സര്‍വ്വം പുരുഷ ഏവേദം ഭൂതം ഭവ്യം ഭവച്ച യത്‌
തേനേദമാവൃതം വിശ്വം വിതസ്തിമധിതിഷ്ഠതി (2-6-15)
പാദേഷു സര്‍വ്വഭൂതാനി പുംസഃ സ്ഥിതിപദോ വിദുഃ
അമൃതം ക്ഷേമമഭയം ത്രിമൂര്‍ധ്നോ ധ്യായി മൂര്‍ധസു (2-6-18)

ബ്രഹ്മാവ് തുടര്‍ന്നു:
ആ വിശ്വപുരുഷനില്‍ നിന്നാണ്‌ സര്‍വ്വസൃഷ്ടികളുമുണ്ടായത്‌. ശബ്ദിക്കാനും വര്‍ത്തമാനം പറയുവാനുമുളള അവയവങ്ങള്‍ അവന്റെ വായില്‍നിന്നും, സ്വാദറിയാനുളള കഴിവ്‌ അവന്റെ നാവില്‍നിന്നും. പ്രാണവായുക്കളും വായുഘടകങ്ങളും അവന്റെ മൂക്കില്‍നിന്നും, എല്ലാഗന്ധങ്ങളും ഭക്ഷണധാന്യങ്ങളും സ്വര്‍ഗ്ഗീയവൈദ്യന്മ‍ാരും അവന്റെ ഘ്രാണശക്തിയില്‍ നിന്നും, നിറങ്ങളും വെളിച്ചവും അവന്റെ ദൃശ്യശക്തിയില്‍ നിന്നും, സ്വര്‍ഗ്ഗവും സൂര്യനും അവന്റെ കണ്ണുകളില്‍ നിന്നും, ദിക്കുദിശകള്‍ അവന്റെ ചെവികളില്‍ നിന്നും, ആകാശവും ശബ്ദവും അവന്റെ കേള്‍വിശക്തിയില്‍നിന്നും, എല്ലാത്തിന്റേയും സത്തും പ്രേമസ്വഭാവവും അവന്റെ കൈകാലുകളില്‍നിന്നും, വായുവും എല്ലാവിധ ബലികര്‍മ്മങ്ങളും അവന്റെ സ്പര്‍ശനശക്തിയില്‍നിന്നും മരങ്ങളും ചെടികളും അവന്റെ മുടിയില്‍ നിന്നും, അവന്റെ മുടിജടയില്‍ നിന്നു്‌ മേഘങ്ങളും, താടിരോമങ്ങളും നിന്നു്‌ ഇടിമിന്നലും, നഖങ്ങളില്‍നിന്നു്‌ പാരകളും ഇരുമ്പും, കൈകളില്‍ നിന്നു്‌ കാവല്‍മാലാഖമാരും കാല്‍പ്പാദങ്ങളില്‍നിന്നു്‌ അഭയവും (കൃഷ്ണഭഗവാന്റെ കാല്‍പ്പാദങ്ങളാണല്ലോ അഭയസ്ഥാനവും സംരക്ഷയും), വെളളവും സന്താനോല്‍പ്പാദനവും അവന്റെ ജ്ഞാനേന്ദ്രിയങ്ങളില്‍ നിന്നും, ലൈംഗീകാസ്വാദനം
അവന്റെ പ്രത്യുല്‍പ്പാദനശക്തിയില്‍നിന്നും, മരണത്തിന്റെ ദേവതയും വിസര്‍ജ്ജനവും അവന്റെ വിസര്‍ജ്ജനാവയവങ്ങളില്‍ നിന്നും, എല്ലാ നശീകരണശക്തികളും നരകവും അവന്റെ ഗുദത്തില്‍ നിന്നും, പരാജയം അധാര്‍മ്മികത തുടങ്ങിയ തമോശക്തികള്‍ അവന്റെ പുറത്തുനിന്നും, ചെറുതും വലുതുമായ നദികള്‍ അവന്റെ സിരകളില്‍ നിന്നും, അവന്റെ എല്ലുകളില്‍ നിന്നു മലകളും, സമുദ്രവും എല്ലാ ജീവജാലങ്ങളുടേയും തുടക്കവുമവസാനവും അവന്റെ ഉദരത്തില്‍ നിന്നും, മനസ്‌ അവന്റെ ഹൃദയത്തില്‍ നിന്നും, ധര്‍മ്മവും എല്ലാ ദേവതകളും അവന്റെ ചിത്തത്തില്‍ നിന്നും ഉണ്ടായി.

ഇവ നിനക്കു ധ്യാനിക്കുവാനുളള ഒരുപാധി എന്ന നിലയ്ക്കു പറയുന്നതാണ്‌. കാണപ്പെടുന്നതും പ്രകടിപ്പിക്കപ്പെടുന്നതുമായ എന്തും ആ ഭഗവാനെ ഓര്‍മ്മിക്കുവാന്‍ ഉതകണം. നീയും ഞാനും ഈ മുനിമാരും ദേവതകളെല്ലാവരും അസുരരും മനുഷ്യരും മൃഗങ്ങളും സ്വര്‍ഗ്ഗവാസികളും ചെടിവര്‍ഗ്ഗങ്ങളും നക്ഷത്രങ്ങളും ഇടിമിന്നലും മേഘങ്ങളും എന്നുവേണ്ട ഈ വിശ്വംമുഴുവനും ഭൂതഭാവി വര്‍ത്തമാനങ്ങളും ആ ഭഗവാന്‍ തന്നെയാണ്‌. ആര്‍ക്കുമാമഹിമയെ അളക്കാന്‍ കഴിയില്ലതന്നെ. ഈ വിശ്വം അവിടുത്തെ പ്രകടിതരൂപത്തിന്റെ ഒരംശം മാത്രമത്രെ. ഇവിടെയാണ്‌ സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങള്‍ നിവസിക്കുന്നുത്‌. പക്ഷെ ചിരഞ്ജീവിത്വം, സംരക്ഷണം, ഭയത്തില്‍ നിന്നുളള സ്വാതന്ത്ര്യം, എന്നിവ മറ്റുബോധതലങ്ങളിലാണു സ്ഥിതിചെയ്യുന്നുത്‌. അവ ഈ നശ്വരലോകത്തില്‍ നിന്നുമുയര്‍ ന്ന അവസ്ഥയാണ്‌. ചിതറിക്കിടന്നപ്പോള്‍ ഈ ബോധതലങ്ങള്‍ ഉപയോഗപ്രദമായിരുന്നില്ല. ഭഗവല്‍നിയോഗം ഇവയെ ഒന്നിച്ചുകൊണ്ടുവന്നു്‌ വിശ്വപ്രകൃതിയേയും ഒറ്റപ്പെട്ട സൃഷ്ടികളേയും ഉണ്ടാക്കാനിടയായി.

നാരദാ, നിത്യബ്രഹ്മചാരികള്‍, സന്യാസികള്‍, അവധൂതര്‍ എന്നിവര്‍ ഉയര്‍ന്ന ബോധതലങ്ങളിലാണ്‌ നിവസിക്കുന്നത്‌. ഗൃഹസ്ഥര്‍ ഈ ജനനമരണനിബദ്ധമായ ലോകത്തിലും ജീവിക്കുന്നു. അവര്‍ മരണം, സംരക്ഷണം, ഭയം എന്നിവയ്ക്ക്‌ അടിമപ്പെട്ടുമിരിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF