്‍ വഴുക്കിവീണു. അതൊന്നും ഉന്മത്തമായ മനസ്സിനെ കീഴടക്കിയില്ല. അതുകയറിചെന്നെത്തിയത് തൂക്കായ ഒരു വന്‍ പാറയുടെ മുന്നിലാണ് ആപാറയില്‍ ചാരികിടക്കുമ്പോള്‍ അമ്മ കുഞ്ഞുന്നാളില്‍ മാറിലൊതുക്കിപിടിച്ചിരുന്ന വാത്സല്യം ഞാന്‍ അനുഭവിക്കുകയായിരുന്നു. മഞ്ഞുതുള്ളികള്‍ ലയിപ്പിച്ച് കാറ്റ് ഞങ്ങളെ വാരിപ്പുണര്‍ന്നു. അതെനിക്ക് ഹ‍ൃദയത്തില്‍ ഉള്‍ക്കൊള്ളുന്നതിനും അപ്പുറത്തായിരുന്നു. ഇട്ടിരുന്ന ഷര്‍ട്ടുകൂടി അഴിച്ച് സഞ്ചിക്കുള്ളിലേയ്ക്ക് തിരുകുമ്പോള്‍ പ്രകൃതി എന്നിലേയ്ക്ക് ആവാഹിച്ചൊഴുകുകയായിരുന്നു.

വഴുക്കല്‍ നിറഞ്ഞ കൂറ്റന്‍പാറകയറുന്നതിന് സഹായകമായി വലിയ കയറുകള്‍ കെട്ടിയിട്ടുണ്ടായിരുന്നു. ഒരുവിധത്തില്‍ തൂങ്ങികയറി മുകളിലെത്തിയപ്പോള്‍ കള്ളിച്ചെടികളും ചെറുസസ്യങ്ങളും പൂത്ത് നിറഞ്ഞ ഒരടിവാരം. അത് എളുപ്പം പിന്നിടാന്‍ കഴിഞ്ഞു. ഇനി രണ്ടു വലിയപാറകള്‍ കൂടി കയറിയാല്‍ കൂടത്തിലെത്താം. ഞങ്ങള്‍ ആവേശത്തിലായിരുന്നു. മഞ്ഞു് തലമുടികളിലും ശരീരത്തിലും പറ്റിപിടിച്ചു. മേഘത്തിനോട് തൊട്ടുരുമി ഞങ്ങള്‍ പാറകയറി മുകളിലെത്തി… അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയില്‍. ഒരിക്കലും കൈവെള്ളകൊണ്ട് മേഘത്തിനെ തൊടാനാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇത് ‍യാഥാര്‍ത്യമാണോ എന്ന് പലവുരു ‍ഞാനെന്നോട് ചോദിച്ചു. ഇതിനെല്ലാം അത്ഭുതമായി കൂടത്തിന്റെ ഒരുകോണില്‍ അഗസ്ത്യരുടെ ഒരു പൂര്‍ണ്ണകായ പ്രതിമ. അവിടെ ഒരു പച്ചതുരുത്ത് അതിനെല്ലാമുപരി അവിടെ ഒരു കല്‍വിളക്ക് കത്തുന്നു. ഇത്രയും ശക്തമായ കാറ്റിനും മേഘപാളികള്‍ക്കുമിടയ്ക്ക് ഒരു തടസവുമില്ലാതെ.

കൂടത്തില്‍ നിന്ന് വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കരുതെന്ന് ഗൈഡ് മുന്നറിയിപ്പ് തന്നിട്ടുണ്ട്. മേഘത്തില്‍ ശബ്ദവീചികള്‍ പതിക്കുമ്പോള്‍ മഴയുണ്ടാകാന്‍ സാധ്യതകൂടുതലാണെന്ന് അവര്‍ പറഞ്ഞു. അതില്‍ ദൈവീകമായി, ശബ്ദം കൂടിയാല്‍ പ്രകൃതി കോപിക്കുമെന്ന് അവര്‍ വിശ്വസിച്ചു.

അധികനേരം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല മേഘങ്ങള്‍ ഞങ്ങളെ പരസ്പരം മറച്ചുതുടങ്ങി. നേരത്തേ കയറിയവര്‍ ശബ്ദമുണ്ടാക്കിയതിനാല്‍ മഴപെയ്യാന്‍ പോകുന്നുവെന്ന് ഗൈഡ് പറഞ്ഞു. അവര്‍ മാത്രമല്ല വനപാലകരം അകുതന്നെ ആവര്‍ത്തിച്ചു. സത്യമെന്തായാലും ഞങ്ങള്‍ പാറനിരങ്ങിയിറങ്ങിതുടങ്ങിയപ്പോള്‍ മഴപെയ്തുതുടങ്ങി. മലയിറങ്ങുമ്പോള്‍ കൂടത്തിനുമുകളില്‍ നിന്നുള്ള ദൃശ്യാനുഭവം മേഘം മറച്ചതിന്റെ ഒരു നിരാശമനസ്സില്‍ അവശേഷിച്ചു. അവിടെനിന്നുള്ള കാഴ്ച അതിമനോഹരമാണെന്നാണ് കണ്ടിട്ടുള്ള എന്റെ സ്നേഹിതന്‍ പറഞ്ഞത് . അങ്ങകലെ പഞ്ചപാണ്ഡവരെന്നു വിശേഷിപ്പിക്കുന്ന അഞ്ചുമലനിരകള്‍ ഒരേ ഉയരത്തില്‍ കാണാമെന്നും മറ്റും. ഇനി അടുത്തയാത്രയിലാകട്ടെ എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ പതിയെ മലയിറങ്ങി. വളരെ സാഹസികമായിരുന്നു മലയിറക്കം, പരസ്പരം കാണുക തന്നെ അസാധ്യമായിരിക്കെ വഴികള്‍ തപ്പിതടഞ്ഞ് കിഴുക്കാം തൂക്കായ പാറക്കെട്ടുകള്‍ പൊങ്കാലപ്പാറവരെ ഞങ്ങള്‍ക്ക് ദുസ്സഹമായിരുന്നു. അതിനുശേഷം മഴകുറഞ്ഞു. ക്യാമ്പിലെത്തുമ്പോഴേക്കും മഴവീണ്ടും ശക്തമായി.

അന്നേത്തേയ്ക്ക് അവിടെ കഴിച്ചുകൂട്ടി പിറ്റേന്ന് തിരികെയിറങ്ങുമ്പോള്‍ അഗസ്ത്യാര്‍കൂടത്തില്‍ മഴ ശക്തമായി. താഴെ മലനിരകളില്‍ ശാന്തമായ പ്രകൃതിയും. അതൊരനുഗ്രഹമെന്നപോലെ കഴിഞ്ഞ ദിവസത്തെ യാത്രയുടെ സുഖം നുകര്‍ന്ന് മലയിറങ്ങി. ഏഴുമടക്കന്‍ മലയിലെ പുല്‍മേട്ടില്‍ ഞങ്ങളെ സ്വാഗതം ചെയ്യുമ്പോലെയുള്ള മഴവില്ലിന്റെ വലിയ കമാനം ഒപ്പിയെടുക്കാന്‍ എന്റെ സുഹൃത്ത് മറന്നില്ല.

കുട്ടിയാറും അട്ടയാറും കരമനയാറുംകടന്ന് ഞങ്ങള്‍ ബോണക്കാടെത്തി….. യാത്രയുടെ സുഖം മനസ്സില്‍ എന്നന്നേയ്ക്കും കോറിയിട്ട് ഞങ്ങളുടെ വാഹനത്തില്‍ തിരികെ നാട്ടിലേയ്ക്ക്,… തീര്‍ന്നില്ല… കാട്ടരുവികള്‍ തീര്‍ത്ത പുഴ കുളിക്കടവൊരുക്കി ബോണക്കാട്ട് താഴെ ഞങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു.

അഗസ്ത്യകൂടത്തിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍‌ക്ക് ഈ വിലാസത്തില്‍‌ ബന്ധപ്പെടാം: The Wildlife Warden, Agasthyavanam Biological Park, Rajeev Gandhi Nagar, Vattiyourkavu.P.O. Trivandrum 695013 Phone: 0471-2360762