ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 22

യദൃച്‍ഛാ ലാഭസന്തുഷ്‍ടോ
ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബദ്ധ്യതേ

യാദൃച്ഛികമായി കിട്ടുന്നതുകൊണ്ടു മാത്രം തൃപ്തിപ്പെടുന്നവനും, ദ്വന്ദ്വഭാവം ഇല്ലാതെ ഒരേ വസ്തുവിനെ ദര്‍ശിക്കുന്നവനും, ആരോടും മാത്സര്യമല്ലാത്തവനും, ജയത്തിലും പരാജയത്തിലും മനസ്സിന്റെ സമനില നഷ്ടപ്പെടാത്തവനുമായ ഒരുവന്‍ എന്തൊക്കെ കര്‍മ്മത്തെ ചെയ്താലും കര്‍മ്മബന്ധത്തെ പ്രാപിക്കുന്നില്ല.

അവന്‍ പ്രത്യാശകളൊന്നുമില്ലാതെ ആഗ്രഹങ്ങളും അഹംഭാവവും കൈവെടിഞ്ഞ് ആത്മദര്‍ശനത്തിന്റെ ആനന്ദാനുഭൂതി ആവോളം ആസ്വദിക്കുന്നു. ഈ അവസ്ഥ അവന്റെ ഭാഗധേയം അനുസരിച്ച് ലഭിക്കുന്നു; എന്തുകൊണ്ടും തൃപ്തനാകുന്നതിന് അവനെ സഹായിക്കുന്നു. അവന്‍ കാണുന്നതും സംസാരിക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും എല്ലാം അവന്റെ അന്തരാത്മാവിന്റെ പ്രത്യക്ഷപ്രകടനങ്ങളായിട്ടാണ് അവന്‍ കരുതുന്നത്. എന്തിന് പ്രപഞ്ചം മുഴുവന്‍ തന്നെയും അവനായി, അവന്റെ ആത്മാവായി അവന്‍ കാണുന്നു. അങ്ങനെയുള്ള ഒരുവന്‍ എങ്ങനെയാണ് ഏതെങ്കിലും കര്‍മ്മത്താല്‍ ബന്ധിതനാകുന്നത് ? ദ്വന്ദ്വഭാവങ്ങളില്‍ നിന്ന് അവന്‍ മോചിതനാണ്. എന്റേതെന്നും നിന്റേതെന്നും ഉള്ള ചിന്ത നിശ്ശേഷം അവനെ വിട്ടുമാറിയിരിക്കുന്നു. അങ്ങനെയുള്ള ഒരുവനില്‍ എങ്ങനെയാണ് മാത്സര്യബുദ്ധി ഉണ്ടാകുന്നത് ? എങ്ങനെയാണ് അവന്‍ അസൂയാലുവാകുന്നത് ? ഇപ്രകാരമുള്ള ഒരുവന്‍ എല്ലാവിധ ഗുണങ്ങള്‍ക്കും അതീതനാണ്. അവന്റെ മുക്തിക്ക് പ്രതിബന്ധമായി യാതൊന്നുമില്ല.