രാജീവ്‌ ഇരിങ്ങാലക്കുട

കേരള നവോത്ഥാനത്തിന് ശ്രീനാരായണഗുരുവും അയ്യാ വൈകുണ്ഠനാഥരും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അവരുടെയെല്ലാം നേതൃത്വത്തില്‍ അനുഗ്രഹീതമായ പ്രസ്ഥാനങ്ങളും മറ്റും വഹിച്ച പങ്ക് നമ്മുടെ സമൂഹം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാല്‍ വിവേകാനന്ദ ദര്‍ശനത്തിന്റെ സ്വാധീനം കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഇനിയും സജീവമായി ചര്‍ച്ചാവിഷയമായിട്ടില്ല. സ്വാമികളുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സ്വാമികളുടെ കേരള സന്ദര്‍ശനവും അതിന്റെ പരിണിതഫലങ്ങളും നമ്മുടെ നാടിനെ എങ്ങനെ സ്വാധീനിച്ചുവെന്നത് പഠിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടിയിരിക്കുന്നു.

വിവേകാനന്ദസ്വാമികള്‍ സ്വഗുരുവായ ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധിക്കുശേഷം 1890ാമാണ്ടിന്റെ മദ്ധ്യത്തില്‍ ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജക വൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ചതുര്‍ധാമങ്ങളില്‍പ്പെട്ട രാമേശ്വരം സന്ദര്‍ശിച്ച് തന്റെ പരിവ്രജനം പൂര്‍ണ്ണമാക്കണമെന്നായിരുന്നു സ്വാമിജിയുടെ ഉദ്ദേശ്യം. കേരളവും കന്യാകുമാരിയും അപ്പോള്‍ സ്വാമിജിയുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാല്‍ ബാംഗ്ലൂരില്‍ വച്ച് ഡോ. പല്പുവുമായുണ്ടായ സമാഗമമാണ് സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. സ്വാമിജി ഡോ. പല്പുവിനെ കണ്ടത് 1892 നവംബര്‍ 3 ന് ആയിരുന്നുവെന്നാണ് പൊതുവെയുള്ള ധാരണ.

തിരുവിതാകൂറില്‍ അന്ന് നിലനിന്നിരുന്ന പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി ജീവിതം നയിച്ച ഒരാളായിരുന്നു ഡോ. പല്പു (1863 – 1950). ഡോ. പല്പുവുമായുള്ള സമാഗമമായിരുന്നു തന്റെ യാത്രയെ കേരളത്തിലൂടെ തിരിച്ചുവിടാന്‍ സ്വാമിജിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. വിവേകാനന്ദസ്വാമികളും ഡോ. പല്പുവുമായുണ്ടായ സമാഗമത്തെക്കുറിച്ച് ആദ്യമായി മലയാളത്തില്‍ എഴുതുന്നത് ശ്രീ. ആര്‍. സുഗതനാണ്. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റും ‘രാഷ്ട്രീയബുദ്ധനുമായ’ (കെ. പി. അപ്പന്റെ ഭാഷയില്‍) ആര്‍. സുഗതനാണ് (കേരളകൗമുദി പത്രത്തില്‍) ഇവരുടെ സമാഗമത്തെക്കുറിച്ച് ആദ്യമായി എഴുതുന്നത്.

ജാതിയുടെ പേരില്‍ തിരുവിതാംകൂറില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട ഡോ. പല്പു മദിരാശിയിലെത്തിയാണ് മെഡിക്കല്‍ ബിരുദം നേടിയത്. പിന്നീട് ഇംഗ്ലണ്ടില്‍ പോയി ഉയര്‍ന്ന മെഡിക്കല്‍ ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കി. ബാംഗ്ലൂരിലെത്തിയ വിവേകാനന്ദസ്വാമികളെ ആകസ്മികമായി സന്ദര്‍ശിക്കാന്‍ സൗഭാഗ്യം ലഭിച്ച ഡോ. പല്പു തിരുവിതാംകൂര്‍ ഉള്‍പ്പെടുന്ന കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് അത്യന്തം ഹൃദയവേദനയോടെയാണ് അദ്ദേഹത്തോട് അവതരിപ്പിച്ചത്.

വിവേകാനന്ദസ്വാമികള്‍ ഷൊര്‍ണ്ണൂരില്‍

വിവേകാനന്ദസ്വാമികള്‍ മര്‍മ്മഗോവയില്‍ നിന്ന് ബാംഗ്ലൂര്‍ക്ക് പുറപ്പെട്ടത് 1892 ഒക്‌ടോബര്‍ 27നു ആയിരുന്നു (Life of Swami Vivekananda, Eastern and Western Disciples (Vth Ed.) 1979 Vol. I p.31 8). സ്വാമികള്‍ ബാംഗ്ലൂരില്‍ ഡോ. പല്പുവിന്റെ അതിഥിയായി ഒരു ദിവസം ഉണ്ടായിരുന്നു. കെ. ശേഷാദ്രിഅയ്യരായിരുന്നു അന്ന് മൈസൂര്‍ ദിവാന്‍ . അദ്ദേഹം പാലക്കാട് സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനായിരുന്നു. ഡോ. പല്പുവിന്റെ ശുപാര്‍ശ പ്രകാരം കുമാരനാശാന് ശ്രീ ചാമരാജേന്ദ്ര സംസ്‌കൃത കോളേജില്‍ പ്രവേശനം കിട്ടിയത് ശേഷാദ്രിഅയ്യരുടെ സഹായംകൊണ്ടായിരുന്നു. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് യാത്രയാകുന്ന അവസരത്തില്‍ മൈസൂര്‍ മഹാരാജാവ് വിവേകാനന്ദസ്വാമികളുടെ പാദത്തില്‍ നമസ്‌കരിച്ചു. ദിവാന്‍ ശേഷാദ്രി അയ്യര്‍ കുറച്ചു പണം സ്വാമികളുടെ കീശയില്‍ തിരുകാന്‍ ശ്രമിച്ചു. പക്ഷെ ആ ശ്രമം വിജയിച്ചില്ല. ‘പണം വേണ്ട. ഷൊര്‍ണൂര്‍ക്ക് ഒരു ടിക്കറ്റ് മതി’ എന്നാണ് സ്വാമികള്‍ പറഞ്ഞത്. പിന്നീട് ടിക്കറ്റിനോടൊപ്പം കൊച്ചിയിലെ ആക്ടിങ്ങ് ദിവാന്‍ ശങ്കരയ്യര്‍ക്ക് ഒരു എഴുത്തും ശേഷാദ്രി അയ്യര്‍ സ്വാമിജിക്ക് നല്കി.

ഷൊര്‍ണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ പാലക്കാട് റെയില്‍വേ സ്‌റ്റേഷനിലെത്തി (1892 നവംബര്‍ 27ന്) വണ്ടിയിറങ്ങിയ സ്വാമിജിയെ കൊല്ലങ്കോട്ടു രാജാവായ വാസുദേവരാജായുടെ സേവകനായിരുന്ന ഒരു ബ്രാഹ്മണന്‍ പരിചയപ്പെട്ടു. രൂപത്താല്‍ തന്നെ സ്വാമികളിലേക്ക് ആകൃഷ്ടനായ അദ്ദേഹം പത്തുരൂപാ ദക്ഷിണ നല്കുവാന്‍ തുനിഞ്ഞപ്പോള്‍ ഒരു നേരത്തെ ഊണിന് ആവശ്യമായ രണ്ടണ (ഇന്നത്തെ പന്ത്രണ്ട് പൈസ) അതില്‍ നിന്നെടുത്ത് ബാക്കി സ്വാമിജി ആ ബ്രാഹ്മണനെത്തന്നെ ഏല്പിച്ചു (പ്രബുദ്ധകേരളം 1093 1918 മകരം). ശ്രീരാമകൃഷ്ണമഠത്തിന്റെ പ്രഥമാദ്ധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദസ്വാമികളാല്‍ മന്ത്രദീക്ഷിതനും വിവേകാനന്ദ സാഹിത്യസര്‍വ്വസ്വത്തിന്റെ പത്രാധിപസമിതി അംഗവും സര്‍വ്വോപരി ബഹുഭാഷാ പണ്ഡിതനുമായിരുന്ന ശ്രീ പി. ശേഷാദ്രി എഴുതിയ സുദീര്‍ഘമായ ലേഖനത്തില്‍ സ്വാമികളുടെ കേരള സന്ദര്‍ശനത്തെക്കുറിച്ച് സവിസ്തരം പരാമര്‍ശിക്കുന്നുണ്ട്. ഈ ലേഖനത്തെ അവലംബിച്ച് പ്രബുദ്ധകേരളം മാസികയുടെ ഏറ്റവും കൂടുതല്‍കാലം പത്രാധിപരായിരുന്ന മൃഢാനന്ദസ്വാമികളും പിന്നീട് പ്രബുദ്ധകേരളത്തില്‍തന്നെ (1992 ഡിസംബര്‍) ഈ വിവരം പ്രതിപാദിക്കുന്നുണ്ട്.

പാലക്കാട് നിന്നും ഷൊര്‍ണൂരിലെത്തിയ സ്വാമികള്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് ഒരു അരയാല്‍വൃഷത്തിനരികെ ഇരുന്നുവെന്ന് പറയപ്പെടുന്നു. ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിനടുത്തുള്ള അരയാല്‍ അതാണെന്നും വിശ്വസിക്കപ്പെടുന്നു. അതൊരിക്കല്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ പഴമക്കാരോടൊപ്പം ആ ശ്രമത്തെ ശക്തിയായി എതിര്‍ത്ത് പുതുതലമുറയും രംഗത്തുവരികയുണ്ടായി. എന്തായാലും വിവേകാനന്ദസ്വാമികള്‍ ഇരുന്നുവെന്നു കരുതപ്പെടുന്ന ആ വൃക്ഷരാജന്‍ വെട്ടിമാറ്റപ്പെട്ടില്ല.

ഷൊര്‍ണ്ണൂരില്‍ വെച്ച് സ്വാമിജി ചില വിദ്യാര്‍ഥികളുമായി പരിചയത്തിലായി. അവരൊന്നിച്ച് വഞ്ചിയില്‍ ഭാരതപ്പുഴ കടന്നതിനുശേഷം ഒരു കാളവണ്ടിയില്‍ അദ്ദേഹം തൃശ്ശൂരിലേക്ക് പുറപ്പെട്ടു. ഈ വിദ്യാര്‍ത്ഥികളെ സ്വാമിജി പിന്നീട് അമേരിക്കയില്‍ നിന്നും മദ്രാസില്‍ മടങ്ങിയെത്തിയപ്പോള്‍ കണ്ടുവെന്നും അവരെ തിരിച്ചറിഞ്ഞെന്നും പറയുന്നു.

വിവേകാനന്ദസ്വാമികള്‍ തൃശ്ശിവപേരൂരില്‍

തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിനു മുന്നില്‍ക്കൂടിയാണ് തൃശ്ശൂര്‍ പട്ടണത്തിലേയ്ക്ക് ആ കാളവണ്ടി പ്രവേശിച്ചത്. ‘കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം സമീപത്തെങ്ങാനുമുണ്ടോ’ എന്ന് റോഡിനടുത്തുള്ള ഒരു കെട്ടിടത്തിന്റെ പടിപ്പുരയില്‍ നില്ക്കുകയായിരുന്ന ഒരു മാന്യവ്യക്തിയോട് സ്വാമിജി ചോദിച്ചു. കൊച്ചി വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഡി. എ. സുബ്രഹ്മണ്യയ്യരായിരുന്നു ആ മാന്യന്‍. അതിതേജസ്വിയായ ആ യുവസന്ന്യാസിയുടെ വാക്കുകേട്ട് തന്റെ പടിപ്പുരയില്‍തന്നെ കുളിച്ച് വിശ്രമിക്കാം എന്ന് ഉത്തരം പറയാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. അന്ന് സ്വാമിജി താമസിച്ചിരുന്ന ആ പടിപ്പുര ഇന്ന് തൃശ്ശൂരിലെ വിവേകാനന്ദ റോഡിന് (പഴയ ഷൊര്‍ണ്ണൂര്‍ റോഡ്) അടുത്തുള്ള ഒരു ഔട്ട് ഹൗസ് (കോര്‍പ്പറേഷന്‍ നമ്പര്‍ 32/464) ആകുന്നു. കുളികഴിഞ്ഞ് സ്വാമികള്‍ അവിടെ സ്വല്പനേരം വിശ്രമിച്ചു. കലശലായ തൊണ്ടവേദന കാരണം സ്വാമികള്‍ തൃശ്ശൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോ. ഡിസൂസയെ കണ്ട് ചികില്‍സിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ഹെഡ് അക്കൗണ്ടായിരുന്ന ശ്രീ. അമ്പാടിനാരായണമേനോനാണ് പഴയ റിക്കാര്‍ഡുകളില്‍ നിന്നും ഇക്കാര്യം കണ്ടെത്തിയത്. ഇദ്ദേഹം വിവേകോദയം സമാജവും അതിന്റെ സാരഥിയായിരുന്ന വി. കെ. കൃഷ്ണമേനോനുമായി സമ്പര്‍ക്കത്തിലാവുകയും പിന്നീട് ശ്രീരാമകൃഷ്ണമഠത്തില്‍ചേര്‍ന്ന് പത്മനാഭാനന്ദസ്വാമികളാവുകയുമുണ്ടായി.

വിവേകാനന്ദസ്വാമികളുടെ തൃശ്ശൂര്‍ വാസത്തെക്കുറിച്ച് മൃഢാനന്ദ സ്വാമികള്‍ എഴുതുന്നു, ‘അന്ന് രാത്രിയാണ് തന്റെ അതിഥി കൊച്ചി ദിവാനുള്ള ഒരു കത്തുമായാണ് വന്നിട്ടുള്ളതെന്ന് സുബ്രഹ്മണ്യയ്യര്‍ക്ക് മനസ്സിലായത്. മൈസൂര്‍ ദിവാനാണ് എഴുതിയിട്ടുള്ളത് എന്നുകൂടി അറിഞ്ഞപ്പോള്‍ സ്വാമികളോട് അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനാദരങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു. അടുത്തദിവസം രാവിലെ സുബ്രഹ്മണ്യയ്യര്‍ സര്‍ക്കാരിന്റെ അതിഥി മന്ദിരത്തില്‍ പോയി അന്വേഷിച്ചു. മൈസൂര്‍ ദിവാന്‍ നേരിട്ട് അവരെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ച് സ്വാമിജിയുടെ താമസത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അപ്പോഴാണ് മനസ്സിലായത്. മാത്രമല്ല, സ്വാമിജിയെ കൂട്ടികൊണ്ടുവരുവാനായി ഷൊര്‍ണ്ണൂര്‍ക്ക് ഒരു പ്രത്യേക ദൂതനെ അയക്കുകയും ചെയ്തിരുന്നു. പക്ഷേ അയാള്‍ സ്വാമികളെ കാണാതെ നിരാശനായി മടങ്ങുകയാണ് ചെയ്തത്.’ (പ്രബുദ്ധകേരളം വാല്യം 98 ലക്കം 1). സ്വാമികളെ രാജകീയാതിഥിയായി സ്വീകരിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ വിട്ടുപോകുന്നതില്‍ സുബ്രഹ്മണ്യഅയ്യര്‍ക്ക് അതിയായ ദുഃഖംതോന്നി. എന്നാല്‍ സര്‍ക്കാരിന്റെ സല്‍ക്കാരം സ്വീകരിക്കാന്‍ സ്വാമികള്‍ തയ്യാറായില്ല. തനിക്കുവേണ്ട എല്ലാസൗകര്യങ്ങളും ഇവിടെയുണ്ടെന്ന് പറഞ്ഞ് സുബ്രഹ്മണ്യയ്യരെ സംതൃപ്തനാക്കി, സ്വാമികള്‍. വിദ്യാഭ്യാസ വകുപ്പിലെ ഉദ്ദ്യോഗസ്ഥനായിരുന്നതുകൊണ്ട് സുബ്രഹ്മണ്യയ്യരോട് സ്വാമികള്‍ വിദ്യാഭ്യാസസംബന്ധമായ വിഷയങ്ങളായിരുന്നു സംസാരിച്ചത്. സ്വാമികളെ സല്‍ക്കരിക്കുവാനും അദ്ദേഹവുമായി സംഭാഷണം നടത്തുവാനും കഴിഞ്ഞതില്‍ സുബ്രഹ്മണ്യയ്യര്‍ അതീവ സന്തുഷ്ടനായിരുന്നു. തുടര്‍ന്ന് ശ്രീശങ്കരാചാര്യസ്വാമികളുമായി ബന്ധമുള്ള തൃശ്ശൂര്‍ വടക്കുനാഥക്ഷേത്രം സ്വാമിജി സന്ദര്‍ശിച്ചുവെന്നും ഇല്ലെന്നുമുള്ള അഭിപ്രായങ്ങളുണ്ട്.

വിവേകാനന്ദസ്വാമികള്‍ കൊടുങ്ങല്ലൂരില്‍

അക്കാലത്ത് തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രാസൗകര്യം വഞ്ചിയിലായിരുന്നു. കൊക്കാലയിലെ വള്ളക്കടവില്‍ നിന്നും വഞ്ചികയറി കൊടുങ്ങല്ലൂര്‍വഴി എറണാകുളത്തേക്ക് പോകണം. യാത്രാമദ്ധ്യേ സ്വാമികള്‍ കൊടുങ്ങല്ലൂരിലെത്തി. കൊടുങ്ങല്ലൂരില്‍ സ്വാമികള്‍ മൂന്ന് ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാനുമായും ‘ഭട്ടന്‍തമ്പുരാന്‍’ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന ഗോദവര്‍മ്മ തമ്പുരാനുമായും സ്വാമിജി ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും അവരുടെ വാദമുഖങ്ങളെ സ്വാമിജി തകര്‍ത്തെന്നും ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട് എഴുതിയ ഒരു ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപതിപ്പ്, 1963 ഫെബ്രുവരി 10) പറയുന്നു. പതിന്നാലുവര്‍ഷക്കാലം ശാസ്ത്രം പഠിച്ച വ്യക്തിക്ക് ലഭിക്കുന്ന ബഹുമതിയാണ് ഭട്ടസ്ഥാനം. ഭട്ടന്‍തമ്പുരാനോട് സ്വാമിജി ചോദിച്ചു, ‘എന്തുകൊണ്ടാണ് എനിക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത്.’ ജാതി അറിയാത്തതിനാലാണെന്നായിരുന്നു തമ്പുരാന്റെ മറുപടി. ക്ഷേത്രരാധനയ്ക്ക് ജാതി മാനദണ്ഡമല്ല എന്ന് സ്വാമികളും പറഞ്ഞു. ഇരുവരും തമ്മിലുള്ള വാഗ്വാദം മൂന്ന് ദിനരാത്രങ്ങളോളം നീണ്ടുനിന്നുവത്രേ. മൂന്നാമത്തെ ദിവസം തര്‍ക്കത്തില്‍ പരാജയപ്പെട്ട തമ്പുരാക്കന്മാര്‍ അടുത്ത പ്രഭാതത്തില്‍ ദേവീ ദര്‍ശനത്തിനായി തങ്ങളോടൊപ്പം സ്വാമികള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാമെന്ന് അറിയിച്ചു. പക്ഷേ അടുത്തപ്രഭാതം പുലരുമുമ്പേ സ്വാമികള്‍ കൊടുങ്ങല്ലൂരില്‍നിന്നും പോയിക്കഴിഞ്ഞിരുന്നു.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ആല്‍ത്തറകളിലൊന്നില്‍ ഇരുന്ന സ്വാമിജിയെ ക്ഷേത്രദര്‍ശനത്തിനു വന്ന കൊടുങ്ങല്ലൂര്‍ കോവിലകത്തെ ചില മഹിളകള്‍ കാണുകയും അദ്ദേഹത്തോട് സംസ്‌കൃതത്തില്‍ സംസാരിക്കുകയുമുണ്ടായിയെന്നാണ് പൊതുവെയുള്ള പ്രചരണം. എന്നാല്‍ അക്കാലത്ത് തമ്പുരാട്ടിമാര്‍ കാവിലെ ദര്‍ശനത്തിനുപോകുമ്പോള്‍ അകമ്പടിയായി വാളും പരിചയും ധരിച്ച പടയാളികള്‍ പതിവായിരുന്നു. കൂടാതെ പരപുരുഷന്മാരോട് പൊതുസ്ഥലങ്ങളില്‍വെച്ച് സംസാരിക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് സ്വാമികള്‍ കൊടുങ്ങല്ലൂരിലെ കോവിലകങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടായിരിക്കണമെന്നും ഒരു പാഠഭേദമുണ്ട്. പൂര്‍വ്വാശ്രമത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍തമ്പുരാന്റെ ദൗഹിത്രനും ശ്രീരാമകൃഷ്ണ സംഘസന്ന്യാസിയുമായിരുന്ന മൈത്രാനന്ദസ്വാമികളുടെ അഭിപ്രായം, കാവിന്റെ കിഴക്കേനടയിലുള്ള കോവിലകത്തേക്ക് സ്വാമിജി ക്ഷണിക്കപ്പെട്ടുവെന്നും അവിടുത്തെ ഗോസായി ചാവടിയില്‍ ഉപവിഷ്ടനായിരിക്കുമ്പോഴാണ് തമ്പുരാട്ടിമാര്‍ പ്രായഭേദമന്യേ അകത്തളത്തില്‍ സംസ്‌കൃതത്തില്‍ സംസാരിക്കുന്നത് സ്വാമിജി കേട്ടതെന്നുമത്രേ. എന്തായാലും ആ വനിതകള്‍ ശുദ്ധ, സ്പഷ്ട സംസ്‌കൃതം സംസാരിക്കുന്നതുകേട്ട് സ്വാമിജി അദ്ഭുതപ്പെട്ടു. വിവേകാനന്ദസ്വാമികള്‍ ന്യൂയോര്‍ക്കിലെ തൗസന്റ് ഐലന്റ് പാര്‍ക്കില്‍ ഒരു കെട്ടിടത്തില്‍ (ഇന്നത് വിവേകാനന്ദ ഹൗസ് എന്നാണ് അറിയപ്പെടുന്നത്), പന്ത്രണ്ട് ശിഷ്യരോടൊത്ത് രണ്ടു മാസക്കാലം താമസിച്ചിരുന്നു. ആ അവസരത്തിലാണ് സ്വാമിജി മലബാറിനെക്കുറിച്ചും അവിടുത്തെ വിദുഷികളായ വനിതകളുടെ സംസ്‌കൃത പാണ്ഡിത്യത്തെക്കുറിച്ചും ആദ്യമായി സംസാരിക്കുന്നത് (Inspired Talks p.151 1894 July 15). അക്കാലത്ത് കേരളത്തില്‍ സംസ്‌കൃതം സംസാരിക്കാന്‍ കഴിവുള്ള സ്ത്രീജനങ്ങള്‍ കൊടുങ്ങല്ലൂരിലേ ഉണ്ടായിരുന്നുള്ളൂ. കൊച്ചിക്കാവ് തമ്പുരാട്ടിയെപോലുള്ള സംസ്‌കൃത വിദുഷികള്‍ കൊടുങ്ങല്ലൂര്‍ കളരിയുടെ സംഭാവനകളായിരുന്നുവല്ലോ. പണ്ഡിറ്റ് കെ. പി. കറുപ്പനെപോലുള്ള അധഃകൃതസമുദായത്തില്‍പ്പെട്ടവരും കൊടുങ്ങല്ലൂര്‍ കളരിയിലെ വിദ്യാര്‍ത്ഥികളായിരുന്നു.

അക്കാലത്ത് കേരളത്തില്‍ നടപ്പിലായിരുന്ന ‘സംബന്ധം’ എന്ന ആചാരത്തിലും സ്വാമികളുടെ ദൃഷ്ടി പതിയുകയുണ്ടായി. പിന്നീട് അമേരിക്കയില്‍ നിന്ന് മദിരാശിയിലെത്തിയ അവസരത്തില്‍, അവിടുത്തെ ഹൈക്കോര്‍ട്ടിലെ വക്കീലന്മാരായ സര്‍വ്വശ്രീ. ശങ്കരന്‍നായരോടും ശങ്കരമേനോനോടുമുള്ള സംഭാഷണമദ്ധ്യേ സ്വാമികള്‍ ഇപ്രകാരം പറയുകണ്ടായി, ‘കഴിഞ്ഞ ഏഴു തലമുറകളായി നായര്‍സ്ത്രീകളില്‍ നമ്പൂതിരിമാര്‍ക്കുണ്ടായ സന്താനങ്ങള്‍ക്ക് തങ്ങള്‍ ബ്രാഹ്മണരാണെന്ന് അവകാശപ്പെടുവാന്‍ കഴിയും.’ തന്റെ പ്രസ്താവനകള്‍ക്ക് അനുകൂലയായി സ്വാമിജി മനുസ്മൃതി പരാമര്‍ശിക്കുകയും ചെയ്തുവത്രേ. (S.N.Dher, A Comprehensive Biography of Swami Vivekananda p.363)

കൊടുങ്ങല്ലൂരില്‍ വെച്ച് സ്വാമിജിക്ക് വേണ്ടുവോളം വാദഭിക്ഷ ലഭിച്ചുവെങ്കിലും ഒരു നേരത്തെ ഭിക്ഷപോലും ലഭിച്ചിരിക്കാന്‍ ഇടയില്ലെന്ന് എ. ആര്‍. ശ്രീനിവാസന്‍ ‘വിവേകാനന്ദന്‍ കേരളത്തില്‍’ (കേസരി വിശേഷാല്‍ പ്രതി 1985) എന്ന ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ ഊഹത്തെ ഖണ്ഡിക്കുന്നു, കൊടുങ്ങല്ലൂരിനെക്കുറിച്ച് ‘The Secret Chamber’ എന്ന ഗ്രന്ഥം എഴുതിയ വി. ടി. ഇന്ദുചൂഡന്‍. അദ്ദേഹം പറയുന്നു, ‘കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിനോട് അനുബന്ധിച്ച് ഗോസായി സദ്യ പതിവുള്ളതിനാല്‍ സ്വാമിജിക്ക് അവിടെ പട്ടിണി കിടക്കേണ്ടിവന്നിട്ടുണ്ടാവുകയില്ല.’ എന്തൊക്കെയായാലും സ്വാമിജിയുടെ ജാതി ഏതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടും തലപ്പാവ് ധരിച്ചിരുന്ന സ്വാമിജിയെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും ദേശവാസികള്‍ക്ക് കഴിഞ്ഞില്ല.

