ഹനൂമത്സമാഗമം – കിഷ്കിന്ദാകാണ്ഡം (59)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഹനൂമത്സമാഗമം

കാലേ വസന്തേ സുശീതളേ ഭൂതലേ
ഭൂലോകപാലബാലന്മാരിരുവരും.
ഋശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം
നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും
സീതാവിരഹം പൊറാഞ്ഞു കരകയും
ചൂതായുധാര്‍ത്തി മുഴുത്തു പറകയും
ആധികലര്‍ന്നു നടന്നടുക്കുംവിധൗ
ഭീതനായ്‌വന്നു ദിനകരപുത്രനും,
സത്വരം മന്ത്രികളോടും കുതിച്ചു പാ-
ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാന്‍.
മാരുതിയോടു ഭയേന ചൊല്ലീടിനാന്‍ഃ
“ആരീ വരുന്നതിരുവര്‍ സന്നദ്ധരായ്‌?
നേരേ ധരിച്ചു വരിക നീ വേഗേന
വീരന്മാരെത്രയുമെന്നു തോന്നും കണ്ടാല്‍.
അഗ്രജന്‍ ചൊല്‍കയാലെന്നെബ്ബലാലിന്നു
നിഗ്രഹിപ്പാനായ്‌വരുന്നവരല്ലല്ലീ?
വിക്രമമുളളവരെത്രയും, തേജസാ
ദിക്കുകളൊക്കെ വിളങ്ങുന്നു കാണ്‍ക നീ.
താപസവേഷം ധരിച്ചിരിക്കുന്നിതു
ചാപബാണാസിശസ്‌ത്രങ്ങളുമുണ്ടല്ലോ.
നീയൊരു വിപ്രവേഷംപൂണ്ടവരോടു
വായുസുത! ചെന്നു ചോദിച്ചറിയേണം.
വക്ത്രനേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍-
ചിത്തമെന്തെന്നതറിഞ്ഞാല്‍ വിരവില്‍ നീ
ഹസ്തങ്ങള്‍കൊണ്ടറിയിച്ചീട നമ്മുടെ
ശത്രുക്കളെങ്കി,ലതല്ലെങ്കില്‍ നിന്നുടെ
വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ
മിത്രമെന്നുളളതുമെന്നോടു ചൊല്ലണം.’
കര്‍മ്മസാക്ഷിസുതന്‍ വാക്കുകള്‍ കേട്ടവന്‍
ബ്രഹ്‌മചാരിവേഷമാലംബ്യ സാദരം
അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ-
നഞ്ജനാപുത്രനും ഭര്‍ത്തൃപാദ‍ാംബുജം.
കഞ്ജവിലോചനന്മാരായ മാനവ-
കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌,
“അംഗജന്‍തന്നെജ്ജയിച്ചോരു കാന്തിപൂ-
ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും
ആരെന്നറികയിലാഗ്രഹമുണ്ടതു
നേരേ പറയണമെന്നോടു സാദരം.
ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു-
മര്‍ക്കനിശാകരന്മാരെന്നു തോന്നുന്നു.
ത്രൈലോക്യകര്‍ത്തൃഭൂതന്മാര്‍ ഭവാന്മാരെ-
ന്നാലോക്യ ചേതസി ഭാതി സദൈവ മേ.
വിശ്വൈകവീരന്മാരായ യുവാക്കളാ-
മശ്വിനിദേവകളോ മറ്റതെന്നിയേ
വിശ്വൈകകാരണഭൂതന്മാരായോരു
വിശ്വരൂപന്മാരാമീശ്വരന്മാര്‍ നിങ്ങള്‍
നൂനം പ്രധാനപുരുഷന്മാര്‍ മായയാ
മാനുഷാകാരേണ സഞ്ചരിക്കുന്നിതു
ലീലയാ ഭൂഭാരനാശനാര്‍ത്ഥം പരി-
പാലനത്തിന്നു ഭക്താന‍ാം മഹീതലേ
വന്നു രാജന്യവേഷേണ പിറന്നൊരു
പുണ്യപുരുഷന്മാര്‍ പൂര്‍ണ്ണഗുണവാന്മാര്‍
കര്‍ത്തും ജഗല്‍സ്ഥിതിസംഹാരസര്‍ഗ്ഗങ്ങ-
ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാര്‍.
