ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 23
ഗതസംഗസ്യ മുക്തസ്യ
ജ്ഞാനാവസ്ഥിത ചേതസഃ
യജ്ഞാനയാചരതഃ കര്‍മ്മ
സമഗ്രം പ്രവിലീയതേ
ഞാന്‍ , എന്റേത് എന്ന ഭാവങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചവനും, കാമക്രോധാദികളില്‍ നിന്ന് മോചിച്ചവനും. ജ്ഞാനത്തില്‍തന്നെ സ്ഥിരമായ മനസ്സോടുകൂടിയവനും, പരമേശ്വരാരാധനമായിട്ട് കര്‍മ്മം ചെയ്യുന്നവനുമായ അവന്റെ സകല കര്‍മ്മവും വാസനാസഹിതം നശിച്ചുപോകുന്നു.
മനുഷ്യാകാരത്തില്‍ കാണുന്ന അവന്റെ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും ചൈതന്യം സ്ഫുരിക്കുന്നുണ്ടാകും. പരിശോധിച്ചാല്‍ അവന് പരബ്രഹ്മത്തിനോട് തുല്യമായ പരിശുദ്ധിയും നിഷ്കളങ്കതയും ഉള്ളതായി കാണാന്‍ കഴിയും. അപ്രകാരമുള്ള ഒരുവന്‍ യജ്ഞങ്ങളോ തത്തുല്യങ്ങളായ ആരാധനാകര്‍മ്മങ്ങളോ കൗതുകത്തിനായി നടത്തുകയാണെങ്കില്‍ പോലും ആ കര്‍മ്മങ്ങളെല്ലാം അവനില്‍ത്തന്നെ അലിഞ്ഞുചേരും. അകാലത്തില്‍ ആകാശത്ത് അണിനിരക്കുന്ന കര്‍മേഘങ്ങള്‍ മഴപെയ്യിക്കാതെ അംബരത്തില്‍ ആവിയായി അവിഞ്ഞു ചേരുന്നതു പോലെ വേദവിധി അനുസരിച്ച് അവന്‍ നിര്‍വ്വഹിക്കുന്ന എല്ലാ ആരാധനാക്രമങ്ങളും മറ്റു കര്‍മ്മങ്ങളും, അവയുമായി അവനുള്ള ഏകത്വം മൂലം അവനില്‍ അലിഞ്ഞു ചേരുന്നു.