കൊടുങ്ങല്ലൂരില്‍ നിന്ന് വഞ്ചിയില്‍ പുറപ്പെട്ട് 1892-ല്‍ ഡിസംബര്‍ 3-ാം തീയതി രാവിലെ എറണാകുളം ജെട്ടിയില്‍ സ്വാമിജി എത്തി. വിവേകാനന്ദസ്വാമികള്‍ കേരളത്തിലേക്കു വന്നത് അന്നത്തെ കൊച്ചി ദിവാന്‍ ശങ്കരയ്യക്കുള്ള ഒരു എഴുത്തോടുകൂടിയാണെന്ന് സൂചിപ്പിച്ചിരുന്നുവല്ലൊ. പക്ഷേ ശങ്കരയ്യയരോ കൊച്ചി മഹാരാജാവോ സ്വാമിജിയെ കണ്ടതായി ഒരിടത്തും കാണുന്നില്ല. അതിരാവിലെ വഞ്ചിയില്‍ വന്നിറങ്ങിയ സ്വാമിജി പള്ളിയില്‍ മഠം വീട്ടില്‍ ‘തിയോസഫിക്കല്‍ സൊസൈറ്റി’ എന്ന ബോര്‍ഡ് കണ്ട് അങ്ങോട്ട് ചെല്ലുകയായിരുന്നുവത്രേ. എറണാകുളം പബ്ലിക് ലൈബ്രറിയുടെ ആദ്യകാല പ്രവര്‍ത്തകരും ശ്രീശങ്കരാ തിയോസൊഫിക്കല്‍ സൊസൈറ്റിയിലെ സജീവ പ്രവര്‍ത്തകരുമായ അഡ്വ. പള്ളിയില്‍ ഗോപാലമേനോന്‍, ദിവാന്റെ സെക്രട്ടറിയായിരുന്ന ഡബ്ല്യു. സി. രാമസ്വാമി, സംഗീതഞ്ജനായ ദ്വൊരൈസ്വാമി അയ്യര്‍, പോലീസ് സൂപ്രണ്ട് ഒ. ചന്തുലാല്‍, പ്രൊഫ. പി. ആര്‍. സുബ്രഹ്മണ്യം, അമ്പാടി നാരായണമേനോന്‍ തുടങ്ങിയവര്‍ ചട്ടമ്പിസ്വാമികളുടെയും അദ്ദേഹത്തിന്റെ ശിഷ്യന്‍ നീലകണ്ഠതീര്‍ത്ഥപാദരുടെയും ആരാധകരായിരുന്നു. അമ്പാടി നാരായണമേനോന്റെ മരുമക്കളായിരുന്നു പള്ളിയില്‍ മഠക്കാര്‍. അവരുടെ ഒരു ശാഖ തൃപ്പൂണിത്തുറയും മറ്റൊന്ന് എളങ്കുന്നപ്പുഴയുമായിരുന്നു. എറണാകുളത്തെത്തിയ വിവേകാനന്ദസ്വാമികളെ പരിചയപ്പെട്ടവരില്‍ പ്രധാനികള്‍ ഇവരായിരുന്നു. വിശാഖപട്ടണം കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന ഡബ്ല്യു. സി. രാമയ്യ അക്കാലത്ത് കൊച്ചി ദിവാന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാമയ്യയുടെ സഹായത്തോടുകൂടി സ്വാമിജി കൊച്ചിയില്‍ അമരാവതിയിലുള്ള തിരുമല ദേവസ്വംവക സ്ഥലത്ത് അല്പദിവസം താമസിയ്ക്കുകയുണ്ടായി. അവിടെയുള്ള സംസ്‌കൃത വിദ്യാശാലയും സംസ്‌കൃതപണ്ഡിതന്മാരെയും കണ്ട് സ്വാമികള്‍ വളരെ സന്തോഷിക്കുകയും അവരുമായി വളരെയേറെ നേരം സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തതായി വിവരമുണ്ട്.

ചട്ടമ്പിസ്വാമികളുടെ ഭക്തനായ ടി. ആര്‍. അനന്തക്കുറുപ്പ് എഴുതുന്നു, “ക്രിസ്തുവര്‍ഷം 1892-ല്‍ ( കൊല്ലവര്‍ഷം 1068)-ല്‍ ഒരു സുപ്രഭാതത്തില്‍ ഒരു കേവുവഞ്ചി എറണാകുളം വള്ളക്കടവില്‍ അടുത്തു. അതില്‍ നിന്നും ഒരു യുവസന്ന്യാസി വെളിയില്‍ ഇറങ്ങി നിന്നു. കൊച്ചി ദിവാന്റെ സെക്രട്ടറി രാമയ്യയും പോലീസ് സൂപ്രണ്ട് ചന്തുലാലും ഉഷസ്സില്‍ ശീലിച്ചു വന്ന ലഘുവ്യായാമാര്‍ത്ഥം സഞ്ചരിച്ച് ആ കടവില്‍ എത്തി. പ്രഥമദൃഷ്ടിയില്‍ തന്നെ സന്ന്യാസിയെ അവര്‍ക്ക് ബോധിച്ചു. തങ്ങളുടെ വീട്ടില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്ന് പറഞ്ഞ് അവര്‍ മൂന്നുപേരും കൂടി രാമയ്യന്റെ ഗൃഹത്തിലെത്തി. ‘ഉദരപൂരണത്തിനുവേണ്ടിയും കാഷായം അണിയുന്ന സ്വാമിമാര്‍ ധാരാളമുണ്ട്. കൂട്ടത്തില്‍ യഥാര്‍ത്ഥ സന്ന്യാസിമാരും ഉണ്ട്. സത്യമറിയാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് എല്ലാവരെയും പൂജിക്കുക തന്നെ’ എന്ന് ചന്തുലാല്‍ ഇംഗ്ലീഷില്‍ രാമയ്യനോട് പറഞ്ഞു. ഇതുകേട്ടപ്പോള്‍ യുവസന്ന്യാസിയുടെ മുഖത്ത് ഒരു പുഞ്ചിരി പരന്നു. ‘ഇംഗ്ലീഷ് അറിയുമോ’ എന്ന് രാമയ്യര്‍ ചോദിച്ചു. പിന്നീടവര്‍ സംസാരിച്ചതു മുഴുവന്‍ ഇംഗ്ലീഷിലായിരുന്നു. യുവസന്ന്യാസിയുടെ ആംഗലപാടവം കണ്ട് അവര്‍ അദ്ഭുതപ്പെട്ടു” (ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരക ഗ്രന്ഥം പുറം 36-39). സൗഹൃദ സംഭാഷണത്തിനുശേഷം ദൊരൈസ്വാമി അയ്യര്‍ ‘ഗോപികാഗീതം’ പാടി. ആ സംഗീതത്തില്‍ ആകൃഷ്ടനായ സ്വാമിജി ബംഗാളി ഭജന്‍ ആലപിച്ചത് അവിടെ സന്നിഹിതരായിരുന്നവരെയെല്ലാം അദ്ഭുതപ്പെടുത്തി കളഞ്ഞു. (ടി.എസ്. ഇസ്മ, സ്വാമി വിവേകാനന്ദനും കൊച്ചിയും, ജന്മഭൂമി വാരാദ്യപതിപ്പ്, 2005 മെയ് 22 ഞായര്‍).

വിവേകാനന്ദസ്വാമികളും ചട്ടമ്പിസ്വാമികളും

രാമയ്യയുടെ വീടിന്റെ അടുത്ത് ഒരു ദിവ്യനായ സ്വാമി (ചട്ടമ്പിസ്വാമികള്‍) താമസിക്കുന്ന വിവരം അവര്‍ വിവേകാനന്ദ സ്വാമികളെ അറിയിച്ചു. സ്വാമിജി ഉടനടി ആ വീട്ടിലേക്ക് പുറപ്പെട്ടു. വിവേകാനന്ദസ്വാമികള്‍ പടി കടന്നെത്തിയപ്പോഴേക്കും ചട്ടമ്പിസ്വാമികള്‍ ഓടിച്ചെന്ന് കെട്ടിപിടിച്ച് താന്‍ താമസിച്ചിരുന്ന ബംഗ്ലാവിന്റെ തെക്കുപുറത്ത് ഒരു തണല്‍മരത്തിന്റെ ചുവട്ടില്‍ വെള്ളമണലില്‍ പോയിരുന്ന് സത്‌സംഗസംവാദത്തില്‍ ഏര്‍പ്പെട്ടു. വിവേകാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ചട്ടമ്പിസ്വാമികള്‍ ചിന്മുദ്രയുടെ തത്ത്വം വിശദമാക്കാന്‍ ശ്രമിച്ചു. ‘ഇത് എനിക്കും അറിയാം. ആദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഇത് ഉപകരിക്കും എന്നാണ് അറിയേണ്ടത്.’ സ്വാമിജി ചോദിച്ചു. കൈവിരലുകള്‍ഒരു പ്രത്യേകരീതിയില്‍ മടക്കി യോജിപ്പിക്കുമ്പോള്‍ സിരാപടലങ്ങളിലെ പ്രാണപ്രവാഹം മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി രക്തചംക്രമണം വേഗത്തിലായി മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിക്കുമെന്നും ചട്ടമ്പിസ്വാമികള്‍ ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം ഉദ്ധരിച്ച് പ്രമാണസഹിതം സ്വാമിജിക്ക് വിവരിച്ചുകൊടുത്തു. അവര്‍ തമ്മില്‍ സംവദിച്ചത് ഖേചരീമുദ്രയെ കുറിച്ചാണെന്നും വാദമുണ്ട്. ചില തമിഴ് കൃതികളെ ആസ്പദമാക്കിയായിരുന്നു തമിഴില്‍ അഗാധ പണ്ഡിതനായിരുന്ന ചട്ടമ്പിസ്വാമികള്‍ സംസാരിച്ചത്. ഇരുവരും സംസ്‌കൃത ഭാഷയിലാണ് ആശയവിനിമയം നടത്തിയത്. ഇവരുടെ സമാഗമ സമയത്ത് പത്മനാഭനാചാരി എന്നൊരാളും അവിടെ സന്നിഹിതനായിരുന്നുവത്രെ. ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു, ‘പരമഗുരുപാദരോടുകൂടി ശ്രീമന്മിത്രവും സര്‍വ്വശാസ്ത്രകുശലനും പ്രസംഗകനുമായ പദ്മനാഭനാചാരിയും ഉണ്ടായിരുന്നു. ആചാരിക്ക് ഇംഗ്ലീഷ് ഭാഷ പരിചിതമായിരുന്നതിനാല്‍ ആ ഭാഷയില്‍ സംസാരിച്ചു. പരമഗുരുപാദര്‍ ഗീര്‍വ്വാണിയിലായിരുന്നു സ്വാമികളോട് സംഭാഷണം ചെയ്തത് . . . . . അടുത്ത ദിവസം താല്പര്യപ്രകാരം പരമഗുരുപാദര്‍ തനിച്ചുചെന്ന് അദ്ദേഹത്തെ ദര്‍ശിക്കുകയുണ്ടായി’ (പുറം 62 – 63).

‘കോടനാട്ടുവനങ്ങളില്‍’ എന്ന ലേഖനത്തില്‍ കെ.നാണുപിള്ള എഴുതുന്നു, “വിവേകാനന്ദസ്വാമികളെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ അവരോടു ഇങ്ങനെ പറഞ്ഞു, ശങ്കരാചാര്യസ്വാമികളുടെ പ്രശസ്തി ഹിമവല്‍സേതുപര്യന്തമായിരിക്കെ വിവേകാനന്ദന്റേത് സര്‍വ്വലോക വ്യാപകമാണെന്ന്” (ശ്രീചട്ടമ്പിസ്വാമി ശതാബ്ദ സ്മാരകഗ്രന്ഥം പുറം 134). പ്രസ്തുത സ്മാരകഗ്രന്ഥത്തിലെ ‘വ്യാസനും ശങ്കരനും അഥവാ മൂലവും ഭാഷ്യവും’ എന്ന ബോധേശ്വരന്റെ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു, “ചട്ടമ്പി സ്വാമികള്‍ വിവേകാനന്ദസ്വാമികളുടെ സംഗീതമാധുര്യം അനുസ്മരിക്കുന്നത് ഇങ്ങനെയായിരുന്നു, ‘അയ്യോ, അതെന്തൊരു കണ്ഠം. ആ തങ്കക്കൊടമൊന്ന് വാ തുറന്നാലൊ സര്‍വ്വപ്രപഞ്ചവും അതില്‍ ലയിച്ചൊടുങ്ങിപോകും. ഗന്ധര്‍വ്വന്മാരെയും അതിശയിപ്പിക്കും” (പുറം 235). വിവേകാനന്ദസ്വാമികളുടെ എറണാകുളം താമസത്തെക്കുറിച്ച് ബോധേശ്വരന്‍ പറഞ്ഞ കാര്യങ്ങള്‍ ഡോ. ശങ്കരീപ്രസാദ് ബസു രേഖപ്പെടുത്തിയിട്ടുള്ളതുമാകുന്നു (Life of Swami Vivekananda Vol.I p.327). അവ യഥാര്‍ത്ഥ വസ്തുതകളിലേക്ക് വെളിച്ചം വീശുന്നവയാണ്. ബോധേശ്വരന്റെ അഭിപ്രായം ഇപ്രകാരമാകുന്നു – “വിവേകാനന്ദന് വളരെ സന്തോഷമായി. ചട്ടമ്പിസ്വാമികളുടെ കൈപിടിച്ച് സ്വന്തം തല കുനിച്ചുകൊണ്ട് വിവേകാനന്ദന്‍ പറഞ്ഞു, ‘വളരെ നന്നായി.’ വിവേകാനന്ദന്‍ സ്വന്തം ശിരസ്സില്‍ ചട്ടമ്പിസ്വാമികളുടെ കൈതൊടുവിയ്ക്കുകയാണ് ചെയ്തതെന്ന് ചിലര്‍ പറയാറുണ്ടെങ്കിലും, അതു ശരിയല്ല. കൃതജ്ഞത കാണിക്കുക മാത്രമാണ് വിവേകാനന്ദന്‍ ചെയ്തതെന്നാണ് ചട്ടമ്പിസ്വാമികള്‍ പറഞ്ഞത്. എന്നെ കാണുമ്പോഴൊക്കെ ചട്ടമ്പിസ്വാമി വിവേകാനന്ദനെക്കുറിച്ച് സംസാരിക്കുമായിരുന്നു.” (329).

രണ്ട് സ്വാമിമാരും സംസ്‌കൃതസംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കെ ഒരവസരത്തില്‍ അവിടെയൊരു സംസ്‌കൃത പണ്ഡിതന്‍ എത്തി. വിവേകാനന്ദസ്വാമികള്‍ സംസാരിച്ചതില്‍ ചില വ്യാകരണതെറ്റുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വ്യാകരണത്തിന്റെ പിന്നാലെ പോകാറില്ല. വ്യാകരണം എന്റെ പിന്നാലെ വരണം!’ എന്നായിരുന്നു സ്വാമികളുടെ പ്രത്യുത്തരം. രണ്ട് സ്വാമിമാരുടെയും സമാഗമത്തെക്കുറിച്ച് പി. ശേഷാദ്രി എഴുതുന്നു, “ചില രാത്രികളില്‍ മുഴുവന്‍ സമയവും വിവേകാനന്ദനും ചട്ടമ്പിസ്വാമികളും സംഭാഷണം ചെയ്തിരുന്നുവത്രെ. വിവേകാനന്ദന്‍ സ്വന്തം ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ (കേരളത്തില്‍) ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു.’ എന്നവിടെ എഴുതുകയാണെന്ന് വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളോട് പറഞ്ഞു. ചട്ടമ്പിസ്വാമിക്ക് വിവേകാനന്ദനെ അങ്ങേയറ്റം ബഹുമാനമായിരുന്നു. ‘അദ്ദേഹം ഒരു ഗരുഡനാണെങ്കില്‍ ഞാനൊരു കൊതുകാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള വിത്യാസം’ എന്ന് ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു.” (വിവേകാനന്ദ ശതാബ്ദ സുവനീര്‍, പുറം.168). കൊല്ലത്തെ പ്രസിദ്ധമായ തോട്ടുവയലില്‍ ബംഗ്ലാവില്‍ താമസിക്കുകയായിരുന്ന സമയത്ത് അവിടെവെച്ചുണ്ടായ ഒരു സംഭാഷണത്തെക്കുറിച്ച് പ്രാക്കുളം നാണുപിള്ള സ്മരിക്കുന്നു, “വിവേകാനന്ദസ്വാമിയും സ്വാമിതിരുവടികളുമായുള്ള’ കൂടികാഴ്ചയെപ്പറ്റി ചോദിച്ചപ്പോള്‍, കണ്ണിനു ഒമ്പതു ഗുണങ്ങള്‍ ശാസ്ത്രീയമായിട്ടുണ്ടെന്നും അവ ഒമ്പതും തികഞ്ഞ കണ്ണുകള്‍ വിവേകാനന്ദസ്വാമികള്‍ക്കല്ലാതെ മറ്റാര്‍ക്കും കണ്ടിട്ടില്ലെന്നും സ്വാമികള്‍ പറഞ്ഞു” (ശ്രീചട്ടമ്പിസ്വാമി ശതാബ്ദ സ്മാരകഗ്രന്ഥം പുറം.121). സാമുദ്രികശാസ്ത്രത്തില്‍ അഗാധ പണ്ഡിതനായിരുന്ന ചട്ടമ്പിസ്വാമികള്‍ ശരീരലക്ഷണങ്ങളി ലൂടെ മനുഷ്യരുടെ ബോധതലം അളക്കുവാനുള്ള അറിവ് ആര്‍ജ്ജി ച്ചിരുന്ന മഹാനായിരുന്നുവല്ലോ!

വിവേകാനന്ദസ്വാമികളും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയത് തിരുവനന്തപുരത്തുവെച്ചല്ല. ആ ഋഷീശ്വരന്മാരുടെ സംഗമം എറണാകുളത്തുവെച്ചുതന്നെയായിരുന്നുവെന്നാണ് മുകളില്‍ പ്രസ്താവിച്ച സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. ഇതിനെല്ലാമുപരി ചട്ടമ്പിസ്വാമികള്‍ തന്നെ, അദ്ദേഹം സമാധിയോട് അടുപ്പിച്ച് പന്മയിലെ സി. പി. പി. സ്മാരക വായനശാലയില്‍ വിശ്രമിക്കുന്ന സമയത്ത് കുമ്പളത്ത് ശങ്കുപിള്ളയോട് നേരിട്ടു പറഞ്ഞ കാര്യങ്ങള്‍ക്കൂടി അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ”ഞാന്‍ ബംഗാളത്തുനിന്നും ബഹുദൂരമുള്ള ഇവിടെയെത്തി. യാത്രയില്‍ പല സന്ന്യാസിമാരേയും കണ്ടു. ഈ ചോദ്യം ഞാന്‍ അവരോടെല്ലാം ചോദിച്ചതാണ്. ഇത്ര തൃപ്തികരമായ മറുപടി പറയാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചില്ല. ചിന്മുദ്രയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണമതായിരുന്നു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നതി നടുത്തൊരു മരക്കൊമ്പില്‍ ഒരു കുരങ്ങിരുന്ന് കളിക്കുന്നുണ്ടായിരുന്നു. അതുകണ്ട് യുവസന്ന്യാസി ഇങ്ങനെ പറഞ്ഞു, ‘അതാ, ആ മരക്കൊമ്പില്‍ മനുഷ്യചിന്ത വിളയാടുന്നു.’ ഞങ്ങള്‍ മരക്കൊമ്പിലെ ആ മനുഷ്യനെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചു. വളരെ സമയം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചെങ്കിലും സ്വാമി വിവേകാനന്ദനായിരുന്നു ആ യുവസന്ന്യാസിയെന്ന് പിന്നീട് ഒരിക്കലാണ് എനിയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മാസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ ഒരു സന്ന്യാസി ഞാന്‍ വിശ്രമിച്ചിരുന്ന ഇടപ്പള്ളിയില്‍ വന്നു. ആനന്ദജി എന്നുപേരുള്ള അദ്ദേഹം ബംഗാളത്തുകാരനായിരുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞയച്ചതാണ് എന്ന് ആ സന്ന്യാസി പറഞ്ഞു. ചട്ടമ്പി, ചട്ടമ്പി എന്ന പേരും ഉച്ചരിച്ച് എറണാകുളം മുഴുവന്‍ ചുറ്റിതിരിഞ്ഞിട്ടാണ് ഇപ്പോള്‍ അവിടെ എത്തിയതെന്നു ആനന്ദജി പറഞ്ഞു. ഞാന്‍ എറണാകുളത്തുവച്ച് കണ്ടുമുട്ടി സംസാരിച്ച യുവസന്ന്യാസി വിവേകാനന്ദനായിരുന്നു എന്ന് അങ്ങനെയാണ് മനസ്സിലായത്. ആനന്ദജി കുറെനാള്‍ എന്നോടുകൂടി അങ്ങനെ ഇടപ്പള്ളിയില്‍ താമസിക്കുകയും ചെയ്തു. നീലകണ്ഠതീര്‍ത്ഥരും അന്ന് എന്റെ കൂടെയായിരുന്നു” (കഴിഞ്ഞകാല സ്മരണകള്‍, പുറം.183). അതിനുശേഷം വിവേകാനന്ദസ്വാമികളുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും ചട്ടമ്പിസ്വാമികളുടെ സിദ്ധിവിശേഷങ്ങളെക്കുറിച്ച് മനസ്സിലാക്കിയ അമൃതാനന്ദജിയും കേരളത്തിലെത്തി സ്വാമികളെ സന്ദര്‍ശിച്ച് ‘ഖേചരീമുദ്ര’ അഭ്യസിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളും (ആനന്ദഅമൃതാനന്ദജിമാരുടെ ചട്ടമ്പിസ്വാമി കളുമായുള്ള സമാഗമം) എറണാകുളത്തുവെച്ചാണ് നടന്നത്. ഈ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ ടി. ആര്‍. അനന്തക്കുറുപ്പ് ഇതിനെക്കുറിച്ച് ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദ സ്മാരക ഗ്രന്ഥത്തില്‍ (പുറം.3738)വിശദീകരിച്ച് എഴുതിയിട്ടുണ്ട്.

ചരിത്രത്തില്‍ സംഭവങ്ങള്‍ക്ക് മുഖ്യസ്ഥാനവും വ്യക്തികള്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂവെന്ന് ഒരു വാദഗതിയുണ്ട്. ചരിത്ര പുരുഷന്മാരെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ ജീവിത പരിണാമങ്ങള്‍ വിവരിക്കുമ്പോള്‍ സംഭവങ്ങളോടൊപ്പം വ്യക്തികള്‍ക്കും പ്രാധാന്യം ലഭിക്കുകയെന്നത് സ്വാഭാവികമാണ്. അതില്‍ ചരിത്രപരമായ അംശം ശാസ്ത്രീയവും വ്യക്തിപരമായ അംശം കലാത്മകവുമായിരിക്കും. മഹാകവി വെണ്ണിക്കുളം ഈ യുഗപുരുഷന്മാരുടെ സമാഗമത്തെക്കുറിച്ച് കലാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കേവലം ഭിക്ഷാദേഹി-
യെന്നപോലവിടുന്നി
കേരളഗ്രാമങ്ങളില്‍
ജീവിച്ചുപോരുംകാലം
ഭാവുകം വാരിത്തൂവാ-
നെത്തീടും മഹാത്മാവാം
ദേവദൂതനെന്നാരു-
മോര്‍ത്തതില്ലൊരുനാളും
ആ മനോഹര കല്പ-
ശാഖിയെ ചുറ്റിപ്പറ്റി
നാ, മുറുമ്പുകള്‍പോലെ
ചാലുകള്‍ കീറീടുമ്പോള്‍
പൂവിതള്‍ക്കുള്ളില്‍ പാറും
ഭൃംഗമായ് പറന്നെത്തീ
ശ്രീവിവേകാനന്ദന്റെ ലോചനം,
ലോകാരാധ്യം.

വിവേകാനന്ദസ്വാമികള്‍ തിരുവനന്തപുരത്ത്

വിവേകാനന്ദസ്വാമികള്‍ എറണാകുളത്തുനിന്ന് തിരവനന്തപുരത്തേക്ക് വഞ്ചിയിലാണ് യാത്ര തിരിച്ചത്. 1892 ഡിംസബര്‍ 6ാം നാണ് സ്വാമിജി യാത്രയായത്. ഏകദേശം ഏഴ് ദിവസമെടുത്ത്, 1892 ഡിസംബര്‍ 13 നാണ് സ്വാമിജി തിരുവനന്തപുരത്തെത്തിയത്. അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രൊഫ. സുന്ദരരാമയ്യര്‍ക്ക് ഒരു കത്ത് ഏല്പിച്ചാണ് രാമയ്യ സ്വാമിജിയെ തിരുവനന്തപുരത്തേക്ക് യാത്രയാക്കിയത് (Reminiscences of Swami Vivekanda p.57). ഫ്രൊഫ. സുന്ദരരാമയ്യരുടെ വീട്ടിലായിരുന്നു സ്വാമികള്‍ താമസിച്ചരുന്നത്. എന്നാല്‍ താമസിച്ചിരുന്ന സ്ഥലം എവിടെയായിരുന്നുവെന്നതിനെക്കുറിച്ച് ഇന്നും ഏകാഭിപ്രാമില്ല. ട്യൂട്ടേഴ്‌സ്‌ലൈനിലാണ് സ്വാമിജി താമസിച്ചതെന്ന് ചിലര്‍. കോട്ടയ്ക്കകത്താണെന്ന് മറ്റുചിലര്‍. തൈക്കാട് ശാസ്താക്ഷേത്രത്തിനു സമീപമാണെന്നും പറയുന്നവരുണ്ട്.

സ്വാമിജിയോടൊന്നിച്ച് പോകാന്‍ കൊച്ചിയില്‍ നിന്നൊരു മുസ്ലീം ശിപായിയെ രാമയ്യ ഏര്‍പ്പാടാക്കിയിരുന്നു. എറണാകുളത്തുനിന്ന് യാത്രതിരിച്ചതിന് ശേഷം ഏഴു ദിവസമായി കുറച്ചു പാലല്ലാതെ മറ്റൊന്നും സ്വാമിജി കഴിച്ചിരുന്നില്ല. പ്രൊഫ. സുന്ദരരാമയ്യരെ കണ്ടയുടന്‍ തന്റെ കൂടെയുള്ള ശിപായിക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യമാണ് സ്വാമിജി ആദ്യമായി ഓര്‍മ്മിപ്പിച്ചത്. അയാള്‍ക്ക് ഭക്ഷണം കൊടുത്തതിനുശേഷം മാത്രമാണ് സ്വാമി ഭക്ഷണം കഴിച്ചത്. ‘സ്വാമി എന്ത് കഴിക്കും,’ പ്രൊഫസര്‍ ചോദിച്ചു. ‘എന്തായാലും മതി. സന്ന്യാസിമാര്‍ രുചി നോക്കാറില്ല.’ എന്നായിരുന്ന ഉത്തരം.’ (Reminiscences of Swami Vivekananda p.57).

