ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) രചിച്ചതാണ് ‘ആനന്ദസൂത്രം’ എന്ന ഈ ഗ്രന്ഥം. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു. ആനന്ദമാഹാത്മ്യപ്രകരണം, യോഗമാഹാത്മ്യപ്രകരണം, ദുഃഖസൂത്രഖണ്ഡനപ്രകരണം, ശങ്കാവാദ പരിഹാര പ്രകരണം, ശിഷ്യോപദേശം, ആനന്ദഗീതാപ്രകരണം എന്നിങ്ങനെ വ്യത്യസ്ത ഭാഗങ്ങളായി ആനന്ദമത രാജയോഗ ആശയങ്ങള്‍ എഴുതിയിരിക്കുന്നു.

“ഹേ പരമ കാരുണീക! ആട്, കോഴി മുതലായ അനാഥപ്രാണികളെ അറുക്കുന്ന സങ്കടം കണ്ട് സഹിക്കാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ട് ഹിംസാദോഷത്തെപ്പറ്റി അങ്ങുന്നു വിസ്തരിച്ചതിനെ കണ്ട് എത്രയോപേര്‍ ഇക്കാലത്തില്‍ ഹിംസയെ നിറുത്തിയിരിക്കുന്നു. ഭദ്രകര്‍മ്മമാണെന്ന് വിചാരിച്ച് ഭദ്രകാളീ ക്ഷേത്രത്തില്‍ വച്ച് അനേകകാലമായി നടത്തി വരുന്ന ‘കുരുതി’ കര്‍മ്മത്തെക്കൂടി ചില സാരഗ്രാഹികള്‍ നിറുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് ‘ആറ്റുകാല്‍’ എന്ന സ്ഥലത്തിലെ ഭദ്രകാളീക്ഷേത്രത്തിലും ആറ്റിങ്ങല്‍ തോട്ടുവാരത്ത് ഇടയാവണത്ത്‌ ഭഗവതീക്ഷേത്രത്തിലും അനവധി ആടുകോഴികളെ അറുത്തിരുന്ന ‘കുരുതി’ കര്‍മ്മത്തെ നിറുത്തി തദ്ദേശവാസികള്‍. ഇങ്ങനെയുള്ള പുണ്യസമ്പാദനത്തിനു സംഗതി വരുത്തിയത് അഹിംസാധര്‍മ്മതല്പരനായ നിന്തിരുവടിയുടെ മോക്ഷപ്രദീപാദികളില്‍നിന്നു സിദ്ധിച്ച ജ്ഞാനവിശേഷമാണെന്ന് പത്രങ്ങളില്‍ പ്രസിദ്ധം ചെയ്തിരിക്കുന്നു”

ആനന്ദസൂത്രം PDF ഡൗണ്‍ലോഡ് ചെയ്യൂ.

ഹിന്ദുമതം രസം എന്നപോലെയും കരിമ്പ് എന്നപോലെയും നാളീകേരം എന്നപോലെയും ഗുണദോഷസമ്മിശ്രമായി കിടക്കുന്നു. രസത്തിനെ ശുദ്ധി ചെയ്ത് ദോഷം നീക്കി സേവിച്ചാല്‍ അതുതന്നെ ദിവ്യരസായനം. രോഗദുഃഖത്തെ നീക്കി സുഖിച്ചിരിക്കാം. അതുപോലെ ഹിന്ദുമതത്തിലുള്ള അനാചാരാദി ദോഷങ്ങളെ നീക്കി ആചരിച്ചാല്‍ സംസാരദുഖത്തെ നീക്കി ശാശ്വതാനന്ദത്തിലിരിക്കാം. കരിമ്പിന്റെ കമ്പും തോലും ചണ്ടിയും നീക്കി രസത്തെ മാത്രം സേവിക്കുമ്പോഴും നാളീകേരത്തിന്റെ ചകിരിയും ചിരട്ടയും നീക്കി തിന്നുമ്പോഴും ആസ്വാദ്യമായിട്ടിരിക്കുന്നു. ‘എല്ലാം ഈശ്വരസൃഷ്ടമാകുന്നു, ഈശ്വരന്‍ വേണ്ടാത്തതിനെ സൃഷ്ടിക്കുകയില്ല, എലാം തിന്നേണ്ടതുതന്നെ’ എന്ന് വിചാരിച്ചു രസത്തിന്റെ ദോഷത്തെ നീക്കാതെ സേവിച്ചാല്‍ അനേകരോഗങ്ങളെ ഉണ്ടാക്കി ദുഖിപ്പിക്കും. അപ്രകാരം ‘ഈശ്വരപ്രോക്തമാകുന്നു, മഹര്‍ഷിപ്രോക്തമാകുന്നു, പണ്ടുപണ്ടേ ഉള്ളതാകുന്നു അതെല്ലാം പ്രമാണം തന്നെ’ എന്നുവച്ച് ഹിന്ദുമതത്തിലെ ദോഷാംശങ്ങളായ ജാതിഭേദാചാരദുഃഖവും നശിപ്പാനും സംഗതിവരും.