ദ്രവ്യം കര്‍ മ്മ ച കാലശ്ച സ്വഭാവോ ജീവ ഏവ ച
വാസുദേവാത്‌ പരോ ബ്രഹ്മന്നചാന്യോ ര്‍ത്ഥോ സ് തിതത്ത്വതഃ (2-5-14)
നാരായണോപരോ യോഗോ നാരായണപരം തപഃ
നാരായണപരം ജ്ഞാനം നാരായണപരാ ഗതിഃ (2-5-16)
കാര്യകാരണകര്‍ത്തൃത്വേ ദ്രവ്യജ്ഞാനക്രിയാശ്രയാഃ
ബധ്നന്തി നിത്യദാ മുക്തം മായിനം പുരുഷം ഗുണാഃ (2-5-19)

ശുകമുനി പറഞ്ഞു:

നാരദന്‍ ഇതേ ചോദ്യം ബ്രഹ്മാവിനോടു ചോദിക്കുകയുണ്ടായി. ഉത്തരമായി സൃഷ്ടികര്‍ത്താവ്‌ വെളിപ്പെടുത്തിയ സത്യത്തെ ഞാന്‍ നിങ്ങള്‍ക്ക്‌ വിവരിച്ചു തര‍ാം.

നാരദന്‍ ചോദിച്ചു: “പ്രഭോ, അങ്ങ്‌ തപസ്സും ധ്യാനവും ചെയ്തു എന്നതില്‍നിന്നും അങ്ങേക്കുപരിയായി ആരോ ഉണ്ടെന്ന നിഗമനത്തിലാണ്‌ ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നുത്‌. ആരാണവിടുത്തെ നിലനിര്‍ത്തി ഈ സൃഷ്ടികള്‍ക്കുവേണ്ട ഊര്‍ജ്ജവും ദ്രവ്യവും പ്രദാനം ചെയ്യുന്നുത്‌?”

ബ്രഹ്മാവു പറഞ്ഞു: മകനേ, നിന്റെ ചോദ്യത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം, പരമാത്മാവിനെപ്പറ്റി ഓര്‍ക്കാനും പറയാനും ദിവ്യമഹിമകള്‍ വാഴ്ത്താനുമുളള അവസരമാണല്ലോ എനിക്കു ലഭിക്കുന്നത്‌. എല്ലാറ്റ‍ിനുമുപരിയായുളള ആ നാഥനാണ്‌ ശരിയായ സൃഷ്ടികര്‍ത്താവ്‌. ഞാനല്ലതന്നെ. വിഡ്ഢികളാണ്‌ എന്നെ സൃഷ്ടാവെന്നു കരുതുന്നത്‌. അവരാണ്‌ ശരീരത്തെ ആത്മാവെന്നുകരുതി ശരീരോപാധികളെ സ്വന്തമെന്നു വിശ്വസിക്കുന്നുത്‌. സത്യംപറഞ്ഞാല്‍ ശ്രീകൃഷ്ണഭഗവാനല്ലാതെ ഒന്നുമില്ല. ആ നാഥന്‍ മാത്രമേയുളളൂ. യാതൊരു ദ്രവ്യവും വസ്തുവും പ്രവര്‍ത്തനവും കാലവും പ്രകൃതിയും ജീവികളും ഇല്ലതന്നെ. ആ നാഥന്‍ മാത്രമേയുളളൂ.. യോഗധ്യാനങ്ങളുടെ ലക്ഷ്യം നാരായണനത്രെ. തപസ്സും വിജ്ഞാനയോഗങ്ങളും അതേ നാരായണനെ തേടിത്തന്നെ. ഒരുവന്റെ വിധിനിയോഗവും അന്തിമമായി അവിടെത്തന്നെ. നാരായണനാകട്ടെ മൂന്നുഗുണങ്ങള്‍ക്കും അതീതനാണ്‌ (പവിത്രത അല്ലെങ്കില്‍ സത്വഗുണം, പ്രവര്‍ത്തനപരത അല്ലെങ്കില്‍ രജോഗുണം, നിഷ്ക്രിയത്വം അല്ലെങ്കില്‍ തമോഗുണം). വ്യക്തിപരമായി ആത്മാവിനെ ഈ ഗുണങ്ങള്‍ ബന്ധിപ്പിക്കുന്നു. അന്തിമവിശകലനത്തില്‍ , പരിപൂര്‍ണ്ണസ്വതന്ത്രനെങ്കില്‍കൂടി, കര്‍മ്മം, കര്‍മ്മോപകരണങ്ങള്‍, ‘ഞാന്‍ ചെയ്യുന്നു’ എന്ന അഭിമാനം, എന്നീ മൂന്നുപാധികള്‍, ദ്രവ്യം, ബുദ്ധി കര്‍മ്മങ്ങള്‍ ഇവയോടുചേര്‍ന്ന് മായയാല്‍ ആത്മാവിനെ ബന്ധിപ്പിക്കുന്നുതായി അനുഭവപ്പെടുന്നു.