അശ്വതിതിരുനാള്‍ ഇളയ രാജാവ് അന്ന് എം. എ. പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു. സ്വാമിജി ആഗതനായ ദിവസം പ്രൊഫസ്സര്‍ ഇളയരാജാവിനെ പഠിപ്പിക്കാന്‍ പോയില്ല. സ്വാമിജിയുമായി സംസാരിച്ചിരുന്നു. പിന്നീട് മഹാരാജാസ് കോളേജിലെ രസതന്ത്രം പ്രൊഫസറായ രംഗാചാര്യയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍പോയെങ്കിലും അദ്ദേഹത്തെ കാണാത്തതിനാല്‍ അവിടെനിന്ന് തിരുവനന്തപുരം ക്ലബ്ബിലേയ്ക്ക് പോയി. അവിടെവച്ച് രംഗാചാര്യയെ കൂടാതെ പ്രൊഫ. സുന്ദരംപിള്ളയേയും കണ്ടു. അക്കാലത്തെ ദിവാന്‍ പേഷ്‌ക്കാറായിരുന്ന ശ്രീ. രഘുനാഥറാവുവും പിന്നീട് ദിവാന്‍പേഷ്‌ക്കാരായിതീര്‍ന്ന കണ്ടനാട്ട് ശ്രീ. നാരായണമേനോനും തിരുവനന്ത പുരം ക്ലബ്ബില്‍ (ഇന്നത്തെ ശ്രീമൂലം ക്ലബ്ബ്) ഉണ്ടായിരുന്നു. നാരായണ മേനോന് എന്തോ സംഗതിവശാല്‍ നേരത്തേ പോകേണ്ടതായി വന്നു. അദ്ദേഹം ദിവാന്‍പേഷ്‌ക്കാരുടെ അടുത്തുചെന്ന് പാശ്ചാത്യരീതിയില്‍ സലാംപറഞ്ഞു പിരിഞ്ഞപ്പോള്‍ പ്രാചീന ബ്രാഹ്മണ സമ്പ്രദായത്തില്‍ അദ്ദേഹം ഇടത്തുകൈ അല്പം പൊക്കി അനുവാദം കൊടുക്കുകയാണ് ചെയ്തത്. ശൂദ്രന്മാരെ ബ്രാഹ്മണര്‍ അഭിവാദ്യം ചെയ്യുന്ന രീതിയായിരുന്നു അത്. സ്വാമിജി ഇത് ശ്രദ്ധിച്ചു. പേഷ്‌ക്കാര്‍ക്കും പോകുവാനുള്ള സമയമായി. അദ്ദേഹം സ്വാമിജിയുടെ അടുത്തുചെന്ന് യാത്ര പറഞ്ഞുപിരിയുവാന്‍ പുറപ്പെട്ടപ്പോള്‍ സ്വാമിജി വെറും ‘നാരായണ’ എന്നു മാത്രം പറഞ്ഞു മിണ്ടാതെയിരുന്നു. ഇത് ദിവാന് ഒട്ടും പിടിച്ചില്ല. അതറിഞ്ഞ ഉടനെ സ്വാമിജി ഗൗരവത്തില്‍ പറഞ്ഞു, ”മിസ്റ്റര്‍ നാരായണമേനോന്‍, നിങ്ങളോട് യാത്ര പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പ്രദായപ്രകാരമുള്ള ആചരണമേ പാടുള്ളൂവെങ്കില്‍ എന്നോട് യാത്ര പറയുമ്പോള്‍ ഞാനെന്റെ സമ്പ്രദായപ്രകാരമുള്ള ആചരണം ചെയ്താല്‍ പോരെന്ന് പറയുവാന്‍ നിങ്ങള്‍ക്കെന്തൊരു അവകാശമാണുള്ളത്?” സ്വാമിജിയുടെ മനോധൈര്യത്തെയും സൂക്ഷ്മദര്‍ശിത്വത്തെയും സ്വഭാവവിശേഷത്തെയും പ്രകാശിപ്പിക്കുന്ന ഒരു സംഭവമായിരുന്നു അത്. ഏതായാലും അടുത്ത ദിവസംതന്നെ സ്വാമിജിയോട് ക്ഷമയാചിച്ചുകൊണ്ടുള്ള ദിവാന്‍പേഷ്‌കാരുടെ സന്ദേശം വരികയുണ്ടായി.

ഷിക്കാഗോ മതമഹാസമ്മേളനത്തില്‍ പങ്കെടുത്ത് സുപ്രസിദ്ധനായതിനുശേഷം വിവേകാനന്ദസ്വാമികള്‍ മദിരാശിയില്‍ മടങ്ങിയെത്തിയപ്പോഴും സ്വാമിജിയെ കാണുവാനും അദ്ദേഹവുമായി വളരെയടുത്ത് പെരുമാറുവാനും പ്രൊഫ. സുന്ദരരാമയ്യര്‍ക്കും അദ്ദേഹത്തിന്റെ മകന്‍ കെ. എസ്. രാമസ്വാമി ശാസ്ത്രിക്കും ഭാഗ്യം ലഭിച്ചിരുന്നു. ‘സ്വാമിജിയോടുകൂടിയുള്ള എന്റെ രണ്ടാമത്തെ നവരാത്രി’ എന്ന ലേഖനത്തില്‍, മദിരാശിയില്‍ സ്വാമിജിയുമായി ഒന്നിച്ചുകഴിഞ്ഞ ഒമ്പതു ദിവസത്തെക്കുറിച്ച് പ്രൊഫസ്സര്‍ പിന്നീട് വേദാന്ത കേസരിയില്‍ (1923 ജനുവരിഫെബ്രുവരി) എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ മകന്‍ കെ. എസ്. രാമസ്വാമിശാസ്ത്രിയും തന്റെ അനുഭവങ്ങളെക്കുറിച്ച് ഒരു ലേഖനം പ്രബുദ്ധഭാരതത്തിലും (1953 സെപ്തംബര്‍ ഒക്‌ടോബര്‍ ലക്കം) എഴുതുകയുണ്ടായി. കെ. എസ്. രാമസ്വാമിശാസ്ത്രി എഴുതുന്നു, “ഞങ്ങളുടെ വീട്ടിലെ നവദിനവാസക്കാലത്ത് മുഴുവന്‍ സ്വാമിജി എന്നോട് കാരുണ്യവാത്സല്യത്തോടെ മാത്രമാണ് പെരുമാറിയിട്ടുള്ളത്. കാന്തിക സമാനമായ എന്തോ ഒരാകര്‍ഷണം എന്നെ എപ്പോഴും അദ്ദേഹത്തിലേക്ക് വലിച്ചടുപ്പിച്ചിരുന്നു. അച്ഛന്‍ സ്വാമിജിയുമായി മതപരമായും തത്ത്വചിന്താപരമായും ഗഹനസംവാദങ്ങള്‍ നടത്തിയത് ഓര്‍മ്മയുണ്ട്. അവയെല്ലാം എനിക്കുള്‍ക്കൊള്ളാവുന്നതിലും ആഴമാര്‍ന്നവയായിരുന്നു. എന്നാല്‍ വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു, സ്വാമിജിയുടെ കണ്ണുകള്‍ക്ക് അപൂര്‍വ്വമായ ഒരു കാന്തികാകര്‍ഷണമുണ്ടായിരുന്നു. അതില്‍ കാരുണ്യവും സ്‌നേഹവും കലര്‍ന്നുനിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം മാധുര്യത്തിന്റേയും ശക്തിയുടേയും സന്തുലിത സംയോഗമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സൂര്യപ്രകാശശോഭയാര്‍ന്ന പുഞ്ചിരിയും എന്നെ ഏറെ അനന്ദിപ്പിച്ചു; ഞാനതേറെ ആസ്വദിച്ചു.” (മാതൃഭൂമി വാരാന്തപതിപ്പ് 2003 ജൂണ്‍ 29)

പ്രൊഫ. സുന്ദരരാമയ്യര്‍ സ്വാമിജിയെ ഇളയരാജാവിനെ സന്ദര്‍ശിക്കുവാന്‍ കൊണ്ടുപോയി. അദ്ദേഹവുമായുള്ള സംഭാഷണവേളയില്‍ ”തെക്കോട്ടു വരുന്തോറും രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സ്വാഭാവത്തിലും കാര്യശേഷിയിലും അനുക്രമമായ അപക്ഷയം താന്‍ കണ്ടു” എന്ന് സ്വാമിജി (Reminiscences of Swami Vivekananda p.60) പറയുകയുണ്ടായി. ഭാരതത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്വാമിജി സന്ദര്‍ശിച്ച മഹാരാജാവ് ശ്രീമൂലം തിരുനാളായിരുന്നു. അശ്വതിതിരുനാള്‍ ഇളയരാജാവിനെ കണ്ട അവസരത്തില്‍ സ്വാമിജി തിരിവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിനെ കണ്ടിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞതിനുശേഷം സ്വാമിജി മഹാരാജാവിനെ കണ്ടു. തിരുവിതാംകൂറില്‍ എവിടെ സഞ്ചരിക്കുമ്പോഴും സ്വാമികള്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാമെന്ന് മഹാരാജാവ് പറഞ്ഞു. സന്ന്യാസിയായതിനാല്‍ തനിക്ക് സൗകര്യങ്ങളൊന്നും ഉണ്ടാക്കേണ്ടതില്ലെന്ന മറുപടിയാണ് സ്വാമിജി നല്കിയത്. ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ ആ സമാഗമം സമാപിച്ചു. നേരിയ ഇച്ഛാംഭംഗത്തോടെയാണ് സ്വാമിജി കൊട്ടാരത്തില്‍ നിന്നും തിരിച്ചുപോയത്.

സ്വാമിജിയുടെ ഒരു ഫോട്ടോ അന്ന് അശ്വതിതിരുനാള്‍ ഇളയരാജാവ് എടുത്തിരുന്നു. മദിരാശി മ്യൂസിയത്തില്‍ വെച്ചുനടന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ പിന്നീടത് പ്രദര്‍ശിപ്പിച്ചിരുന്നു. ഫോട്ടോയുടെ താഴെ 1869 എന്നെഴുതിയിരുന്നതുകൊണ്ട് ഏറെക്കാലം സ്വാമിജിയുടെ ചിത്രം തന്നെയാണോ എന്നൊരു സംശയം നിലനിന്നിരുന്നു. വി. എം. കൊറാത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നു, ‘അതേ ഫോട്ടോയാണ് ബേലൂര്‍ മഠത്തില്‍ സ്വാമികള്‍ ഉപയോഗിച്ചിരുന്ന മുറിയുടെ വാതിലിന് മുകളില്‍ ഇപ്പോള്‍ വെച്ചിരിക്കുന്ന പടം’ (വിവേകാനന്ദ ശതകപ്രശസ്തി 1963, പുറം.127).

തിരുവിതാംകൂറിലെ സ്വഭാഷാ (വെര്‍ണാകുലര്‍) വിദ്യാഭ്യാസത്തിന്റെ ഡയറക്ടറായിരുന്ന രാജശ്രീ എസ്. രാമറാവു, തിരുവിതാംകൂര്‍ ഹജ്ജൂര്‍കച്ചേരിയില്‍ പേഷ്‌ക്കാരായിരുന്ന ശ്രീ. പിറവി പെരുമാള്‍പിള്ള തുടങ്ങിയവരുമായും സ്വാമിജി വിവിധ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. സ്വാമിജിയുടെ വിജ്ഞാന ഭണ്ഡാഗാരത്തെ അളക്കാന്‍ കഴിയാത്തതാണെന്നറിഞ്ഞ് അദ്ഭുതാദരവുകളോടെയാണ് അവര്‍ പിരിഞ്ഞുപോയത്. മനോന്മണീയം പി. സുന്ദരംപിള്ളയും സ്വാമിജിയെ കണ്ടിരുന്നുവെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. സുന്ദരംപിള്ളയുടെ താന്‍ ഹിന്ദുസമാജത്തിനു പുറത്തുള്ള ദ്രാവിഡനാണെന്നുള്ള വാദം കേട്ട് സ്വാമിജി അത്ഭുതപ്പെട്ടുവെന്നും ഇരുവരും തമ്മിലുള്ള സംവാദം ചൂടേറിയ തര്‍ക്കമായി പരിണമിക്കുകയും സുന്ദരംപിള്ളയെപോലുള്ള പണ്ഡിതന്മാര്‍ വംശീയവാദത്തിന്റെ വക്താക്കളായി തീരുന്നതില്‍ സ്വാമിജി സഹതപിക്കുകയും ചെയ്തുവെന്ന് പ്രൊഫ. സുന്ദരരാമയ്യര്‍ പറഞ്ഞുവെന്ന്, ശ്രീ. ശൈലേന്ദ്രനാഥ് ധര്‍ രേഖപ്പെുത്തിയിട്ടുണ്ട് (A Comprehensive Biography of Swami Vivekananda p.365). ആര്യ- ദ്രാവിഡ സംഘര്‍ഷത്തെക്കുറിച്ച് തിരുവനന്തപുരത്തുവെച്ചാണ് സ്വാമിജി ആദ്യമായി ശ്രവിക്കുന്നതെന്നും പില്‍ക്കാലത്ത് ഭാരതത്തിന്റെ അഖണ്ഡതയെ ഏറെ ബാധിച്ച ഉത്തരദക്ഷിണ ദേശങ്ങളുടെ പേരിലുള്ള വംശീയ സംഘര്‍ഷത്തിന്റെ വിത്ത് ഈ ദ്രാവിഡ വാദമായിരുന്നുവെന്നും ശ്രീ. എസ്. എന്‍. ധര്‍ വിലയിരുത്തുന്നു. സ്വാമിജി അനന്തപുരി സന്ദര്‍ശിച്ചപ്പോള്‍ റാവു ബഹാദൂര്‍ മനോമണിയം സുന്ദരംപിള്ളയുടെ അഥിതിയായി മൂന്നുദിവസം കഴിഞ്ഞിരുന്നുവെന്നും അവിടെ സ്വാമിജി ഉപയോഗിച്ചിരുന്ന കരിങ്കല്‍പാളി അദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീട്ടില്‍ സൂക്ഷിച്ചുവച്ചിരുന്നുവെന്നും 2011 ലാണ് പ്രചരിപ്പിക്കപ്പെട്ടത്. ചില പ്രത്യേക ചുറ്റുപാടുകളില്‍ ഒരു ആശയം നന്നായി പ്രചരിക്കുകയും അതു സത്യമാണെന്നു കുറേ ആളുകള്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്താല്‍ അതില്‍ സത്യമില്ലെന്നും തെളിവുസഹിതം സ്ഥാപിച്ചാല്‍ പോലും ആ വിശ്വാസത്തില്‍ മാറ്റം വരുത്താന്‍ ആളുകള്‍ക്ക് പ്രയാസം കാണും.

