കേരളത്തെ ഒരു കോട്ടപോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടമലനിരകളില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ ഒരു പര്‍വ്വത മേഖലയായ അഗസ്ത്യ വനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ്  അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല. ഏകദേശം 1868 മീറ്റര്‍ (6129 അടി) ഉയരം ഇതിന് കണക്കാക്കപ്പെടുന്നു. ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയും കൂടം തന്നെ. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുമായിട്ടാണ് ഈ പര്‍വ്വതം സ്ഥിതിചെയ്യുന്നത്. 2001 നവംബര്‍ 12-ന് നിലവില്‍ വന്ന അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിനു ഉദ്ദേശം 3500 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇതിന്റെ 1828ചതുരശ്ര കിലോമീറ്റര്‍ കേരളത്തിലും ബാക്കി ഭാഗം തമിഴ്‌നാട്ടിലുമാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്‌ ആയ അഗസ്ത്യ വനം ബയോസ്ഫിയറില്‍ നെയ്യാര്‍ , പേപ്പാറ വന്യജീവി സങ്കേതങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.

അഗസ്ത്യമുടിയുടെ നെറുകയിലുളള ചോലവനത്തിലാണ് അഗസ്ത്യമുനിയുടെ പൂര്‍ണ്ണകായ പ്രതിഷ്ഠയുള്ളത്. മഹാശിവരാത്രിയോടനുബന്ധിച്ച് വര്‍ഷന്തോറും രണ്ടു മാസം അഗസ്ത്യാര്‍കൂടത്തിലേക്കുള്ള തീര്‍ഥാടനയാത്ര അനുവദിക്കുന്നു. കേരളത്തിലെ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് യാത്രയുടെ രജിസ്ട്രേഷന്‍. വൈല്‍ഡ് ലൈഫ് ഗാര്‍ഡുകളുടെ സംരക്ഷണം അഗസ്ത്യാര്‍കൂടയാത്രക്കാരെ സഹായിക്കുന്നു. കേരളത്തിലെ വനസംരക്ഷണ വകുപ്പിലെ പേപ്പാറ വനമേഖലയാണ് ഇതിന്റെ സംരക്ഷണവും യാത്രാ നിയന്ത്രണവും ഏറ്റെടുത്തിരിക്കുന്നത്.

വളരെ ദുര്‍ഘടം പിടിച്ച കാനനയാത്ര ആയതിനാല്‍ ശാരീരിക ക്ഷമതയുള്ളവര്‍ മാത്രമേ യാത്രയില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. പ്ലാസ്റ്റിക്‌, മദ്യം, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത്‌ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവ വനത്തിനുള്ളില്‍ അനുവദിക്കില്ല. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്‌, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനംവകുപ്പിന്റെ ഇക്കോ-ഡവലപ്മെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാന്‍റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അവിടെ നിന്നും മാത്രം ആഹാരം കഴിക്കുക.

വര്‍ഷംതോറും തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നത് ഇവിടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വൈരവിഹാരത്തിനും കോട്ടംതട്ടാന്‍ സാധ്യത ഏറെയാണ്. തീര്‍ഥാടനപാത നിബിഡ വനത്തിലൂടെ ആയതിനാല്‍ വനാന്തരീക്ഷത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാനും മനുഷ്യ സ്പര്‍ശം മൂലം കാട്ടുതീ പടരാനുമുള്ള സാധ്യത ഏറെയാണ്.

അതിനാല്‍ തീര്‍ഥാടനത്തിനു പോകുന്നവര്‍ ദയവുചെയ്ത് ഈ കാര്യങ്ങള്‍ പാലിക്കുക :

  1. എല്ലാത്തരം പ്ലാസ്റ്റിക്‌ വസ്തുക്കളും യാത്രയില്‍ നിന്നും ഒഴിവാക്കുക.
  2. മദ്യം ഉപയോഗിക്കുകയോ കുപ്പികള്‍ കാട്ടില്‍ പൊട്ടിച്ചിടുകയോ ചെയ്യരുത്.
  3. പുകവലി, ആഹാരം പാകം ചെയ്യല്‍ മുതലായവ കാട്ടുതീ ഉണ്ടാകാന്‍ കാരണമാക്കുമെന്നതിനാല്‍ യാത്രയില്‍ നിന്നും ഒഴിവാക്കുക.
  4. പഴങ്ങള്‍ പോലുള്ള ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞാലും പ്രകൃതിക്ക് ദോഷമുണ്ടാകാത്ത ആഹാര സാധനങ്ങള്‍ മാത്രം യാത്രയില്‍ കൂടെ കരുതുക.
  5. പൊങ്കാലപ്പാറയില്‍ കൂട്ടുന്ന അടുപ്പിലെ തീ അണഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറുക.
  6. ലോകത്തിലെ തന്നെ അത്യപൂര്‍വമായ സസ്യജാലങ്ങള്‍ ഉള്ളതിനാല്‍ അവയെ നശിപ്പിക്കാതിരിക്കുക.
  7. ഉണങ്ങിയ കമ്പുകളും ചില്ലകളും എടുക്കുമ്പോള്‍ സൂക്ഷിക്കുക. അവയില്‍ ചെറിയ തരം പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം ചില്ലകള്‍ കണ്ടാല്‍ അവ ഉപേക്ഷിക്കുക. ഒരു കാരണവശാലും പാമ്പുകളെ കൊല്ലരുത്. ഓര്‍ക്കുക ആ മിണ്ടാപ്രാണികള്‍ നമ്മുടെ അടുത്തല്ല, നാം അവരുടെ അടുത്തേയ്ക്ക് ആണ് പോയതെന്ന്.
  8. ഉഗ്രവിഷമുള്ള ചിലയിനം കള്ളിച്ചെടികളും മറ്റുമുള്ളതിനാല്‍ ചെടികള്‍ വെട്ടുകയോ ഒടിക്കുകയോ ചെയ്യരുത്.