ഭഗവാന്‍ സൃഷ്ടിക്കായി തീരുമാനിച്ചപ്പോള്‍ സ്വമായയാല്‍ തന്നില്‍ ലീനമായിരുന്ന കാലത്തേയും
കര്‍മ്മങ്ങളേയും പ്രകൃതിയേയും ഉണര്‍ത്തി. കാലം പ്രകൃതിയുടെ സംതുലനത്തെ ഇളക്കിമറിച്ചു. അങ്ങിനെ പ്രകൃതിഗുണങ്ങളുണ്ടായി (സത്വരജസ്തമോഗുണങ്ങള്‍). കര്‍മ്മത്തില്‍ നിന്നും വിശ്വബുദ്ധി (മഹത്‌) ഉത്ഭവിച്ചു. മഹത്തില്‍ നിന്നും ദ്രവ്യവും ജനനവും പ്രവര്‍ത്തനവും താമസപരിവര്‍ത്തനങ്ങളിലൂടെ ഉണ്ടായി. ഇത്‌ അഹങ്കാരമാണ്‌. വീണ്ടും മൂന്ന് വിധത്തില്‍ ഇതു പ്രകടമായി. താമസാഹങ്കാരത്തില്‍ നിന്നു പഞ്ചഭൂതങ്ങളും (ആകാശം, വായു, അഗ്നി, വെളളം, ഭൂമി) അവയുടെ ഗുണങ്ങളായ ശബ്ദം, സ്പര്‍ശനം, കാഴ്ച, സ്വാദ്, ഗന്ധം ഇവയും ഉണ്ടായി. പിന്നീടുണ്ടായ ഓരോദ്രവ്യങ്ങളും അതാതിന്റെ മൂലഭൂതങ്ങളുടെ ഗുണഗണങ്ങള്‍ സ്വീകരിച്ചു. സാത്വികാഹങ്കാരത്തില്‍ നിന്നും മനസുല്‍ഭവിച്ചു. ഓരോ ജ്ഞാനന്ദകര്‍മ്മേന്ദ്രിയങ്ങളുടേയും അധിദേവതകള്‍ ഇതില്‍നിന്നുണ്ടായി. രാജസാഹങ്കാരത്തില്‍ നിന്നും അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളുമുണ്ടായി. ബുദ്ധിയും പ്രാണവായുവും രാജസാഹങ്കാരത്തില്‍ നിന്നുതന്നെയാണുണ്ടായത്‌. കാരണസമുദ്രത്തില്‍ ഒരു അണ്ഠകഠാഹമായി ഏറേക്കാലമിവയെല്ല‍ാം ഒത്തുചേര്‍ന്നു കിടന്നു. വിശ്വപുരുഷന്‍ ഈ അണ്ഠം പൊട്ടിച്ച്‌ പുറത്തുകടന്നു. ലോകങ്ങളും അതിലെ ജീവികളത്രയും ആ വിശ്വരൂപത്തിന്റെ അവയവങ്ങളത്രെ. ഈ വിശ്വം മുഴുവന്‍ ആ ഭഗവാനത്രെ!

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF