ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) വിഗ്രഹാരാധനാഖണ്ഡന രാജയോഗ ആനന്ദമത പ്രചാരണത്തിനുമായി രചിച്ചതാണ് ‘ആനന്ദാദര്‍ശാംശം’ (A Little Mirror to the Eternl Bliss). ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു.

ആനന്ദാദര്‍ശാംശം PDF ഡൗണ്‍ലോഡ് ചെയ്യൂ.

സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം കാമമുണ്ടാകുന്നതും ക്രീഡിക്കുന്നതും ദൈവം കാമക്രീഡാശാസ്ത്രത്തെ ഉണ്ടാക്കി അവതാരാദി ഗുരുജനങ്ങളെക്കൊണ്ട് ഉപദേശിപ്പിച്ചിട്ടാണോ? അല്ല. അപ്രകാരം പ്രകൃതിയില്‍ത്തന്നെ ഈശ്വരഭക്തി ബീജംവെച്ചതാണെങ്കില്‍ സര്‍വ്വന്മാരും ഈശ്വരനെ പൂജിക്കും. ‘ഈശ്വരനെ പൂജിക്കരുത്, പ്രാര്‍ഥിക്കരുത്’ എന്ന് ഗുരുജനങ്ങള്‍ ഉപദേശിച്ചാലും ശാസിച്ചാലുംകൂടി ആരും ഈശ്വരനെ സേവിക്കാതിരിക്കില്ല. കാമം അരുതെന്ന് ഉപദേശിച്ചാലും ശാസിച്ചാലും സ്ത്രീപുരുഷന്മാര്‍ വിടുന്നില്ല. ഇങ്ങനെ ജഗത്തില്‍ സ്വാഭാവികമായി നടക്കുന്ന സര്‍വ്വസംഗതികളെ പിടിച്ചാലോചിക്കുമ്പോഴും ഈശ്വരന് മതങ്ങളെ സൃഷ്ടിച്ച് അവതാരാദിമുഖേന പ്രചരിപ്പിക്കേണ്ട ആവശ്യമോ തന്നെ പൂജിക്കേണമെന്ന ദുരഭിമാനമോ ഇല്ലെന്നു സിദ്ധിക്കുന്നു. പിന്നെന്തിനു ദൈവം അവതരിക്കുന്നു? എന്തിനു പുത്രനെ ഉണ്ടാക്കുന്നു? എന്തിനു ദൂതന്മാരെ അയക്കുന്നു? ഈശ്വരനെ ഭജിപ്പാന്‍വേണ്ടി ആചാര്യവേഷം ധരിച്ച് ചിലര്‍ എന്തിനു ദിശിദിശി പ്രസംഗിച്ചു നടക്കുന്നു?