തിരുവിതാംകൂറിലെ ആദ്യകാല സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായിരുന്ന തൈയ്ക്കാട് അയ്യാസ്വാമികള്‍ സുന്ദരം പിള്ളയോട് ഒത്തുചേര്‍ന്ന് പുത്തന്‍ച്ചന്തയില്‍ സ്ഥാപിച്ചതാണ് ‘ശൈവപ്രകാശ സഭ’. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ നടത്തി വന്നിരുന്ന ‘ജ്ഞാനപ്രജാഗാരസംഘത്തില്‍’ വെച്ചാണ് ചട്ടമ്പിയെ സുന്ദരംപിള്ള അയ്യാസ്വാമികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് (അയ്യാഗുരു മഹാസമാധി വാര്‍ഷിക സ്മരണിക, 2003 പുറം.88) എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.

മദിരാശിയില്‍ അസിസ്റ്റന്റ് എക്കൗണ്ടന്റ് ജനറലായിരുന്ന മന്മഥനാഥ് ഭട്ടാചാര്യ എന്നൊരു ബംഗാളി, ആ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ റസിഡന്‍സി ഖജനാവില്‍ നിന്ന് കുറെ കറന്‍സിനോട്ടുകള്‍ കാണാതെ പോയതിനെപ്പറ്റി അന്വേഷിക്കാനായി വന്നതായിരുന്നു അദ്ദേഹം. കൊല്‍ക്കത്ത സംസ്‌കൃത കോളേജിന്റെ പ്രിന്‍സിപ്പളായിരുന്ന പണ്ഡിറ്റ് മഹാമഹോപാദ്ധ്യായ മഹേശ്ചന്ദ്ര ന്യായരത്‌നത്തിന്റെ മകനായിരുന്ന ഇദ്ദേഹം സ്വാമിജിയുടെ ഒരു സതീര്‍ത്ഥ്യനും കൂടിയായിരുന്നു. പ്രൊഫ. സുന്ദരരാമയ്യര്‍ അന്വേഷിച്ച് അദ്ദേഹത്തിന്റെ താമസസ്ഥലം കണ്ടെത്തി. ഇതിനെക്കുറിച്ച് പ്രൊഫസര്‍ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്, ‘”അദ്ദേഹത്തെ കണ്ടതുമുതല്‍ കാലത്തെ സമയമെല്ലാം സ്വാമിജി അദ്ദേഹത്തിന്റെ കൂടെയാണ് കഴിക്കാറ്; ഊണും അവിടെത്തന്നെ. സ്വാമി സര്‍വ്വസമയവും ഭട്ടാചാര്യന്റെ കൂടെയാണ് എന്ന് ഒരു ദിവസം ഞാന്‍ പരാതി പറഞ്ഞു. ‘ഞങ്ങള്‍ ബംഗാളികള്‍ സ്വജനസ്‌നേഹം കൂടിയ (clanish) വര്‍ഗ്ഗമാണെന്നായിരുന്നു’ സ്വാമിജിയുടെ ഉത്തരം” (Life of Swami Vivekananda Vol.I p.334).

തിരുവനന്തപുരത്ത് ഒരു പൊതുയോഗത്തില്‍ ഒരുദിവസം പ്രസംഗിക്കണമെന്ന് സുന്ദരാമയ്യര്‍ സ്വാമിജിയോട് അഭ്യര്‍ത്ഥിച്ചു. സ്വാമിജി അതിനുമുമ്പ് ഒരു പ്രസംഗവും ചെയ്തിട്ടില്ലായിരുന്നു. അതിനാല്‍ പ്രസംഗം ചെയ്യുവാനറിഞ്ഞുകൂടാത്തതുകൊണ്ട് അതിനായി ശ്രമിച്ചാല്‍ അഭംഗിയായി കലാശിക്കുമെന്നാണ് സ്വാമിജി മറുപടി പറഞ്ഞത്. എന്നാല്‍ ഷിക്കാഗോയില്‍ വെച്ച് മതവിഷയമായി ഒരു മഹായോഗം കൂടുന്നുണ്ടെന്നും ഹിന്ദുപ്രതിനിധിയായി ആ യോഗത്തില്‍ പങ്കെടുക്കുവാന്‍ മൈസൂര്‍ മഹാരാജാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമുള്ള വിവരം പ്രൊഫസ്സര്‍ക്ക് അറിവുണ്ടായിരുന്നു. അതുകൊണ്ട് സ്വാമികളുടെ മറുപടി വെറുമൊരു ഒഴിവുകഴിവുമാത്രമാണെന്ന് ഫ്രൊഫസര്‍ വാദിച്ചു. അപ്പോള്‍ സ്വാമിജി പറഞ്ഞു, “ഞാന്‍ ഷിക്കാഗോയില്‍ പോയി ഹിന്ദുധര്‍മ്മ പ്രചാരം ചെയ്യണമെന്നാണ് ഈശ്വരേച്ഛയെങ്കില്‍ അതിനുവേണ്ട ശക്തിയും അറിവും എനിക്ക് ഈശ്വരന്‍ തന്നെ അപ്പപ്പോള്‍ തന്നുകൊള്ളും.” ആചാരങ്ങളില്‍ കൃത്യവും നിഷ്ഠയുമുള്ള ബ്രാഹ്മണനായിരുന്നിട്ടുകൂടി പ്രൊഫസര്‍ക്ക് ഈശ്വരേച്ഛയില്‍ അത്ര വിശ്വാസമില്ലെന്ന് മനസ്സിലാക്കിയ സ്വാമിജി സ്വതസിദ്ധമായ ഗംഭീരസ്വരത്തില്‍ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു, “നിങ്ങള്‍ വളരെ ആചാരനിഷ്ഠയുള്ള ഒരു ബ്രാഹ്മണനാണെന്ന് പ്രവര്‍ത്തികളെ ക്കൊണ്ട് പുറമെ കാണിക്കുന്നുണ്ടെങ്കിലും മനസ്സില്‍ ഈശ്വര വിശ്വാസം ഇല്ലാത്ത ആള്‍ എന്നാണ് എനിയ്ക്ക് തോന്നുന്നത്. ഈശ്വരന്റെ ശക്തിക്കും പ്രവര്‍ത്തിക്കും നിങ്ങള്‍ അതിര്‍വരമ്പ് കല്പിക്കുവാന്‍ പോകുന്നതുപോലെ തോന്നുന്നു.”

അക്കാലത്ത് തിരുവിതാംകൂര്‍ ദിവാനായിരുന്ന ശങ്കരസുബ്ബയ്യര്‍ സ്വാമികളുമായി ഒരു കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായ സംഭാഷണം മുഖ്യമായും ഭക്തിയെപ്പറ്റിയായിരുന്നു. സ്വാമിയുടെ അഗാധജഞാനവും അതിരറ്റ ഭക്തിയും അറിഞ്ഞ ദിവാന്‍ ആശ്ചര്യസ്തബ്ധനായി. സ്വാമികള്‍ തിരുവനന്തപുരത്തെന്നു മാത്രമല്ല തിരുവിതാംകൂറിലെവിടെയും സഞ്ചരിക്കുമ്പോള്‍ സ്വാമികള്‍ക്കു വേണ്ടുന്ന എല്ലാം ഏര്‍പ്പാടുകളും ചെയ്തു കൊടുക്കാമെന്ന് പറയുകയും ചെയ്തു. പക്ഷേ സ്വാമിജി ശുദ്ധസന്ന്യാസിയാ യിരുന്നതുകൊണ്ട് ആവശ്യം ഒന്നുംതന്നെയുണ്ടായിരുന്നില്ല. അതിനാല്‍ സ്വാമിജി ആ വിധ സൗകര്യങ്ങളെയെല്ലാം കൃതജ്ഞ താപൂര്‍വ്വം നിരസിക്കുകയാണ് ചെയ്തത്.

പ്രസിദ്ധ വ്യാകരണപണ്ഡിതനായിരുന്ന പണ്ഡിറ്റ് വഞ്ചീശ്വരശാസ്ത്രി അക്കാലത്ത് തിരുവനന്തപുരത്തുണ്ടായിരുന്നു. ഇളയരാജാവിന്റെ സംസ്‌കൃത ഉപാദ്ധ്യായനുമായിരുന്നു അദ്ദേഹം. സ്വാമിജി തിരുവനന്തപുരത്തു നിന്നും യാത്രയാകാന്‍ പോകുന്ന അവസരത്തിലാണ് അദ്ദേഹം സ്വാമിജിയെ സന്ദര്‍ശിച്ചത്. നാലഞ്ചുമിനിറ്റുകൊണ്ട് ശാസ്ത്രികള്‍ സ്വാമികളെ മനസ്സിലാക്കിയത് ഇപ്രകാരമായിരുന്നു, “സ്വാമികള്‍ അപാരവിദ്വാനാണ്. ഞങ്ങള്‍ സംസാരിച്ചത് വ്യാകരണത്തില്‍ എത്രയും പ്രയാസമുള്ള ഒരു ഭാഗത്തെപ്പറ്റിയാണ്. സ്വാമികള്‍ സംസ്‌കൃതത്തില്‍ അപാര പണ്ഡിതനും വ്യാകരണത്തില്‍ അസാമാന്യ വിദ്വാനുമാണ്. എന്ന് ഈ സമയംകൊണ്ട് ബോദ്ധ്യപ്പെടുത്തി”.

വിവേകാനന്ദസ്വാമികള്‍ കന്യാകുമാരിയില്‍

സുന്ദരരാമയ്യരുടെകൂടെ സ്വാമിജി ഒമ്പതു ദിവസം താമസിച്ചു. 1892 ഡിസംബര്‍ മാസം 22 ന് തിരുവനന്തപുരം വിട്ടു. മന്മഥനാഥ ഭട്ടാചാര്യയും കുടുംബവും കൂടെ ഉണ്ടായിരുന്നു (സ്വാമി ഗംഭീരാനന്ദ, യുഗനായക്ക് വിവേകാനന്ദ വാല്യം 1 പുറം 287) . പോകുന്ന വഴിയില്‍ സ്വാമിജി നെയ്യാറ്റിന്‍കരയിലിറങ്ങി റോഡുവശത്തുള്ള കിണറില്‍നിന്ന് വെള്ളംകോരികുടിച്ചുവെന്ന് രേഖപ്പെടുത്തിയ ഒരു ഫലകം കിണറ്റിന്റെ അരുകില്‍ കൊത്തിവെച്ചിരുന്നു. ഇപ്പോള്‍ കിണര്‍ മൂടപ്പെട്ടതോടൊപ്പം ഫലകവും കാണാതായിരിക്കുന്നു. തുടര്‍ന്ന് നാഗര്‍കോവിലിലാണ് സ്വാമിജി തങ്ങിയത്. നാഗര്‍കോവിലില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഒരു രത്‌നസ്വാമി അയ്യരായിരുന്നു അവിടെ സ്വാമിജിയുടെ ആതിഥേയന്‍. മന്മഥനാഥ് ഭട്ടാചാര്യയും കുടുംബവും സ്വാമിജിയുടെകൂടെ കന്യാകുമാരിവരെ ഉണ്ടായിരുന്നുവെന്നും അവിടെവെച്ച് ഭട്ടാചാര്യയുടെ കൊച്ചുമകളെ പ്രതീകമാക്കി സ്വാമിജി കുമാരിപൂജ നടത്തിയെന്നും ഒരഭിപ്രായമുണ്ട്. അതല്ല നാഗര്‍കോവിലില്‍ നിന്നും ഏകനായി കാല്‍നടയായാണ് സ്വാമിജി കന്യാകുമാരിയിലെത്തിയതെന്നാണ് പൊതുവെയുള്ള ധാരണ.

സ്വാമിജി ശുചീന്ദ്രംക്ഷേത്രം സന്ദര്‍ശിച്ചു. ഉടുപ്പോടുകൂടി ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ ആരംഭിച്ചപ്പോള്‍, ആരോ അങ്ങനെ ചെയ്യുന്നത് നാട്ടാചാരമല്ലെന്ന് പറഞ്ഞു. ഉടനെ സ്വാമികള്‍ ഉടുപ്പെല്ലാം ഊരിവെച്ച് ക്ഷേത്രദര്‍ശനം നടത്തിയെന്നും പറയപ്പെടുന്നു. ശുചീന്ദ്രത്തില്‍ നിന്നും കാല്‍നടയായാണ് കന്യാകുമാരി യിലെത്തിയത്. ഹിമാലയം മുതല്‍ കന്യാകുമാരിവരെ ചെയ്ത പരിവ്രാജകവൃത്തിയില്‍ സ്വാമിജി അത്യന്തം കൃതകൃത്യനായി തീര്‍ന്നു. ക്ഷേത്രത്തില്‍ പ്രവേശിച്ച ഉടനെ ഭക്തികൊണ്ട് അപരാജിതനായ അദ്ദേഹം കന്യാകുമാരിദേവിയുടെ കാല്‍ക്കല്‍ വളരെനേരം കിടന്നുവെന്നും പറയപ്പെടുന്നു.

1892 ഡിസംബര്‍ 24നാണ് സ്വാമിജി കന്യാകുമാരി യിലെത്തിയത്. ഭാരതത്തിന്റെ തെക്കെയറ്റമായ, ത്രിവേണിസംഗമ സ്ഥാനമായ കന്യാകുമാരിയിലെത്തി ആദ്യം ദേവിയെ സാഷ്ടാംഗം നമസ്‌ക്കരിച്ചു. കരയില്‍ നിന്നും രണ്ടര ഫര്‍ലോങ്ങ് അകലെയുള്ള ശ്രീപാദശിലയില്‍പോയി ധ്യാനനിരതനാകുവാന്‍ സ്വാമിജി തയ്യാറായി. അവിടേയ്ക്ക് കൊണ്ടുപോകാനുള്ള കട്ടമരക്കാര്‍ക്ക് കൊടുക്കുവാനുള്ള പണം സ്വാമിജിയുടെ കൈയ്യില്‍ ഇല്ലായിരുന്നതു കൊണ്ട് അദ്ദേഹം കടലിലേക്ക് ചാടി, കുതിച്ചു നീന്തി, ശ്രീപാദപാറയി ലെത്തി ധ്യാനനിമഗ്‌നാവുകയാണുണ്ടായത്. തുടര്‍ന്നുള്ള മൂന്ന് ദിനരാത്രങ്ങള്‍ (1892 ഡിസംബര്‍ 24, 25, 26) ദേവിയെ ധ്യാനിച്ചു ഭാരതത്തെ വീണ്ടുമൊരിക്കല്‍ക്കൂടി ആത്മീയതയുടെ സുവര്‍ണ്ണ സിംഹാസനത്തില്‍ അവരോധിക്കാനുള്ള ധ്യാനം. ശ്രീപാദപ്പാറയില്‍ സ്വാമിജി നില്ക്കുന്നത് കരയില്‍നിന്നും കണ്ട ചില സജ്ജനങ്ങള്‍ മൂന്നാം ദിവസം ഒരു തോണിയില്‍പോയി അദ്ദേഹത്തെ കരയ്ക്കു കൊണ്ടുവന്നു. ആ സമയത്ത് സ്വാമിജി തന്നെ ഒരു ശ്ലോകം മധുരമനോഹരമായി ചൊല്ലുന്നത് അവര്‍ കേട്ടു. അദ്ദേഹം തന്നെ രചിച്ച ശ്ലോകമായിരുന്നു അത്. ‘അംബാസ്‌തോത്രം’ എന്ന പേരില്‍ വിവേകാനന്ദ സാഹിത്യസര്‍വ്വസ്വത്തിന്റെ ഏഴാംവാല്യത്തില്‍ (പുറം 197) ആ സ്‌തോത്രം കൊടുത്തിട്ടുണ്ട്. ഭാരതത്തിന്റെ അധഃപതനത്തിനുകാരണം മതമല്ലെന്നും മതത്തിന്റെ ശരിയായ മാര്‍ഗ്ഗത്തെ ആരുമെങ്ങും പിന്‍തുടരാത്തതാണെന്നും സ്വാമിജി മനസ്സിലാക്കി. 1894 മാര്‍ച്ച് 19 ന് ഷിക്കാഗോയില്‍നിന്ന് രാമകൃഷ്ണാനന്ദസ്വാമികള്‍ക്ക് അയച്ച കത്തില്‍ സ്വാമിജി ഇങ്ങനെ എഴുതി, ‘ഇതൊക്കെ ആലോചിച്ചിട്ട്, വിശേഷിച്ചും ദാരിദ്ര്യത്തേയും അജ്ഞതയേയും കുറിച്ച് വിചാരിച്ച്, എനിക്ക് ഉറക്കം വന്നില്ല. കന്യാകുമാരിയില്‍, കുമാരീദേവിയുടെ കോവിലില്‍, ഭാരതത്തിന്റെ പ്രാന്തശിലാതലത്തില്‍ ഇരുന്നകൊണ്ട് ഞാനൊരു പരിപാടി ആസൂത്രണം ചെയ്തു. നാം, നിരവധി സന്യാസിമാര്‍, ജനങ്ങളെ വേദാന്തവും പഠിപ്പിച്ചുകൊണ്ട്, ചുറ്റിനടക്കുന്നുണ്ട് അതൊക്കെ പച്ചകിറുക്കാണ്. ‘വെറുംവയറ്റില്‍ മതം ചെല്ലുകയില്ല’ എന്നു നമ്മുടെ ഗുരുദേവന്‍ പറയാറില്ലേ? ആ പാവപ്പെട്ടവര്‍ മൃഗങ്ങള്‍ക്കുതുല്യമായ ജീവിതം നയിക്കുന്നത് അജ്ഞതകൊണ്ട് മാത്രമാണ് എക്കാലവും നാം അവരുടെ ചോര ഊറ്റിക്കുടിക്കുകയും അവരെ ചവുട്ടിമെതിക്കുകയുമാണ് ചെയ്തുവന്നിരുന്നത്.’ (Ibid p.341-42).

സ്വാമിജിയുടെ കന്യാകുമാരി സന്ദര്‍ശനത്തിന് ദൃക്‌സാക്ഷികളായിരുന്ന രാമസുബ്ബയ്യര്‍, സദാശിവന്‍പിള്ള തുടങ്ങിയ വ്യക്തികള്‍ വിവേകാനന്ദശിഷ്യനായ വിരജാനന്ദസ്വാമികള്‍ 1919ല്‍ കന്യാകുമാരി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട് (Life of Swami Vivekananda p.344-45). ദക്ഷിണേശ്വരത്തെ ഭവതാരിണീദേവിയടെ സന്നിധാനത്തില്‍വെച്ച് ഗുരുദേവനിലൂടെ കൈമാറപ്പെട്ട കര്‍ത്തവ്യം കന്യാകുമാരീ ദേവിയുടെ സന്നിധിയില്‍വെച്ച് സ്വാമിജിക്ക് കൂടുതല്‍ സുവ്യക്തമായി. അങ്ങനെ കന്യാകുമാരിദേവീസവിധത്തില്‍വെച്ച് സ്വാമിജി ഭാരതമാതാവിന്റെ ആരാധകനും ജഗദീശ്വരിയുടെ പ്രവാചകനുമായിത്തീര്‍ന്നു.

1892ല്‍ ബാംഗ്ലൂരില്‍വെച്ച് വിവേകാനന്ദസ്വാമികളുമായി സംവദിച്ചതിനുശേഷവും ഡോ. പല്പു സ്വാമികളുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. സ്വാമിജിയുടെ ബാംഗ്ലൂരിലുള്ള ആരാധകന്മാരെല്ലാംകൂടി 1901ല്‍ വേദാന്തസൊസൈറ്റി ആരംഭിച്ചപ്പോള്‍ അതിന്റെ ഉപാദ്ധ്യക്ഷനായിരുന്നു ഡോ. പല്പു. എം. എ. നാരായണ അയ്യങ്കരായിരുന്നു വേദാന്ത സൊസൈറ്റിയുടെ അദ്ധ്യക്ഷന്‍. മൈസൂര്‍ യുവരാജാവിന്റെ ട്യൂട്ടറായിരുന്ന ഇദ്ദേഹം പിന്നീട് ‘ശ്രീവാസാനന്ദ എന്ന പേരില്‍ ശ്രീരാമകൃഷ്ണ സംഘത്തിലെ സന്ന്യാസിയായി തീര്‍ന്നു. ‘ബ്രഹ്മവാദിന്‍’ മാസികയുടെ സഹപത്രാധിപരായിരുന്ന ശ്രീ. ജി. ജി. നരസിംഹാചാരിയായിരുന്നു മറ്റൊരു ഉപാദ്ധ്യക്ഷന്‍. വിവേകാനന്ദശിഷ്യനായ നരസിംഹാചാര്യ 1902 ജൂലൈ 27 ന് ബാംഗ്ലൂരിലെ വേദാന്ത സൊസൈ്‌റിയില്‍വെച്ച് നടത്തിയ പ്രസംഗത്തില്‍ സ്വാമിജിയുടെ കേരളത്തിലൂടെ കന്യാകുമാരിയിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് സവിസ്തരം പ്രസ്ഥാവിച്ചിട്ടുണ്ട്.

തിരുവിതാംകൂറിലെ അവര്‍ണ്ണജനതയുടെ അവശതകള കറ്റാനായി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സഹായം തേടി, 1896ല്‍ ജി. പി. പിള്ള ഇംഗ്ലണ്ടിലേക്ക് പോയപ്പോള്‍ അദ്ദേഹത്തെ അവിടെയുള്ള പ്രമുഖരുമായി പരിചയപ്പെടുത്താന്‍ വിവേകാനന്ദസ്വാമികള്‍ ഭഗിനി നിവേദിതയ്ക്ക് ഒരെഴുത്ത് അയച്ചു. ആ എഴുത്ത് ഇപ്രകാരമാണ്, ‘ I have fully found a bit of important work for you to do, on behalf of the downt rodden masses of India.

The gentleman, I take the libetry of itnroducing to you, is in England on behalf of Tiyas, a Plebian caste in the native state of Malabar.

You will reaslise from this gentleman what amount oft yranny there is over these poor people, simply because of their caste.

Indian Government has refused to interfere, on the ground of non-interference in the internal administration of a native state. The only hope of these people is the British Parliament. Do kindly, everything in your power to help this matter being brought before the British public (Life of Swami Vivekananda Vol.II p.241).

ഈ കത്തെഴുതുന്ന സമയത്ത് വിവേകാനന്ദസ്വാമികള്‍ വിശ്വവിഖ്യാതനായി അമേരിക്കയില്‍ നിന്ന് മടങ്ങിവന്നിരുന്നു. ഡോ. പല്പുവിനെക്കുറിച്ച് രചിച്ച ജീവചരിത്രത്തില്‍ ദേശാഭിമാനി ടി.കെ. മാധവന്‍ എഴുതുന്നു, ‘തിരുവിതാംകൂറിലെ ഈഴവരുടെ ബുദ്ധിമുട്ടുകളെയും സര്‍ക്കാര്‍ അവരോട് ചെയ്യുന്ന അനീതികളെയും സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കുന്നതിനായി പരേതനായ ബാരിസ്റ്റര്‍ ജി. പരമേശ്വരന്‍ പിള്ള ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അദ്ദേഹം മുഖാന്തരം ഏര്‍പ്പാടുകള്‍ ചെയ്തു. പാര്‍ലമെന്റ് മെമ്പര്‍മാരുടെ സഹായം ഇതിനായി സമ്പാദിക്കേണ്ടത് ആവശ്യമായിരുന്നു. സ്വാമി വിവേകാനന്ദനും ഡോ. പല്‍പ്പുവും സ്വാമി അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പുതന്നെ മൈസൂരില്‍ വെച്ച് പരിചയമായിരുന്നു. സ്വാമിവിവേകാനന്ദന്റെ ശിഷ്യയായ നിവേദിതക്ക് (Miss Margret Noble) അനേകം പാര്‍ലമെന്റ് മെമ്പര്‍മാരുമായി പരിചയമുണ്ടെന്നറികയാല്‍ ആ മഹതിയുമായി പരിചയം സമ്പാദിക്കുവാന്‍ വിവേകാനന്ദ സ്വാമികളോട് ഒരു കത്തു വാങ്ങി ഡോ. പല്പു ജി. പി. പിള്ളക്കു കൊടുത്തു”. വിവേകാനന്ദസ്വാമികളുടെ കേരളവുമായുള്ള ബന്ധം കേവലം ക്ഷണികമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കത്ത് തന്നെ തെളിവ്. തന്റെ ജീവിതദൗത്യത്തിന്റെ ഭാഗമായിരുന്നു ആ കത്ത്.

കേരളീയരുടെ മനസ്സില്‍ വിവേകാനന്ദസ്വാമികള്‍ അനശ്വര പ്രതിഷ്ഠ നേടിയത് ‘ഭ്രാന്താലയം’ എന്ന പേരിനാല്‍ അദ്ദേഹം അന്നത്തെ കേരളത്തെ പരാമര്‍ശിച്ചുവെന്നതുകൊണ്ടാണ്. ഒറ്റനോട്ടത്തില്‍, ഏറ്റവും അധിക്ഷേപാര്‍ഹവും പ്രകോപനപരവുമായ പരാമര്‍ശം. എന്നാല്‍ അക്കാലത്തെ കേരളത്തിന്റെ ചരിത്രപശ്ചാ ത്തലം അറിയുന്നവര്‍ ആരും തന്നെ അതില്‍ അമര്‍ഷമോ അതൃ പ്തിയോ, രേഖപ്പെടുത്തുകയില്ല. എന്നാല്‍ ”കേരളം ഭ്രാന്താലയ മാണെന്ന്” വിവേകാനന്ദസ്വാമികള്‍ പറഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ഇപ്പോള്‍ പലരും പരിശ്രമിക്കുന്നു? ചരിത്രപരമായി ഇത് വാസ്തവ മല്ലാത്തതിനാല്‍ ആരും അംഗീകരിക്കാന്‍ പോകുന്നില്ല. ”ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും.” എന്ന് ചെന്നൈയിലെ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ വെച്ചുചെയ്ത ‘ഭാരതത്തിന്റെ ഭാവി’ എന്ന പ്രസംഗത്തില്‍ സ്വാമിജി പറഞ്ഞു (വി. സാ. സര്‍വ്വസ്വം ഭാഗം മൂന്ന്, പുറം.186). സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അന്നത്തെ കേരളത്തിലെ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് സ്വാമിജി ഇങ്ങനെ പറഞ്ഞത്.

അപ്പോഴും മലബാറുകാരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞതെന്നാണ് വാദം. വാസ്തവത്തില്‍ അന്നത്തെ മലബാറിലൂടെയല്ല, കൊച്ചിയിലൂടെയും തിരുവിതാംകൂറിലൂടെ യുമാണ് സ്വാമിജി യാത്ര ചെയ്തത്. അല്‍ബറൂണിയാണ് ‘മലബാര്‍’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘ബാര്‍’ എന്ന പദത്തിന് ‘നാട്’ എന്നര്‍ത്ഥം. മലയുടെ നാട് മലനാട് അഥവാ മലബാര്‍. വില്യം ലോഗന്‍ എഴുതുന്നു, ”മലയാളം എന്ന പേരില്‍ മാത്രമല്ല നാട്ടുകാര്‍ തന്റെ ജന്മനാടിനെ അറിയുന്നത്. അവര്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന പേര് ‘കേരളം’ എന്നാണ് (മലബാര്‍ മാന്വല്‍ അദ്ധ്യായം1 പുറം.1). ആ നിലയ്ക്ക് ‘മലബാര്‍’ എന്ന വിവേകാനന്ദ സ്വാമികളുടെ സൂചനയ്ക്ക് കേരളമെന്നും, മലബാറുകാരെല്ലാം ഭ്രാന്തന്മാരാണെന്നുമുള്ള പരാമര്‍ശത്തിന് കേരളം ഭ്രാന്താലയ മാണെന്നും പില്‍ക്കാലത്ത് അര്‍ഥയോജന ചെയ്ത് പറയപ്പെടുകയാണുണ്ടായത്.

കേരളത്തില്‍ കണ്ട ജാതിയുടെ കരാളനൃത്തത്തെക്കുറിച്ച് വിവേകാനന്ദ സ്വാമികള്‍ ഖത്രിയിലെ പണ്ഡിറ്റ് ശങ്കര്‍ലാലിന് 1892 സെപ്റ്റംബര്‍ 20 ന് എഴുതി, ‘come and see what the Padres (Christian Missionaries) are doing in Dakshin (South). they are converting by lakhs the lower classes of Travancore – the most priest-ridden coutnry in India, nearly one – fourth of the population has be some Christians. (Complete Works of Swami Vivekananda vol.V p.5). സ്വാമിജി കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചപ്പോള്‍ സനാതനധര്‍മ്മത്തിലെ ജാതീകൃതമായ വൈകൃതങ്ങളോടൊപ്പം അവയെ ചൂഷണം ചെയ്ത് വര്‍ദ്ധമാനായിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തനത്തേയും കണക്കിലെടുത്തിട്ടുണ്ട്. ‘മദിരാശികളെ നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ പകുതിപേരും ക്രിസ്ത്യാനികളാകും’ എന്ന സ്വാമിജിയുടെ വാക്കുകള്‍ സനാതനധര്‍മ്മം നേരിടാന്‍ പോകുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള താക്കീതും ആഹ്വാനവുമായിരുന്നു. ഇതിനകം തിരുവിതാംകൂറിലും കൊച്ചിയിലുമായി ജനസംഖ്യയില്‍ 22% ക്രിസ്ത്യാനികളായി കഴിഞ്ഞിരുന്നു. അതുകഴിഞ്ഞാല്‍ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുണ്ടായിരുന്ന തിരുനെല്‍വേലിയും (7.6%) തഞ്ചാവൂരും (3.8%) ആയിരുന്നു കൂടുതല്‍ ക്രിസ്ത്യന്‍ ജനസംഖ്യ. തിരുവിതാംകൂറില്‍ 1816 ല്‍ 82.7% ഹിന്ദുക്കളുണ്ടായിരുന്നത് 1891 ല്‍ 73.18 ആയിക്കുറഞ്ഞു. അതേസമയം 1816 മുതല്‍ 1901 വരെയുള്ള കാലയളവില്‍ ക്രിസ്തുമതം 12.37% ത്തില്‍ നിന്നും 23.62% മായി കൂടുകയാണുണ്ടായത്. 1871 ല്‍ മലബാറില്‍ 90,000 ചെറുമന്മാരുണ്ടാ യിരുന്നെങ്കില്‍ 1881 ആയപ്പോള്‍ 44735 ആയി കുറഞ്ഞു. ഇതിനുള്ള പ്രധാനകാരണം ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നു. ”ഭാരതത്തില്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ തേര്‍വാഴ്ച ഏറ്റവും അധികം അനുഭവിക്കുന്ന തിരുവിതാംകൂറില്‍ ഓരോ ഇഞ്ച് ഭൂമിയും ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള നാട്ടില്‍ നാലില്‍ ഒരു ഭാഗം ജനങ്ങള്‍ കൃസ്ത്യാനികളായി കഴിഞ്ഞു. അതിന് ഞാനവരെ കുറ്റം പറയില്ല. ദൈവമേ എന്നാണ് മനുഷ്യന്‍, മനുഷ്യനെ സഹോദരരായി കാണുക ? ”എന്ന് സ്വാമിജി വിലപിക്കുകയുമുണ്ടായി.

തിരസ്‌ക്കരിക്കപ്പെടേണ്ട ചില കാരണങ്ങളാല്‍ മലബാറിനെ സ്വാമിജി വിമര്‍ശിക്കുമ്പോള്‍ തന്നെ സ്തുതിക്കേണ്ട സമയത്ത് സ്തുതിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതിഭംഗി സ്വാമിജിയെ ഹഠാദാകര്‍ഷിച്ചു. ”പുരാതന ഈജിപ്തുകാര്‍ ”പുന്ത്” (Punt) എന്നു പറഞ്ഞിരുന്നത് മലബാര്‍ ആയിരുന്നു. ഒരിക്കല്‍ സ്വാമിജി മലബാറിനെപ്പറ്റി എഴുതി, ‘മലബാറില്‍ നിന്ന് സമുദ്രങ്ങള്‍ താണ്ടി ഒന്നടങ്കം കുടിയേറിയ വര്‍ഗ്ഗമാണ് പുരാതന ഈജിപ്തുകാര്‍. അവര്‍ നൈല്‍നദിയുടെ ഗതി പിന്തുടര്‍ന്ന് വടക്കുനിന്ന് തെക്കോട്ട് കിടക്കുന്ന ത്രികോണഭൂമിയില്‍ പ്രവേശിച്ചത്. അനുഗ്രഹീതരുടെ നാടായാണ് ഗണിക്കപ്പെട്ടതും, ഈജിപ്റ്റുകാരുടെ സാഭിലാഷമായ തിരിഞ്ഞുനോട്ടത്തിന് വിഷയീഭവിച്ചതും പരന്ന വള്ളങ്ങളുടെ നാടായ മലബാര്‍ തന്നെയാണ്’ (വിവേകാനന്ദസാഹിത്യസര്‍വ്വസ്വം, വാല്യം 1 പുറം 480). ഇതേ ആശയം കേസരി ബാലകൃ്ണപിള്ളയും പങ്കുവെച്ചിട്ടുണ്ട്. കേസരിയുടെ പ്രശസ്തമായ പുന്ത് എന്ന സങ്കല്പത്തിന്റെ ഭൂമിശാസ്ത്രത്തിലൂടെ പ്രൊഫസര്‍ എം.എന്‍ വിജയനോടൊപ്പം നടത്തിയ അറേബ്യന്‍ യാത്രാനുഭവം എം.എ.റഹ്മാന്‍ എഴുതിയിട്ടുണ്ട്. (മാതൃഭൂമി ആഴ്ചപതിപ്പ് 2012 ജനുവരി 15) പുന്തില്‍ നിന്നാണ് സംസ്‌കാരത്തിന്റെ ഉദയമെന്നാണ് കേസരിയുടെ അഭിപ്രായം. എന്തായാലും പുന്തും കേരളവും തമ്മില്‍ പരസ്പരം ഇഴചേര്‍ന്ന സാംസ്‌കാരികാകൈ്യമുണ്ട്. മറ്റൊരിക്കല്‍ സ്വാമിജി എഴുതി, ”മലബാറില്‍ സ്ത്രീകളാണ് എല്ലാ സംഗതിയിലും മുമ്പില്‍. അനിതരസാധാര ണമായ വൃത്തിയും വെടിപ്പും എല്ലായിടത്തും ദൃശ്യമാണ്. വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ പ്രചോദനം എങ്ങുമുണ്ട്. ഞാന്‍ ആ പ്രദേശത്തായിരുന്നപ്പോള്‍ നല്ല സംസ്‌കൃതം സംസാരിക്കുന്ന അനേകം സ്ത്രീകളെ കാണുകയുണ്ടായി. ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ പത്തുലക്ഷത്തില്‍ ഒരു സ്ത്രീക്ക് സംസ്‌കൃതം സംസാരിക്കാന്‍ കഴിവുണ്ടാവുകയില്ല. സ്വാതന്ത്ര്യം ഉയര്‍ത്തുന്നു. അടിമത്വം താഴ്ത്തുന്നു. മലബാറിനെ പോര്‍ത്തൂഗീസുകാരോ മുസ്സല്‍മാന്മാരോ ഒരു കാലത്തും കീഴടക്കിയിട്ടില്ല (Inspired talks quoted by പി. ശേഷാദ്രി വിവേകാനന്ദ സെന്റിനറി സുവനീര്‍.)

സഹായഗ്രന്ഥങ്ങള്‍

പ്രബുദ്ധകേരളം മാസിക, 1918 (കൊ.വ.1093 മകരം)
പ്രബുദ്ധകേരളം മാസിക, 1992 ഡിസംബര്‍
‘വിവേകാനന്ദന്‍ കേരളത്തില്‍’,
എ.ആര്‍. ശ്രീനിവാസന്‍, കേസരി വിശേഷാല്‍ പതിപ്പ്, കോഴിക്കോട്. 1985
ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദ സ്മാരക ഗ്രന്ഥം 1953
ടി.എസ്. ഇസ്മ, ”സ്വാമി വിവേകാനന്ദനും കൊച്ചിയും’ ജന്മഭൂമി വാരാദ്യപതിപ്പ്, 2005 മെയ്
ശ്രീ. നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം
പന്നിശ്ശേരി നാണുപിള്ള, ശ്രീവര്‍ദധനത്ത് കൃഷ്ണ പിള്ള, ചട്ടമ്പിസ്വാമി സ്മാരകഗ്രന്ഥമാല നമ്പര്‍ 1, 1920.
വിവേകാനന്ദ ശതാബ്ദി സോവനീര്‍, ശ്രീരാമകൃഷ്ണ ആശ്രമം, വിലങ്ങന്‍, തൃശ്ശൂര്‍, 1963.
കുമ്പളത്ത് ശങ്കുപ്പിള്ള, കഴിഞ്ഞകാല സ്മരണകള്‍ (ആത്മകഥ) പന്മന ആശ്രമം.
ഡോ. കാനം ശങ്കരപ്പിള്ള, ജന്മഭൂമി വാരാദ്യപതിപ്പ് 2005, ജൂണ്‍ 12.
അയ്യാഗുരു മഹാസമാധി വാര്‍ഷികപതിപ്പ്, തൈക്കാട്, തിരുവനന്തപുരം 2003.
സിദ്ധിനാഥാനന്ദ സ്വാമികള്‍, ശ്രീമദ് വിവേകാനന്ദ സ്വാമികള്‍, ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര, 2006.
വി.എസ്. നടരാജപ്പിള്ള , (ജീവ) കേരള സാംസ്‌കാരിക വകുപ്പ്, 1991.
വിവേകാന്ദ സാഹിത്യസര്‍വ്വസ്വം വാല്യം. മൂന്ന്, ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര.
വിവേകാന്ദ സാഹിത്യസര്‍വ്വസ്വം വാല്യം. ഏഴ്, ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര.
മാതൃഭൂമി ആഴ്ചപതിപ്പ് 1963 ഫെബ്രുവരി 10
മാതൃഭൂമി ആഴ്ചപതിപ്പ് 2003 ജൂണ്‍ 29
മാതൃഭൂമി ആഴ്ചപതിപ്പ്, 2005 ജനുവരി 2-8
മാതൃഭൂമി ആഴ്ചപതിപ്പ്, 2012 ജനുവരി 15
Dhar S.N., A Comprehensive Biography of Swami Vivekananda (Vols I&II) Vivekananda Kendra Publication Chennai, 1990
Gambheerananda, Swami, Yugnayak Vivekananda (Vol I p.287) Adwaitha Ashram, Kolkatha.
Inspired Talks (Swami Vivekananda)
Life of Swami Vivekandanda – Eastern and western Disciples (Vth Ed.) (1979) Vol. I, II, Advaitha Asthra, Kolkatta.
Reminiscenes of Swami Vivekananda, Advaitha Ashrama, Kolkatha
Prabudha Bharath Sept. Oct. 1953, Advaitha Ashram, Kolkatha
Vedanta Kesari Jan-Feb 1923, Sree Ramakrishna Mutt, Chennai.

ലേഖകന്‍: ശ്രീരാമകൃഷ്ണപ്രസ്ഥാനങ്ങളെക്കുറിച്ചും സന്യാസിവര്യന്മാരെക്കുറിച്ചും ഗവേഷണപഠനങ്ങള്‍ നടത്തി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് ഈ ലേഖനകര്‍ത്താവായ ശ്രീ. രാജീവ്‌ ഇരിങ്ങാലക്കുട. മൊബൈല്‍ നമ്പര്‍: 09446152044