മുക്തി നല്‍കും നരനാരായണന്മാരെ-
ന്നുള്‍ത്താരിലിന്നു തോന്നുന്നു നിരന്തരം.”
ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന
ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമന്‍:
“പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ!
നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം.
ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കല്‍
നല്ല വൈയാകരണന്‍ വടു നിര്‍ണ്ണയം.”
മാനവവീരനുമപ്പോളരുള്‍ചെയ്‌തു
വാനരശ്രേഷ്ഠനെ നോക്കി ലഘുതരം:
“രാമനെന്നെന്നുടെ നാമം ദശരഥ-
ഭൂമിപാലേന്ദ്രതനയ,നിവന്‍ മമ
സോദരനാകിയ ലക്ഷ്‌മണന്‍, കേള്‍ക്ക നീ
ജാതമോദം പരമാര്‍ത്ഥം മഹാമതേ!
ജാനകിയാകിയ സീതയെന്നുണ്ടൊരു
മാനിനിയെന്നുടെ ഭാമിനി കൂടവെ.
താതനിയോഗേന കാനനസീമനി
യാതന്മാരായി തപസ്സുചെയ്‌തീടുവാന്‍.
ദണ്ഡകാരണ്യേ വസിക്കുന്നനാളതി-
ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍
ജാനകീദേവിയെക്കട്ടുകൊണ്ടീടിനാന്‍,
കാനനേ ഞങ്ങള്‍ തിരഞ്ഞു നടക്കുന്നു.
കണ്ടീലവളെയൊരേടത്തുമിന്നിഹ
കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ!
ചൊല്ലീടുകെ”ന്നതു കേട്ടൊരു മാരുതി
ചൊല്ലിനാന്‍ കൂപ്പിത്തൊഴുതു കുതൂഹലാല്‍:
സുഗ്രീവനാകിയ വാനരേന്ദ്രന്‍ പര്‍വ്വ-
താഗ്രേ വസിക്കുന്നിതത്ര രഘുപതേ!
മന്ത്രികളായ്‌ ഞങ്ങള്‍ നാലുപേരുണ്ടല്ലോ
സന്തതംകൂടെപ്പിരിയാതെ വാഴുന്നു.
അഗ്രജനാകിയ ബാലി കപീശ്വര-
നുഗ്രനാട്ടിക്കളഞ്ഞീടിനാന്‍ തമ്പിയെ.
സുഗ്രീവനുളള പരിഗ്രഹം തന്നെയു-
മഗ്രജന്‍തന്നെ പരിഗ്രഹിച്ചീടിനാന്‍.
ഋശ്യമൂകാചലം സങ്കേതമായ്‌വന്നു
വിശ്വാസമോടിരിക്കുന്നിതര്‍ക്കാത്മജന്‍
ഞാനവന്‍തന്നുടെ ഭൃത്യനായുളേളാരു-
വാനരന്‍ വായുതനയന്‍ മഹാമതേ!
നാമധേയം ഹനൂമാനഞ്ജനാത്മജ-
നാമയം തീര്‍ത്തു രക്ഷിച്ചുകൊളേളണമേ!
സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കില്‍
നിഗ്രഹിക്കാമിരുവര്‍ക്കുമരികളെ.
വേലചെയ്യാമതിനാവോളമാശു ഞാ,-
നാലംബനം മേറ്റ്നിക്കില്ല ദൈവമേ!
ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളു-
കുള്‍ത്താപമെല്ലാമകലും ദയാനിധേ!”
എന്നുണര്‍ത്തിച്ചു നിജാകൃതി കൈക്കൊണ്ടു
നിന്നു തിരുമുമ്പിലാമ്മാറു മാരുതി.
“പോക മമ സ്കന്ധമേറീടുവിന്‍ നിങ്ങ-
ളാകുലഭാവമകലെക്കളഞ്ഞാലും.”
അപ്പോള്‍ ശബരിതന്‍ വാക്കുകളോര്‍ത്തുക-
ണ്ടുല്‍പലനേത്രനനുവാദവും ചെയ്‌തു.

Close