ന ഭാരതീ മേങ് ഗ മൃഷോപലക്ഷ്യതേ
ന വൈ ക്വചിന്മേ മനസോ മൃഷാ ഗതിഃ
ന മേ ഹൃഷികാണി പതന്ത്യസത്പഥേ
യന്മേ ഹൃദൌത് കണ്ഠ്യവതാ ധൃതോ ഹരിഃ (2-6-33)
സ ഏഷ ആദ്യഃ പുരുഷഃ കല്‍പേ കല്‍പേ സൃജത്യജഃ
ആത്മാത്മന്യാത്മനാ ത്മാനം സംയച്ഛതി ച പാതി ച (2-6-38)
സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുപറഞ്ഞുഃ
വേദേതിഹാസങ്ങള്‍ മനുഷ്യര്‍ക്കു സ്വീകരിക്കാവുന്ന രണ്ടുമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കര്‍മ്മമാര്‍ഗ്ഗവും
ധ്യാനമാര്‍ഗ്ഗവും. കര്‍മ്മമാര്‍ഗ്ഗത്തിന്റേത് അവിദ്യയും അജ്ഞാനവും ആയതുകൊണ്ട് അത് ഇന്ദ്രീയാനുഭവങ്ങളുടെ ലോകത്തിലേക്ക് നമ്മെ നയിക്കുന്നു. എന്നാല്‍ ധ്യാനമാര്‍ഗ്ഗം ജ്ഞാനത്തിന്റേയും വിദ്യയുടേയുമായതുകൊണ്ട് അതു നമ്മെ ശാശ്വതശാന്തിയിലേക്കു നയിക്കുന്നു. ഞാന്‍ ജന്മനാല്‍ത്തന്നെ ആ നിന്തിരുവടിയെ പൂജിക്കാനും ധ്യാനിക്കാനും ആഗ്രഹിച്ചു. പക്ഷെ എന്തു ദ്രവ്യംകൊണ്ടാണു പൂജിക്കേണ്ടതെന്ന് എനിക്കു ചിന്താക്കുഴപ്പമുണ്ടായി. കാരണം ഭഗവാന്‍ സ്വയം എങ്ങുംനിറഞ്ഞു നില്‍ക്കുന്നുവല്ലോ. യാഗശാലയും ഭൂമിയും പാത്രങ്ങളും യാഗവസ്തുക്കളും ഗ്രന്ഥങ്ങളും പൂജാവിധികളുമെല്ലാം അവിടുന്നുതന്നെയാണ് എനിക്കറിയാമായിരുന്നു. ഭഗവാനെ പൂജിക്കാന്‍ അതേ ഭഗവാന്റെ പ്രതിരൂപങ്ങളായ വസ്തുക്കള്‍ എനിക്കുപയോഗിക്കേണ്ടിവന്നു. പിന്നീടുണ്ടായ മാമുനിമാരും ഈ വിധത്തില്‍ പൂജകള്‍ തുടര്‍ന്നുവന്നു. സകലജീവികളും ദേവതകളും മനുഷ്യരും യക്ഷകിന്നരന്മാരുമെല്ലാം നാരായണനെ പൂജിക്കാന്‍ ഈരീതിയവലംബിച്ചു. പൂജിക്കുന്നവനും പൂജാദ്രവ്യങ്ങളും പൂജിക്കപ്പെടുന്നവനും പൂജാവിധിതന്നെയും ആ നാരായണന്‍ തന്നെ. ആ നാഥനെക്കൂടാതെ ഒരു കാരണമോ കാര്യമോ ഇല്ല. മകനേ, ഞാന്‍ ഭഗവാന്റെ കാല്‍ക്കല്‍ ഹൃദയംനിറഞ്ഞ ഭക്തിയോടെ അഭയം തേടിയിരിക്കയാല്‍ എന്റെ വാക്കില്‍ തിന്മയോ തെറ്റോ ഉണ്ടാകാന്‍ സാദ്ധ്യമല്ല. എന്റെ മനസ് ചഞ്ചലമാവുകയോ ഇന്ദ്രിയസുഖങ്ങള്‍ക്കു പിറകേപോവുകയോ ചെയ്യുന്നുമില്ല. ശരിയായഭക്തന്റെ ലക്ഷണമിതൊക്കെയാണ്.
ഭഗവല്‍മഹിമ അപാരംതന്നെ. ആ മായാവിശേഷത്തിന്റെ വ്യാപ്തി അവിടുത്തേക്കുതന്നെ അറിയാമോ എന്ന സംശയം. അനന്തമാണദ്ദേഹം. എന്നിട്ടും മനുഷ്യര്‍ വിഡ്ഢിത്തംകൊണ്ടാമഹിമയെ അളക്കാനും സ്വന്തം മാനദണ്ഡംവച്ചു കണക്കാക്കാനും തുനിയുന്നു. അജനുമനന്തനുമായ ആ പുരുഷന്‍ സ്വയം സൃഷ്ടിക്കുന്നു, സംരക്ഷിക്കുന്നു. സംഹരിച്ച് എല്ലാം തന്നിലേക്കാവഹിക്കുന്നു. അവനില്‍ തന്നെ, അവനാല്‍, അവന്റെ ഇഷ്ടത്തിന് വീണ്ടും വീണ്ടുമീപ്രക്രിയ തുടരുന്നു. മനസും ശരീരവും ഇന്ദ്രിയങ്ങളും നിയന്ത്രിച്ച് ഋഷിമാര്‍ അവിടുത്തെ സാക്ഷാത്കരിക്കുന്നു.
ഭഗവാന്റെ ആദ്യത്തെ പ്രത്യക്ഷരൂപം വിശ്വപുരുഷനായിട്ടത്രെ. പിന്നീട് മറ്റു രൂപങ്ങള്‍, സമയം, പ്രകൃതി, പഞ്ചഭൂതങ്ങള്‍, ചരാചരങ്ങള്‍ എന്നിവയുണ്ടായി. വിജ്ഞാനിയായ ഒരുവനീലോകത്തി ലേയേതിനേയും അതിഭൗതികശക്തികളുളളതും മഹിമ, വീര്യം, തീര്‍പ്പ്, ശാരീരികശക്തി, സ്ഥൈര്യം, മാന്യത, ഭാഗ്യം, ബുദ്ധിവൈഭവം എന്നിവയുളള സര്‍വ്വതിനേയും വിശ്വപുരുഷന്റെ പ്രത്യക്ഷരൂപമെന്നു ധ്യാനിച്ചുകഴിയുന്നു. ആ അറിവ് അവനെ ഈശ്വരസാക്ഷാത്കാരത്തിലേക്കു നയിക്കുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF