കിഷ്കിന്ദാകാണ്ഡം

ബാലിസുഗ്രീവയുദ്ധം – കിഷ്കിന്ദാകാണ്ഡം (62)


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ബാലിസുഗ്രീവയുദ്ധം

സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തു:
“സത്യമത്രേ നീ പറഞ്ഞതെടോ സഖേ!
ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു
കാലം കളയരുതേതുമിനിയെടോ!
ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു
പാലനംചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം.”

അര്‍ക്കാത്മജനതു കേട്ടു നടന്നിതു
കിഷ്കിന്ധയ‍ാം പുരി നോക്കി നിരാകുലം,
അര്‍ക്കകുലോത്ഭവന്മാരായ രാമനും
ലക്ഷ്‌മണവീരനും മന്ത്രികള്‍ നാല്‍വരും.
മിത്രജന്‍ ചെന്നു കിഷ്കിന്ധാപുരദ്വാരി
യുദ്ധത്തിനായ്‌വിളിച്ചീടിനാന്‍ ബാലിയെ.
പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാര്‍
മിത്രഭാവേന രാമാദികളന്നേരം.
ക്രൂദ്ധന‍ാം ബാലിയലറിവന്നീടിനാന്‍
മിത്രതനയനും വക്ഷസി കുത്തിനാന്‍.
വൃത്രാരിപുത്രനും മിത്രതനയനെ-
പ്പത്തുനൂറാശു വലിച്ചുകുത്തീടിനാന്‍.
ബദ്ധരോഷേണ പരസ്പരം തമ്മിലെ
യുദ്ധമതീവ ഭയങ്കരമായിതു.
രക്തമണിഞ്ഞേകരൂപധരന്മാരായ്‌
ശക്തികലര്‍ന്നവരൊപ്പം പൊരുന്നേരം
മിത്രാത്മജനേതു വൃത്രാരിപുത്രനേ-
തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും.
മിത്രവിനാശനശങ്കയാ രാഘവ-
നസ്‌ത്രപ്രയോഗവുംചെയ്തീലതുനേരം.
വൃത്രാരിപുത്രമുഷ്‌ടിപ്രയോഗംകൊണ്ടു
രക്തവും ഛര്‍ദ്ദിച്ചു ഭീതനായോടിനാന്‍
മിത്രതനയനും സത്വരമാര്‍ത്തനായ്‌;
വൃത്രാരിപുതനുമാലയംപുക്കിതു.
വിത്രസ്തനായ്‌വന്നു മിത്രതനയനും
പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന
മിത്രാന്വയോല്‍ഭൂതനാകിയ രാമനോ-
ടെത്രയുമാര്‍ത്ത്യാ പരുഷങ്ങള്‍ ചൊല്ലിനാന്‍:
“ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ
ചിത്തത്തിലോര്‍ത്തതറിഞ്ഞീല ഞാനയ്യോ!
വദ്ധ്യനെന്നാകില്‍ വധിച്ചുകളഞ്ഞാലു-
മസ്‌ത്രേണ മ‍ാം നിന്തിരുവടി താന്‍തന്നെ.
സത്യം പ്രമാണമെന്നോര്‍ത്തേ,നതും പുന-
രെത്രയും പാരം പിഴച്ചു ദയാനിധേ!
സത്യസന്ധന്‍ ഭവാനെന്നു ഞാനോര്‍ത്തതും
വ്യര്‍ത്ഥമത്രേ ശരണാഗതവത്സല!”
മിത്രാത്മജോക്തികളിത്തരമാകുലാല്‍
ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാന്‍
ബദ്ധാശ്രുനേത്രനായാലിംഗനംചെയ്‌തു:
“ചിത്തേ ഭയപ്പെടായ്കേതും മമ സഖേ!
അത്യന്തരോഷവേഗങ്ങള്‍ കലര്‍ന്നൊരു
യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു
മിത്രഘാതിത്വമാശംക്യ ഞാനന്നേരം
മുക്തവാനായതില്ലസ്‌ത്രം ധരിക്ക നീ.
ചിത്തഭ്രമം വരായ്‌വാനൊരടയാളം
മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി.
ശത്രുവായുളേളാരു ബാലിയെസ്സത്വരം
യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ.
വൃത്രവിനാശനപുത്രനാമഗ്രജന്‍
മൃത്യുവശഗനെന്നുറച്ചീടു നീ.
സത്യമിദമഹം രാമനെന്നാകിലോ
മിത്ഥ്യയായ്‌വന്നുകൂടാ രാമഭാഷിതം.”
ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ-
ഭദ്രന്‍ സുമിത്രാത്മജനോടു ചൊല്ലിനാന്‍:
“മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ
ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്‌.”
ശത്രുഘ്നപൂര്‍വജന്‍ മാല്യവും ബന്ധിച്ചു
മിത്രാത്മജനെ മോദാലയച്ചീടിനാന്‍.

Back to top button