MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ബാലിവധം

വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു
മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും.
ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി
കൃത്വാ മഹാസിംഹനാദം രവിസുതന്‍
ബദ്ധരോഷം വിളിക്കുന്ന നാദം തദാ
ശ്രുത്വാതിവിസ്മിതനായോരു ബാലിയും
ബദ്ധ്വാ പരികരം യുദ്ധായ സത്വരം
ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു
ഭര്‍ത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌
മദ്ധ്യേ തടുത്തു ചൊല്ലീടിനാള്‍ താരയും:
“ശങ്കാവിഹീനം പുറപ്പെട്ടതെ,ന്തോരു
ശങ്കയുണ്ടുളളിലെനിക്കതു കേള്‍ക്ക നീ.
വിഗ്രഹത്തിങ്കല്‍ പരാജിതനായ്പോയ
സുഗ്രീവനാശു വന്നീടുവാന്‍ കാരണം
എത്രയും പാരം പരാക്രമമുളേളാരു
മിത്രമവ൹ണ്ടു പിന്തുണ നിര്‍ണ്ണയം.”
ബാലിയും താരയോടാശു ചൊല്ലീടിനാന്‍:
“ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ.
കൈയയച്ചീടു നീ വൈകരുതേതുമേ
നീയൊരു കാര്യം ധരിക്കേണമോമലേ!
ബന്ധുവായാരുളളതോര്‍ക്ക സുഗ്രീവനു
ബന്ധമില്ലെന്നോടു വൈരത്തിനാര്‍ക്കുമേ.
ബന്ധുവായുണ്ടവനേകനെന്നാകിലോ
ഹന്തവ്യനെന്നാലവനുമറിക നീ.
ശത്രുവായുളളവന്‍ വന്നു ഗൃഹാന്തികേ
യുദ്ധത്തിനായ്‌ വിളിക്കുന്നതും കേട്ടുടന്‍
ശൂരനായുളള പുരുഷനിരിക്കുമോ
ഭീരുവായുളളിലടച്ചതു ചൊല്ലു നീ.
വൈരിയെക്കൊന്നു വിരവില്‍ വരുവന്‍ ഞാന്‍
ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!”
താരയും ചൊന്നാളതുകേട്ടവനോടു:
“വീരശിഖാമണേ! കേട്ടാലുമെങ്കില്‍ നീ.
കാനനത്തിങ്കല്‍ നായാട്ടിനു പോയിതു
താനേ മമ സുതനംഗദനന്നേരം
കേട്ടോരുദന്തമെന്നോടു ചൊന്നാനതു
കേട്ടിട്ടു ശേഷം യഥോചിതം പോക നീ.
ശ്രീമാന്‍ ദശരഥനാമയോദ്ധ്യാധിപന്‍
രാമനെന്നുണ്ടവന്‍തന്നുടെ നന്ദനന്‍.
ലക്ഷ്‌മണനാകുമ൹ജനോടും നിജ-
ലക്ഷ്മീസമയായ സീതയോടുമവന്‍
വന്നിരുന്നീടിനാന്‍ ദണ്ഡകകാനനേ
വന്യാശനനായ്തപസ്സു ചെയ്തീടുവാന്‍.
ദുഷ്‌ടനായുളെളാരു രാവണരാക്ഷസന്‍
കട്ടുകൊണ്ടാനവന്‍തന്നുടെ പത്നിയെ.
ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു
തല്‍ക്ഷണമൃശ്യമൂകാചലേ വന്നിതു.
മിത്രാത്മജനെയും തത്ര കണ്ടീടിനാന്‍
മിത്രമായ്‌വാഴ്കയെന്നന്യോന്യമൊന്നിച്ചു
സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്‌
ദുഃഖശാന്തിക്കങ്ങിരുവരുമായുടന്‍.
‘വൃത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയില്‍
മിത്രാത്മജ! നിന്നെ വാഴിപ്പ’നെന്നൊരു
സത്യവും ചെയ്തുകൊടുത്തിതു രാഘവന്‍;
സത്വരമാര്‍ക്കതനയനുമന്നേരം,
അന്വേഷണംചെയ്തറിഞ്ഞു സീതാദേവി-
തന്നെയും കാട്ടിത്തരുവ,നെന്നും തമ്മില്‍
അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു
വന്നതിപ്പോളതുകൊണ്ടുതന്നേയവന്‍.
വൈരമെല്ല‍ാം കളഞ്ഞാശു സുഗ്രീവനെ
സ്വൈരമായ്‌ വാഴിച്ചുകൊള്‍കയിളമയായ്‌.
യാഹി രാമം നീ ശരണമായ്‌ വേഗേന
പാഹി മാമംഗദം രാജ്യം കുലഞ്ച തേ.”
ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി-
ച്ചങ്ങനെ താര നമസ്കരിക്കും വിധൗ
വ്യാകുലഹീനം പുണര്‍ന്നു പുണര്‍ന്നനു-
രാഗവശേന പറഞ്ഞിതു ബാലിയും:
“സ്‌ത്രീസ്വഭാവംകൊണ്ടു പോടിയായ്കേതുമേ
നാസ്തി ഭയം മമ വല്ലഭേ! കേള്‍ക്ക നീ.
ശ്രീരാമലക്ഷ്മണന്മാര്‍ വന്നതെങ്കിലോ
ചേരുമെന്നോടുമവരെന്നു നിര്‍ണ്ണയം
രാമനെ സ്‌നേഹമെന്നോളമില്ലാര്‍ക്കുമേ
രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു
നാരായണന്‍താനവതരിച്ചു ഭൂമി-
ഭാരഹരണാര്‍ത്ഥമെന്നു കേള്‍പ്പുണ്ടു ഞാന്‍.
പക്ഷഭേദം ഭഗവാനില്ല നിര്‍ണ്ണയം
നിര്‍ഗ്ഗുണനേകനാത്മാരാമനീശ്വരന്‍.
തച്ചരണ‍ാംബുജേ വീണു നമസ്കരി-
ച്ചിച്ഛയാ ഞാന്‍ കൂട്ടിക്കൊണ്ടിങ്ങു പോരുവന്‍.
മല്‍ഗൃഹത്തിങ്കലുപകാരവുമേറും
സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോര്‍ക്ക നീ.
തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു-
മന്യഭാവം പരമാത്മാവിനില്ലല്ലോ.
ഭക്തിഗമ്യന്‍ പരമേശ്വരന്‍ വല്ലഭേ!
ഭക്തിയോ പാര്‍ക്കിലെന്നോളമില്ലാര്‍ക്കുമേ.
ദുഃഖവും നീക്കി വസിക്ക നീ വേശ്മനി
പുഷ്കരലോചനേ! പൂര്‍ണ്ണഗുണ‍ാംബുധേ!”
ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും
ക്രൂദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം.
നിര്‍ഗ്ഗമിച്ചീടിനാന്‍ യുദ്ധായ സത്വരം
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്രുധാ.
താരയുമശ്രുകണങ്ങളും വാര്‍ത്തുവാ-
ര്‍ത്താരൂഢതാപമകത്തുപുക്കീടിനാള്‍.
പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും
നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ
മുഷ്‌ടികള്‍കൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്‌ടന‍ാം ബാലി സുഗ്രീവനെയും തഥാ.
മുഷ്‌ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കാല്‍കൈ പരസ്പരം താഡനം
തട്ടിയും മുട്ടുകൊണ്ടും തല തങ്ങളില്‍
കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ-
ങ്ങൂറ്റത്തില്‍ വീണും പിരണ്ടുമുരുണ്ടുമുള്‍-
ച്ചീറ്റം കലര്‍ന്നു നഖംകൊണ്ടു മാന്തിയും
ചാടിപ്പതിക്കയും കൂടക്കുതിക്കയും
മാടിത്തടുക്കയും കൂടക്കൊടുക്കയും
ഓടിക്കഴിക്കയും വാടി വിയര്‍ക്കയും
മാടിവിളിക്കയും കോപിച്ചടുക്കയും
മുഷ്‌ടിയുദ്ധപ്രയോഗം കണ്ടു നില്‍പവര്‍
ദൃഷ്‌ടി കുളുര്‍ക്കയും വാഴ്ത്തി സ്തുതിക്കയും
കാലനും കാലകാലന്‍താനുമുളള പോര്‍
ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം.
രണ്ടു സമുദ്രങ്ങള്‍ തമ്മില്‍ പൊരുംപോലെ
രണ്ടു ശൈലങ്ങള്‍ തമ്മില്‍ പൊരുംപോലെയും
കണ്ടവരാര്‍ത്തുകൊണ്ടാടിപ്പുകഴ്ത്തിയും
കണ്ടീല വാട്ടമൊരുത്ത൹മേതുമേ.
അച്ഛന്‍ കൊടുത്തോരു മാല ബാലിക്കുമു-
ണ്ടച്യുതന്‍ നല്‍കിയ മാല സുഗ്രീവനും.
ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും
ഭേദിച്ചിതര്‍ക്കതനയനു വിഗ്രഹം.
സാദവുമേറ്റം കലര്‍ന്നു സുഗ്രീവനും
ഖേദമോടേ രഘുനാഥനെ നോക്കിയും
അഗ്രജമുഷ്‌ടിപ്രഹരങ്ങളേല്‍ക്കയാല്‍
സുഗ്രീവനേറ്റം തളര്‍ച്ചയുണ്ടെന്നതു
കണ്ടു കാരുണ്യം കലര്‍ന്നു വേഗേന വൈ-
കുണ്ഠന്‍ ദശരഥനന്ദനന്‍ ബാലിതന്‍
വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു
വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ-
മസ്‌ത്രം തൊടുത്തു വലിച്ചു നിറച്ചുടന്‍
വിദ്രുതമാമ്മാറയച്ചരവളീടിനാന്‍.
ചെന്നതു ബാലിതന്‍മാറില്‍ തറച്ചള-
വൊന്നങ്ങലറി വീണീടിനാന്‍ ബാലിയും.
ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു
രാമനെക്കൂപ്പിസ്‌തുതിച്ചു മരുല്‍സുതന്‍.
മോഹം കലര്‍ന്നു മുഹൂര്‍ത്തമാത്രം പിന്നെ
മോഹവും തീര്‍ന്നു നോക്കീടിനാന്‍ ബാലിയും.
കാണായിതഗ്രേ രഘൂത്തമനെത്തദാ
ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ-
പാണിയില്‍ ചാപവും ചീരവസനവും
തൂണീരവും മൃദുസ്മേരവദനവും
ചാരുജടാമകുടംപൂണ്ടിടംപെട്ട
മാറിടത്തിങ്കല്‍ വനമാലയും പൂണ്ടു
ചാര്‍വ്വായതങ്ങളായുളള ഭുജങ്ങളും
ദുര്‍വ്വാദളച്ഛവി പൂണ്ട ശരീ്‌രവും
പക്ഷഭാഗേ പരിസേവിതന്മാരായ
ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ
കണ്ടു ഗര്‍ഹിച്ചുപറഞ്ഞിതു ബാലിയു-
മുണ്ടായ കോപഖേദാകുലചേതസാ:
“എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു-
മെന്തിനെന്നെക്കൊലചെയ്‌തു വെറുതേ നീ?
വ്യാജേന ചോരധര്‍മ്മത്തെയും കൈക്കൊണ്ടു
രാജധര്‍മ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?
എന്തൊരു കീര്‍ത്തി ലഭിച്ചതിതുകൊണ്ടു
ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ.
വീരധര്‍മ്മം നിരൂപിച്ചു കീര്‍ത്തിക്കെങ്കില്‍
നേരെ പൊരുതു ജയിക്കേണമേവനും.
എന്തോന്നു സുഗ്രീവനാല്‍ കൃതമായതു-
മെന്തു മേറ്റ്ന്നാല്‍ കൃതമല്ലയാഞ്ഞതും?
രക്ഷോവരന്‍ തവ പത്നിയെക്കട്ടതി-
നര്‍ക്കാത്മജനെശ്ശരണമായ്‌ പ്രാപിച്ചു
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ
വിക്രമം മാമകം കേട്ടറിയുന്നീലേ?
ആരറിയാത്തതു മൂന്നു ലോകത്തിലും
വീരനാമെന്നുടെ ബാഹുപരാക്രമം?
ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി-
ന്നന്തികേവെച്ചു തൊഴുതേനുമാദരാല്‍.
ധര്‍മ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കല്‍
നിര്‍മ്മലന്മാര്‍ പറയുന്നു രഘുപതേ!
ധര്‍മ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിര്‍മ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ
വാനരത്തെച്ചതിചെയ്‌തു കോന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ?
വാനരമ‍ാംസമഭക്ഷ്യമത്രേ ബത,
മാനസേ തോന്നിയതെന്തിതു ഭൂപതേ!”
ഇത്ഥം ബഹുഭാഷണം ചെയ്‌ത ബാലിയോ-
ടുത്തരമായരുള്‍ചെയ്‌തു രഘൂത്തമന്‍;
“ധര്‍മ്മത്തെ രക്ഷിപ്പതിന്നായുധവുമായ്‌
നിര്‍മ്മത്സരം നടക്കുന്നിതു നീളെ ഞാന്‍.
പാപിയായോരധര്‍മ്മിഷ്ഠന‍ാം നിന്നുടെ
പാപം കളഞ്ഞു ധര്‍മ്മത്തെ നടത്തുവാന്‍
നിന്നെ വധിച്ചിതു ഞാന്‍ മോഹബദ്‌ധനായ്‌
നിന്നെ നീയേതുമറിയാഞ്ഞതുമെടോ.
പുത്രി ഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യ,മതു
ചേതസി മോഹാല്‍ പരിഗ്രഹിക്കുന്നവന്‍
പാപികളില്‍വച്ചുമേറ്റം മഹാപാപി;
താപമവര്‍ക്കതിനാലെ വരുമല്ലോ.
മര്യാദ നീക്കി നടക്കുന്നവര്‍കളെ-
ശ്ശൗര്യമേറും നൃപന്മാര്‍ നിഗ്രഹിച്ചഥ
ധര്‍മ്മസ്ഥിതി വരുത്തും ധരണീതലേ
നിര്‍മ്മലാത്മ നീ നിരൂപിക്ക മാനസേ.
ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു
ലോകപാലകന്മാര്‍ നടക്കുമെല്ലാടവും.
ഏറെപ്പറഞ്ഞുപോകായ്കവരോ,ടതും
പാപത്തിനായ്‌വരും പാപികള്‍ക്കേറ്റവും.”
ഇത്ഥമരുള്‍ചെയ്‌തതെക്കവേ കേട്ടാശു
ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും
രാമനെ നാരായണനെന്നറിഞ്ഞുടന്‍
താമസഭാവമകന്നു സസംഭ്രമം
ഭക്ത്യാ നമസ്കൃത്യ വന്ദിച്ചു ചൊല്ലിനാ-
നിത്ഥം “മമാപരാധം ക്ഷമിക്കേണമേ!
ശ്രീരാമ! രാമ! മഹാഭാഗ! രാഘവ!
നാരായണന്‍ നിന്തിരുവടി നിര്‍ണ്ണയം.
ഞാനറിയാതെ പറഞ്ഞതെല്ല‍ാം തവ
മാനസേ കാരുണ്യമോടും ക്ഷമിക്കണം.
നിന്തിരുമേനിയും കണ്ടുകണ്ടാശു നി-
ന്നന്തികേ താവകമായ ശരമേറ്റു
ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന-
താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും!
സാക്ഷാല്‍ മഹായോഗിനാമപി ദുര്‍ല്ലഭം
മോക്ഷപ്രദം തവ ദര്‍ശനം ശ്രീപതേ!
നിന്‍തിരുനാമം മരിപ്പാന്‍ തുടങ്ങുമ്പോള്‍
സന്താപമുള്‍ക്കൊണ്ടു ചൊല്ലും പുരുഷനു
മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ
സാക്ഷാല്‍ പുരസ്ഥിതനായ ഭഗവാനെ
കണ്ടുകണ്ടമ്പോടു നിന്നുടെ സായകം-
കൊണ്ടു മരിപ്പാനവകാശമിക്കാലം
ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി-
തുണ്ടോ പലര്‍ക്കും ലഭിക്കുന്നിതീശ്വരാ!
നാരായണന്‍ നിന്തിരുവടി ജാനകി
താരില്‍മാതാവായ ലക്ഷമീഭഗവതി
പങ്ക്തി കണ്ഠന്‍തന്നെ നിഗ്രഹിപ്പാനാശു
പങ്ക്തിരഥാത്മജനായ്‌ ജനിച്ചു ഭവാന്‍
പത്മജന്‍ മുന്നമര്‍ത്ഥിക്കയാലെന്നതും
പത്മവിലോചന ഞാനറിഞ്ഞീടിനേന്‍.
നിന്നുടെ ലോകം ഗമിപ്പാന്‍ തുടങ്ങീടു-
മെന്നെയനുഗ്രഹിക്കേണം ഭഗവാനേ!
എന്നോടു തുല്യബലനാകുമംഗദന്‍-
തന്നില്‍ തിരുവുളളമുണ്ടായിരിക്കണം.
അര്‍ക്കതനയനുമംഗദബാലനു-
മൊക്കുമെനിക്കെന്നു കൈക്കൊള്‍കവേണമേ!
അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ-
യന്‍പോടു മെല്ലെത്തലോടുകയും വേണം.”
എന്നതു കേട്ടു രഘൂത്തമന്‍ ബാണവും
ചെന്നു പറിച്ചു തലോടിനാന്‍ മെല്ലവേ.
മാനവവീരന്‍ മുഖ‍ാംബുജവും പാര്‍ത്തു
വാനരദേഹമുപേക്ഷിച്ചു ബാലിയും,
യോഗീന്ദ്രവൃന്ദദുരാപമായുളെളാരു
ലോകം ഭഗവല്‍പദം ഗമിച്ചീടിനാന്‍.
രാമനായോരു പരമാത്മനാ ബാലി
രാമപാദം പ്രവേശിച്ചോരനന്തരം
മര്‍ക്കടൗഘം ഭയത്തോടോടി വേഗേന
പുക്കിതു കിഷ്കിന്ധയായ പുരാജിരേ
ചൊല്ലിനാര്‍ താരയോടാശു കപികളും:
“സ്വര്‍ല്ലോകവാസിയായ്‌ വന്നു കപീശ്വരന്‍
ശ്രീരാമസായകമേറ്റു രണാജിരേ,
താരേ! കുമാരനെ വാഴിക്ക വൈകാതെ.
ഗോപുരവാതില്‍ നാലും ദൃഡം ബന്ധിച്ചു
ഗോപിച്ചു കൊള്‍ക കിഷ്കിന്ധാമഹാപുരം.
മന്ത്രികളോടു നിയോഗിക്ക നീ പരി-
പന്ഥികളുളളില്‍ കടക്കാതിരിക്കണം.”
ബാലി മരിച്ചതു കേട്ടോരു താരയു-
മോലോല വീഴുന്ന കണ്ണുനിരും വാര്‍ത്തു
ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു
ഗദ്ഗദവാചാ പറഞ്ഞു പലതരം:
“എന്തിനെനിക്കിനി പുത്രനും രാജ്യവു-
മെന്തിനു ഭൂതലവാസവും മേ വൃഥാ?
ഭര്‍ത്താവുതന്നോടുകൂടെ മടിയാതെ
മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാന്‍.”
ഇത്ഥം കരഞ്ഞു കരഞ്ഞവള്‍ ചെന്നു തന്‍
രക്തപ‍ാംസുക്കളണിഞ്ഞു കിടക്കുന്ന
ഭര്‍ത്തൃകളേബരം കണ്ടു മോഹംപൂണ്ടു
പുത്രനോടും കൂടെയേറ്റം വിവശയായ്‌
വീണിതു ചെന്നു പാദാന്തികേ താരയും,
കേണുതുടങ്ങിനാള്‍ പിന്നെപ്പലതരം:
“ബാണമെയ്‌തെന്നയും കൊന്നീടു നീ മമ
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ!
എന്നെപ്പതിയോടുകൂടെയയയ്ക്കിലോ
കന്യകാദാനഫലം നിനക്കും വരും.
ആരയന‍ാം നിന്നാലനുഭൂതമല്ലയോ
ഭാര്യാവിയോഗജദുഃഖം രഘുപതേ!
വ്യഗ്രവും തീര്‍ത്തു രുമയുമായ്‌ വാഴ്ക നീ
സുഗ്രീവ! രാജ്യഭോഗങ്ങളോഷും ചിരം.”
ഇത്ഥം പറഞ്ഞു കരയുന്ന താരയോ-
ടുത്തരമായരുള്‍ചെയ്‌തു രഘുവരന്‍
തത്ത്വജ്ഞജ്ഞാനോപദേശ കാരുണ്യേന
ഭര്‍ത്തൃവിയോഗദുഃഖം കളഞ്ഞീടുവാന്‍.